ജോർജ് ഫ്ലോയിഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിലും, യുകെയിലും പടർന്ന് പിടിച്ചിരിക്കുന്ന പ്രതിഷേധക്കാറ്റിൽ പല നേതാക്കളുടെയും പ്രതിമകൾ നിലംപൊത്തുകയുണ്ടായി. ആ തകർത്ത പ്രതിമകളുടെ കൂട്ടത്തിൽ ലണ്ടനിലെ പാർലമെന്‍റ് സ്ക്വയറിലെ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയുമുണ്ടായിരുന്നു. അതിന് ചുവടെ പ്രതിഷേധക്കാർ 'റേസിസ്റ്റ്' എന്ന് എഴുതിവെക്കുകയും ചെയ്‍തു. ആരാണ് വിൻസ്റ്റൺ ചർച്ചിൽ?

 

ഒരു ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും, സൈനികോദ്യോഗസ്ഥനും, എഴുത്തുകാരനുമായിരുന്നു വിൻസ്റ്റൺ ചർച്ചിൽ. 1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ഗ്രേറ്റ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി പ്രവർത്തിച്ചിരുന്നു. അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിൽ രാജ്യത്തെ വിജയത്തിലേക്ക് നയിച്ച ഒരാളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, അദ്ദേഹം ഒരു പ്രശസ്‍ത വംശീയവാദിയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഇന്ത്യയുടെ ചരിത്രത്തിനും ഒട്ടും സുഖകരമല്ലാത്ത കുറേ അനുഭവങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ചർച്ചിൽ. ഇന്ത്യയിൽ അദ്ദേഹത്തെ ഓർക്കുന്നത്, 1943 -ലെ ബംഗാൾ ക്ഷാമത്തിന് കാരണമായ വ്യക്തിയെന്ന നിലയിലാണ്. ആ ക്ഷാമത്തിന്റെ ഫലമായി ആധുനിക പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും രണ്ട് മുതൽ മൂന്ന് ദശലക്ഷം വരെ ആളുകളാണ് മരിച്ചത്.  

2019 -ൽ, ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‍സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, 1943 -ലെ ബംഗാൾ ക്ഷാമം വരൾച്ച മൂലം ഉണ്ടായതല്ല, മറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ നയപരമായ പരാജയം മൂലമാണ് അതുണ്ടായതെന്നാണ്. അന്ന് കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞർ 1870 മുതൽ 2016 വരെയുള്ള കാലയളവിലെ മണ്ണിന്റെ ഈർപ്പം വിശകലനം ചെയ്‍തു. അന്നുണ്ടായ ആറ് ക്ഷാമങ്ങളിൽ അഞ്ചെണ്ണവും വരൾച്ച മൂലമാണെന്ന് അവർ കണ്ടെത്തി. എന്നാൽ, ബംഗാൾ ക്ഷാമത്തിന്‍റെ മൂർദ്ധന്യത്തിൽ പോലും മഴയുടെ അളവ് ശരാശരിയേക്കാൾ കൂടുതലായിരുന്നുവെന്നും, വിളനാശമോ, മണ്ണിന്‍റെ ഈർപ്പക്കുറവോ അപ്പോൾ ഉണ്ടായിരുന്നില്ലെന്നും അവർ മനസ്സിലാക്കി.  

2017 -ൽ ശശി തരൂർ തന്‍റെ 'Inglorious Empire'എന്ന പുസ്‍തകത്തിൽ ഇരുപതാം നൂറ്റാണ്ടിലെ 'ഏറ്റവും നീചമായ വംശഹത്യ നടത്തിയ സ്വേച്ഛാധിപതികളിൽ' ഒരാളാണ് ചർച്ചിലെന്ന് വിലയിരുത്തിയിരുന്നു. ബംഗാളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണക്കാരനായ അദ്ദേഹത്തെ മനുഷ്യാവകാശങ്ങളുടെ വക്താവെന്നും, യുദ്ധകാല ജേതാവെന്നും പ്രകീര്‍ത്തിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പുസ്‍തകത്തിൽ തരൂർ വാദിച്ചു. ബംഗാളിൽ ക്ഷാമം നേരിട്ടപ്പോൾ ചർച്ചിൽ ഭക്ഷ്യ റേഷൻ ഗ്രീസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചുവിടുകയായിരുന്നു. ശശി തരൂരിന്‍റെ ഈ വാദങ്ങളെ പിന്താങ്ങുന്നതാണ് മാധ്യമപ്രവർത്തക മധുശ്രീ മുഖർജിയുടെ 'ചർച്ചിലിന്റെ സീക്രട്ട് വാർ' എന്ന പുസ്‍തകം. യുദ്ധത്തിൽ തകർന്ന ബ്രിട്ടനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ചർച്ചിൽ രഹസ്യമായി ഭക്ഷണം കയറ്റുമതി ചെയ്യാറുണ്ടായിരുന്നുവെന്നും ബംഗാളിന് അത് നിഷേധിക്കുകയായിരുന്നവെന്നും മുഖർജി അതിൽ പറയുന്നു.  

 

എന്നാൽ, വിൻസ്റ്റൺ ചർച്ചിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഈ അവകാശവാദങ്ങളെ അപ്പാടെ നിഷേധിച്ചു. 2008 -ൽ 'Gandhi and Churchill' എഴുതിയ ചരിത്രകാരനായ ആർതർ ഹെർമാൻ ഇതെല്ലം അസംബന്ധമാണെന്ന് പറഞ്ഞു. ഇന്ത്യയുടെ പ്രധാന അരി വിതരണം വെട്ടിക്കുറച്ച ബർമയുടെ പതനമാണ് ക്ഷാമത്തിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, 1942 ഒക്ടോബറിൽ ഒരു വലിയ ചുഴലിക്കാറ്റ് ഉണ്ടായിയെന്നും, ഇത് ദുരിതങ്ങൾക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചിൽ ഈ ദുരന്തം ഒഴിവാക്കാൻ തന്നാലാവുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ ശ്രമിച്ചു, പക്ഷേ അത് പര്യാപ്‍തമായിരുന്നില്ല, ഹെർമാൻ പ്രസ്‍താവിച്ചു.  

സത്യം എന്തുതന്നെയായാലും, നമ്മൾ പഠിച്ചുവളർന്ന ചരിത്രത്തെ വീണ്ടും ഒന്നവലോകനം ചെയ്യാനും, നേതാക്കളുടെ വീരപ്രവൃത്തികളെ പുതിയൊരു കാഴ്‍ച്ചപ്പാടിൽ വിലയിരുത്താനും ഇത്തരം സാഹചര്യങ്ങൾ കാരണമാകുന്നു. കുറഞ്ഞത്, സോഷ്യൽ മീഡിയയിലെങ്കിലും ഇത് ചർച്ചയാകുന്നുണ്ട്. ഒരുപക്ഷേ, ഇനി വരുന്ന ഒരു കാലത്തെങ്കിലും വെളുത്തവർ മറച്ചുവെക്കാൻ ശ്രമിച്ച കറുത്തവരുടെ യാതനകൾ മറനീക്കി പുറത്തുവരുമെന്നും, അങ്ങനെ അവരുടെ കാഴ്‍ചപ്പാടിന്റെ തണലിൽ പുതിയൊരു ചരിത്രം എഴുതപ്പെടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.