ഫ്യൂച്ചര്‍ ലൈബ്രറിയില്‍ ഒളിച്ചുവച്ചിരിക്കുന്നതെന്ത് ?

ഇപ്പോഴുള്ളതും ഇനി ഉണ്ടാകാന്‍ പോകുന്നതുമായ 100 എഴുത്തുകാരുടെ 100 പുസ്തകങ്ങള്‍  നമ്മളാരും കാണാതെ ഒളിച്ചു വെക്കും. നൂറുവര്‍ഷത്തിനു ശേഷം 2114 ല്‍ ഈ നൂറു പുസ്തകങ്ങളും പ്രസിദ്ധീകരിച്ച് വായനക്കാരിലേക്കെത്തിക്കും.

A library that keeps many books that no one sees

നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോ നഗരം, അവിടെ ഒരു മാജിക്ക് ഒരുങ്ങുന്നുണ്ട്. നമുക്കായല്ല, വരും തലമുറയ്ക്ക് വേണ്ടി. ഒരു ഫ്യൂച്ചര്‍ ലൈബ്രറി. സ്‌കോട്ട്‌ലാന്റ്കാരിയായ വിഷ്വൽ ആർട്ടിസ്റ്റ് കാറ്റി പറ്റേഴ്‌സണിന്റെ വളരെ ക്രിയേറ്റീവായ ഒരാശയമാണ്  ഫ്യൂച്ചര്‍ ലൈബ്രറി. 2014 ല്‍ ആരംഭിച്ച ഫ്യൂച്ചര്‍ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ എത്ര കാലമെടുക്കുമെന്നോ...? 100 വര്‍ഷം. കൃത്യമായി പറഞ്ഞാല്‍ പദ്ധതി പൂര്‍ത്തിയാവുക 2114 ലാണ്.
ഒന്നു ഞെട്ടിയില്ലെ..... 2114 ല്‍ ജീവിക്കാന്‍ പോകുന്ന മനുഷ്യര്‍ക്ക് വായനാശീലം ഉണ്ടാകുമൊ, പുസതകം അച്ചടിക്കപ്പെടുമോ എന്നെല്ലാമുള്ള നൂറു നൂറു ചോദ്യങ്ങള്‍ മനസ്സിലേക്ക് ഒടിയെത്തി അല്ലെ.....

ഫ്യൂച്ചര്‍ ലൈബ്രറി എന്താണെന്ന് പറയാം. ഇപ്പോഴുള്ളതും ഇനി ഉണ്ടാകാന്‍ പോകുന്നതുമായ 100 എഴുത്തുകാരുടെ 100 പുസ്തകങ്ങള്‍  നമ്മളാരും കാണാതെ ഒളിച്ചു വെക്കും. നൂറുവര്‍ഷത്തിനു ശേഷം 2114 ല്‍ ഈ നൂറു പുസ്തകങ്ങളും പ്രസിദ്ധീകരിച്ച് വായനക്കാരിലേക്കെത്തിക്കുന്ന വളരെ രസകരമായ ഒരു പദ്ധതി.
ഇതുവരെ ഈ പദ്ധതിയുടെ ഭാഗമായത് ആറെഴുത്തുകാരാണ്. ഇവരെഴുതി ഫ്യൂച്ചര്‍ ലൈബ്രറിയില്‍ ഏല്‍പ്പിച്ച പുസ്തകത്തെ കുറിച്ചോ, അതിലെ ആശയങ്ങളെ കുറിച്ചോ ആര്‍ക്കും അറിയില്ല.  മാത്രമല്ല പുസ്തകത്തിന്‍റെ കയ്യെഴുത്തു പ്രതികള്‍ നല്‍കിയ എഴുത്തുകാര്‍ക്ക് തങ്ങളുടെ പുസ്തകങ്ങള്‍ എങ്ങനെ വായിക്കപ്പെടുമെന്നോ വായനക്കാരുടെ പ്രതികരണമെന്താണെന്നോ അറിയാനും സാധിക്കില്ല. ഏത് ഭാഷയിലും, വിഭാഗത്തിലുമുള്ള കൃതികള്‍ എഴുത്തുകാർക്ക്  ട്രസ്റ്റിലേക്ക് സംഭാവന ചെയ്യാം. 

കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്വുഡാണ് ഒരു കൃതി ആദ്യമായി ഫ്യൂച്ചർ ലൈബ്രറിയ്ക്ക് കൈമാറിയത്. പിന്നീട്  ബ്രിട്ടീഷ് കൊമേഡിയനും എഴുത്തുകാരനുമായ ഡേവിഡ് മിച്ചൽ,  കവിയും നോവലിസ്റ്റുമായ സ്‌ജോൺ,  തുർക്കിഷ് നോവലിസ്റ്റ് എലിഫ് ഷഫാക്ക്, കൊറിയൻ എഴുത്തുകാരി ഹാൻ കാങ്, അമേരിക്കൻ എഴുത്തുകാരൻ ഓഷ്യൻ വൂങ് എന്നി എഴുത്തുകാരും മറ്റാരും കണ്ടിട്ടില്ലാത്ത തങ്ങളുടെ രചനകള്‍ ഫ്യൂച്ചര്‍ ലൈബ്രറിയെ ഏല്‍പ്പിച്ചിട്ടുണ്ട്. ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത അവരുടെ പ്രിയപ്പെട്ട വായനക്കാര്‍ക്കു വേണ്ടി.

മറ്റൊരു കൗതുകം കൂടിയുണ്ട്. ഈ നൂറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ട പേപ്പറുകള്‍ക്കായി ഓസ്ലോവില്‍ ഒരു വനമൊരുങ്ങുന്നുണ്ട്. പുസ്തകങ്ങള്‍ക്ക് വേണ്ടി ഒരു കാടൊരുക്കുക എന്നതും ഫ്യൂച്ചര്‍ ലൈബ്രറി പ്രൊജക്ടിന്‍റെ ഭാഗമാണ്. 100 വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ കാട്ടില്‍ വളരുന്ന  മരങ്ങള്‍ വെട്ടി അതില്‍ നിന്നുണ്ടാക്കുന്ന കടലാസിലാണ് ഈ പുസ്തകങ്ങള്‍ അച്ചടിക്കുക. ഫ്യൂച്ചർ ലൈബ്രറി ട്രസ്റ്റും ഓസ്ലോ സിറ്റിയും  തമ്മിൽ  ഒപ്പുവച്ച കരാർ പ്രകാരം 2114 ൽ പ്രിന്റ്  ചെയ്യാന്‍ പോകുന്ന പുസ്തകങ്ങള്‍ക്കുവേണ്ടി സംരക്ഷിക്കുന്ന ഈ  വനം, അടുത്ത 100 വർഷകാലം ട്രസ്റ്റിന് കീഴിലായിരിക്കും. ഇതിലെ മരങ്ങൾ കൊണ്ട് പണിത നിശബ്ദമായ മുറിയിലാണ് 2114 വരെ പുസ്തകങ്ങള്‍ സൂക്ഷിക്കുക.  

 എത്ര നല്ല ആശയം അല്ലേ.....


Read More: 'യാത്രയ്ക്കപ്പുറം'; വീണ്ടും എഴുത്തുകാരിയുടെ റോളില്‍ ഗായത്രി അരുൺ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios