ഉദയംപേരൂര്‍ ആസ്ഥാനമായി നിലനിന്ന ഈ രാജവംശത്തിലെ ഭരണാധികാരികള്‍ തോമാ രാജാക്കന്‍മാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതത്രെ.
വില്ലോര്‍വട്ടം ഭരിച്ചിരുന്ന യാക്കോബ് രാജാവ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് അനുജനായ തോമാ രാജാവ് അധികാരമേല്‍ക്കുന്നത്. കുടുംബത്തില്‍ അടുത്ത തലമുറയായി ഉണ്ടായിരുന്നത് യാക്കോബ് രാജാവിന്റെ മകളായിരുന്ന മറിയം എന്ന് പേരുള്ള രാജകുമാരി മാത്രം. പരമ്പര നിലനിര്‍ത്താനായി തോമാ രാജാവ് കൊച്ചി രാജ്യവുമായി ബന്ധമുണ്ടായിരുന്ന ഒരു സ്വരൂപത്തില്‍ നിന്ന് രാമവര്‍മ എന്ന് പേരുള്ള രജകുമാരനെ ദത്തെടുത്ത് മതംമാറ്റി ഇമ്മാനുവലെന്ന് പേര് നല്‍കി മറിയത്തെക്കൊണ്ട് കെട്ടിച്ചു. അങ്ങനെ ഒടുവില്‍ ഇമ്മാനുവല്‍ വില്ലോര്‍വട്ടത്തെ രാജാവായി. ലൗ ജിഹാദും ഖര്‍വാപ്പസിയുമൊക്കെ പണ്ടും കേരളത്തില്‍ വിഷയമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പിന്നെ നടന്ന സംഭവങ്ങള്‍. ബന്ധത്തില്‍ പെട്ട ചെക്കന്‍ മതം മാറിയതില്‍ അഭിമാനക്കേട് തോന്നിയ കൊച്ചി രാജാവ് ഇമ്മാനുവലിനെ അനുനയത്തില്‍ വിളിച്ചുവരുത്തി കെട്ടിയിട്ടുവെന്നാണ് കഥ. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട ഇമ്മാനുവല്‍ പ്രതികാരം ചെയ്ത ശേഷമേ സ്വന്തം രാജ്യത്തേക്ക് മടങ്ങൂവെന്നൊരു ഉഗ്രപ്രതിജ്ഞയും ചെയ്തുവത്രെ. പിന്നെ ഇമ്മാനുവലിനും മറിയത്തിനും എന്ത് പറ്റിയെന്ന് അറിയില്ല.
കേരളത്തില്‍ നിലനിന്ന ഏക ക്രിസ്ത്യന്‍ രാജവംശമെന്നറിയപ്പെടുന്ന വില്ലോര്‍വട്ടത്തെക്കുറിച്ച് പ്രചരിക്കുന്ന അനവധി കഥകളിലൊന്നാണ് മേല്‍പ്പറഞ്ഞത്. കേരളത്തിലൊരു ക്രിസ്ത്യന്‍ രാജവംശമെന്ന് കേട്ടാല്‍ പലരും മൂക്കത്ത് വിരല്‍ വയ്ക്കും പക്ഷെ അങ്ങനെ ഒരു രാജവംശം കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന പല സൂചനകളും പലയിടത്തായി ചിതറിക്കിടക്കുന്നുണ്ട്. കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തെക്കുറിച്ച് പഠനം നടത്തിയ എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകന്‍ ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ അഭിപ്രായത്തില്‍ അങ്ങനെയൊരു രാജവംശം നിലനിന്നിരിക്കാന്‍ സാധ്യതയുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേരളത്തിലെത്തിയ യഹൂദരില്‍ ചിലരായിരിക്കണം ക്രിസ്തുമതത്തിലേക്ക് മാറിയതെന്നും, പിന്നീട് ഇവരിലെ പ്രധാനിയാകാം വില്ലോര്‍വട്ടത്തിന്റെ അധികാരിയായി മാറിയിട്ടുണ്ടാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ആദ്യകാലത്ത് ചേന്ദമംഗലം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഇവര്‍ പിന്നീട് ഉദയംപേരൂരിലേക്ക് ആസ്ഥാനം മാറ്റുകയാണുണ്ടായത്. പക്ഷെ വില്ലോര്‍വട്ടം ക്രിസ്തീയ രാജവംശമായിരുന്നുവെന്ന് ഉറപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ല.
വില്ലോര്‍വട്ടത്തിന്റെ ചരിത്രം പറയുന്നവര്‍ വേറെയും ചില ചരിത്രരേഖകളും സംഭവങ്ങളുമൊക്കെ അവതരിപ്പിക്കാറുണ്ട്. അതിലൊന്ന് ഗാമയുടെ കൊച്ചിയിലേക്കുള്ള വരവുമായി ബന്ധപ്പെട്ടുള്ളതാണ്. ഗാമ കൊച്ചിയിലെത്തിയപ്പോള്‍ നസ്രാണി പ്രമുഖരെല്ലാം യോജിച്ച് ചെന്ന് ഗാമയെ കാണുകയും തങ്ങളുടെ അധികാരിയായിരുന്ന തോമാ രാജാവിന്റെ അധികാര ചിഹ്നമായിരുന്ന അംശവടി ഗാമയെ ഏല്‍പ്പിച്ച് ഇനി മുതല്‍ തങ്ങള്‍ പോര്‍ച്ചുഗീസ് രാജാവിന്റെ പ്രജകളായിരിക്കുമെന്ന് പ്രഖ്യാപിച്ചു എന്നുമാണ് അക്കഥ. അതെന്തായാലും പിന്നെ ആ അംശവടി വേറെയാരും കണ്ടിട്ടില്ല. ഗാമയ്ക്ക് കൊടുക്കാതെ കയ്യില്‍ വച്ചിരുന്നേല്‍ ഒരു തെളിവ് കിട്ടിയേനെ. പോയതിനെക്കുറിച്ച് ഓര്‍ത്തിട്ട് ഇനിയെന്ത് കാര്യം ?
കേരളചരിത്രത്തിലെ കാല്‍പ്പനികമായ അനവധി താളുകളില്‍ ഒന്നാണ് വില്ലോര്‍വട്ടം എന്ന ക്രിസ്തീയ രാജവംശം. സാഹിത്യത്തിലും വില്ലോര്‍വട്ടം സ്വാധീനം ചെലുത്തിയിട്ടുണ്ട്. കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള വില്ലോര്‍വട്ടം എന്ന പേരില്‍ ഒരു നാടകം തന്നെ എഴുതി. വില്ലോര്‍വട്ടം രാജകുടുംബത്തിനെതിരെ ചിലര്‍ നടത്തിയ ഗൂഢനീക്കങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം . ബെന്യാമിന്റെ മഞ്ഞവെയില്‍ മരണമെന്ന നോവലിലും വില്ലോര്‍വട്ടം കടന്നുവരുന്നുണ്ട്. പെരുമാള്‍ ഭരണത്തിന് ശേഷം ചിന്നിച്ചിതറിയ കേരളക്കരയിലെ അനവധി ചെറുനാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നു വില്ലോര്‍വട്ടത്ത് സ്വരൂപമെന്നാണ് ബെന്യാമിന്‍ മഞ്ഞവെയില്‍ മരണങ്ങളില്‍ പറയുന്നത്. ഉദയംപേരൂര്‍ ആസ്ഥാനമായി നിലനിന്ന ഈ രാജവംശത്തിലെ ഭരണാധികാരികള്‍ തോമാ രാജാക്കന്‍മാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതത്രെ.
കേരളക്കരയുടെ ഭൂതകാല സ്വഭാവം വച്ച് അങ്ങനെയൊരു ക്രിസ്തീയ രാജവംശം നിലനിന്നിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി തോന്നേണ്ട കാര്യമില്ല. നൂറുകണക്കിന് ജാതികളും ആയിരക്കണക്കിന് ഉപജാതികളും നിലനിന്നിരുന്ന കേരളത്തില്‍ ഇതൊന്നും അതിശയോക്തിയാവാന്‍ വഴിയില്ല. അതുപോലെ ഒരിക്കലും തള്ളിക്കളയാനാകാത്ത വേറെയും എത്ര അധികാര സ്ഥാനങ്ങള്‍ ഇവിടെ നിലനിന്നിരിക്കുന്നു . തെക്കന്‍ കേരളത്തില്‍ നിലനിന്നതായി കരുതുന്ന പുലയ രാജവംശങ്ങള്‍, തീരുവനന്തപുരത്തിന്റെ മലയോര മേഖലയായ കോട്ടൂരിലെ കാണിക്കാരുടെ രാജ്യം , ഇവിടുത്തെ റാണിമാരായ അരുവിമൂപ്പത്തിമാര്‍, വടക്കന്‍ കേരളത്തിലെ തീയരാജവംശമായ മന്ദനാര്‍. കാലത്തിന്റെയും ജാതിയുടെയും കുത്തൊഴുക്കില്‍ എപ്പോഴോ ഇവരെല്ലാം അപ്രത്യക്ഷരാകുകയായിരുന്നു. അതുപോലെ തന്നെയാകാം തോമാ രാജാവിന്റെയും വില്ലോര്‍വട്ടത്തിന്റെയും ചരിത്രവും.
ക്രിസ്ത്യാനികളും, ജൂതന്‍മാരും അറബികളുമൊക്കെ പണ്ടുതൊട്ടേ കേരളത്തിലെ പ്രബല വിഭാഗങ്ങളാണ്. വിവിധ ഭരണാധികാരികള്‍ എഴുതി നല്‍കിയ ജൂതശാസനം, തരിസാപ്പള്ളി ശാസനം പോലുള്ള രേഖകള്‍ അത് തെളിയിക്കുന്നു. കച്ചവടമാണ് ഈ വിഭാഗങ്ങളെ നി!ര്‍ണയാക സ്വാധീന ശക്തിയായി നിലനിര്‍ത്തിയത്. കേരളത്തിലെ ജാതിവിഭജനത്തില്‍ വൈശ്യരെന്നൊരു വിഭാഗം തന്നെ ഇല്ലാതെ പോയത് ഇവിടെ ശ്രദ്ധേയമാണ്. സൂക്ഷ്മമായി നോക്കിയാല്‍ കേരളത്തില്‍ വര്‍ണവിഭജനം തന്നെ ഇല്ലെന്ന് കാണാനാകും . കേരളത്തിലുള്ളത് ബ്രാഹ്മണരും പിന്നെ ബ്രാഹ്മണരല്ലാത്ത വിവിധ ജനങ്ങളുമാണ്. ക്ഷത്രിയര്‍ എന്നവകാശപ്പെടുന്നവര്‍ ബ്രാഹ്മണാധിപത്യം പ്രബലമായ കാലത്ത് നാട്ടുപ്രമാണിമാര്‍ ക്ഷാത്രവീര്യത്തിലേക്ക് ഉയര്‍ന്നതാണെന്ന് കരുതേണ്ടതേ ഉള്ളൂ.
ഇതുപറയുമ്പോള്‍ കേരളത്തിന്റെ പ്രതാപമായ ക്ഷാത്രചരിത്രം എവിടെപ്പോയെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. കാരണം അത്ര കണ്ട് പ്രോജ്വലമായൊരു പ്രതാപചരിത്രം ഏതൊരു സാഹിത്യകാരനെയും വെല്ലുന്ന ഭാവനാഗാംഭീര്യം കൊണ്ട് നമ്മുടെ ചരിത്രകാരന്‍മാര്‍ മെനഞ്ഞെടുത്തിട്ടുണ്ട്. സംഘകാല കൃതികളില്‍ നിന്ന് കിട്ടിയ ആദിചേരരുടെ ഇന്ദ്രപുരി തോല്‍ക്കുന്ന വഞ്ചിരാജധാനി, നന്നന്റെ ഏഴിമല, ആയ് രാജ്യം ഭരിക്കുന്ന വേള്‍മന്നന്‍. രണ്ടാം ചേരസാമ്രാജ്യം, മഹോദയപുരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കൊട്ടാരങ്ങള്‍ ആനയും കുതിരകളും തേരും പതിനായിരക്കണക്കിന് ഭടന്‍മാരും പങ്കെടുക്കുന്ന ഘോരമായ യുദ്ധങ്ങള്‍. പിന്നെയൊരു നാള്‍ ഇനിയും മനസ്സിലാകാത്തൊരു കാരണത്താല്‍ ചിന്നിച്ചിതറി നൂറുകണക്കിന് ചെറുരാജ്യങ്ങളായി മാറിയ പരശുരാമന്റെ സ്വന്തം ഭാര്‍ഗവക്ഷേത്രം. ഇതാണ് കേരളത്തിന്റെ പൊതുചരിത്രം. അപ്പോള്‍ ഇതിനൊക്കെയുള്ള തെളിവായി കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍ , ആകാശത്തോളം ഉയരമുള്ള ഗോപുരങ്ങളുള്ള വന്‍ക്ഷേത്രങ്ങള്‍ ഒക്കെയെവിടെയെന്ന് ചോദിച്ചാല്‍, ആ എന്ന് വാ പൊളിച്ച് നില്‍ക്കാനെ നമ്മള്‍ മലയാളികള്‍ക്ക് കഴിയു. അതൊക്കെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലേലും ചരിത്രത്തിന്റെ സൗന്ദര്യം ദൂരഹമായ കാല്‍പ്പനികതയാണ്. കൂട്ടിച്ചേര്‍ക്കാന്‍ ഒരുപാട് അവസരം നല്‍കുന്ന അസന്നിഗ്ധത. ഒന്നും ഒന്നും രണ്ടെന്ന് പറയുന്നതുപോലെയായാല്‍ ചരിത്രവും വിരസമാകുകയേ ഉള്ളൂ.
ചരിത്രം വര്‍ത്തമാനത്തെ സ്വാധീനിക്കുന്നുവെന്നാണ് പാരമ്പര്യ ചരിത്രവാദത്തിന്റെ ലൈന്‍ . എന്നാല്‍ ചരിത്രം വര്‍ത്തമാനത്തെ മാത്രമല്ല, വര്‍ത്തമാനം ചരിത്രത്തെയും സ്വാധീനിക്കുമെന്നതാണ് നവചരിത്രവാദത്തിന്റെ മറുലൈന്‍. അതായത് ഇന്നത്തെ അവസ്ഥയില്‍ നിന്നുകൊണ്ട് ജനങ്ങള്‍ അവര്‍ക്കിഷ്ടമുള്ള ചരിത്രത്തെ നിര്‍മ്മിച്ചെടുക്കുന്നു. അത്തരത്തിലുള്ള നിര്‍മ്മിതികളുമാകാം ഇക്കഥകള്‍. ബെന്യാമിന്റെ മഞ്ഞവെയില്‍ മരങ്ങള്‍ മാത്രമല്ല, ടിഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര , മനോജ് കുറൂരിന്റെ നിലം പൂത്തുമലര്‍ന്ന നാള്‍ തുടങ്ങിയ നോവലുകളിലും ഇത്തമൊരു നവചരിത്രത്തിന്റെ നിര്‍മ്മിതി നമുക്ക് തെളിഞ്ഞു കാണാം.
ഇത് ചരിത്രത്തിന്റെ വൈവിധ്യവത്കരണം കൂടിയാണ് . ആ വൈവിധ്യവത്കരണത്തില്‍ നമ്മുടെ ചരിത്രം കൂടുതല്‍ രസകരമാകുകയാണ്. അത് ഇനിയും കൂടുതല്‍ രസകരമാകട്ടെ. അതല്ലേ ചരിത്രത്തിന്റെ ഒരു ത്രില്‍!
