യാത്രയുടെ ഉന്‍മാദം ഉള്ളിലില്ലാത്തവര്‍ കുറവാണ്. ലോകം ചുറ്റി സഞ്ചരിക്കുക എന്ന ആഗ്രഹമാണ് ആ ഉന്‍മാദത്തിന്റെ കാതല്‍. എന്നാല്‍, ഭൂരിഭാഗം ആളുകള്‍ക്കും ഇതൊരു സ്വപ്‌നം മാത്രമാണ്. ലോക സഞ്ചാരത്തിനു വേണ്ടി വരുന്ന പണം ഉണ്ടാക്കുക എന്നത് മിക്ക യാത്രാപ്രേമികള്‍ക്കും വിലങ്ങു തടിയായി നില്‍ക്കുന്നു. നിത്യ ജീവിതത്തിന്റെ പ്രാരബ്ധങ്ങളും സ്ഥിരം തൊഴില്‍ എന്ന അനിവാര്യത സൃഷ്ടിക്കുന്ന തടസ്സങ്ങളും യാത്രാ മോഹങ്ങള്‍ തടയുന്നു. 

എന്നാല്‍, കഷ്ടപ്പെട്ട് സമ്പാദിച്ച മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് യാത്രകള്‍ നടത്തുകയാണ് വിദിത് തനേജയും പങ്കാളിയായ സാവി മുന്‍ജലും. മികച്ച ജോലി രാജി വെച്ചാണ് പൂര്‍ണ്ണ സമയ യാത്രകളിലേക്ക് ഇവര്‍ തുനിഞ്ഞിറങ്ങിയത്. ഇതിനകം 65 രാജ്യങ്ങളിലെ 500 നഗരങ്ങള്‍ ഇവര്‍ സഞ്ചരിച്ചു. ഇനിയും യാത്രകള്‍ തുടരാനാണ് ഈ ദമ്പതികളുടെ തീരുമാനം. ലണ്ടനിലും ദില്ലിയിലുമുള്ള വീടുകള്‍ ഇവര്‍ക്ക് ഇതിനു തുണയാവുന്നു. ഒപ്പം യാത്രകളോടുള്ള അഭിനിവേശവും. 

ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളജില്‍ ബിസിനസ് അനലിസ്റ്റ് ആയിരുന്നു വിദിത്. ലണ്ടന്‍ കേന്ദ്രീകരിച്ച് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു സാവി. ഏഴ് വര്‍ഷത്തോളം കഠിനാധ്വാനം ചെയ്ത് ഇവര്‍ സമ്പാദ്യം ഒരുക്കൂട്ടി. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ആയിരുന്നില്ല അത്. യാത്രകള്‍ നടത്താനായിരുന്നു. പിന്നീടാണ് ജോലി രാജിവെച്ച് ഇവര്‍ യാത്രകളുടെ വഴിയിലേക്ക് ഇറങ്ങിയത്. 

എങ്ങനെയാണ് ഈ യാത്രകള്‍ക്കുള്ള പണം ഉണ്ടാക്കുന്നത്. അതിനുള്ള ഉത്തരം അവര്‍ തന്നെ പറയുന്നു: ട്രാവല്‍ ഫോട്ടോഗ്രാഫി, ട്രാവല്‍ റൈറ്റിംഗ് എന്നിവയാണ് അതിനുള്ള വഴി. ചെല്ലുന്ന ഇടങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തുക. അതിനെ കുറിച്ച് എഴുതുക. ഇത് ലോകത്തെ പ്രമുഖ മാധ്യമങ്ങളിലും ട്രാവല്‍ ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കുന്നു. ബിബിസി ഫുഡ് മാഗസിന്‍, നാഷനല്‍ ജ്യോഗ്രഫിക് ട്രാവലര്‍, ഹഫിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ ഇവര്‍ തുടര്‍ച്ചയായി യാത്രകളെ പകര്‍ത്തുന്നു. ഡിസ്‌കവറി ചാനല്‍, ഡിഎല്‍സി ഏഷ്യ തുടങ്ങിയ ടിവി ചാനലുകളിലും യാത്രാ പരിപാടികള്‍ അവതരിപ്പിക്കുന്നു. പ്രമുഖ കമ്പനികളുമായി നീണ്ട കാലം ബന്ധമുള്ള ഇവര്‍ ഈ അടുപ്പം ഉപയോഗിച്ച് ചില യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്യിക്കുന്നുമുണ്ട്. ഇതോടൊപ്പം പൊതു പരിപാടികളില്‍ പ്രസംഗിച്ചും പങ്കെടുത്തും ഇവര്‍ ആവശ്യമായ ധനസമാഹരണം നടത്തുന്നു. 

ഇവരുടെ യാത്രകളുടെ വൈവിധ്യം അറിയാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോകള്‍ കണ്ടാല്‍ മതി.