ഒരു രോഗത്തിന്റെ വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് അത് പകർച്ചവ്യാധിയാണോ, മഹാമാരിയാണോ എന്ന് തീരുമാനിക്കുന്നത്. ഒരു രാജ്യത്തെ അല്ലെങ്കിൽ ഒരു പ്രദേശത്തെ ജനങ്ങളെ ബാധിക്കുന്ന രോഗത്തിനെ പകർച്ചവ്യാധിയെന്നും, എന്നാൽ, അത് രാജ്യാർതിർത്തികളുടെ പുറത്തേയ്ക്ക് വ്യാപിക്കുമ്പോൾ ഒരു മഹാമാരിയെന്നും വിളിക്കുന്നു. കോളറ, ബ്യൂബോണിക് പ്ലേഗ്, വസൂരി, ഇൻഫ്ലുവൻസ എന്നിവയാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ മഹാമാരികൾ. പ്രത്യേകിച്ച് വസൂരി, ചരിത്രത്തിലുടനീളം, 12,000 വർഷത്തിനിടയിൽ 300-500 ദശലക്ഷം ആളുകളെയാണ് അത് കൊന്നൊടുക്കിയത്.  

എച്ച്ഐവി / എയ്‍ഡ്‍സ് പാൻഡെമിക് (2005-2012)

മരണസംഖ്യ: 36 ദശലക്ഷം
കാരണം: എച്ച്ഐവി / എയ്‍ഡ്‍സ്

1976 -ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ആദ്യമായി കണ്ടെത്തിയ എച്ച്ഐവി / എയ്‍ഡ്‍സ് പെട്ടെന്നുതന്നെ ഒരു ആഗോള മഹാമാരിയായിത്തീരുകയായിരുന്നു. 1981 മുതൽ 36 ദശലക്ഷത്തിലധികം ആളുകളെയാണ് അത് കൊന്നത്. നിലവിൽ 31 മുതൽ 35 ദശലക്ഷം ആളുകളെയാണ് അത് ബാധിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഉപ-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. അവബോധത്തിലൂടെയും, എച്ച്ഐവി കൂടുതൽ കൈകാര്യം ചെയ്യാൻ കഴിയുന്ന പുതിയ ചികിത്സാരീതികൾ വികസിപ്പിച്ചെടുത്തിലൂടെയും ഇന്ന് രോഗം വളരെയധികം നിയന്ത്രണ വിധേയമായിട്ടുണ്ട്. 2005 -നും 2012 -നും ഇടയിൽ എച്ച്ഐവി / എയ്‍ഡ്‍സ് ബാധിച്ച ആഗോള മരണങ്ങൾ 2.2 ദശലക്ഷത്തിൽ നിന്ന് 1.6 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്.  

ഫ്ലൂ മഹാമാരി (1968)

മരണസംഖ്യ: ഒരു ദശലക്ഷം
കാരണം: ഇൻഫ്ലുവൻസ

ഒരു വിഭാഗം 2 ഫ്ലൂ മഹാമാരി 1968 ജൂലൈ 13 -ന് ആദ്യമായി ഹോങ്കോങ്ങിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. H2N2 -വിന്റെ മറ്റൊരു വകഭേദമായ ഇത് ഹോങ്കോംഗ് ഫ്ലൂ എന്നും അറിയപ്പെടുന്നു. ഇത് ഇൻഫ്ലുവൻസ എ വൈറസ് മൂലമാണ് പടരുന്നത്. 17 ദിവസംകൊണ്ട് വൈറസ് സിംഗപ്പൂരിലേക്കും വിയറ്റ്നാമിലേക്കും പടർന്നുപിടിച്ചു. മൂന്ന് മാസത്തിനുള്ളിൽ ഫിലിപ്പീൻസ്, ഇന്ത്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, യുണൈറ്റഡ് എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിച്ചു. 1968 -ലെ ഈ മഹാമാരി താരതമ്യേന കുറഞ്ഞ മരണനിരക്കാണ് (.5%) രേഖപ്പെടുത്തിയതെങ്കിലും, ഹോങ്കോങ്ങിലെ 500,000 നിവാസികൾ ഉൾപ്പെടെ ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഇത് കാരണമായി. അതായത് അക്കാലത്തെ ജനസംഖ്യയുടെ ഏകദേശം 15%.

പ്ലേഗ് (1346-1353)

മരണസംഖ്യ: 75 - 200 ദശലക്ഷം
കാരണം: ബ്യൂബോണിക് പ്ലേഗ്

1346 മുതൽ 1353 വരെ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലാണ് പ്ലേഗ് പടർന്നുപിടിച്ചത്. 75 മുതൽ 200 ദശലക്ഷം ആളുകൾ വരെയാണ് ഇതിൽ മരണപ്പെട്ടത്. ഇത് ഏഷ്യയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതുന്നു. ഈച്ചകളിലൂടെ പ്ലേഗ് മിക്കവാറും ഭൂഖണ്ഡങ്ങളിലെയ്ക്ക് വ്യാപിച്ചു. അക്കാലത്ത് പ്രധാന നഗരകേന്ദ്രങ്ങളായ തുറമുഖങ്ങൾ എലികൾക്കും ഈച്ചകൾക്കുമുള്ള മികച്ച പ്രജനന കേന്ദ്രമായിരുന്നു. അതിനാൽ ബാക്ടീരിയ അവിശ്വസനീയമാം വിധം വളർന്ന്, മൂന്ന് ഭൂഖണ്ഡങ്ങളെയും നശിപ്പിച്ചു.

സ്‍പാനിഷ് ഫ്ലൂ (1918-1920)

മരണസംഖ്യ: 50  -100 ദശലക്ഷം
കാരണം:  വൈറസ് 

1918-1920 -ൽ H1N1 വൈറസിന്റെ മാരകമായ ഉപവിഭാഗമാണ് സ്പാനിഷ് ഫ്ലൂ. ആധുനിക ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയായി സ്‍പാനിഷ് ഫ്ലൂ കണക്കാക്കപ്പെടുന്നു. വെറും 18 മാസത്തിനുള്ളിൽ 50 ദശലക്ഷം മുതൽ 100 ദശലക്ഷം ആളുകളാണ് ഇത് മൂലം കൊല്ലപ്പെട്ടത്. ഏകദേശം 500 ദശലക്ഷം പേർക്ക് വൈറസ് ബാധയുണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന മാസങ്ങളിൽ  ഈ രോഗം വ്യാപകമായിരുന്നു. ആദ്യം സ്പെയിനിൽ കണ്ടെത്തിയ ഇത്, പിന്നീട് ഇന്ത്യയിൽ പടരുകയും ഒരു കോടിയിലേറെ ആളുകളെ കൊല്ലുകയും ചെയ്‍തു. പ്രായമായവരെയും കുട്ടികളെയും പ്രധാനമായും ബാധിക്കുന്ന മറ്റ് ഫ്ലൂ വൈറസുകളിൽ നിന്ന് വ്യത്യസ്‍തമായി, സ്‍പാനിഷ് ഇൻഫ്ലുവൻസ ചെറുപ്പക്കാരെയും രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകളെയും ബാധിച്ചു.  

പന്നിപ്പനി 

മരണസംഖ്യ: 2 ദശലക്ഷം
കാരണം: H1N1 വൈറസ് 

1957 നും 1958 നും ഇടയിൽ പന്നിപ്പനി മൂലം ഏകദേശം രണ്ട് ദശലക്ഷം ആളുകൾ മരിച്ചു, റഷ്യയിലും ഹോങ്കോങ്ങിലും യഥാക്രമം 1889-1890, 1968-1969 വർഷങ്ങളിൽ ഒരു ദശലക്ഷം ആളുകൾ വീതം പനി ബാധിച്ച് മരിച്ചു. 2009 -ലെ പന്നിപ്പനി പകർച്ചവ്യാധി മൂലം 284,500 പേർ മരിച്ചു. H1N1 ഇൻഫ്ലുവൻസ വൈറസ് മൂലം പകരുന്ന പന്നിപ്പനി സെൻട്രൽ മെക്സിക്കോയിൽ 2009 മാർച്ചിലാണ് ബാധിച്ചത്. ഏപ്രിൽ ആയപ്പോഴേക്കും ഇത് കാലിഫോർണിയയിലെത്തി. തുടർന്ന് ലോകമെമ്പാടും പെട്ടെന്ന് വ്യാപിക്കുകയും ഭയവും വലിയ പരിഭ്രാന്തിയും സൃഷ്‍ടിക്കുകയും ചെയ്‍തു.  

പ്ലേഗ് ഓഫ് ജസ്റ്റിനിയൻ (541-542)

മരണസംഖ്യ: 25 ദശലക്ഷം
കാരണം: ബ്യൂബോണിക് പ്ലേഗ്

യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം പേരെ കൊന്നൊടുക്കിയതായി കരുതപ്പെടുന്ന ജസ്റ്റീനിയൻ പ്ലേഗ്, ബൈസന്റൈൻ സാമ്രാജ്യത്തെയും മെഡിറ്ററേനിയൻ തുറമുഖ നഗരങ്ങളെയും ബാധിച്ച ബ്യൂബോണിക് പ്ലേഗിൽ നിന്നുമാണ് ഉത്ഭവിച്ചത്. ഒരുവർഷം നീണ്ടുനിന്ന ഭീകരതയിൽ 25 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു. ഇതിന്റെ ആക്രമണത്തിൽ കിഴക്കൻ മെഡിറ്ററേനിയൻ ജനസംഖ്യയുടെ നാലിലൊന്ന് വരെ കൊല്ലപ്പെടുകയും കോൺസ്റ്റാന്റിനോപ്പിൾ നഗരം നശിക്കുകയും ചെയ്തു. പ്രതിദിനം 5,000 ആളുകളെ കൊന്നൊടുക്കിയ അത്, ഒടുവിൽ നഗരത്തിലെ ജനസംഖ്യയുടെ 40% പേരെയും ഇല്ലാതാക്കുകയായിരുന്നു.