നൈജീരിയയിലെ കടുന എന്ന സംസ്ഥാനം കഴിഞ്ഞമാസം ഒരു നിയമം കൊണ്ടുവന്നത് ലോകമെമ്പാടും വലിയ ചർച്ചയായിരുന്നു. ഒരു വ്യക്തി ബലാത്സംഗക്കേസിൽ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ആ വ്യക്തിയുടെ ലൈംഗികാവയവം ഛേദിച്ചു കളയാനുള്ള നിയമമായിരുന്നു അത്. 14 വയസ്സിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളിയ്ക്ക് വധശിക്ഷ നൽകാനും ആ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ, ഈ നിയമത്തോട് അനുകൂലമായ ഒരു പ്രതികരണമല്ല യുഎൻ മനുഷ്യാവകാശ സംഘടന കൈക്കൊണ്ടത്. ബലാത്സംഗം ഒട്ടും ന്യായീകരിക്കാൻ കഴിയാത്ത ഒരു പ്രവൃത്തിയാണെങ്കിലും, അതിന് ഇത്തരമൊരു ശിക്ഷ നൽകുന്നത് ഉചിതമല്ലെന്നുമാണ് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാഷേൽ പറയുന്നത്. 

ഇത്തരം കേസുകളിൽ ലിംഗഛേദം പോലുള്ള നിയമ മാർഗ്ഗങ്ങൾ തീർത്തും അപലപനീയവും, നിർദ്ദയവുമാണ് എന്നവർ പറഞ്ഞു. നൈജീരിയയിൽ നിയമം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് മിഷേൽ ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷയെ അനുകൂലിക്കുന്നവർ പറയുന്നത്, വധശിക്ഷ നടപ്പാക്കുന്നത് ബലാത്സംഗത്തെ തടയുമെന്നാണ്. എന്നാൽ, ഇത്തരം ശിക്ഷകൾ ലൈംഗികാതിക്രമങ്ങളെ തടയുന്നു എന്ന ധാരണ തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു. ശിക്ഷയുടെ കാഠിന്യം കൂട്ടുന്നതിനേക്കാളും, കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കിയാൽ മാത്രമേ കുറ്റകൃത്യങ്ങൾ കുറയുകയുള്ളൂ എന്നവർ അഭിപ്രായപ്പെട്ടു.  

"ലൈംഗികാവയവം ഛേദിക്കുന്നതു പോലുള്ള ശിക്ഷകൾ നീതി ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നില്ല, മാത്രമല്ല ഇത് ബലാത്സംഗത്തെ പ്രതിരോധിക്കുന്നുമില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം, പീഡനപരവും, ക്രൂരവും, മനുഷ്യത്വരഹിതവും, അപമാനകരവുമായ ശിക്ഷാരീതികൾ പൂർണമായും നിരോധിച്ചിരിക്കുന്നു. എന്നാൽ, ഷണ്ഡീകരണം ആ നിയമത്തിന്റെ ലംഘനമാണ്" മിഷേൽ പറഞ്ഞു. കൊറോണ വൈറസ് മൂലം നൈജീരിയ കടുത്ത നിയന്ത്രണത്തിലായിരുന്ന സമയം നിരവധി ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. അന്ന് പീഡകർക്കെതിരെ വധശിക്ഷ ഉൾപ്പടെയുള്ള കർശന നടപടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വനിതാ ഗ്രൂപ്പുകൾ മുന്നോട്ട് വന്നിരുന്നു. 

ജനങ്ങൾ ഇതിനെതിരെ തെരുവിൽ ഇറങ്ങിയതിന് പിന്നാലെയാണ് കടുന സംസ്ഥാനം ഈ പുതിയ നിയമം ഇറക്കിയത്. 14 വയസ്സിന് മുകളിലുള്ള ഒരാളെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ട ഒരാൾക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമെന്ന് സംസ്ഥാനത്തെ പുതുതായി ഭേദഗതി ചെയ്ത ശിക്ഷാനിയമത്തിൽ പറയുന്നു. പ്രായപൂർത്തിയായ ഒരാളെ ബലാത്സംഗം ചെയ്തതിന് 21 വർഷം വരെ തടവും കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം തടവുമാണ് മുൻനിയമം അനുശാസിച്ചിരുന്നത്.