കഴിഞ്ഞ ദിവസമാണ് പാക്ക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ചശേഷം ശിരസ്സറുത്തത്തെന്ന് ഇന്ത്യന്‍ സൈന്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രേം സാഗര്‍, പരാം ജിത് സിംഗ് എന്നീ ജവാന്‍മാരെയാണ് കൊലപ്പെടുത്തിയത്. കശ്മീരിലെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക് സൈന്യം നടത്തിയ അക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പൂഞ്ച് സെക്ടറില്‍ പട്രോളിംഗ് നടത്തുകയായിരുന്നു ഇന്ത്യന്‍ സൈനികരെ പാക് സൈന്യം വധിക്കുകയായിരുന്നു. മോര്‍ട്ടാര്‍ ആക്രമണത്തിന്റെ മറവിലാണ് സൈനികരെ ലക്ഷ്യംവെച്ചതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. 

എന്നാല്‍, ഇക്കാര്യം പാക്കിസ്താന്‍ സൈന്യം നിഷേധിച്ചു. പാക് സൈന്യം പ്രൊഫഷണലാണെന്നും ഇന്ത്യക്കാരെങ്കില്‍ പോലും ശത്രു സൈനികനെതിരെ അനാദരവ് കാണിക്കില്ലെന്നും പാക് സൈന്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

പഞ്ചാബിലെ തരാന്‍ തരാനിലുള്ള പരം ജിത് സിംഗിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചുവെങ്കിലും ബന്ധുക്കള്‍ അന്ത്യകര്‍മ്മത്തിന് വിസമ്മതിച്ചു. മൃതദേഹം കാണാന്‍ ഉറ്റവരെ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം. മൃതദേഹം കാണിക്കാതെ അന്ത്യകര്‍മ്മങ്ങള്‍ നടത്തില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.