പലപ്പോഴും പീഡനത്തിനിരയാകേണ്ടി വരുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കാതെ പോകാറുണ്ട്. പീഡിപ്പിച്ചയാളുടെ ഭീഷണിയ്ക്ക് മുന്നിൽ പലപ്പോഴും അവൾക്ക് നിശ്ശബ്ദയാകേണ്ടി വരാറുമുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് 22 -കാരിയായ ഒരു നേപ്പാളി യുവതിയ്ക്ക് തന്നെ പീഡിപ്പിച്ചയാൾക്കെതിരെ കേസ് ഫയൽ ചെയ്യാനായി 800 കിലോമീറ്ററോളം യാത്ര ചെയ്ത് ലഖ്‌നൗവിൽ നിന്ന് നാഗ്പൂരിലേയ്ക്ക് വരേണ്ടിവന്നത് വലിയ വാർത്തയായി. ഉത്തർപ്രദേശില്‍ വച്ചാണ് യുവതി ഉപദ്രവിക്കപ്പെട്ടതെങ്കിലും, പീഡിപ്പിച്ചയാളുടെ ഭീഷണിയെ തുടർന്ന് യുവതി അവിടെയുള്ള പൊലീസിൽ പരാതിപ്പെടാൻ ഭയപ്പെട്ടു. പൊലീസിൽ പരാതിപ്പെട്ടാൽ അവളുടെ ചിത്രങ്ങളും വീഡിയോകളും വൈറൽ ആക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. എന്നാൽ, അവിടെനിന്ന് വല്ലവിധേനയും രക്ഷപ്പെട്ട യുവതി, 800 കിലോമീറ്റർ അകലെയുള്ള നാഗ്പൂരിലെത്തി. നാഗ്പൂരിലുള്ള ഒരു സുഹൃത്താണ് അവരെ പരാതി നൽകാൻ സഹായിച്ചത്.    

ജോലി തേടി 2018 -ലാണ് യുവതി നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തിയത്. ഈ വർഷം മാർച്ച് മുതൽ ലഖ്‌നൗവിലെ ഫൈസാബാദ് റോഡിലെ വാടക ഫ്ലാറ്റിൽ യുവതി ഒരു പെൺസുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്നുവെന്ന് നാഗ്പൂരിലെ കൊറാഡി പൊലീസ് സ്റ്റേഷന്റെ സീനിയർ പൊലീസ് ഇൻസ്പെക്ടർ വസീർ ഷെയ്ഖ് പറഞ്ഞു. ഇതേ സുഹൃത്ത് ഒരു വീഡിയോ കോളിനിടെ ദുബായിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ലഖ്‌നൗ സ്വദേശിയായ പ്രവീണ്‍ രാജ്പാല്‍ യാദവിനെ യുവതിക്ക് പരിചയപ്പെടുത്തി. മുൻപ് ഈ യുവതി 1.5 ലക്ഷം രൂപയോളം തന്റെ വനിതാ സുഹൃത്തിന്റെ കൈയിൽ സൂക്ഷിക്കാനായി ഏല്പിക്കുകയുണ്ടായി. എന്നാൽ, പിന്നീട് പണം തിരികെ ചോദിച്ചപ്പോൾ ആ പെൺസുഹൃത്ത് പണം നൽകാൻ വിസമ്മതിക്കുകയും യുവതിയെ അതിന്റെ പേരിൽ ഉപദ്രവിക്കുകയും ചെയ്തു.  

ഇതേപ്പറ്റി യുവതി പ്രവീണിനോട് പരാതിപ്പെട്ടു. ഉടനെ തന്നെ ഫ്ലാറ്റിൽ നിന്ന് താമസം മാറാൻ  പ്രവീണ്‍ യുവതിയോട് പറഞ്ഞു. തുടർന്ന് ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ അയാൾ യുവതിക്കായി മുറി ബുക്ക് ചെയ്ത് കൊടുക്കുകയും ചെയ്‌തു. രണ്ട് ദിവസത്തിന് ശേഷം അയാൾ ദുബായിൽ നിന്ന് ലഖ്‌നൗവിലെത്തി. യുവതി താമസിക്കുന്ന ഹോട്ടൽ വച്ച് അവർ ഇരുവരും കണ്ടുമുട്ടി. അവിടെവെച്ച് മയക്കുമരുന്ന് നൽകി യുവതിയെ  പ്രവീണ്‍ പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

യുവതിയുടെ ഫോട്ടോകളും വീഡിയോകളും പ്രതി ഇതിനിടയിൽ ചിത്രീകരിച്ചു. തുടർന്ന് അയാൾ യുവതിയെ ലഖ്‌നൗവിലെ ഒരു സുഹൃത്തിന്റെ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് അയാൾ വീണ്ടും മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. യുവതിയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപ്‌ലോഡ് ചെയ്യുകയും പ്രതി പറയുന്നത് കേൾക്കാതിരിക്കുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്താൽ അവ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

എന്നാൽ, യുവതി അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ട് സെപ്റ്റംബർ 30 -ന് നാഗ്പൂരിലെ ഒരു സുഹൃത്തിന്റെ അടുത്തെത്തുകയായിരുന്നു. നാഗ്പൂരിലെ കൊറാഡി പൊലീസ് സ്റ്റേഷനിൽപോയി പ്രവീണിനും ലഖ്‌നൗവിലെ വനിതാസുഹൃത്തിനെതിരെയും യുവതി പരാതി നൽകി. നാഗ്പൂർ പൊലീസ് ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു. അത്തരമൊരു റിപ്പോർട്ട് ഏത് പൊലീസ് സ്റ്റേഷനിലും ഫയൽ ചെയ്യാനും പിന്നീട് ഉചിതമായ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാനും കഴിയുന്നതാണ്. നാഗ്പൂർ പൊലീസ് ഇപ്പോൾ യുവതിയെ ലഖ്‌നൗവിലേക്ക് തിരിച്ചയച്ചു. അവിടെ കേസ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്ന് പൊലീസ് വെളിപ്പെടുത്തി. 

(ചിത്രം പ്രതീകാത്മകം)