ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നങ്ങളിൽ ഒന്നാണ് പണപ്പെരുപ്പം. പണ്ട് 10 രൂപയ്ക്ക് കിട്ടിയിരുന്ന സാധനങ്ങൾ ഇന്ന് അതിന്റെ ഇരട്ടി വില കൊടുത്താണ് നമ്മൾ വാങ്ങുന്നത്. പണക്കാരും, പാവപ്പെട്ടവരും തമ്മിലുള്ള വിടവ് അനുദിനം വർധിച്ചു വരികയാണ്. പലപ്പോഴും പലചരക്ക് സാധനങ്ങളുടെയും, പച്ചക്കറിയുടെയും വിലകേട്ട് നമ്മൾ അന്തംവിടാറുണ്ട്. താങ്ങാനാവാത്ത വിലകൊടുത്ത് അത്യാവശ്യ സാധനങ്ങൾ വാങ്ങേണ്ടിവരുന്ന ഈ ലോകത്ത്, തുച്ഛമായ തുക ഉപയോഗിച്ച് നമുക്ക് വാങ്ങാൻ കഴിയുന്ന സാധനങ്ങളും, സേവനങ്ങളുമുണ്ട്. വിലക്കുറവ് മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ അത്യാവശ്യമുള്ളവയാണ് അതിൽ കൂടുതലും. ഇന്ത്യയിൽ ഈ സാധനങ്ങൾക്ക് 1 രൂപയാണ് വില.  

ബീഹാറിലെ സാനിറ്ററി പാഡ് ബാങ്കിന്റെ സബ്സ്ക്രിപ്ഷൻ

ബീഹാറിലെ നവാഡ ജില്ലയിൽ ഒരുകൂട്ടം പെൺകുട്ടികൾ ഒരു സാനിറ്ററി പാഡ് ബാങ്ക് സ്ഥാപിക്കുകയുണ്ടായി. ഈ സംരംഭത്തിൽ ഓരോ പെൺകുട്ടിയും ഒരുദിവസം ഒരുരൂപ സംഭാവനയായി ബാങ്കിന് നൽകുന്നു. പിന്നീട് ഈ പണം ഉപയോഗിച്ച് തങ്ങൾക്കും മറ്റ് പെൺകുട്ടികൾക്കും സാനിറ്ററി പാഡുകൾ വാങ്ങുന്നു. പണത്തിന്റെ അഭാവം മൂലം ആർത്തവ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവർക്ക് വേണ്ടിയാണ് ഈ ബാങ്ക് രൂപീകരിച്ചത്. പ്രതിദിനം ഒരു രൂപ മാത്രം നൽകി പെൺകുട്ടിയ്ക്ക് ഇത് സബ്‌സ്‌ക്രൈബുചെയ്യാനാകും, അതായത് ഒരു മാസത്തിൽ 30 രൂപ.  

തമിഴ്‌നാട്ടിൽ അമ്മ കാന്റീനിലെ ഇഡ്‌ലി

നമുക്കെല്ലാവർക്കും ആവശ്യമുള്ള മെനു തമിഴ്‌നാട്ടിലെ അമ്മ കാന്റീനിലുണ്ട്. പ്രഭാതഭക്ഷണത്തിന് ഇഡലിയും പൊങ്കലും, ഉച്ചഭക്ഷണത്തിന് പലതരം മിക്സഡ് റൈസ്, അത്താഴത്തിന് പ്രിയപ്പെട്ട ദാൽ-റൊട്ടി, ഓരോന്നിനും 5 രൂപ മാത്രം. അവിടെ ഒരു ഇഡലിക്ക് വെറും ഒരു രൂപയാണ് വില. വെറും 5 രൂപയ്ക്ക് അമ്മ കാന്റീനിൽ നിങ്ങൾക്ക് ഭക്ഷണം കഴിക്കാം, അവിടെ നിങ്ങൾക്ക് ധാരാളം സാമ്പാറും ചോറും ലഭിക്കുന്നു. അതുകൊണ്ട് തന്നെ, ബിസിനസുകാർ മുതൽ റിക്ഷാഡ്രൈവർമാർ വരെയുള്ള ആളുകൾ അവിടേയ്ക്ക് ഒഴുകി എത്തുന്നു. ജനങ്ങൾക്ക് വിലകുറവിൽ ഭക്ഷണം നൽകാനായി 2013 -ൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയാണ് ഇത് ആരംഭിച്ചത്. 2016 -ൽ ജയലളിത അന്തരിച്ചുവെങ്കിലും അവരുടെ കാന്റീൻ ഇപ്പോഴും ദരിദ്രരെ ഊട്ടുന്നു.  

ഗെലുസിലിന്റെ ഒരു ടാബ്‌ലെറ്റ്

രാജ്യത്ത് മരുന്നുകളുടെ വില ഈ ദശകത്തിൽ വളരെ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇളം പിങ്ക് കാൻഡി പോലുള്ള ടാബ്‌ലെറ്റായ ഗെലുസിലിന്റെ വിലയിൽ ഇപ്പോഴും മാറ്റമില്ല. 10 ടാബ്‌ലറ്റ് ഉള്ള ഒരു പാക്കറ്റ് ഗെലുസിൽ ഗുളികകൾക്ക്  10 രൂപയാണ് വില. അതായത് 1 ടാബ്‌ലെറ്റിന് വില 1 രൂപ. നെഞ്ചെരിച്ചിൽ, അസിഡിറ്റി, വയറുവേദന എന്നിവ ഒഴിവാക്കാനുള്ള മരുന്നായി അത് കണക്കാക്കപ്പെടുന്നു.  

റെയിൽ‌വേ സ്റ്റേഷനിൽ ഭാരം നോക്കാം  

റെയിൽവേ സ്റ്റേഷനിൽ പോകുമ്പോൾ സ്റ്റേഷന്റെ ഒരു മൂലയിൽ ഇരിക്കുന്ന ഭാരം അളക്കുന്ന യന്ത്രങ്ങൾ ഓർക്കുന്നുണ്ടോ? ചില സ്റ്റേഷനുകളിൽ  ഒന്നോ രണ്ടോ രൂപ ഉയർന്നിരിക്കാമെങ്കിലും, മിക്ക റെയിൽ‌വേ സ്റ്റേഷനുകളിലും ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻ‌ഡെക്സ് (ബി‌എം‌ഐ) അളക്കുന്ന മെഷീനുകൾ 1 രൂപയാണ് ഈടാക്കുന്നത്. 1 രൂപ നാണയം ഇട്ടാൽ, നിങ്ങൾക്ക് നിങ്ങളുടെ ഭാരം അറിയാൻ സാധിക്കും.

മിഠായികൾ  

ആരാണ് മിഠായികൾ ഇഷ്ടപ്പെടാത്തത്? പല മിഠായികൾക്കും 1 രൂപയാണ് വില.  

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചില സ്ഥലങ്ങളിൽ വിലയിൽ മാറ്റം വന്നിട്ടുണ്ട് എങ്കിലും, സാധാരണഗതിയിൽ‌ കടകളിൽ ഒരു രൂപയ്ക്ക് കിട്ടുന്ന ചില വസ്തുക്കളാണ് ഒരു പേജ് ഫോട്ടോകോപ്പി, തീപ്പെട്ടി, ഹെയർപിൻസ്, റബ്ബർ ബാൻഡുകൾ, ഷാംപൂ ( 1രൂപ ക്ലിനിക് പ്ലസ് പാക്കറ്റ്) എന്നിവ. നേരത്തെ, ഇന്ത്യൻ പാർലമെന്റിന്റെ കാന്റീനിൽ ചായയും ഒരു രൂപ നിരക്കിൽ ലഭിച്ചിരുന്നു. എന്നാൽ, 2016 ൽ ഇത് 5 രൂപയായി ഉയർത്തി. ഇന്ത്യയിലെ എച്ച്ഐവി / എയ്ഡ്സ് നിയന്ത്രണ പരിപാടികൾക്ക് നേതൃത്വം നൽകുന്ന നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (നാക്കോ) പല ജില്ലകളിലും കുറഞ്ഞ വിലയ്ക്ക് കോണ്ടം വിൽക്കുന്നു. 5 കോണ്ടങ്ങൾക്ക് 3 രൂപയോ , ചിലപ്പോൾ സൗജന്യമായോ അവർ വിതരണം ചെയ്യുന്നു. എച്ച്ഐവി, എയ്ഡ്സ് എന്നിവയെക്കുറിച്ച് ചില മേഖലകളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ഓരോ ദിവസം കഴിയുന്തോറും, ജീവിതം കൂടുതൽ ചെലവേറിയതായിത്തീരുന്നു. ഇന്ത്യയിലെ എല്ലാ ചരക്കുകളുടെയും വില ഉയർന്ന് വരുന്ന സാഹചര്യത്തിൽ, മുകളിൽ പറഞ്ഞ കാര്യങ്ങളുടെ വിലയും മാറുന്ന ദിവസം വരും.