Asianet News Malayalam

ഒരു കല്യാണം; അത്രയേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ...!

എങ്ങനെയെങ്കിലും ഈ തള്ളയെ പൊക്കി എന്റെ തള്ളേടെ മുന്നിലെത്തിക്കണം. അത് മാത്രമായിരുന്നു എന്റെ ചിന്ത. അതിന് വേണ്ടി നുണകളുടെ ഒരു കൂമ്പാരമിറക്കേണ്ടി വന്നാലും എനിക്കതൊരു വിഷയമേയല്ലായിരുന്നു. കാരണം, എന്റെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു.എങ്ങനേലും ഒരു കല്യാണം കഴിക്കണം!

Tulu Rose Tony column on marriage
Author
Thiruvananthapuram, First Published Feb 28, 2018, 6:00 PM IST
  • Facebook
  • Twitter
  • Whatsapp

ഞാനേ അറിഞ്ഞുള്ളൂ, എനിക്ക് കെട്ട് പ്രായം ആയീന്ന്. അതായത് കൃത്യം പതിനെട്ടേ - പതിനെട്ടര! പതിനാറ് വയസ്സ് മുതല്‍ ഞാന്‍ ക്ഷമിക്കുന്നതാണ്. ഇതിനെന്തേലും ഒരു പ്രതിവിധി കണ്ടെത്തിയേ തീരൂ. 

വയസ്സറിയിച്ചിട്ടും, പൊര നിറഞ്ഞ് നിന്നിട്ടും എന്നെ കെട്ടിച്ചയക്കണം എന്ന വിചാരം എന്റെ വീട്ടുകാര്‍ക്കില്ലായിരുന്നു. ഒരു കല്യാണം കഴിക്കുക എന്നതായിരുന്നു എന്റെ ജീവിതത്തിലെ ആ സമയത്തെ എന്റെ വലിയ ആഗ്രഹം. ഒന്നിനുമല്ല, വെറുതേ!

മകളുടെ ആഗ്രഹമൊന്നും സാധിച്ച് തരാതെ വളര്‍ത്തിയ ഒരപ്പന്റെയും അമ്മയുടേയും മകളായി പോയില്ലേ ഞാന്‍! എന്റെ വിഷമം ആരോട് പറയാന്‍...! 

അപ്പച്ചനും അമ്മയും ഇന്ന് നന്നാവും നാളെ നന്നാവും എന്നോര്‍ത്ത് നിന്ന്, ആകാശത്തേക്ക് നോക്കി ഞാന്‍ പാടി. 

'നോക്കി നോക്കി നോക്കി നിന്നൂ
കാത്ത് കാത്ത് കാത്ത് നിന്നൂ
കല്യാണപ്പൂ വിരിയണതെങ്ങനാണെന്ന
കല്യാണപ്പൂ വിരിയണതെപ്പോഴാണെന്ന്
പൊന്നെന്റപ്പനും അറിയൂല്ല
തങ്കമെന്റമ്മക്കുമറിയൂല്ല
ആകേള്ളൊരാങ്ങ്‌ളക്കുമറിയൂല
ആര്‍ക്കുമറിയൂല....?'

(അന്ന് ഞാനാ പാടിയ ഈ വരികളെങ്ങെനെയോ ലീക്കായി ഈയിടെ ദുല്‍ക്കര്‍ ഒരു സിനിമയില് പാടി അഭിനയിച്ചു എന്നൊക്കെ കേട്ട്. അത് പോട്ട്!)

ഹോ! എന്റെയൊരു ഗതി ! 

ഞാനേ അറിഞ്ഞുള്ളൂ, എനിക്ക് കെട്ട് പ്രായം ആയീന്ന്. അതായത് കൃത്യം പതിനെട്ടേ - പതിനെട്ടര! പതിനാറ് വയസ്സ് മുതല്‍ ഞാന്‍ ക്ഷമിക്കുന്നതാണ്. ഇതിനെന്തേലും ഒരു പ്രതിവിധി കണ്ടെത്തിയേ തീരൂ. 

ആലോചിക്കണം, തല പുകച്ചാലോചിക്കണം. കുന്തിരിക്കമിട്ട് തല പൊകച്ചാലോ?  വേണ്ട, കുന്തിരിക്കത്തിന്റെ മണമടിച്ച് എന്റെ ശവമടക്കാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചേക്കാം. തല്‍ക്കാലം പുകയ്ക്കാന്‍ കുന്തിരിക്കത്തിന് പകരം ചിരട്ടയില്‍ രണ്ട് ചകിരി ഇട്ട് കത്തിച്ച് പുകച്ചാലോചിച്ചു. അതുകൊണ്ട് മൂന്നാ ഗുണം. മണവും ഇല്ല, ആലോചനയും നടക്കും, കൊതുകും വരില്ല! 

മോശം പറയരുതല്ലോ, വീട് മൊത്തം പൊകച്ചതിന് അന്നെനിക്ക് കുശാലായിരുന്നു. അല്ല, എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു. ചകിരിയുടെ കൂട്ടത്തില്‍ കുറച്ച് ഉണക്ക മുളകും കൂടെ ഇടണമായിരുന്നു. അങ്ങനെയെങ്കില്‍ മോമും ഡാഡും അരിക്കലം തലയില്‍ വെച്ച് കുച്ചിപ്പുടി ചെയ്‌തേനെ!  ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. എനിക്ക് കിട്ടാനുള്ളത് കിട്ടിയപ്പോള്‍ ചെവീക്കൂടെ വന്ന പുക കൊണ്ട് കണ്ണ് കാണാന്‍ പോലും പറ്റിയില്ല.

ദോഷം പറയരുതല്ലോ, തലയൊക്കെ നല്ല പോലെ പൊകഞ്ഞ് ചിന്താശേഷിയേ പോയി.

ആലോചിക്കണം, തല പുകച്ചാലോചിക്കണം. കുന്തിരിക്കമിട്ട് തല പൊകച്ചാലോ?

'തലപൊകച്ചാലോചന' പാളിപ്പോയ വിഷമത്തിലാണ് പിറ്റേന്ന് ഞാന്‍ കോളേജിലേക്ക് പോയത്. മനസ്സിലൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. എങ്ങനേയും കല്യാണം കഴിക്കണം! അതിനായി പുത്തന്‍പള്ളിയില്‍ പോയി രണ്ട് മെഴുക് തിരി കത്തിക്കാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു.

അപ്പച്ചനും അമ്മക്കും തലക്ക് നല്ല ബുദ്ധി കൊടുക്കാന്‍ വേണ്ടി രണ്ട് മെഴുക് തിരിയും പിന്നെ നല്ല പെടക്കണ ഒരു രൂപയുടെ ചില്ലറകളുമാണ് ഞാന്‍ മാതാവിന് കണക്ക് പറഞ്ഞ് പെട്ടിയിലിട്ട് കൊടുത്തത്. 

'മാതാവേ, ചതിക്കല്ലേ കേട്ടോ.' 

പുത്തന്‍ പള്ളിയില്‍ നിന്നുമിറങ്ങി നേരെ മുനിസിപ്പല്‍ ബസ് സ്റ്റാന്റിലേക്ക് വെച്ച് പിടിച്ചു. അവിടെ ജയാ ബേക്കറിയുടെ മുന്നിലാണ് എന്റെ സ്ഥിരം താവളം. എനിക്ക് പോകാനുള്ള ബസ്സ് വരുന്നത് വരെ ഞാനവിടെ തന്നെ നില്‍ക്കും. കാരണം,  ജയാ ബേക്കറിയില്‍ സെയില്‍സ്‌മേനായി ഒരു സുന്ദരക്കുട്ടപ്പനുണ്ടായിരുന്നു. ദിവസവും അവനെ നോക്കി ചിരിച്ചില്ലെങ്കില്‍ രാത്രി സമാധാനമായിട്ടുറങ്ങാനൊക്കില്ല.

കടാക്ഷങ്ങള്‍ കൈമാറുന്നതിനിടയില്‍ ബസ് വന്നു. വിദ്യാര്‍ത്ഥികളല്ലാത്തവരൊക്കെ കയറി ഇരുന്നതിന് ശേഷം ഞാനും കയറി. തരക്കേടില്ലാത്ത തിരക്കുണ്ടായിരുന്നു ബസ്സിനകത്ത്. ഏകദേശം ബസിന്റെ നടുക്കിലായുള്ള കമ്പിയില്‍ ചുറ്റിപ്പിടിച്ച് ഞാന്‍ നിന്നു. 

'ആ പോട്ടേയ് പോട്ടേ- കിളി വിസിലടിച്ചതും പതുക്കെ ഞാനൊന്ന് താഴ്ന്ന് ജയ ബേക്കറിയിലേക്ക് നോക്കി കണ്ണുകള്‍ കൊണ്ട് ചിരിച്ച് യാത്ര പറഞ്ഞു, അവനും.

ബസ് സ്റ്റാന്റ് വിട്ടതോടെ അവനെ എന്റെ മനസ്സില്‍ നിന്ന് ഞാനും വിട്ടു. പകരം കല്യാണ ചിന്ത മനസ്സില്‍ വന്നു. 

'മാതാവേ, സഹായിക്കണേ.' മനസ്സിലോര്‍ത്തു.

കടാക്ഷങ്ങള്‍ കൈമാറുന്നതിനിടയില്‍ ബസ് വന്നു.

'മോളേ, ഇവിടിരുന്നോ.' - പെട്ടെന്ന് ആരോ എന്നെയൊന്ന് തോണ്ടി.

'ങ്‌ഹേ! ആര്‍ക്കാണപ്പ എന്നോടിത്ര സ്‌നേഹം?'

ഞാന്‍ തല ചെരിച്ച് നോക്കിയപ്പോള്‍ ഒരു അമ്പത് വയസ്സ് ഏകദേശം വരുന്ന ഒരു സ്ത്രീ, അല്ല അമ്മായി, അല്ല ചേച്ചി!

എന്നെത്തന്നെയാണോ എന്ന് സംശയിച്ച് ഞാനവരെ നോക്കിയപ്പോള്‍ അവരെന്നെ നോക്കി ചിരിച്ചു. ഞാനവരെ മുന്‍പ് കണ്ടിട്ടില്ല. 

'ദൈവമേ, വല്ല പിള്ളാരെപ്പിടുത്തക്കാരിയുമാകുമോ?' 

ഞാനവരുടെ കൈകളില്‍ നോക്കി. ഇല്ല, മിഠായി ഒന്നുമില്ല! 

ഹാവൂ! ഞാന്‍ എങ്കിലും സൂക്ഷിക്കേണ്ടിയിരിക്കുന്നു.

'മോളേ, ബാ ഇരിക്ക്.' 

'ശ്ശെടാ! ചേച്ചി പിന്നേം...!??'

പിന്നൊന്നും നോക്കിയില്ല, രണ്ട് പേര്‍ നിറഞ്ഞിരിക്കുന്ന സീറ്റിന്റെ നടുക്കങ്ങ് കേറിയിരുന്ന്, ഒരൊറ്റ ഇളക്കമങ്ങ് വെച്ച് കൊടുത്തു. വിനയത്തോടെ ഞാനത് ചെയ്തത് കൊണ്ടാവണം തെറ്റത്തിരുന്ന ചേച്ചി വീണില്ല. ചേച്ചീടെയൊക്കെ ഒരു സമയം!

കമ്പിയില്‍ തൂങ്ങി വെറുതേ നിന്നിരുന്ന എന്നെ പിടിച്ച് ഇരുത്തിയ ചേച്ചി എന്നെ സ്‌നേഹത്തോടെ നോക്കി.

'ശ്ശോ! എനിക്ക് ജനിക്കാതെ പോയ അമ്മയെങ്ങാനുമാണോ ഇവര്‍? ഇനി വല്ല മുജ്ജന്മ ബന്ധവും?
 
ഞാന്‍ ഗാഢാലോചനയില്‍ മുഴുകി.

'മോളേ, മോള്‍ടെ വീടെവ്‌ടെയാ?' -  ചേച്ചി ചോദ്യമെറിഞ്ഞു.

'ഒല്ലൂര്.'

'ഒല്ലൂര് എവിടെ?'

'ഒല്ലൂര്...... ഒല്ലൂര് ജങ്ഷനില്.'

'ജങ്ഷന്‍ കുറേയുണ്ടല്ലോ. ജങ്ഷനിലെവിടെയാ?'

ങേ! കുറേ ജങ്ഷനുള്ള ഒല്ലൂരോ, ശ്ശെടാ! ഇതിപ്പ കുരിശായല്ല!'

ഞാനൊന്നും മിണ്ടിയില്ല, പുറത്തേക്ക് നോക്കിയിരുന്നു. 

'മോളേ, ഒല്ലൂര് മോള്‍ടെ തറവാടേതാ? ആര്‌ടെ മോളാ?'

ദൈവമേ, തള്ള വിടണില്ലല്ലോ.

'അത് പിന്നെ...'

'എന്താ മോളേ, അപ്പനില്ലേ?'

'യ്യോ. ഒണ്ട് ഒണ്ട്. ആകെക്കൂടെ ഒറ്റ ഒരപ്പനേയുള്ളൂ. അതല്ല ചേച്ചീ, ചേച്ചിയെന്തിനാ ഇതൊക്കെ ചോദിക്കണേ? എന്നെ അറിയില്ലല്ലോ'

'ആഹ്! അതോ മോളേ. ചേച്ചിയൊരു ബ്രോക്കറാ' - ചേച്ചി ഒരു ബാഗെടുത്ത് മടിയില്‍ വെച്ചു.

'എന്ത് ബ്രോക്കറ്?' - ഞാന്‍ കണ്ണ് കൂര്‍പ്പിച്ചു.

'കല്യാണ ബ്രോക്കറ്!'

മാതാവേ, ഇത്ര പെട്ടെന്ന് നീ പണി തുടങ്ങ്യാ?ഹോ! അവിശ്വസനീയം എന്റെ പൊന്ന് മാതാവേ. നിനക്കിത്ര ഇഷ്ടാണോ മെഴുകുതിരി? ഇതേറ്റാല് മോളേ മാതാവേ, ഒരു നൂറ് തിരി കത്തിച്ച് നിന്നെ മെഴുകഭിഷേകം നടത്തും ഞാന്‍!

'ആഹ്! അതോ മോളേ. ചേച്ചിയൊരു ബ്രോക്കറാ'

വിശാലമായി മൂട് കുത്തിയിരുന്ന ഞാന്‍ നിരങ്ങിയൊന്ന് ഒതുങ്ങി കൊടുത്തു, ചേച്ചിക്കിരിക്കാന്‍. ശ്ശോ! പാവം ചേച്ചി. വെറുതേ തെറ്റിദ്ധരിച്ചു. കൈയില് കാശുണ്ടാരുന്നേല് ചേച്ചീനേം കൊണ്ട് ഒല്ലൂരിറങ്ങീട്ട് രണ്ട് ബോണ്ട വാങ്ങി കൊടുത്തേനേ..!

എങ്ങനേയും ഇതൊന്ന് കരക്കടിപ്പിച്ചേ പറ്റൂ. എന്റെ ആഗ്രഹം കണ്ടിട്ട് പൗലോ കൊയ്‌ലോ അയച്ചതാണീ ബ്രോക്കറി ചേച്ചിയെ. 

വായിച്ചിട്ടില്ലേ, നമ്മുടെ ആഗ്രഹം തീവ്രമാണെങ്കില്‍ ഈ ലോകം മുഴുവന്‍ നമ്മുടെ കൂടെ നില്‍ക്കുമെന്ന്.

'മോളേ, മോള്‍ക്കെത്ര വയസ്സായി?'-തറവാട്ട് പേരും അപ്പന്റെ പേരുമൊക്കെ കൈമാറി കഴിഞ്ഞപ്പോള്‍ അടുത്ത ചോദ്യം.

'പതിനെട്ട് തികച്ചും ആയി ചേച്ചീ.'

'അയ്യോ, അത്രേയൊള്ളോ? അപ്പോ പിന്നെ പഠിപ്പ് കഴിഞ്ഞിട്ട് നോക്കാം ഞാന്‍'

ഞാന്‍ ഞെട്ടി.

'അയ്യോ , അതേയ് ചേച്ചീ വയസ്സ് പതിനെട്ടാണേലും കാഞ്ഞ ബുദ്ധിയാ എനിക്ക്.'

'ങ്‌ഹേ!'

'അല്ലാ, വാട്ട് ഐ മീന്‍ ഈസ്... എനിക്കേയ് വയസ്സ് പതിനെട്ടാണേലും  ഇരുപത്തഞ്ചിന്റെ പക്വതയാണെന്നാ. അങ്ങനെയാ എല്ലാവരും പറയണത്'

എങ്ങനെയെങ്കിലും ഈ തള്ളയെ പൊക്കി എന്റെ തള്ളേടെ മുന്നിലെത്തിക്കണം. അത് മാത്രമായിരുന്നു എന്റെ ചിന്ത. അതിന് വേണ്ടി നുണകളുടെ ഒരു കൂമ്പാരമിറക്കേണ്ടി വന്നാലും എനിക്കതൊരു വിഷയമേയല്ലായിരുന്നു. കാരണം, എന്റെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. 

എങ്ങനേലും ഒരു കല്യാണം കഴിക്കണം!

ബ്രോക്കറി ചേച്ചി എന്നെയൊന്ന് അടിമുടി നോക്കി. ഞാന്‍ ഒതുക്കത്തോടെ ഞെളിഞ്ഞിരുന്നു.

'കണ്ടോളൂ കണ്ടോളൂ. നല്ല പോലെ കണ്ടോളൂ.'

'എന്നാ പിന്നെ മോളേ, ഞാന്‍ അടുത്ത ആഴ്ച വീട്ടിലോട്ട് വരാം. എന്‍േറല് കുറച്ച് നല്ല പയ്യന്മാരുണ്ട്' - ചേച്ചി ആലോചിച്ച് കൊണ്ട് പറഞ്ഞു.

ആക്രാന്തം എനിക്കായത് കൊണ്ട് ഞാന്‍ വേഗം പറഞ്ഞു :

'അല്ല അതേയ്, അടുത്താഴ്ച ഞങ്ങള് പോവാ. പിന്നതിന്റടുത്താഴ്‌ചേ വരൂ. അതോണ്ട് ചേച്ചി ഇപ്പോ തന്നെ എന്റെ കൂടെ പോന്നേക്കണതാ നല്ലത്.'

'ങേ! അതെന്തിനാ, അങ്ങനാണേല് അടുത്ത മാസം വരാലോ' 

ഹോ! ഈതെവടത്തെ ബ്രോക്കറിയാ? ഒരു ബിസിനസ പിടിക്കാനറിയാത്ത സാധനം!

'എന്റെ പൊന്ന് ചേച്ചീ, ചേച്ചി അടുത്ത മാസം വരുമ്പോഴേക്കും എന്നെ വേറെ വല്ല ബ്രോക്കര്‍മാരും ബുക്ക് ചെയ്ത് കാണും. പിന്നെ വിഷമിച്ചിട്ട് കാര്യമില്ല കേട്ടാ'- കൈയില്‍ നിന്നും ഒരു നുണ കൂടിയെടുത്ത് തള്ളക്കിട്ടെറിഞ്ഞു. 

എന്റെ ഊഹം തെറ്റിയില്ല, ഏറ് കൊണ്ടു! ബ്രോക്കറി ചേച്ചിയും ഞാനും കൂടി ഒല്ലൂര് ജങ്ഷനിലിറങ്ങി, നേരെ എന്റെ വീട്ടിലേക്ക് വെച്ച് പിടിച്ചു.

'ചേച്ചി ഇവിടെ നിക്ക് ട്ടോ. ഞാന്‍ പോയി അമ്മയെ വിളിച്ചോണ്ട് വരാം'

ബ്രോക്കറി ചേച്ചി വരാന്തയിലെ തിണ്ണയിലിരുന്നു. വരാന്തയിലൊരു അപരിചിത രൂപത്തെ കണ്ട് കിച്ചു കൊരയോട് കൊര! കിച്ചുവിന്റെ കൊര കേട്ട് അമ്മയും കൊര തന്നെ കൊര! ബ്രോക്കറി ചേച്ചിയെ കണ്ട് അമ്മ എന്നേയും,  ഞാന്‍ ബ്രോക്കറി ചേച്ചിയേയും, ബ്രോക്കറി ചേച്ചി കിച്ചുവിനേയും, കിച്ചു അമ്മയേയും നോക്കി. ഇതാണോ ചെയിന്‍ റിയാക്ഷന്‍! 

കൈയില്‍ നിന്നും ഒരു നുണ കൂടിയെടുത്ത് തള്ളക്കിട്ടെറിഞ്ഞു. 

ആ! എന്തേലുമാവട്ടെ.

സൂചി വീണാല്‍ പോലും കേള്‍ക്കുമോ എന്നറിയാന്‍ ഒരാഗ്രഹം തോന്നി. സൂചി തപ്പിപ്പോകാനുള്ള ടൈം ഇല്ലാത്തതിനാല്‍ ജനാലക്ക് ഇരുന്ന ഒരു പിഞ്ഞാണം കിച്ചു മൂക്ക് കൊണ്ടുന്തി നിലത്തിട്ടു. 

'കിണികിണികിണി' ശബ്ദത്തോടെ അത് നിലത്ത് വീണ് ഡാന്‍സ് ചെയ്തു. 

'ആരാടീ ഇത്?' - അമ്മ എന്നെ മുറിയിലേക്ക് കൊണ്ട് പോയി ചോദിച്ചു.

'അതെന്റമ്മേ, ഹോ! ഒന്നും പറയണ്ട. ഇന്നേയ്...'
 
ഞാന്‍ മുഴുവനാക്കുമ്പോഴേക്കും അമ്മ ഇടയില്‍ കയറി.

'നിന്റെ ടീച്ചറായിരിക്കും അല്ലേ. സത്യം പറഞ്ഞോ, എന്താ പ്രശ്‌നം?' 

ഓഹോ! കോളേജില് പ്രശ്‌നമുണ്ടാക്കി ടീച്ചറേയും കൊണ്ട് വന്നിരിക്കുകയാണ് എന്നാണ് വിചാരം. ഇതെന്താ സ്‌കൂളോ, ഞാനെന്താ പ്രൈമറിയിലെ കുട്ടിയോ..?! സില്ലീ മോം! വെറുതെയല്ല പത്ത് തോറ്റത്.

'അതൊന്നുമല്ല. അതേയ് ഇന്ന് ബസ് കയറിയപ്പോ തൊട്ട് ആ പെണ്ണെന്റെ പുറകെയാന്നേ'- മുഖഭാവത്തിലൊരു മാറ്റം വരുത്തി ഞാന്‍ പറഞ്ഞു.

'എന്തിന്?'

'അത്..അത്..'

'പറയെടീ, എന്തിനാന്ന്?'

'എന്നെ കെട്ടിച്ച് കൊടുക്കുവോന്ന്.'

'ആര്‍ക്ക്, അവര്‌ടെ കെട്ട്യോനോ?'

ഛായ്! അനാവശ്യ ഗോള്‍! 

'ഹ! അമ്മേ, കല്യാണാലോചനയുമായി വന്നതാ ആ ചേച്ചി'- എനിക്ക് നാണം വന്നു??

'ആര്‍ക്ക്, നിന്റപ്പനോ?'

??

ശ്ശെടാ! പിന്നേയും ഗോള്‍! ?? അപ്പച്ചന്‍ കേള്‍ക്കണ്ട, പോയി കെട്ടിക്കളയും. 

'അല്ലെന്നേയ്, എനിക്കാ ആലോചന'.

ഞാനെന്റെ മുഖമൊക്കെ നാണം കൊണ്ട് വിറപ്പിച്ചു.

'എന്തിന്?'

'അമ്മച്ചീ'

എന്റെ ആ വിളി കേള്‍ക്കാത്ത ഭാവത്തില്‍ അമ്മ വരാന്തയിലേക്ക് ചെകുത്താനെ ഓടിപ്പിക്കാനെന്ന പോലെ പോയി.

'മാതാവേ, കൂടെണ്ടാവില്ലേ നീയ്! മറ്റേ അഭിഷേകം... മറക്കണ്ടാ ട്ട'

ഞാന്‍ മാതാവിനെ കൈക്കൂലി ഓഫര്‍ ഒന്ന്കൂടെ ഓര്‍മ്മിപ്പിച്ച് കൊണ്ട് അമ്മയുടെ പുറകേ പോയി.

പതറരുത് എന്റെ പൊന്ന് ബ്രോക്കറീ, പതറരുത്. ഞാനുണ്ട് കൂടെ. 

'നിങ്ങളേതാ പെണ്ണുമ്പിള്ളേ?' - എടുത്തടിച്ചുള്ള ചോദ്യം കേട്ട് ബ്രോക്കറി ഒന്ന് ഞെട്ടിയോ!

പതറരുത് എന്റെ പൊന്ന് ബ്രോക്കറീ, പതറരുത്. ഞാനുണ്ട് കൂടെ. 

'അത് പിന്നെ, ഈ മോള്‍ക്ക്..'

'ഈ മോള്‍ക്ക് തലക്ക് നല്ല സുഖമില്ല. അതു കൊണ്ടവളെ തല്‍ക്കാലം കെട്ടിക്കണുമില്ല'

ഓ മൈ ഗോഡ്! 

തൊലച്ചു, എന്റെ ഭാവി തൊലച്ചു! പെറ്റ തള്ള തന്നെ തൊലച്ചു..

'അമ്മച്ചീ'

'എന്താണ്ടീ'

'ഹേയ്! ഒന്നൂല്ല്യ'

അമ്മയുടെ ഭാവം കണ്ട് ഞാനാകെ പേടിച്ചു എന്നതാണ് സത്യം.

വരാന്തയിലെ തിണ്ണയില്‍ നിന്നും ചന്തിയും വലിച്ചെടുത്ത് പതുക്കെ വലിയാന്‍ നിന്നിരുന്ന ബ്രോക്കറിയും നല്ല പോലെ പേടിച്ച് വിറച്ച് വിറച്ച് പറഞ്ഞു :

'അതേയ്, ഞാനപ്പഴേ പറഞ്ഞതാ ഞാനില്ലാന്ന്. ഈ കുട്ടി നിര്‍ബന്ധിച്ച് കൊണ്ട് വന്നതാ'

എനിക്ക് അതോടെ മഞ്ഞ കാര്‍ഡ് കിട്ടി. ഇനിയീ ബ്രോക്കറി വായ തുറന്നാല്  ചുവപ്പ് കാര്‍ഡും തന്ന് എന്നെ ഈ വീട്ടില്‍ നിന്നും ബാന്‍ ചെയ്യുമെന്ന് എനിക്ക് മനസ്സിലായി. 

'ഉയ്യോന്റമ്മച്ചിയോ! നൊണച്ചി തള്ള പറയണത് കേട്ടാ. ഞാന്‍ കൊണ്ട് വന്നൂന്ന! ആകെ പതിനെട്ട് വയസ്സാകുമ്പോഴേക്കും എനിക്കെന്തൊരു പൂതിയാണെന്ന് നോക്കണേ കെട്ടാന്‍! എന്റമ്മ ഇതൊന്നും കേട്ട് വിശ്വസിക്കില്ല ഹും'

'ഇരുപത്തഞ്ചിന്റെ പക്വതേം കൊണവതിയാരോം ഉണ്ടെന്നും പറഞ്ഞാ എന്നെ കൊണ്ട് വന്നത്. എന്നിട്ടിപ്പ പറയണ കേട്ടാ എന്റെ കര്‍ത്താവേ..'

അമ്മ എന്നെ ഒരു നോട്ടം നോക്കി. 

സംഗതി മനസ്സിലായോന്നെനിക്കൊരു സംശയം. ഞാന്‍ പതുക്കെ സ്ഥലം കാലിയാക്കാനുള്ള പരിപാടി തുടങ്ങി. 

കിച്ചുവിനെ സോപ്പിട്ട്, കിച്ചുവിനേയും വലിച്ച് അകത്തേക്ക് നടന്നു. 

'ഈ മോള്‍ക്ക് തലക്ക് നല്ല സുഖമില്ല. അതു കൊണ്ടവളെ തല്‍ക്കാലം കെട്ടിക്കണുമില്ല'

'ക്ഷമിക്കണം കേട്ടോ. അവള് ബോധമില്ലാതെ ചെയ്തതാ. ഇരുപത്തഞ്ചിന്റെ പക്വത പോയിട്ട് പതിനഞ്ചിന്റെ പക്വത പോലുമില്ല. കിടക്കേല് ഇന്നലേം കൂടി ഉറക്കത്തില് മുള്ളിയോളാ കെട്ടാന്‍ നടക്കണത്'

??

'മാതാവേ! എന്നോടീ ചതി വേണാര്‍ന്നോ! കേട്ടില്ലേ, കെടക്കേല് മുള്ളീന്ന്..!'

ഒരു അമ്പത് രൂപായും കൊടുത്ത് ബ്രോക്കറി ചേച്ചിയെ പറഞ്ഞ് വിട്ട് അകത്തേക്ക് വന്ന അമ്മയോട് രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു :

'എന്നാലും എന്ത് വര്‍ത്താനാ അമ്മ പറഞ്ഞേ? ഇങ്ങനൊക്കെ പറയാവോ? ങ്‌ഹേ?'

'പ്ഫാ..@#/&€£?? . എറങ്ങി പോടീ എന്റെ വീട്ടീന്ന് പിശാശേ'

'അമ്മേ, തല്കാലം എനിക്കിത്രയേ പറയാനുള്ളൂ. നന്ദി, നമസ്‌കാരം'

എന്റെ പട്ടി പോകും വീട്ടീന്ന്. അല്ല പിന്നെ!.

 

ടുലുനാടന്‍ കഥകള്‍ ഇതുവരെ

അതായിരുന്നു അയാളോടുള്ള പ്രണയം; പ്രതികാരവും!

അങ്ങനെ ഞാനും ഒരു മാധവിക്കുട്ടിയായി!
 

Follow Us:
Download App:
  • android
  • ios