സൂറത്തിലെ അക്കൗണ്ടന്‍റായ ജിഗ്നേഷ് തലവിയയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വൻ വഴിത്തിരിവ്. ഓഹരി വിപണിയിലെ നഷ്ടം നികത്താൻ സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത ജിഗ്നേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് വീഡിയോകൾ അയച്ച ഇയാൾ കുറ്റം സമ്മതിച്ചു.
സൂറത്തിലെ അക്കൗണ്ടാന്‍റായ ജിഗ്നേഷ് തലവിയയെ തട്ടിക്കൊണ്ട് പോയ കേസിൽ വൻ ട്വിസ്റ്റ്. പോലീസ് അന്വേഷണത്തിനൊടുവിൽ സ്വന്തം തട്ടിക്കൊണ്ട് പോകൽ ആസൂത്രണം ചെയ്ത് സ്വന്തം വീട്ടുകാരിൽ നിന്നും പണം തട്ടാൻ ശ്രമിച്ച ജിഗ്നേഷ് തലവിയയെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിൽ നഷ്ടപ്പെട്ട 50 - 60 ലക്ഷം രൂപ വീണ്ടെടുക്കാനാണ് താൻ സ്വന്തം തട്ടിക്കൊണ്ട് പോകൽ ആസൂത്രണം ചെയ്തതെന്ന് ജിഗ്നേഷ് തലവിയ പോലീസിനോട് കുറ്റസമ്മതം നടത്തി. മോചനദ്രവ്യം ആവശ്യപ്പെടുന്ന സന്ദേശങ്ങളും ബന്ദിയാക്കുന്ന വീഡിയോകളും പോലീസ് കണ്ടെടുത്തു.
തട്ടിക്കൊണ്ട് പോയി, പിന്നാലെ വീഡിയോകൾ
സൂറത്തിലെ മോട്ട വരാച്ച പ്രദേശത്തെ താമസക്കാരനാണ് ജിഗ്നേഷ് തലവിയ (36 ). ജൂൺ 12 -ന് ജിഗ്നേഷ് തലവിയയെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ മീനാക്ഷിബെൻ തലവിയ ഉത്രാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് കേസ് അന്വേഷണം നടക്കുന്നത്. പിന്നാലെ ജിഗ്നേഷിനെ തട്ടിക്കൊണ്ട് പോയെന്ന് അവകാശപ്പെട്ടുള്ള ഭയപ്പെടുത്തുന്ന വീഡിയോകൾ കുടുംബത്തിന് ലഭിച്ചു.
മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു സന്ദേശങ്ങൾ. അതേസമയം പോലീസിനെ അറിയിക്കുകയോ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയോ ചെയ്യരുതെന്നും കുടുംബത്തിന് മുന്നറിയിപ്പ് നൽകി. ഒപ്പം പോലീസിനെ അറിയിച്ചാൽ ജിഗ്നേഷിനെ കൊല്ലുമെന്നും ഇതിന് കുടുംബമായിരിക്കും ഉത്തരവാദികളെന്നും ഭീഷണിപ്പെടുത്തി. ജിഗ്നേഷിനെ കെട്ടിയിട്ട് ബന്ദിയാക്കി വച്ചിരിക്കുന്ന വീഡിയോയും കുടുംബത്തിന് ലഭിച്ചു. ഇതോടെ തട്ടിക്കൊണ്ടുപോകൽ യാഥാർത്ഥ്യത്തിൽ സംഭവിച്ചതാണെന്ന് കുടുംബം കരുതി.
മോചനദ്രവ്യം, ഇല്ലെങ്കിൽ മൃതദേഹം
തട്ടിക്കൊണ്ടുപോകലിന്റെ ഗൗരവം കണക്കിലെടുത്ത് സൂറത്ത് പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക നിരീക്ഷണം, പ്രാദേശിക ഇന്‍റ്ലിജൻസ് എന്നിങ്ങനെ സാധ്യമായ എല്ലാവഴികളും ഉപയോഗിച്ച് കൊണ്ടുള്ള അന്വേഷണത്തിൽ പോലീസിന് ചില സൂചനകൾ ലഭിച്ചു. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചു. ഇതിനിടെ മോചനദ്രവ്യം നൽകിയില്ലെങ്കിൽ മൃതദേഹമാകും തിരികെ കിട്ടുകയെന്ന ഭീഷണി സന്ദേശമെത്തി. ഈ വീഡിയോ പുറത്ത് വന്നതോടെ പോലീസിന് ചില സംശയങ്ങൾ തോന്നി. വീഡിയോ ഗോധ്രയിൽ വച്ച് റെക്കോർഡ് ചെയ്‌തതാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിലെ ശിവ് ഹോട്ടലിൽ വച്ച് ജൂൺ 15 -ന് ജിഗ്നേഷിനെ പോലീസ് സുരക്ഷിതനായി കണ്ടെത്തി.
ഓഹരി വിപണിയിലെ നഷ്ടം നികത്താൻ
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പോലീസ് തട്ടിക്കൊണ്ട് പോകൽ നാടകം പൊളിച്ചത്. തട്ടിക്കൊണ്ട് പോകൽ സ്വന്തം പദ്ധതിയായിരുന്നെന്ന് ജിഗ്നേഷ് പോലീസിനോട് പറഞ്ഞു. മോചനദ്രവ്യം കിട്ടാനായി തട്ടിക്കൊണ്ട് പോകൽ യഥാർത്ഥമാണെന്ന് തോന്നിക്കാനാണ് വീഡിയോ സ്വയം റെക്കോർഡ് ചെയ്തതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. മറ്റൊരാളുടെയും സഹായമില്ലാതെ എങ്ങനെയാണ് സ്വയം ബന്ധിയായതെന്നും ഇയാൾ പോലീസിന് വിവരിച്ച് കൊടുത്തു. സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിലെ കോൾ, പുട്ട് ഓപ്ഷൻസ് ട്രേഡിംഗിൽ നഷ്ടപ്പെട്ട 50 - 60 ലക്ഷം രൂപ കണ്ടെത്തുന്നതിനായിരുന്നു തട്ടിക്കൊണ്ട് പോകൽ ആസൂത്രണം ചെയ്തതെന്നും ഇയാൾ സമ്മതിച്ചു. അറസ്റ്റിനെത്തുടർന്ന്, ജിഗ്നേഷിനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകൽ, തെളിവുകൾ കെട്ടിച്ചമയ്ക്കൽ, സർക്കാർ വിഭവങ്ങൾ ദുരുപയോഗം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. പിന്നാലെ ജിഗ്നേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


