തീര്‍ന്നില്ല, സാധാരണ മുഖം കുനിച്ച് വിഷമത്തോടെയാണ് വധു ഇറങ്ങിപ്പോകാറ്. ഇതിന് പകരമായി ചിരിച്ചും കളിച്ചും ഇറങ്ങിപ്പോകുന്ന വധുവിനെയും വീഡിയോയില്‍ കാണാം. മാത്രവുമല്ല, അമ്മ മകള്‍ ഇറങ്ങിപ്പോകുന്നത് കാണാന്‍ നില്‍ക്കുന്നില്ല. അതിലും വധു അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. 'കാണാം' എന്നു പറഞ്ഞാണ് വധു വരന്‍റെയും വീട്ടുകാരുടേയും കൂടെ ഇറങ്ങുന്നത്.
പെണ്‍കുട്ടികളെ സംബന്ധിച്ച് വിവാഹം എന്നത് ഒരു വീട്ടില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് പറിച്ചു നടപ്പെടുന്ന ചടങ്ങാണ്. കാലക്രമേണ അതില്‍ പല ചടങ്ങുകള്‍ക്കും രീതികള്‍ക്കും മാറ്റം വന്നു കഴിഞ്ഞു. എങ്കിലും ഇന്ത്യയിലെ പല സ്ഥലങ്ങളിലും പഴയ പല ചടങ്ങുകളും അതുപോലെ നിലനില്‍ക്കുന്നുണ്ട്.
ആ രീതിയില്‍ നിലനില്‍ക്കുന്ന ചടങ്ങാണ് ബംഗാളി വിവാഹത്തിലുള്ള 'കനകാഞ്ജലി' എന്ന ചടങ്ങ്. എന്നാല്‍, കാലഹരണപ്പെട്ട ആ ചടങ്ങിനെ എതിര്‍ത്ത ബംഗാളി വധുവിന്‍റെ വീഡിയോ വൈറലാവുന്നു. ആരേയും നോവിക്കാത്ത തരത്തിലായിരുന്നു വധുവിന്‍റെ പ്രതികരണം. പക്ഷെ, അതില്‍ അവള്‍ കൃത്യമായി ചടങ്ങിനെ ചോദ്യം ചെയ്യുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് വരന്‍റെ വീട്ടിലേക്ക് പോകുമ്പോഴുള്ള ചടങ്ങിലാണ് വധു തന്‍റെ വിസമ്മതം അറിയിച്ചത്. ഈ ചടങ്ങ് പ്രകാരം വധു ഒരുപിടി അരി തന്‍റെ അമ്മയുടെ സാരിയിലേക്കിടണം. ഇതനുസരിച്ച് അവളുടെ മാതാപിതാക്കളോടുള്ള എല്ലാ കടവും അവള്‍ വീട്ടിത്തീര്‍ത്തു എന്നാണ്. അതവള്‍ പറയുകയും വേണം. എന്നാല്‍, വധു അരിയിടുന്നുണ്ട്, പക്ഷെ, മുതിര്‍ന്നവര്‍ അവളോട് 'കടങ്ങളെല്ലാം വീട്ടിത്തീര്‍ത്തോ' എന്ന് ചോദിക്കുമ്പോള്‍ അവളതിന് 'തീര്‍ത്തു' എന്ന മറുപടി ഏറ്റു ചൊല്ലാന്‍ മടിക്കുന്നു. മാത്രവുമല്ല, മാതാപിതാക്കളോടുള്ള കടം ഒരിക്കലും വീട്ടിത്തീര്‍ക്കാനാകില്ല എന്ന് അവള്‍ മറുപടി നല്‍കുകയും ചെയ്തു.
തീര്‍ന്നില്ല, സാധാരണ മുഖം കുനിച്ച് വിഷമത്തോടെയാണ് വധു ഇറങ്ങിപ്പോകാറ്. ഇതിന് പകരമായി ചിരിച്ചും കളിച്ചും ഇറങ്ങിപ്പോകുന്ന വധുവിനെയും വീഡിയോയില്‍ കാണാം. മാത്രവുമല്ല, അമ്മ മകള്‍ ഇറങ്ങിപ്പോകുന്നത് കാണാന്‍ നില്‍ക്കുന്നില്ല. അതിലും വധു അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. 'കാണാം' എന്നു പറഞ്ഞാണ് വധു വരന്‍റെയും വീട്ടുകാരുടേയും കൂടെ ഇറങ്ങുന്നത്.
'മിക്കപ്പോഴും വന്ന് അമ്മയേയും അച്ഛനേയും കാണാം' എന്നും അവള്‍ വാക്ക് നല്‍കുന്നുണ്ട്. ആരോ തമാശയ്ക്ക് 'കാളീ പൂജയ്ക്കാകും വരിക അല്ലേ' എന്ന് ചോദിക്കുമ്പോള്‍, 'അല്ല ഇതെന്‍റെ വീടാണ് എനിക്ക് തോന്നുമ്പോഴൊക്കെ വന്ന് വീട്ടുകാരെ കാണും' എന്നവള്‍ മറുപടി നല്‍കുന്നു.
വധു തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുകയും പെണ്‍കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തത്. കാലഹരണപ്പെട്ട ഇത്തരം ചടങ്ങുകള്‍ നിര്‍ത്തേണ്ടതു തന്നെയാണെന്നും പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
