തിരുവനന്തപുരം പ്രസ് ക്ലബിലെ ടി എന്‍ ജി ഹാളിലാണ് പാട്ടുകൊണ്ടും എഴുത്തു കൊണ്ടും പ്രണയമരണങ്ങളെ പൂരിപ്പിക്കുന്ന രണ്ട് പുസ്തകങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങിയത്
തിരുവനന്തപുരം: പ്രണയം, മരണം. മനുഷ്യാവസ്ഥകളെ ആഴത്തില്‍ ചെന്ന് തൊടുന്ന ഈ രണ്ട് അവസ്ഥകളെയും കുറിച്ച് തോരാതെ പറഞ്ഞുപറഞ്ഞ് ഒരു പുസ്തക്രപകാശനം. തിരുവനന്തപുരം പ്രസ് ക്ലബിലെ ടി എന്‍ ജി ഹാളിലാണ് പാട്ടുകൊണ്ടും എഴുത്തു കൊണ്ടും പ്രണയമരണങ്ങളെ പൂരിപ്പിക്കുന്ന രണ്ട് പുസ്തകങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങിയത്. മാധ്യമപ്രവര്‍ത്തകനായ ജയന്‍ മഠത്തില്‍ എഴുതിയ 'പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ' എന്ന പുസ്തകമായിരുന്നു അതിലൊന്ന്. സംസ്ഥാന അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറും എഴുത്തുകാരിയുമായ ഷര്‍മിള സി നായര്‍ എഴുതിയ 'പാട്ട്, പ്രണയം, ജീവിതം' എന്ന പുസ്തകം അടുത്തത്. എഴുത്തുകാരായ കെ വി മോഹന്‍ കുമാര്‍, ജി ആര്‍ ഇന്ദുഗോപന്‍ എന്നിവരാണ് രണ്ട് പുസ്തകങ്ങളും ഒരുമിച്ച് പ്രകാശനം ചെയ്തത്.
്രപകാശന ചടങ്ങില്‍ ചടങ്ങില്‍ കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം ഡോ. സാബു കോട്ടുക്കല്‍ അധ്യക്ഷത വഹിച്ചു. അജിത്ത് എസ്. ആര്‍. ആമുഖപ്രഭാഷണം നടത്തി. സി. ആര്‍. ജോസ് പ്രകാശ് സംസാരിച്ചു. ഷര്‍മിള സി. നായര്‍ മറുപടി പ്രസംഗം നടത്തി. പി.എസ്. സുരേഷ് സ്വാഗതവും ജയന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായിക പ്രമീളയാണ് ഏകോപനം നിര്‍വഹിച്ചത്. സൈകതം ബുക്‌സാണ് ഇരു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്.

'പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ'
എഴുത്തിന്റെയും ചിന്തയുടെയും പ്രണയത്തിന്റെയും ലോകങ്ങളില്‍ അലയുകയും ആത്മഹത്യ കൊണ്ട് സ്വജീവിതങ്ങള്‍ക്ക് ഫുള്‍ സ്‌റ്റോപ്പിടുകയും ചെയ്ത 11 പ്രതിഭകളുടെ ജീവിതത്തിന്റെ സവിശേഷമായ പകര്‍ത്തെഴുത്താണ് ജയന്‍ മഠത്തില്‍ എഴുതിയ 'പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ' എന്ന പുസ്തകം. അല്‍ഫോണ്‍സിന സ്‌റ്റോണി, സാഫോ, വിസ്‌വാസ ഷിംബോസ്‌ക, എമിലി ഡിക്കിന്‍സണ്‍, വെര്‍ജീനിയ വൂള്‍ഫ്, സില്‍വിയ പ്ലാത്ത്, സൂസന്‍ സൊന്റാഗ്, മായാ ആഞ്ചലോ, ടോണി മോറിസണ്‍, രാജലക്ഷ്മി, നന്ദിത എന്നീ എഴുത്തുകാരികളുടെ ജീവിതവും പ്രണയവും മരണവുമാണ് ഈ പുസ്തകത്തില്‍. പ്രണയമരണങ്ങള്‍ക്കിടയില്‍ ഉഴറിനടന്ന ജീവിതാഖ്യാനങ്ങളെ കവിതയുടെയും നിശിതവായനയുടെയും അച്ചിലിട്ട് ജീവിതത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു, ഈ പുസ്തകം. 'ഒരേ സമയം പ്രണയോപനിഷത്തും മരണോപനിഷത്തുമാവുന്ന പുസ്തകം' എന്നാണ് നിരൂപകനായ ഡോ. സാബു കോട്ടുക്കല്‍ ആമുഖക്കുറിപ്പില്‍ ഈ ലേഖനസമാഹാരത്തെ വിശേഷിപ്പിക്കുന്നത്.

'പാട്ട്, പ്രണയം, ജീവിതം'
ജീവിതങ്ങളെ മാറ്റിയെഴുതിയ ചലച്ചിത്ര ഗാനങ്ങളുടെ കഥ എന്നോ പാട്ടു കൊണ്ട് അടിവരയിടുന്ന ജീവിതങ്ങളുടെ ആഖ്യാനമെന്നോ പറയാവുന്ന പുസ്തകമാണ് ഷര്‍മിള സി നായര്‍ എഴുതിയ 'പാട്ട്, പ്രണയം, ജീവിതം' എന്ന പുസ്തകം. പാട്ടോര്‍മ്മകളുടെ സമാഹാരം എന്ന് ഒറ്റ നോട്ടത്തില്‍ വിശേഷിപ്പിക്കാം. പക്ഷേ, അതിനപ്പുറവുംആഴക്കലക്കങ്ങളുണ്ട് ഈ പുസ്തകം പറയുന്ന ജീവിതാവസ്ഥകളുടെ ഉള്‍ക്കടലുകള്‍ക്ക്. പ്രണയത്തിനും മരണത്തിനും തീഴെറുതിയ ജീവിതങ്ങള്‍. ആനന്ദവും അഴലുകളും മാറിമാറിക്കൊത്തുന്ന അനുഭവങ്ങള്‍. ഉന്‍മാദത്തിനും വിഷാദത്തിനുമിടയില്‍ പാട്ടിന്റെ കൈ പിടിച്ച് ജീവിതത്തെ മുറുക്കിപ്പിടിക്കുന്ന മനുഷ്യവ്യസനഗാഥകള്‍. ജീവിതത്തിന്റെ കടലിളക്കങ്ങളെ പാട്ടുകൊണ്ട് അടയാളപ്പെടുത്തുന്ന ആഖ്യാനങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 'പാട്ടോര്‍മ്മ' എന്ന കോളം എഴുതുന്ന ഷര്‍മിള സി നായര്‍ ഈ പുസ്തകത്തിലൂടെ നമുക്ക് പ്രിയപ്പെട്ട പാട്ടുകളുടെ അകംപുറം കാണിച്ചുതരികയാണ്. പാട്ടുകള്‍ ജീവശ്വാസമായി ജീവിച്ച വാണി ജയറാം, ബോംബെ രവി, പീര്‍ മുഹമ്മദ്, ശ്രീകുമാരന്‍ തമ്പി, കെ ജയകുമാര്‍ എന്നിവരുടെ സംഗീതലോകങ്ങളെ ആത്മാവ് കൊണ്ട് അടയാളപ്പെടുത്തുന്ന അഞ്ച് കുറിപ്പുകളും ഈ പുസ്തകത്തിലുണ്ട്.


