Asianet News MalayalamAsianet News Malayalam

ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയതിനെ കുറിച്ച് അന്ന് പുനത്തില്‍ പറഞ്ഞു...

അവിടെ ഒരു അധികാരിയുണ്ടായിരുന്നു. കുറുപ്പാ, നിങ്ങളെപ്പോലത്തെ നായൻമാര്. ഫീസ് ഇളവുകിട്ടാൻ ഇങ്ങനെ പോവില്ലേ, കുട്ടികള്. ഒരു ഉറുപ്പികയോ മറ്റോ കൊടുക്കണം കൈമടക്കായി. ഒരു കുട്ടീടെ കൈയ്യിൽ പൈസയില്ല. അവന്‍റെ മുണ്ടിന്‍റെ കോന്തലയിൽ പഴുത്തടക്ക ഉണ്ട്.

travel with punathil kunjabdulla mangad rathnakaran
Author
Thiruvananthapuram, First Published Oct 27, 2018, 7:36 PM IST

ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ‘യാത്ര’ (കാരക്കാട്, കോഴിക്കോട്) എന്ന പരിപാടിയുടെ (2014ജനുവരി 3) ലിഖിതരൂപം. ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്ററും എഴുത്തുകാരനുമായ മാങ്ങാട് രത്നാകരന്‍റെ അനുഭവങ്ങളിലൂടെ...

പുനത്തിൽ കുഞ്ഞബ്ദുള്ളയെ കാണുമ്പോൾ അദ്ദേഹം കഥാലഹരിയിലെന്നതിനേക്കാൾ കവിതാലഹരിയിലായിരുന്നു. ലഹരിയുടെ ചിറകിലുമായിരുന്നു. ലയിച്ച്, അഭിനയിച്ച് പാടുകയാണ്.

ചോറ്റിൻ കലവുമെടുത്താ മാവിൻ-
ചോട്ടിലണഞ്ഞാളമ്മാളു
നിത്യവുമുണ്ടാക്കാക്കയ്ക്കുണ്ണാ-
നിത്തിരി വറ്റാപ്പാത്രത്തിൽ
“കാക്കേ വന്നിതു തിന്നാളൂ, ഹാ,
കാണുവതെന്തേ നിൻ കൊക്കിൽ?
നല്ലൊരു ചെമ്പകമലരോ? കൊള്ളാം
നന്ദി കുറിക്കാനായിട്ടോ?”
കനിവൊടുമാപ്പൂവിട്ടുകൊടുക്കേ-
കാക്ക മൊഴിഞ്ഞു “ പെൺകുഞ്ഞേ,
നിന്മുടി പൂവിതു ചൂടിക്കണ്ടാ-
ലെന്മിഴി രണ്ടിനു സാഫല്യം!”
പൂവുമണക്കെക്കവിളിൽ , കരളിൽ
പുളകം കൊണ്ടാളമ്മാളു
ചെന്നുകുളിച്ചേഴാങ്ങളമാർക്കവൾ
ചോറും കറിയും ചൊവ്വാക്കി,
കാക്കയൊടോതീ, “ചമ്പകമരമിതു
കാട്ടിത്തരുമോ ചങ്ങാതീ?”

ഇത്രയും പൊയറ്റിക് ആയ.... ഹൊ, വാട്ട് എ പൊയറ്റ്... വാട്ട് എ പൊയട്രി... ഫ്ലറിഷിംഗ്!

വൈലോപ്പിള്ളി എങ്ങനെയായിരുന്നുവോ അതുപോലായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയും അപ്പോൾ. ഭാവനയുടെ സാമ്രാജ്യത്തിൽ തനിച്ചായിരുന്നു താമസം. വൈലോപ്പിള്ളി കാക്കകളെ വിളിക്കാൻ മുറ്റത്തിറങ്ങുകയായിരുന്നു പതിവെങ്കിൽ പുനത്തിൽ ഫ്ലാറ്റിനു മുന്നിലെ മരക്കൊമ്പിൽ എന്നും വന്നെത്താറുള്ള കുയിലിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അന്നു കുയിൽ വന്നില്ല. എന്തുപറ്റിയോ ആവോ? പിന്നെ, എന്നോട് ദേഷ്യപ്പെട്ടു, നീ വന്നതുകൊണ്ടാവാം. കുഞ്ഞബ്ദുള്ള ചകിതനായി കുയിലിനെപ്പോലെ കൂവി, മറുകൂക്കു കേട്ടതുമില്ല.

കുഞ്ഞബ്ദുള്ളയെ വിവാദങ്ങളിൽ തളച്ചിടാൻ എളുപ്പമാണ്. അത്രക്ക് ശുദ്ധഹൃദയൻ. വേണ്ടുവോളം വിവാദം അദ്ദേഹം വാരിത്തന്നേനെ. രണ്ടു പതിറ്റാണ്ടുകാലത്തെ സ്നേഹസൗഹൃദങ്ങളുടെ കണക്കിൽ അതെളുപ്പവുമാണ്. ക്ഷീരമുള്ളോരകിടിൻ ചുവട്ടിൽ ചോര ആശിക്കാത്തതിനാൽ അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങളെക്കുറിച്ചും വായനയെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമാണ് അന്വേഷിച്ചത്. ഇപ്പോൾ താമസിക്കുന്ന കോഴിക്കോടുമായുള്ള ബന്ധം ആദ്യം അന്വേഷിച്ചു.

ദാനം ചെയ്ത് ദാനം ചെയ്ത് പുള്ളി ആത്മഹത്യയുടെ വക്കിലെത്തി

പുനത്തിൽ: എന്‍റെ തറവാടല്ലേ കാലിക്കറ്റ്. പുനത്തിൽ അബൂബക്കർ എന്നുപറയുന്ന എന്‍റെ അമ്മയുടെ അങ്കിൾ... ഇവിടത്തെ ഏറ്റവും വലിയ പ്രമാണികളായിരുന്നു പുനത്തിൽ അബൂബക്കർ, പി.പി. ഹസൻ കോയ എന്നിവർ. ഈ രാജ്യം ഭരിച്ച ആളുകളാ. ബ്രിട്ടീഷ് ലൈഫാരുന്നു. എന്‍റെ അങ്കിളിന്‍റെ ബംഗ്ലാവ് മലാപ്പറമ്പിലാ. ബ്രിട്ടീഷ് ഉദ്യോഗസ്ഥൻമാരെല്ലാം അവിടെ വരും. ഇപ്പോഴത് ജെ.ഡി.ടി സ്കൂളാണ്. രാത്രി ബാൾ റൂം ഡാൻസൊക്കെ ഉണ്ടാകും. ഞങ്ങൾ കുട്ടികൾക്കും സ്ത്രീകൾക്കുമൊന്നും പ്രവേശനമില്ല. അങ്ങനെ സമ്പന്നതയുടെ നടുവിലാണ് കുട്ടിക്കാലം കടന്നുപോയത്. പുനത്തിൽ അബൂബക്കർ വലിയ സമ്പന്നനായിരുന്നു. അതിനേക്കാൾ ഉദാരനുമായിരുന്നു. ദാനം ചെയ്ത് ദാനം ചെയ്ത് പുള്ളി ആത്മഹത്യയുടെ വക്കിലെത്തി... ആത്മഹത്യ ചെയ്തില്ല...

കോഴിക്കോട് എന്‍റെ ഒരമ്പത് കുടുംബമുണ്ട്. ദുബായിൽ പോയാൽ 150 കുടുംബമുണ്ട്. അലുവാണിത്തെരുവ്, വെള്ളയിൽ എന്നിവിടങ്ങളിൽ ബന്ധുക്കളുണ്ട്. ഞാൻ ക്രിസ്ത്യൻ കോളേജിൽ പഠിച്ചത് അമ്മയുടെ അനിയത്തിയുടെ വീട്ടിൽ താമസിച്ചാണ്. വലിയ സമ്പന്ന കുടുംബമാണ്. എല്ലാറ്റിനും പ്രധാനം സാമ്പത്തികമല്ലേ? രണ്ടുനേരം ചോറുതിന്നാനുണ്ടെങ്കിൽ, സെയ്ഫ്.

എഴുത്തിന്‍റെ ലോകത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടത് എങ്ങനെയെന്ന് കുഞ്ഞബ്ദുള്ളയ്ക്ക് ഓർമ്മയില്ല. വായനയുടെ ലോകത്തിൽ നിന്നുള്ള കുതിച്ചു ചാട്ടമായിരുന്നു.

പുനത്തിൽ: എന്‍റെ ചെറുപ്പം തൊട്ടേ വീട്ടിൽ പത്രങ്ങളും മാഗസിനുകളുമൊക്കെ വരും. മാതൃഭൂമിയും ചന്ദ്രികയും മറ്റും. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനായി കാത്തിരിക്കും. എൻ.വി.കൃഷ്ണവാരിയരൊക്കെ എഡിറ്ററായിരുന്ന കാലത്ത്. അങ്ങനെ ഒരു സാഹിത്യഭ്രമം വന്നിരുന്നു.

അതിൽ അഞ്ചുരൂപ പോസ്റ്റുമാൻ വായ്പ വാങ്ങിച്ചു

ചെറിയ ചെറിയ കഥകളെഴുതുക, അതിന്‍റെയൊരു ഭംഗി, അതിന്‍റെയൊരു ആനന്ദം... വെട്ടിയുണ്ടാക്കുന്ന പേപ്പറിലാ ചെറിയ ചെറിയ കഥകളൊക്കെ എഴുതിയത്. ബാലപംക്തിയിലൊക്കെ കഥ വരും. ഒരു തവണ എനിക്ക് പത്തുരൂപ പ്രതിഫലം അയച്ചുതന്നു. എംടിയുടെ കാലത്താണ് എന്നായിരുന്നു ഓർമ. അതിൽ അഞ്ചുരൂപ പോസ്റ്റുമാൻ വായ്പ വാങ്ങിച്ചു. ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. (ചിരി)

പുനത്തിൽ കുഞ്ഞബ്ദുള്ളയിലെ എഴുത്തുകാരനെ കണ്ടെത്തുന്നത് എംടി വാസുദേവൻ നായരാണ്. തനിക്ക് ഗുരുതുല്യനായ എംടിയെക്കുറിച്ച് കുഞ്ഞബ്ദുള്ള എത്രയോ എഴുതി, പറഞ്ഞു. വശ്യവാക്കായ കുഞ്ഞബ്ദുള്ള പറയുമ്പോൾ വാക്കുകൾ പുതുതായി.

travel with punathil kunjabdulla mangad rathnakaran

പുനത്തിൽ: എംടി എഴുത്തുകാരെ കണ്ടെത്തുക മാത്രമല്ല, വളർത്തുകയും ചെയ്യുന്ന ആളാണ്. ആരോടും പ്രത്യേക മമതയില്ല. ആരോടും പ്രത്യേക താൽപ്പര്യമില്ല. ഇടയ്ക്ക് ചില കഥകളൊക്കെ അയക്കും, ബ്രണ്ണനിൽ പഠിക്കുമ്പോൾ ഒരു കഥ അയച്ചു. ഒരു വർഷം കഴിഞ്ഞിട്ടും വരുന്നതു കാണുന്നില്ല. അപ്പോ, എംടിയുടെ അടുത്തുപോകും. എംടി അങ്ങനെ ഇരിപ്പുണ്ടാകും, ഇരിക്കുന്നത് ഒരു കൂമ്പാരത്തിനു മുന്നിലാ. ഇപ്പുറത്ത് കൃഷ്ണവാരിയർ ഇരിക്കുന്നു, അപ്പുറത്ത് രവിവർമ, വിവർത്തകൻ. ഈ മുന്നിലുള്ള കൂമ്പാരം മുഴുവൻ കഥകളാ. പേടിച്ചു വിറച്ചല്ലേ പോകുന്നത്. അപ്പോ, ഞാൻ പറയും, എംടി, എന്‍റെയൊരു കഥ അയച്ചിരുന്നു.

“എപ്പോഴാ അയച്ചത്”
“ഒന്നൊന്നര കൊല്ലമായി”

നമ്മുടെ ഈ തത്തമ്മശാസ്ത്രമില്ലേ, രത്നാകരാ, കൂടു തുറന്നിട്ട് തത്തമ്മയെക്കൊണ്ട് ശീട്ട് കൊത്തിയെടുക്കില്ലേ? അതുപോലെ പുള്ളിയൊരു സാധനം കൊത്തിയെടുത്തു. എടുത്തപ്പോൾ അതെന്‍റെ കഥയായിരുന്നു. മൂന്നാഴ്ച കഴിഞ്ഞപ്പോ കഥ വന്നു. പതിനഞ്ചു രൂപയും അയച്ചുതന്നു.

എന്‍റെ കൈകളിലൂടെ അതുവന്നു എന്നല്ലാതെ എനിക്കതിൽ യാതൊരു അവകാശവുമില്ല

സേതു, മുകുന്ദൻ, എം.പി.നാരായണപിള്ള ഇവരൊക്കെ എംടിയുടെ ശിഷ്യൻമാരാ. പക്ഷേ, ഇവർക്കൊക്കെ ശിഷ്യനാണെന്നു പറയാൻ ഒരു മടി. എംടിയുടെ കൈകളിലൂടെയാണ് എല്ലാ കഥകളും പുറത്തുവന്നത്. എംടി അതൊരിക്കലും അവകാശപ്പെടാറുമില്ല. പുള്ളി തന്നെ പറയും, എന്‍റെ കൈകളിലൂടെ അതുവന്നു എന്നല്ലാതെ എനിക്കതിൽ യാതൊരു അവകാശവുമില്ല.

വായനയുടെ വിശാലലോകത്തിലേയ്ക്കും എംടി കുഞ്ഞബ്ദുള്ളയെ കൊണ്ടുപോയി. ഏകാന്തതയുടെ നൂറു വർഷങ്ങളും മറ്റു ക്ലാസിക്കുകളും വായിക്കുന്നത് അങ്ങനെയാണ്..

പുനത്തിൽ: ഒരു ദിവസം എംടി എന്നോടു പറഞ്ഞു, ‘വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂ‍ഡ്’ എന്നൊരു പുസ്തകമുണ്ട് കേട്ടോ. ഗംഭീര പുസ്തകമാണ്. മാർകേസിന് നൊബേൽ പ്രൈസ് കിട്ടുന്നതിനു മുമ്പാണ്. ‘എന്‍റെയടുത്തുനിന്നും ആരോ കൊണ്ടുപോയി, എവിടെയെങ്കിലും കിട്ടാതിരിക്കില്ല.’ എന്‍റെ കുട്ടികൾ അന്ന് ഊട്ടി പബ്ലിക് സ്കൂളിലാണ് പഠിക്കുന്നത്. ഊട്ടി പബ്ലിക് ലൈബ്രറി ഗംഭീര ലൈബ്രറിയാണ്. അവിടെ കിട്ടാതിരിക്കില്ല, അന്വേഷിച്ചു. വേഗം എടുത്തു തന്നു. ഞാൻ തിരിച്ചുകൊടുത്തിട്ടില്ല പിന്നെ. തുറന്നുനോക്കിയപ്പോൾ ആകെ മൂന്നുപേരോ മറ്റോ മുമ്പ് എടുത്തിട്ടുണ്ട്. എന്തൊരു പുസ്തകമാണ് ദൈവമേ! എംടി അങ്ങനെയാണ് ‘റെയറായ’ പുസ്തകങ്ങൾ കണ്ടെത്തും, വായിക്കും, വായിപ്പിക്കും. ആരും കാണാത്ത ഇടവഴികളിലൂടെയാണ് എംടി സഞ്ചരിക്കുക. പക്ഷേ ഒന്നും ക്ലെയിം ചെയ്യില്ല. ഒരു പുതിയ എഴുത്തുകാരന്‍റെ സൃഷ്ടി വായിച്ച്, 'ഇവൻ നിൽക്കും' എന്ന് എംടി പറഞ്ഞാൽ അവൻ നിൽക്കും. എൻഎസ് മാധവനൊക്കെ അങ്ങനെ വന്നതല്ലേ?

കുഞ്ഞബ്ദുള്ളയുടെ എഴുത്തിനെ മാത്രമല്ല, ജീവിതത്തെത്തന്നെ വഴിതിരിച്ചുവിടുന്നത് പ്രൊഫ.എം.എൻ.വിജയനാണ്. ആ വ്യക്തിപ്രഭാവം കുഞ്ഞബ്ദുള്ള ഒരു വിസ്മയമായി ഉള്ളിൽ സൂക്ഷിച്ചിരുന്നു.

അത് ആത്മഹത്യയ്ക്ക് സമമാണ്, നീ ഒരു കാര്യം ചെയ്യ്, ഡൽഹിക്ക് പൊയ്ക്കോ

പുനത്തിൽ: ബ്രണ്ണനിൽ കെമിസ്ട്രിക്ക് പഠിക്കുമ്പോൾ, സാഹിത്യം തലയിൽ കയറി, തേഡ് ക്ലാസേ കിട്ടിയുള്ളൂ. എംഎസ്‍സിക്ക് പോയി പ്രൊഫസർ ഒക്കെ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മലയാളത്തിന് 58 ശതമാനം മാർക്കുണ്ട്. മലയാളം ഡിപ്പാർട്ട്മെന്‍റിൽ പോയി വിജയൻ മാഷെ കണ്ടു. കെമിസ്ട്രിക്ക് സീറ്റ് കിട്ടുമെന്ന് തോന്നുന്നില്ല. മലയാളം എംഎ എടുത്താലോ എന്നു മാഷോട് ചോദിച്ചു. മാഷ് പൊട്ടിച്ചിരിച്ചു. സാഹിത്യം എഴുതാൻ മലയാളം പഠിക്കണോ? മലയാളം അക്ഷരം മാത്രം അറിഞ്ഞാൽ മതി. നീ ഒരിക്കലും മലയാളം എംഎ എടുക്കരുത്. അത് ആത്മഹത്യയ്ക്ക് സമമാണ്. നീ ഒരു കാര്യം ചെയ്യ്, ഡൽഹിക്ക് പൊയ്ക്കോ. എൻട്രൻസ് എഴുതി, ഡോക്ടറാവൂ. മെഡിക്കൽ കോളേജിൽ പോയാൽ ഏത് ഫൂളും ഡോക്ടറാകും. അഞ്ചോ ആറോ കൊല്ലമെടുത്തേക്കാം. ഏറ്റവും ദുരിതം നിറഞ്ഞ സ്ഥലം നരകമല്ല, ആശുപത്രിയാണ്. അത് നിനക്ക് ഒരുപാട് അനുഭവങ്ങൾ തരും.

ഞാൻ ഡൽഹിയിൽ പോയി മൂന്നുമാസം കഷ്ടപ്പെട്ട് പഠിച്ച് എൻട്രൻസ് എഴുതി. ഏഴാം റാങ്കിൽ പാസായി. നാലാം റാങ്ക് കിട്ടിയിരുന്നെങ്കിൽ സ്കോളർഷിപ്പ് കിട്ടുമായിരുന്നു. പക്ഷേ ഭാഗ്യം പണ്ടേ തുണച്ചില്ല. അലിഗ‍ഡ് അനുഭവങ്ങളുടെ ഒരു ഖനിയായിരുന്നു. അനാട്ടമിക്ക് ഒരു പ്രൊഫസറുണ്ട്, ധർമേന്ദ്രകുമാർ. ഒരു ഫിലോസഫർ കൂടിയാണ്. എന്നെ ഭയങ്കര ഇഷ്ടമാണ്. ഒരു ദിവസം എന്നോട് ചോദിച്ചു, ‘എന്താണ് നീ പഠിക്കുന്നതിന്‍റെ ഉദ്ദേശ്യം?’

ഞാൻ പറഞ്ഞു, ‘ഭക്ഷണം കഴിക്കാൻ വേണ്ടി.’

അപ്പോൾ പ്രൊഫസർ പറയുകയാണ്, ‘അനാട്ടമി പ്രൊഫസറായ ഞാൻ ജോലിക്കു വരുന്നതും ഭക്ഷണം കഴിക്കാനാണ്. ഈ ലോകം നിലനിൽക്കുന്നതുതന്നെ വിശപ്പിന്‍റെ മുകളിലാണ്.’

പ്രൊഫസർ എംഎൻ വിജന്‍റെ ക്ലാസിലിരിക്കുമ്പോഴുണ്ടായ ഒരനുഭവം കുഞ്ഞബ്ദുള്ള ഗൃഹാതുരതയോടെ ഓർമിച്ചു.

ഞാൻ മാഷോട് വലിയ പാപം ചെയ്തിട്ടുണ്ട്

പുനത്തിൽ: ഒരു ദിവസം വിജയൻ മാഷുടെ ക്ലാസിലിരിക്കുമ്പോൾ, കുഞ്ഞബ്ദുള്ളയും (സി.പി) ശിവദാസനും പുറത്തുപോകണം എന്നു പറഞ്ഞു. ഞങ്ങൾക്ക് വലിയ വിഷമമായി. എവിടെപ്പോകും? കാന്‍റീനിൽ പോയി ചായ കുടിക്കാൻ വകുപ്പൊന്നുമില്ല. അങ്ങനെ ലൈബ്രറിയിൽ പോയി. ലൈബ്രറിയിൽ ‘ആർഗസി’ മാസികയൊക്കെ വരും. ഒന്നാംതരം കഥകളാ അതിൽ. വൈകുംവരെ വായിച്ചിട്ട് ഞങ്ങൾ മാഷെ കാണാൻ പോയി. ഞങ്ങൾ ഒരു വികൃതിയും കാണിച്ചിട്ടില്ലല്ലോ, പിന്നെന്തിനാണ് ഞങ്ങളെ പുറത്താക്കിയതെന്ന് വിഷമത്തോടെ ചോദിച്ചു. ‘നിങ്ങൾക്കൊക്കെ എന്‍റെ ക്ലാസിലിരുന്ന് എന്തു കിട്ടാനാണെടോ, ലൈബ്രറിയിൽ പോയി വായിക്കാൻ ഉദ്ദേശിച്ചാണ് പുറത്താക്കിയത്’ എന്നു പറഞ്ഞു.

വിജയൻ മാഷ് ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്. ആ മുഖം നോക്കിയിട്ടില്ലേ? ജിദ്ദു കൃഷ്ണമൂർത്തിയുടേതുപോലെ ഇല്ലേ? സെയ്ൻറ്റ്ലി പ്രെസൻസ്. യാത്ര ചെയ്യുമ്പോൾ തലമുടി പാറിപ്പറക്കുന്നത് കണ്ടിട്ടുണ്ടോ? ഞാൻ മാഷോട് വലിയ പാപം ചെയ്തിട്ടുണ്ട്. മാഷ്ക്ക് ഏതുമാസം ശമ്പളം കിട്ടുമ്പോഴും പത്തുരൂപ തരുമായിരുന്നു. എന്നാൽ അതൊന്നും തിരികെ കൊടുത്തിട്ടില്ല.

കഥയെഴുത്തിലെ രാജശിൽപ്പി എസ്.കെ.പൊറ്റക്കാട്ട് കുഞ്ഞബ്ദുള്ളയ്ക്ക് മുതിർന്ന ജ്യേഷ്ഠനെപ്പോലെയായിരുന്നു. ‘സ്മാരകശിലകളെ’ക്കുറിച്ച് എസ്.കെ. പറഞ്ഞ നല്ല വാക്കുകൾ ചേർക്കേണ്ടെന്ന് കുഞ്ഞബ്ദുള്ള പറഞ്ഞിരുന്നു. അതു ചേർക്കുന്നു. സാരമില്ല, പ്രിയപ്പെട്ട കുഞ്ഞിക്ക ക്ഷമിക്കും.

പുനത്തിൽ: എനിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തന്നത് എസ്കെ പൊറ്റക്കാട്ടാണ്. ഞാൻ വായിച്ചതിൽ ഏറ്റവും നല്ല നോവൽ ‘സ്മാരകശിലകൾ’ ആണെന്നു പറഞ്ഞു. അപ്പോൾ ‘ഒരു ദേശത്തിന്‍റെ കഥ’യോ? ഞാൻ ചോദിച്ചു. അതൊന്നും കാര്യമില്ലെടോ എന്നു പറഞ്ഞു.

കുഞ്ഞബ്ദുള്ള അങ്ങനെ കരുതുന്നുണ്ടോ എന്നു ചോദിച്ചാൽ ദൈവത്തിന് മാത്രമേ അറിയൂ

ഞാൻ ആദ്യമായി വിദേശത്തേക്ക് പോകുന്നത് എസ്കെയുടെ കൂടെയാണ്. ഗൾഫിലേക്ക് എന്നെ ക്ഷണിച്ചതാണ്. എസ്കെയെ വിളിക്കണമെന്ന് ഞാൻ പറഞ്ഞു. ലോകം മുഴുവൻ കണ്ട ആളോടൊപ്പം പോകാൻ കഴിയുന്നത് ഭാഗ്യമല്ലേ? എന്‍റെ രത്നാകരാ, ഇങ്ങനെയൊരു ഭക്ഷണപ്രിയനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ചേച്ചി പറയും, എസ്കെയുടെ ഭാര്യ, മാഹിക്കാരിയാ, അസാമാന്യ ഭക്ഷണമുണ്ടാക്കുന്ന, മാഹി കൾച്ചർ ഒക്കെയുള്ള സ്ത്രീയാണ്, ‘മോനേ ശ്രദ്ധിക്കണേ, മധുരം കണ്ടാൽ കട്ടുതിന്നുകളയും. രാവിലെ ഞാൻ കാണാതെ ക്യൂബ് എടുത്തിടും, ചായയിൽ.’ എംടി എപ്പോഴും പറയും എസ്കെ ഈസ് എ സ്റ്റോറി ടെല്ലർ. കഥപറച്ചിലുകാരൻ!  ആനന്ദനൃത്തതിലാറാടിക്കാൻ കഥ പറയൂ... കഥ പറയൂ കുട്ടികളേ...

കഥയിലെ വില്ലാളിവീരൻ എന്നാണ് കടത്തനാട്ടിലെ ഈ കഥാകാരനെ സക്കറിയ വാഴ്ത്തിയത്. കുഞ്ഞബ്ദുള്ളയുടെ കറിയാച്ചൻ എന്ന സക്കറിയ.

പുനത്തിൽ: സത്യം പറയ്യാ, എന്നെക്കാളും വലിയ കഥാകൃത്താണ് കറിയാച്ചൻ. തൊട്ടാൽ പൊന്നാക്കുന്ന ആളാണ് കറിയാച്ചൻ. ചെറുപ്പത്തിലെ ഗൃഹാന്തരീക്ഷം, ബൈബിൾ, അന്തംവിട്ട വായന, പിന്നെ അസാമാന്യമായ ബുദ്ധിയുമുണ്ട്. അതുകുറച്ച് കൂടിപ്പോയീന്നേ ഉള്ളൂ (പൊട്ടിച്ചിരി). സക്കറിയയെ വെല്ലുന്ന കഥാകൃത്ത് പുനത്തിൽ കുഞ്ഞബ്ദുള്ളയോ എം മുകുന്ദനോ അല്ല, സക്കറിയ മാത്രം.

സക്കറിയക്ക് കുഞ്ഞബ്ദുള്ള കുഞ്ഞിക്കയാണ്. കുഞ്ഞബ്ദുള്ളയുടെ രാസവിദ്യയെക്കുറിച്ച് സക്കറിയ ‘യാത്ര’യോട് സംസാരിച്ചു.

അവരുടെ വായിൽനിന്നു വരുന്ന വർത്തമാനം സജീവവും ഓർഗാനിക്കുമാണ്

“എന്‍റെ അഭിപ്രായത്തിൽ ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിൽ മഹാൻമാരായ അര ഡസൻ എഴുത്തുകാരെ എടുത്താൽ അതിൽ കുഞ്ഞബ്ദുള്ള ഉണ്ടാകും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. കുഞ്ഞബ്ദുള്ള അങ്ങനെ കരുതുന്നുണ്ടോ എന്നു ചോദിച്ചാൽ ദൈവത്തിന് മാത്രമേ അറിയൂ. അവൻ അതിനെക്കുറിച്ച് ബോധവാനാണോ, അവൻ ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് അവന് അറിയാമോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. ഇടയ്ക്കൊക്കെ ഒരോ പരാതി പറയുമെങ്കിലും, He is one of the greatest writers, narrators, story tellers Malayalam ever produced. അത് ചെറുകഥയായാലും നോവലായാലും അങ്ങനെതന്നെ. തന്‍റെ കഥാപാത്രങ്ങളെ ഉജ്ജ്വലമായ ജീവിച്ചിരിക്കുന്ന കഥാപാത്രമാക്കി മാറ്റാനുള്ള കുഞ്ഞബ്ദുള്ളയുടെ കഴിവ് അപാരമാണ്. അവരുടെ വായിൽനിന്നു വരുന്ന വർത്തമാനം സജീവവും ഓർഗാനിക്കുമാണ്. നൈസർഗ്ഗികമായ ഒഴുക്കും, ഇടതടവില്ലാത്ത പ്രവാഹവും, അവന്‍റെ സ്വഭാവത്തിലെന്നപോലെ കഥയിലുമുണ്ട്. കുഞ്ഞബ്ദുള്ള ഒരിക്കലും ഒരു ഇന്‍റലക്ച്വൽ അല്ല. അങ്ങനെയാണെന്ന് ഒരിക്കലും പ്രിറ്റൻഡ് ചെയ്തിട്ടുമില്ല. അതുകൊണ്ട് ഇന്‍റലക്ച്വൽ ഇൻഹിബിഷൻ ഒട്ടുമില്ല. പക്ഷേ ഇന്‍റലക്ച്വൽ ആയ തീരുമാനമെടുക്കേണ്ട സാമൂഹ്യപ്രശ്നങ്ങളിൽ അവൻ തെറ്റായ തീരുമാനങ്ങൾ എടുത്തതായി കാണാം. അത് ഇന്‍റലക്റ്റ് ഓപ്പറേറ്റ് ചെയ്യാതെ മടിപിടിച്ചിരുന്നതുകൊണ്ടാണ്. പക്ഷേ, ഇന്‍റലക്ച്വൽ അല്ലാത്തതുകൊണ്ട് കഥ പറയുമ്പോൾ വല്ലാത്ത സ്മൂത്നെസ്സ് ആണ്. നമ്മളെയൊക്കെ അലട്ടുന്ന അനാവശ്യ ചിന്തകളൊന്നും അവനു വരില്ല.”

ഒ.വി.വിജയന്‍റെ ‘ഖസാക്കിന്‍റെ ഇതിഹാസം’ പുറത്തിറങ്ങി ഏഴു വർഷത്തിനു ശേഷമാണ് കാരക്കാടിന്‍റെ ഇതിഹാസമായ ‘സ്മാരകശിലകൾ’ വരുന്നത്. ഖസാക്ക് പ്രചോദിപ്പിച്ചിട്ടുണ്ടോ? കുഞ്ഞബ്ദുള്ളയോട് ചോദിച്ചു.

പുനത്തിൽ: ഖസാക്ക് ഒരു ഗ്രേറ്റ് വർക്കല്ലേ... സ്മാരകശിലകളൊന്നും ഒന്നുമല്ല, അതിനടുത്ത്. ഖസാക്ക് ഗംഭീര വർക്കാണ്. അതിലെ ഓരോ വാക്കും കൊത്തിവച്ചപോലെ മനസ്സിലുണ്ട്.. ഒരുപാട് പ്രചോദനം കിട്ടിയിട്ടുണ്ട്. ഒ.വി.വിജയൻ ഈസ് എ ഗ്രേറ്റ് റൈറ്റർ.

കുഞ്ഞബ്ദുള്ളയോടൊപ്പം അദ്ദേഹത്തിന്‍റെ ജൻമനാടായ കാരക്കാട്ടേക്ക് പോയി. കുഞ്ഞബ്ദുള്ള വാങ്ങിയ, അനവധിക്കാലം കുടിപാർത്ത വീട് അടഞ്ഞുകിടക്കുകയായിരുന്നു. ഗേറ്റിന്‍റെ അഴികളിൽ പിടിച്ച് കുഞ്ഞബ്ദുള്ള സ്വയം നഷ്ടപ്പെട്ടു. ആ ഭൂപ്രകൃതി, അതിൽ അലിഞ്ഞുള്ള ജീവിതം, കുഞ്ഞബ്ദുള്ളയുടെ ഓർ‍മകൾ ഒഴുകി.

എന്തൊരു സ്ഥലം! തേന്മാവ്, മുരിങ്ങ, ആ കവുങ്ങിന്‍റെ നീളം നോക്കൂ. പഴുത്തടക്ക എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനമാണ്. തേങ്ങയേക്കാൾ അടക്കയാണിഷ്ടം.

അവിടെ ഒരു അധികാരിയുണ്ടായിരുന്നു. കുറുപ്പാ, നിങ്ങളെപ്പോലത്തെ നായൻമാര്. ഫീസ് ഇളവുകിട്ടാൻ ഇങ്ങനെ പോവില്ലേ, കുട്ടികള്. ഒരു ഉറുപ്പികയോ മറ്റോ കൊടുക്കണം കൈമടക്കായി. ഒരു കുട്ടീടെ കൈയ്യിൽ പൈസയില്ല. അവന്‍റെ മുണ്ടിന്‍റെ കോന്തലയിൽ പഴുത്തടക്ക ഉണ്ട്.

“എന്താടാ അരയില്?”
“അടക്ക”
“അടക്കാ എന്താടാ, കടിക്വോ?”

എന്‍റെ യൗവനം മുഴുവൻ ചെലവഴിച്ചതിവിടെയാണ്. ഒന്നുകൂടി ഇവിടെ ജീവിക്കണമെന്ന മോഹമുണ്ട്.

ഇതാ, ഈ മുരിങ്ങ നോക്കൂ, മുരിങ്ങയില, മുരിങ്ങക്കായ. മുരിങ്ങയിലയും, മുരിങ്ങക്കായുമൊക്കെയിട്ട കൊഞ്ചുകറി. പിന്നെ, എന്‍റെ പ്രിയപ്പെട്ട നാട്ടുകാർ, ചികിത്സക്കായി വരുന്നവർ. “അയാൾ കള്ളുകുടിച്ചാലെന്താ, ‘ഔലിയ’ ആണെന്നാണ് അവർ പറയുക -അവധൂതൻ”

സ്മാരകശിലകൾ - മലയാളനോവലിലെ സർഗവസന്തം. തന്‍റെ ഗ്രാമത്തിന്‍റെ ആദിമസ്മൃതികൾ തൊട്ടുള്ള ജീവിതം വിശാലമായ ക്യാൻവാസിൽ വരച്ചിട്ട നോവൽ. ജീവിതം നുരകുത്തുന്ന ഈ നോവലിന്‍റെ ഭൂരിഭാഗവും കുഞ്ഞബ്ദുള്ള എഴുതുന്നത്  ഈ വീട്ടിൽ വച്ചാണ്.

പുനത്തിൽ: എന്തെഴുതുമ്പോഴും, ഒരു മിനിക്കഥ എഴുതുമ്പോൾ പോലും ഞാൻ ക്രാഫ്റ്റിനെക്കുറിച്ച് ആലോചിക്കാറുണ്ട്. ‘സ്മാരകശിലകളി’ൽ അങ്ങനെയൊന്നുമുണ്ടായിട്ടില്ല. തോണിയിലൂടെ പോകുമ്പോലെ അങ്ങനെ ഒഴുകിപ്പോയതാണ്.

നെറ്റി ചുളിച്ചവർ കുഞ്ഞബ്ദുള്ളയുടെ മറുപടി കേട്ട് വീണ്ടും നെറ്റി ചുളിച്ചു

എഴുത്തുപോലെത്തന്നെ കുഞ്ഞബ്ദുള്ളയുടെ ജീവിതപാതയ്ക്കും വളവുകളും തിരിവുകളുമുണ്ട്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞബ്ദുള്ള ബേപ്പൂർ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു. നെറ്റി ചുളിച്ചവർ കുഞ്ഞബ്ദുള്ളയുടെ മറുപടി കേട്ട് വീണ്ടും നെറ്റി ചുളിച്ചു. “സിപിഎം ആണ് ആദ്യം വിളിച്ചിരുന്നതെങ്കിൽ ഞാനവരുടെ സ്ഥാനാർത്ഥിയായേനെ”

സക്കറിയ: അങ്ങനെ പല പ്രശ്നങ്ങളുണ്ട്. അവൻ ബിജെപിയിൽ ചേർന്നിട്ടുണ്ട്. എനിക്ക് പുനത്തിലിന്‍റെ യഥാർത്ഥ സ്വഭാവം അറിയാവുന്നതുകൊണ്ട്, അവൻ പിശാചിന്‍റെ കൂടെച്ചേർന്നാലും ഞാൻ അത്ഭുതപ്പെടില്ല. ബിജെപിയിൽ ചേർന്ന മറ്റുള്ളവരെ, സാരമില്ല, അബദ്ധം പറ്റിയതാണ് എന്നുപറഞ്ഞ് വെളുപ്പിക്കാൻ കഴിയില്ല. അവനെ അറിയാവുന്നതുകൊണ്ട് ഞാൻ പിണങ്ങില്ല. ഒരു ദിവസം കാസർകോട് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിൽ, എം.എൻ.കാരശ്ശേരിയും ഉണ്ടായിരുന്നുവെന്നാണ് എന്‍റെ ഓർമ, ഞങ്ങൾ അവനെ ബോധവൽക്കരിച്ചു. കോഴിക്കോട്ടെ അന്നത്തെ ഒരു പൊതുപരിപാടിയിൽ ഹിന്ദുത്വയിൽ നിന്ന് വിരമിച്ചതായി അവൻ പ്രഖ്യാപിച്ചത് ഓർക്കുന്നു.

travel with punathil kunjabdulla mangad rathnakaran

കാരക്കാട്ടങ്ങാടിയിൽ പോയപ്പോൾ നാട്ടുകാരും സുഹൃത്തുക്കളും ആരാധകരും കുഞ്ഞബ്ദുള്ളയെ പൊതിഞ്ഞു. സ്നേഹം തുളുമ്പുന്ന കുശലങ്ങൾ, ഫലിതച്ചൊല്ലുകൾ, ആലിംഗനങ്ങൾ, ഉമ്മകൾ.. അസൂയയോടെയാണ് ഞാൻ ഈ രംഗങ്ങൾ കണ്ടുനിന്നത്.

രാത്രിയിൽ കോഴിക്കോട്ട് ചാലപ്പുറത്തുള്ള ‘കാസാബ്ലാങ്ക’ ഫ്ലാറ്റിൽ അളകാപുരി വഴി എത്തിച്ചു പിരിയുമ്പോൾ രാവിലത്തേതുപോലെത്തന്നെ വീണ്ടും കാവ്യവർഷം. ‘പെണ്ണും പുലിയും’ ഇടയ്ക്കുവച്ചാണല്ലോ തുടങ്ങിയത്. എന്നോർമ്മിച്ചതുകൊണ്ടാകാം.

“കാട്ടിയുഷസ്സൊരു മൈലാഞ്ചിക്കൈ
കാക്ക കരഞ്ഞൂ തേന്മാവിൽ
താമസമെന്തിനിയമ്മാളൂ? കൺ-
താമരയല്ലി തുറന്നോളൂ!
വിരുതെഴുമാങ്ങളമാരവർ നാത്തൂൻ-
വീടുകൾ വിട്ടുവരുംമുമ്പേ,
എങ്ങുമടിച്ചുതളിക്കണ്ടേ? യതി-
ഭംഗിയിലൂണിനൊരുക്കണ്ടേ?”

(ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ‘യാത്ര’ (കാരക്കാട്, കോഴിക്കോട്) എന്ന പരിപാടിയുടെ (2014ജനുവരി 3) ലിഖിതരൂപം)

Follow Us:
Download App:
  • android
  • ios