2000, ഫെബ്രുവരി 19... അമൃത്സറിലെ ടെംപറേച്ചര്‍ അഞ്ച് ഡിഗ്രി സെലഷ്യസ്... ആ തണുത്ത പ്രഭാതത്തിലാണ് ആള്‍ ഇന്ത്യ പിങ്കല്‍വാര ചാരിറ്റബിള്‍ സൊസൈറ്റി സന്നദ്ധ പ്രവര്‍ത്തകയായ പത്മിനി ശ്രീവാസ്തവയ്ക്ക് അവളെ കിട്ടുന്നത്. അന്നവള്‍ക്ക് അഞ്ച് വയസ്സ്.

ഒരു പൊലീസുദ്യോഗസ്ഥനാണ് അവളെ പത്മിനിക്ക് കൈമാറുന്നത്. അവള്‍ നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. അവര്‍ അവളുടെ മാതാപിതാക്കളെ അന്വേഷിച്ചു. പക്ഷെ, കണ്ടെത്താനായില്ല. ആ സമയത്ത് പത്മിനിയും ഭര്‍ത്താവും സൊസൈറ്റിയില്‍ പഠിപ്പിക്കാന്‍ പോകുന്നുണ്ട്. ആ സമയത്തൊക്കെ ആ കുഞ്ഞ് അസ്വസ്ഥമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. ഒരുപാട് കാലം പത്മിനി അവളെ പഠിപ്പിച്ചു. പതിയെ പതിയെ അവര്‍ക്ക് അവളെ മനസിലായിത്തുടങ്ങി. അങ്ങനെയാണ് ഇന്ന് അവള്‍ അറിയപ്പെടുന്ന പവര്‍ ലിഫ്റ്ററായി മാറിയത്. 

19 വര്‍ഷം മുമ്പ് ഉപേക്ഷിക്കപ്പെട്ട ആ പെണ്‍കുട്ടിയുടെ പേര് ഷാലു. അബുദാബിയില്‍ വെച്ച് മാര്‍ച്ച് 14 മുതല്‍ 21 വരെ നടക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ വേള്‍ഡ് ഗെയിമില്‍ അവള്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. 

ഇന്ന് ഷാലുവിന് 23 വയസ്സ്. അവള്‍ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ, അവള്‍ മിടുക്കിയായ ഒരു പവര്‍ ലിഫ്റ്ററാണ്. ആദ്യം അത്ലറ്റിക്സിലാണ് ഷാലുവിന്‍റെ തുടക്കം. പതുക്കെ പതുക്കെ അവള്‍ പവര്‍ ലിഫ്റ്റിങ്ങിലുള്ള തന്‍റെ താല്‍പര്യം അറിയിച്ചു. വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും അവള്‍ നിരവധി സ്വര്‍ണ, വെള്ളിമെഡലുകള്‍ നേടിക്കഴിഞ്ഞിരുന്നു. ഇപ്പോഴും അവള്‍ പിംഗല്‍വാര ഹോമില്‍ തന്നെയാണ് താമസിക്കുന്നത്. അവിടെ അവള്‍ക്കൊപ്പം മറ്റ് 223 പേരുമുണ്ട്, അവളെ പോലെ ഉപേക്ഷിക്കപ്പെട്ടവര്‍. 

അബുദാബിയിലെ സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസില്‍ 24 ഇനങ്ങളിലായി 7000 അത്ലറ്റിക്കുകളാണ് പങ്കെടുക്കുന്നത്.  2012 ല്‍ ഷാലു പവര്‍ ലിഫ്റ്റിങ്ങില്‍ പരിശീലനം നേടിത്തുടങ്ങിയിരുന്നു. എന്നാല്‍, കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ താല്‍പര്യം കുറഞ്ഞു. കോച്ച് എന്തിലെങ്കിലും പരിശീലനം നേടാന്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഫൂട്ബോള്‍‌ കളിച്ചു തുടങ്ങി. പക്ഷെ, കുറച്ച് മാസങ്ങള്‍ക്ക് ശേഷം നടന്ന മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ അവള്‍ക്ക് ദേഷ്യമായി. ആ ദേഷ്യം ഭാരം ഉയര്‍ത്തുന്നതില്‍ കൊണ്ടു ചെന്നെത്തിച്ചു. അവിടെ നിന്നും ഷാലുവിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 

'ഷാലു കഠിനാധ്വാനം ചെയ്യും. രാജ്യത്തിനു വേണ്ടി സ്വര്‍ണം നേടും.' പത്മിനി പറയുന്നു. ഷാലുവിന് സ്വന്തം രാജ്യത്തിന് വേണ്ടി മത്സരിക്കുന്നതില്‍ ആകാംക്ഷയുണ്ട് അഭിമാനവും. സംസാരിക്കാനാകില്ല എന്നത് ഒരിക്കല്‍ പോലും അവളെ ഒന്നില്‍ നിന്നും പിന്തിരിപ്പിച്ചില്ല. അത് സ്വന്തം സ്വപ്നം നേടിയെടുക്കുന്നതിന് തടസമാണെന്നും അവള്‍ കരുതുന്നില്ല. എല്ലാവര്‍ക്കും പ്രചോദനമാണ് ഈ മിടുക്കിയുടെ ജീവിതം. 

അഞ്ചാമത്തെ വയസ്സില്‍ അവളെ ഉപേക്ഷിച്ചു പോയവര്‍ ഈ കുട്ടിയെ അര്‍ഹിക്കുന്നില്ല എന്ന് കരുതാം. ഇവള്‍ക്ക് അഭയകേന്ദ്രമുണ്ട്. പത്മിനിയെ പോലെ സ്നേഹിക്കുന്നവരുണ്ട്. രാജ്യം മുഴുവനുമുണ്ട്.