Asianet News MalayalamAsianet News Malayalam

എന്നിട്ടും പുടിന്‍ റഷ്യന്‍ കീഴടക്കുന്നത് എങ്ങനെയാണ്?

  • വിപിന്‍ പാണപ്പുഴ എഴുതുന്നു
  • പുടിന്‍ എങ്ങനെയാണ് റഷ്യയെന്ന രാജ്യത്ത് രണ്ട് പതിറ്റാണ്ടോളമായി വീണ്ടും വീണ്ടും വേരുറപ്പിക്കുന്നത്.
Vipin Panappuzha on Vladimir Putin

പുടിന്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ശതകോടീശ്വരനായ പ്രധാനമന്ത്രി ദിമിത്രി മെദ് വദെവ് തൊട്ട് റഷ്യയിലെ എല്ലാ കോടീശ്വരന്മാരും പുടിന്റെ കീഴിലാണ്. അല്ലാത്തവര്‍ക്ക് കിറിന്‍മാരുടെ ദുര്‍ഗതി. പുടിന്റെ എതിരാളികളുടെയെല്ലാം ഗതി നോക്കൂ. അവരെല്ലാം സാമ്പത്തിക തട്ടിപ്പ് പ്രതികളായി മാറുകയായിരുന്നു. 2018 ല്‍ പുടിന് വെല്ലുവിളിയാകും എന്ന് കരുതിയ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിക്ക് എന്ത് സംഭവിച്ചു എന്നു നോക്കാം. 2017 ഫെബ്രുവരിയില്‍ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടു.

Vipin Panappuzha on Vladimir Putin

വ്‌ളാദിമിര്‍ പുടിന്‍ എന്ന രാഷ്ട്രത്തലവന്റെ ഉദയമാണ് കഴിഞ്ഞ ഭാഗത്ത് വിഷയമായത്. ലോകത്തിന് മുന്നില്‍ രക്ഷകനായും വില്ലനായും ഒക്കെ പ്രത്യക്ഷപ്പെടുന്ന പുടിന്‍ എങ്ങനെയാണ് റഷ്യയെന്ന രാജ്യത്ത് രണ്ട് പതിറ്റാണ്ടോളമായി വീണ്ടും വീണ്ടും വേരുറപ്പിക്കുന്നത്. ഈ കാര്യത്തിലേക്ക് നോക്കുമ്പോള്‍ അത് ഒരു ദിവസത്തെയോ രണ്ട് ദിവസത്തെയോ തന്ത്രങ്ങള്‍ അല്ലെന്ന് വ്യക്തമാണ്. നിരവധി ഘടകങ്ങള്‍ അതില്‍ ചേര്‍ന്ന് കിടക്കുന്നു. അവയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

എങ്ങനെയാണ് പുടിന്‍ സ്വന്തം സാന്നിധ്യം റഷ്യയ്ക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണെന്ന് സ്ഥാപിച്ചെടുത്തത്? അതിന് അയാളെ സഹായിച്ച ഒരു പ്രധാനി ബോറിസ് ബെറെസോവ്സ്‌കിയാണ്. കമ്യൂണിസ്റ്റാനന്തര റഷ്യയില്‍ ഉദിച്ചുയര്‍ന്ന സമ്പന്നരില്‍ ഒരാള്‍. പ്രസിഡന്റ് ആകുന്നതുവരെ പിന്നീട് അല്‍പ്പകാലം കൂടി പുടിന്റെ പിന്നില്‍ ഇയാളുണ്ടായിരുന്നു. എന്താണ് പുടിന്റെ വളര്‍ച്ചയില്‍ ഇയാള്‍ക്ക് കാര്യം? 

സോവിയറ്റ് തകര്‍ച്ചയ്ക്ക് ശേഷം ബോറിസ് യെട്‌സിന്റെ കീഴില്‍ എത്തിയ റഷ്യന്‍ ജനതയ്ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. പുതിയ റഷ്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍. എന്നാല്‍ ഫാമിലിയെന്ന് രഹസ്യമായും പരസ്യമായും വിളിച്ചിരുന്ന ഉപജാപക സംഘത്തിന്റെ പാവ മാത്രമായിരുന്നു ബോറിസ് യെട്‌സിനും സര്‍ക്കാറും എന്നതാണ് സത്യം. അനിവാര്യമായ ഒരു ഭരണമാറ്റഘട്ടത്തിലേക്ക് 2000കളുടെ തുടക്കത്തില്‍ റഷ്യ നീങ്ങിയപ്പോള്‍, യെട്‌സിന്റെ മുന്നില്‍ ഒരു ചോയ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭരണവിരുദ്ധ വികാരത്തിന്റെ പേരില്‍ രാഷ്ട്രീയ എതിരാളികള്‍ കയറി തന്റെ ഭരണത്തിന്റെ ശവക്കുഴി തോണ്ടരുത്, അതിനാല്‍ കൂട്ടത്തില്‍ ഒരു ശുദ്ധാത്മാവിനെ കണ്ടെത്തി ഭരണം ഏല്‍പ്പിക്കുക.

അതിന്റെ ഭാഗമായി പടി പടിയായി ബോറിസ് യെട്‌സിന്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച വ്യക്തിയാണ് പുടിന്‍. എന്നാല്‍ ബോറിസ് യെട്‌സിനെക്കാള്‍ ബുദ്ധിമാന്‍ ആയിരുന്ന പുടിന്‍ ഒരുക്കം മുമ്പേ ആരംഭിച്ചിരുന്നു. അവിടെയാണ് ബോറിസ് ബെറെസോവ്സ്‌കിയുടെ പ്രസക്തി. റഷ്യയിലെ വീടുകളില്‍ എല്ലാം സാന്നിധ്യം അറിയിച്ച കേബിള്‍ ചാനല്‍ ചാനല്‍ വണ്‍ ബെറസോവ്സ്‌കിയുടെതായിരുന്നു. ഇതുവഴിയാണ് റഷ്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ അപരിചിതനായ പുടിന്‍ ഒരു താരമായി ഉയരുന്നത്.   അക്കാലത്ത്, റഷ്യന്‍ നദിയില്‍ മീന്‍ ചത്തുപൊങ്ങുന്നത് മുതല്‍, നാസയുടെ പേടകത്തിന്റെ കാര്യത്തില്‍ വരെ, എന്തിനുമേതിനും ഈ ചാനല്‍ പുടിന്റെ അഭിപ്രായംപ്രക്ഷേപണം ചെയ്തിരുന്നു.

മാഷാ ഗെസന്‍ തന്റെ പുസ്തകത്തില്‍ ബോറിസിന്റെ ഈ പുടിന്‍ സേവയെ 'ഏതൊരു പണക്കാരനും പറ്റുന്ന ആന മണ്ടത്തരം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാധ്യമ രംഗത്ത് പുടിന്‍ ബോറിസിനെ ഉപയോഗിച്ചെങ്കിലും, തിരിച്ച് ഒന്നും കിട്ടിയില്ല. 2000 കളുടെ മധ്യത്തില്‍ ഇയാള്‍ പുടിന്റെ ഏറ്റവും വലിയ ശത്രുവായി. പുടിനെ വിമര്‍ശിക്കാന്‍ കിട്ടിയ ഒരവസരവും ഒഴിവാക്കിയില്ല. പലപ്രാവശ്യം തോക്കിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടു. ഒടുവില്‍ സമ്പത്തും മാധ്യമശൃംഖലയും നഷ്ടപ്പെട്ട് നിരവധി കേസുകള്‍ നേരിട്ട് രാജ്യം വിട്ട് ഓടി, ഒടുവില്‍ 2014 ല്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ടു.

ഈ മാധ്യമ പരിചരണത്തില്‍ വളര്‍ന്നതിന്, പുറമേ എല്ലാം പരിഹരിക്കുന്നവന്‍ എന്ന ധാരണ പുടിന്‍ ഉണ്ടാക്കിയെടുത്തു. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചവരെ അടിച്ചമര്‍ത്തിയെന്നതാണ് ഇതിനേറ്റവും സഹായകമായ വസ്തുത. 1999 ഓഗസ്റ്റ് 31 തൊട്ട് മൂന്നാഴ്ചയ്ക്കകം റഷ്യയില്‍ ആറ് സ്ഫോടനങ്ങളുണ്ടായി. ചെച്നിയയിലെ മുസ്ലിം തീവ്രവാദികളായിരുന്നു വില്ലന്മാര്‍. തുടര്‍ന്ന് പ്രസിഡന്റായി സ്ഥാനമേറ്റ പുടിന്‍ ആറ് വര്‍ഷത്തിനകം ചെച്നിയയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചു, റഷ്യയുടെ ഹീറോയായി. എന്നാല്‍ ആ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ എഫ് എസ് ബി തന്നെയായിരുന്നു എന്നാണ് മാഷാ ഗെസന്‍ തന്റെ പുസ്തകത്തില്‍ തെളിവുകളോടെ പറയുന്നത്.  എന്താണ് എഫ് എസ് ബി എന്നല്ലേ? ബോറിസ് യെട്‌സിന്റെ കാലത്ത് പുടിന്‍ മേധാവിയായ കെജിബിയുടെ പുതിയ രൂപം.

ഇതിന് ഒരു അനുബന്ധം കൂടിയുണ്ട്, ചെച്നിയയിലെ മുസ്ലീം വിഘടനവാദികളെ ഒതുക്കി അവിടെ പുടിന്‍ സ്ഥാപിച്ച ഭരണകൂടം മുമ്പ് ഇത്തരം ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചവരുടെയാണ്. ഇന്നവര്‍ അവിടെ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കെതിരെയും മറ്റും നടത്തുന്ന അടിച്ചമര്‍ത്തല്‍ ഇന്നും ലോകം കേള്‍ക്കുന്നില്ല. എന്തായാലും ചെച്നിയയിലെ ഭീഷണി അവസാനിപ്പിച്ചതിലെ വീരപരിവേഷം പുടിന് ഇന്നും തന്റെ അധിശത്വം ഉറപ്പിക്കാന്‍ ഗുണകരമാകുന്നു.

പണം, ചിതറിയ ജനാധിപത്യം, രക്ഷകന്‍
വ്‌ളാദിമിര്‍ പുടിന്റെ മകളാണ് കാതറീന തിഖ്‌നോവ. 2013ലാണ് കാതറീനയെ കിറിന്‍ ഷാമലോവ് എന്ന യുവ റഷ്യന്‍ കോടീശ്വരന്‍ വിവാഹം കഴിക്കുന്നത്.  സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന, റഷ്യ കണ്ട ഏറ്റവും വലിയ വിവാഹങ്ങളില്‍ ഒന്ന്. ആദ്യ കാലം തൊട്ട് പുടിന്റെ 'ഖജനാവുകളില്‍' ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യന്‍ എണ്ണരാജാവ്  നിഖോലായ് ഷാമലോവിന്റെ മകനാണു കിറിന്‍. പുടിന്റെ ആദ്യഭാര്യയായ ല്യൂഡ്മില പുടിനില്‍ ജനിച്ച കാതറീന റഷ്യയിലെ അറിയപ്പെടുന്ന അക്രോബാറ്റിക്‌സ് നര്‍ത്തകിയാണ്. പുടിന്‍ തന്റെ പിന്‍തുടര്‍ച്ചാവകാശിയായി വളര്‍ത്തിക്കൊണ്ടു വരുന്നത് സംരംഭകയായ ഈ മുപ്പത്തിയൊന്നുകാരിയെയാണ്. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ഈ വിവാഹ ബന്ധം അവസാനിച്ചു. പിന്നീടാണ് സംഭവം ഒറ്റ ദിവസം കൊണ്ട് കിറിന്‍ ഷാമലോവിന്റെ  പകുതിയോളം സ്വത്ത് നഷ്ടമായി. 8268 കോടി രൂപ സ്വത്ത് ഉണ്ടായിരുന്ന കിറിലിന്റെ സ്വത്ത് 80 കോടി ഡോളറായി കുറഞ്ഞു. ആരാണ് അതു കൊണ്ടുപോയത്, എങ്ങനെയാണ് കൊണ്ടുപോയത് എന്ന് വ്യക്തം.

പാശ്ചാത്യ മാധ്യമ കഥകളില്‍ പുടിന്‍ കോടീശ്വരനാണ്. അത് എത്രയെന്ന് അവര്‍ക്ക് പോലും തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ റഷ്യന്‍ ഔദ്യോഗിക വിശദീകരണത്തില്‍ ഒരിക്കലും പുടിന്റെ സ്വത്ത് വ്യക്തമാകില്ല. ഓരോ കൊല്ലവും അമേരിക്കയിലേയും ബ്രിട്ടനിലേയും ടാബ്ലോയിഡുകളില്‍ വരുന്ന സ്വത്ത് വാര്‍ത്തകളോട് 2013 ല്‍ പുടിന്‍ റഷ്യടുഡേ ടിവിയിലെ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു,

'നോക്കൂ, അമേരിക്കക്കാരല്ലാത്ത ഭരണാധികാരികള്‍ക്കെല്ലാം, അത് ചൈനയായാലും റഷ്യ ആയാലും,  ഗൂഗിളില്‍ കാണിക്കുന്നത് വലിയ സമ്പാദ്യമാണ്'.

പുടിന്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ശതകോടീശ്വരനായ പ്രധാനമന്ത്രി ദിമിത്രി മെദ് വദെവ് തൊട്ട് റഷ്യയിലെ എല്ലാ കോടീശ്വരന്മാരും പുടിന്റെ കീഴിലാണ്. അല്ലാത്തവര്‍ക്ക് കിറിന്‍മാരുടെ ദുര്‍ഗതി. പുടിന്റെ എതിരാളികളുടെയെല്ലാം ഗതി നോക്കൂ. അവരെല്ലാം സാമ്പത്തിക തട്ടിപ്പ് പ്രതികളാകുയി മാറുകയായിരുന്നു. 2018 ല്‍ പുടിന് വെല്ലുവിളിയാകും എന്ന് കരുതിയ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിക്ക് എന്ത് സംഭവിച്ചു എന്നു നോക്കാം. 2017 ഫെബ്രുവരിയില്‍ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടു.

2013ല്‍ കിറോ സിവില്‍ ഗവര്‍ണറായിരിക്കെ പ്രദേശത്തെ പ്രമുഖ തടിക്കമ്പനിയില്‍ നിന്നും 16 ദശലക്ഷം റൂബിള്‍ അനധികൃതമായി കൈപ്പറ്റിയെന്നാണ് നവാല്‍നിക്കെതിരായ കേസ്. കേസില്‍ നവാല്‍നിക്ക് കീഴ്ക്കോടതി അഞ്ചുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ യൂറോപ്യന്‍ യൂനിയന്‍ കോടതിയും മനുഷ്യാവകാശ സംഘടനകളും രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തിറങ്ങിയതോടെ പുനര്‍വിചാരണയ്ക്കു സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.  എന്നാല്‍ അപ്പീല്‍ കോടതിയിലും രക്ഷയില്ല എന്നതായിരുന്നു സത്യം. ഒപ്പം 2018ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ഇദ്ദേഹത്തെ കോടതി വിലക്കി. അതേ റഷ്യയില്‍ സത്യത്തില്‍, പണം ഒഴുക്കുന്നത് പൂര്‍ണ്ണമായും പുടിന്റെ നിയന്ത്രണത്തിലാണ്. അത് നിയമവ്യവസ്ഥയിലോ സര്‍ക്കാറിലോ, മീഡിയയിലോ എന്ന് കൃത്യമായി അയാള്‍ നിര്‍വചിക്കും. അത് പോലെ ഒഴുകുന്ന പണം പുടിന്റെ വഴികള്‍ എളുപ്പമാക്കും.

 പ്രതിഷേധങ്ങള്‍ക്ക് സംഭവിക്കുന്നത് 
പുടിന്‍ കാലത്ത് ഇതുവരെ എത്ര പ്രതിഷേധങ്ങള്‍ നടന്നു? മുകളില്‍ പറഞ്ഞ അലക്‌സി നിവാല്‍നിക്ക് മുമ്പ പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ പലതും റഷ്യ കണ്ടിട്ടുണ്ട്. ഒരു കാലത്ത് ചെസ്സിലെ ഇതിഹാസമായിരുന്ന ഗാരി കാസ്പറോവ് വരെ ഈ സമരത്തില്‍ ചേര്‍ന്നു. എന്നാല്‍ ഈ സമരങ്ങള്‍ക്കൊന്നും പുടിന്റെ രോമത്തില്‍ പോലും സ്പര്‍ശിക്കാന്‍ സാധിച്ചില്ല. എന്തായിരിക്കും കാരണം? മാഷാ ഗെസന്‍  തന്റെ പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. പുടിന്‍ ഭരണത്തോടുള്ള കടുത്ത രോഷം, തൊഴിലില്ലായ്മ, സാമൂഹ്യ അരക്ഷിതാവസ്ഥ, പ്രതിഷേധം എല്ലാമുണ്ട് റഷ്യയില്‍. എങ്കിലും എന്തുകൊണ്ട് പുടിന്‍ പരാജയപ്പെടുന്നില്ല? 

ലോകത്തിലെ ഏറ്റവും വലിയ ഭൂപടം റഷ്യയുടെതാണ്, അതില്‍ ചിതറിക്കിടക്കുകയാണ് റഷ്യന്‍ ജനത. വെള്ളം നിറച്ച ഒരു അറകള്‍ പോലെയാണ് അവരുടെ ജീവിതം, സോവിയറ്റ് കാലത്തിന് ശേഷം സാമൂഹ്യപരമായും രാഷ്ട്രീയവുമായും അങ്ങനെയാണ്. സോവിയറ്റ് കാലത്തുണ്ടായ പോലെയുള്ള പൊതുവേദികള്‍ ഇപ്പോള്‍ റഷ്യയില്‍ അപ്രത്യക്ഷമായിരിക്കുന്നു. അത് കൊണ്ട് ആഹ്വാനം ചെയ്യുന്നുവെങ്കിലും ഓരോ തവണയും വേണ്ട ആളെക്കൂട്ടാനാവാതെ സംഘാടകര്‍ പരാജയപ്പെട്ട്, അല്ലെങ്കില്‍ വേണ്ട വിജയം കിട്ടാതെ മടങ്ങുന്നു. സോഷ്യല്‍ മീഡിയ, മാധ്യമം ആശയ പ്രചാരണ വേദികളില്‍ എല്ലാം പുടിന്റെ സാന്നിധ്യമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമാകുന്ന അവസ്ഥയുണ്ട് അവിടെ. ആധുനിക റഷ്യന്‍ സാഹിത്യത്തിലെ ഒരു ശുക്ര നക്ഷത്രമാണ്  സഖാര്‍ പ്രിലേപിന്‍, ആധുനിക കാലത്തെ ലിയോ ടോള്‍സ്‌റ്റോയി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം അടുത്തകാലം വരെ രാഷ്ട്രീയ പ്രസ്താവനകളും രാഷ്ട്രീയ പ്രവര്‍ത്തനവും കൊണ്ടും കളം നിറഞ്ഞയാളാണ്. പക്ഷെ ഇപ്പോള്‍ നിശ്ശബ്ദനാണ്. കാരണം തേടിപ്പോകേണ്ട. പുടിന്‍ വിരുദ്ധതയ്ക്ക് ഒരു സ്ഥാനവും റഷ്യ നല്‍കുന്നില്ല.

രാഷ്ട്രീയ ഗ്രൂപ്പുകള്‍ക്ക് അപ്പുറം റഷ്യന്‍ മധ്യവര്‍ഗ്ഗത്തില്‍ ഇപ്പോഴും പുടിന് ഒരു സ്ഥാനമുണ്ട്. അത് രക്ഷകബിംബമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് 2018 മാര്‍ച്ച് ഒന്നിന് പുടിന്‍  രാജ്യത്തോടുള്ള വാര്‍ഷിക പ്രസംഗത്തില്‍ നടത്തിയത് വലിയ പ്രഖ്യാപനമാണ്. പുതിയ ഭൂഖണ്ഡാന്തര മിസൈല്‍ അടക്കമുള്ള ആയുധങ്ങളുടെ വിവരം  അന്നദ്ദേഹം പുറത്തുവിട്ടു. ലോകത്തിലെ ഏത് സ്ഥലത്തും ആക്രമണം നടത്താന്‍ കഴിയുന്നതാണ് പുതിയ മിസൈല്‍ എന്ന് പുടിന്‍ തന്നെ അന്ന് വലിയ എല്‍ഇഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കാണിച്ചു. 

പുടിന്‍ വേറെ, യുക്തി വേറെ
ചെറുതായി ഒന്ന് ചിന്തിക്കാം, ലോകത്ത് ഏതെങ്കിലും രാഷ്ട്രത്തലവന്‍ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ദിനങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ആളെക്കൊല്ലി ആയുധങ്ങള്‍ കാണിച്ച് ആവേശം കൊള്ളുമോ. സാമാന്യ യുക്തിയില്‍ ഇല്ല എന്നാവും ഉത്തരം. പക്ഷെ റഷ്യന്‍ യുക്തി അതല്ല. അതായത് പുടിന്റെ യുക്തിക്ക് അത് ചേരില്ല. പുടിന്‍ ആ ആയുധങ്ങള്‍ വച്ച് തന്നെ വോട്ട് പിടിക്കും.

സോവിയറ്റ് വിഘടനത്തിന് ശേഷം,  നിരന്തരം റഷ്യന്‍ ജനതയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പുടിനെ അവര്‍ക്ക് മടുക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരം. കാരണം ഇന്ന് ലോകത്ത് നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ 40 ശതമാനത്തിലേറെയുള്ളവയുടെ ഉറവിടവും റഷ്യയാണെന്നാണ് അമേരിക്കന്‍ ആരോപണം. എന്നാല്‍ റഷ്യയില്‍, പലപ്പോഴും അമേരിക്കയിലും, മറ്റ് രാജ്യങ്ങളിലും നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ പുടിന്റെ അക്കൗണ്ടില്‍ ഇവിടുത്തെ ജനത ആഘോഷിക്കുന്നുണ്ടത്രെ.  സോവിയറ്റ് കാലത്ത് ആരാ.. എന്ന് ചോദിച്ചാല്‍ എന്താ എന്ന് തിരിച്ച് ചോദിച്ചിരുന്ന തലമുറയ്ക്ക് അത്തരം ഒരു താരപരിവേഷം പുടിനില്‍ കണ്ടെത്തുന്നതും സന്തോഷം നല്‍കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ അഭാവം കൂടി ആയതോടെ പുടിന്‍ അജയ്യനായി തുടരുന്നു.

ദേവാസുരം: റഷ്യന്‍ രാഷ്ട്രീയത്തില്‍ പുടിന്റെ പുലികളി!
 

 

Follow Us:
Download App:
  • android
  • ios