ഇസ്താംബുള്‍: തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സിവര്‍ബേ പട്ടണത്തിലെ ഒരു മിടുക്കന്‍ പൂച്ചയായിരുന്നു ടോംബിലി. സദാ തെരുവിലാണ്. അതിനാല്‍, ആളുകളുടെ പ്രിയങ്കരന്‍. കഴിഞ്ഞ വര്‍ഷം പുള്ളി ലോകപ്രശസ്തനായി. നഗരചത്വരത്തിലെ തിണ്ണയില്‍ ഇരിക്കുന്ന ടോംബിലിയുടെ ഫോട്ടോ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു. ഫോട്ടോഷോപ്പില്‍, ടോം ബിലിക്ക് കണ്ണടയും കോട്ടും തൊപ്പിയും വെച്ചു കൊടുത്ത് നിരവധി ട്രോളുകള്‍ ഉണ്ടായി. മദ്യപിക്കുന്ന, സിഗരറ്റ് വലിക്കുന്ന, മീശ വെച്ച ടോം ബിലിയുടെ ചിത്രങ്ങള്‍ പരന്നു. പൊടുന്നനെ ആ ഫോട്ടോ വൈറലായി. 

ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഈ പൂച്ചയെക്കുറിച്ച് സചിത്ര ഫീച്ചറുകള്‍ വന്നു. പെട്ടെന്നു വന്ന പ്രശസ്തി ആസ്വദിച്ചു കൊണ്ടിരിക്കെ അതു സംഭവിച്ചു, എന്തോ രോഗം ബാധിച്ച് ടോം ബിലി ചത്തു. അതും വലിയ വാര്‍ത്തയായി. 

തീര്‍ന്നില്ല, മരിച്ചു കഴിഞ്ഞിട്ടും ടോം ബിലി വാര്‍ത്തകളില്‍ നിറയുക തന്നെയാണ്. പ്രശസ്തമായ ആ ഫോട്ടോയിലുള്ളതു പോലെ ഒരു മനോഹര ശില്‍പ്പം നിര്‍മിച്ച് ടോം ബിലിന് സമര്‍പ്പിക്കുകയാണ് ഇപ്പോള്‍ സിവര്‍ബേ നഗരസഭ. പതിനായിരങ്ങള്‍ ഒപ്പുവെച്ച നിവോദനത്തെ തുടര്‍ന്നാണ് നഗരസഭയുടെ തീരുമാനം. ശില്‍പ്പം സ്ഥാപിച്ചു കഴിഞ്ഞു. ഔദ്യോഗികമായ ഉദ്ഘാടനം ഇന്നലെ കഴിഞ്ഞു.