ചൈനയിലെ സുമാന്‍ഡിയയിലെ ഹേനന്‍ പ്രവിശ്യയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. റോഡിലെ സീബ്രലൈന്‍ മറികടക്കാന്‍ യുവതി കാത്തു നില്‍ക്കുന്നു. സമീപത്തു കൂടി നിരവധി വാഹനങ്ങള്‍ പോകുന്നു. പെട്ടെന്ന് എതിര്‍ദിശയില്‍ നിന്ന വന്ന ഒരു വാഹനം യുവതിയെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ യുവതി റോഡില്‍ വീണു. എന്നാല്‍ വാഹനയാത്രികരോ, കാല്‍നടയാത്രികരോ അവര്‍ക്ക് ജീവനുണ്ടോയെന്ന് പോലും തിരിഞ്ഞ് നോക്കിയില്ല. 

ട്രാഫിക് സിഗ്നലിലെ സീബ്രലൈനിലൂടെ നിരവധി പേര്‍ കടന്നു പോകുന്നുമുണ്ട്. ഇടയ്ക്ക് എപ്പോഴോ യുവതി തല പൊക്കി നോക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് സഹായത്തിന് ആരും ചെല്ലുന്നില്ല. തുടര്‍ന്ന് മറ്റൊരു വാഹനവും ഇവരുടെ ശരീരത്തില്‍ കൂടി കയറി ഇറങ്ങുന്നു. ഇതിലെ ഡ്രൈവര്‍ യുവതിയുടെ അടുത്ത് എത്തി പരിശോധിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

 യുവതി ആരാണെന്നോ ഇപ്പോഴത്തെ അവരുടെ അവസ്ഥ എന്താണെന്നോ എന്നിതിനെ കുറിച്ച് റിപ്പോര്‍ട്ടില്ല. യുവതിയോടുള്ള സമൂഹത്തിന്റെ പ്രതികരണത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.