പെണ്ണകങ്ങളില്‍ വീര്‍പ്പടക്കി നില്‍ക്കുന്ന തൃഷ്ണകളും കാമനകളും. പ്രമുഖ എഴുത്തുകാരി ഗ്രേസിയുടെ കഥാപ്രപഞ്ചത്തെ മുന്‍നിര്‍ത്തി ഒരു വിശകലനം. ഗീതു പൊറ്റെക്കാട്ട് എഴുതുന്നു 

അസംതൃപ്ത ലൈംഗിക തൃഷ്ണയുടെ വ്യത്യസ്തമായ അനുരണനങ്ങളാണ് 'വിതയ്ക്കുന്നവന്റെ ഉപമ', 'വേനലില്‍ വീണ ഒരു മഴത്തുളളി, നഗരത്തില്‍ നിന്നെത്തിയ ജാലവിദ്യക്കാരന്‍ എന്നിവയിലെല്ലാം കാണുന്നത്. പെണ്ണിന് അപ്രാപ്യം എന്നു കരുതി വരുന്ന ചിന്താ മേഖലകളിലൂടെയുളള കഥാസഞ്ചാരം ഗ്രേസി എന്ന കഥാകാരിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ആത്മവീര്യത്തെ വെളിപ്പെടുത്തുന്നു.

ഗ്രേസി. Image Courtesy: Scroll.in

നാം സ്ഥിരമായി സ്ഥിതി ചെയ്യുന്ന ഇടമാണ് നമ്മുടെ 'സ്ഥലം'. സംസ്‌ക്കാര രൂപീകരണത്തില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ ഈ 'സ്ഥല'ത്തിന് സാധിക്കും. ഈ 'സ്ഥ'ലമാകട്ടെ കാലാന്തരത്തില്‍, ക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യും. സ്വാഭാവികമായും സ്ഥിതി ചെയ്യുന്ന സ്ഥലത്തിനുണ്ടാകുന്ന മാറ്റങ്ങള്‍, വ്യക്തിയറിയാതെ തന്നെ വ്യക്തിയെ സ്വാധീനിക്കുകയും വ്യക്തിത്വരൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. 

വളരെ സാവധാനം നടന്ന ഒരു പ്രക്രിയയാണ് ഗ്രാമങ്ങള്‍ നഗരങ്ങളായ് മാറിയത്. പഴയ മൂല്യങ്ങളെ അവഗണിച്ച എല്ലാ മേഖലകളിലും ഉദയം ചെയ്ത പുതു പ്രവണതയാണ് നവനാഗരികത. സംസ്‌ക്കാരത്തിലെ ഗ്രാമീണ അംശങ്ങള്‍ക്കുമേല്‍ ആധിപത്യമുറപ്പിക്കുന്ന നാഗരികതയുടെ പ്രതിഷ്ഠാപനമാണ് അത്. നഗരവത്ക്കരണം മൂല്യങ്ങളിലും അഭിരുചിയിലും കലയിലും സാഹിത്യത്തിലും ഭാഷയിലും എന്തിന് മനുഷ്യന്റെ ഇടപെടലുകളില്‍ പോലും ഒരു നവതരംഗം സൃഷ്ടിച്ചു. 

നാഗരികത സമയബന്ധിതമായാണ് വര്‍ത്തിക്കുന്നത്. വര്‍ത്തമാനകാലത്തെ, സമീപഭാവിയെ മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് മനുഷ്യന്‍ ജീവിക്കുന്നത് എന്ന നില വന്നു. വ്യക്ത്യധിഷ്ഠിതമായ ഭൗതിക സുഖദുഃഖങ്ങള്‍ക്കായി പ്രാധാന്യം. ഗ്രാമീണ സംസ്‌കൃതിയില്‍ നിലനിന്നുപോന്ന കൂട്ടായ്മകള്‍ക്കേറ്റ ക്ഷതമായിരുന്നു ഫലം. വ്യക്തികേന്ദ്രീകൃതമായി ചിന്തിക്കാന്‍ തുടങ്ങിയതിന്റെ ഫലമായി വൈകാരികത, നിര്‍വികാരതയിലെത്തുകയും വ്യക്തി, സ്വത്വ പ്രതിസന്ധി (Idenitty crisis) യും സ്വത്വ നഷ്ടവും അനുഭവിക്കുകയും ചെയ്യുന്നു. നാട്ടുസംസ്‌കൃതിയെ ഇഴയടുപ്പിച്ച് നിര്‍ത്തിയിരുന്ന ബന്ധങ്ങള്‍ നഗരജീവിതത്തില്‍ ശിഥിലമാക്കപ്പെട്ടു. ജീവിതം പലപ്പോഴും സ്വാര്‍ത്ഥവും അന്തര്‍മുഖവും വിഷാദാത്മകവും ആയിത്തീര്‍ന്നു. പങ്കുവെക്കലിന്റെയും പകര്‍ന്നുകൊടുക്കലിന്റെയും സൗന്ദര്യമാണ് നാഗരികന് നഷ്ടമായത്. സന്തോഷ സന്താപങ്ങള്‍ ഒറ്റയ്ക്കനുഭവിക്കുന്ന നാഗരികനില്‍ അന്യതാബോധം ഉടലെടുക്കുമെന്നത് സ്വാഭാവികം.

യൂറോകേന്ദ്രിതമായാണ് നാഗരികതയുടെ കടന്നുവരവ്. നഷ്ടമായ സാംസ്‌ക്കാരിക തനിമയെ വീണ്ടെടുക്കാന്‍ ആകില്ലെന്ന തിരിച്ചറിവു നല്‍കുന്ന ആഘാതവും വലുതാണ്. സ്വയം പര്യാപ്തനാണെന്ന ബോധ്യത്തില്‍ എല്ലാ പ്രവൃത്തികളുടെയും ഉടമസ്ഥാവകാശം വ്യക്തി സ്വയം ഏറ്റെടുക്കുന്നതിലൂടെ തന്റെ ജീവിതത്തിന്റെ സൂത്രധാരന്‍ താന്‍ മാത്രമാകുന്നു. വ്യക്തിബന്ധങ്ങളില്‍പോലും വന്ന മാറ്റമാണ് പുതുനാഗരികതയുടെ മറ്റൊരു മുഖം. സ്വാഭാവിക കൂട്ടായ്മയുടെ സ്ഥാനത്ത് ആസൂത്രിത കൂട്ടായ്മകള്‍ രൂപംകൊള്ളാന്‍ തുടങ്ങി. സ്വന്തം അഭിരുചികള്‍ക്കും ആസ്വാദ്യതയ്ക്കും സൗന്ദര്യനിരീക്ഷണ പാടവങ്ങള്‍ക്കുമനുസരിച്ച് താനേ രൂപംകൊണ്ട കൂട്ടായ്മകളില്‍നിന്നും തികച്ചും യാന്ത്രികമായിരുന്നു ആധുനിക കൂട്ടായ്മകള്‍. മാധ്യമങ്ങളുടെ കടന്നുവരവ്, വ്യവസായിക മുന്നേററം, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ട് ഗ്രാമീണ സംസ്‌ക്കാരത്തിന്റെ ശേഷിപ്പുകള്‍പോലും നമുക്ക് നഷ്ടമായി. കൂടുതല്‍ സംഘര്‍ഷഭരിതമായ ജീവിതരീതിയിലേക്കാണ് നവനാഗരികന്‍ അനുദിനം പോയ്‌ക്കൊണ്ടിരിക്കുന്നത്. നഷ്ടമായ തനതുസംസ്‌ക്കാരം അവനെ തിരിഞ്ഞുപോക്കിന് പ്രേരിപ്പിക്കുകയും, അതേസമയം നൂതനസംസ്‌ക്കാരത്തിന്റെ പുരോഗമനപരവും നാഗരികവുമായ അംശങ്ങള്‍ യുക്തിപരമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ച് വര്‍ത്തമാനകാലത്തില്‍ തളച്ചിടുകയും ചെയ്യുന്നു. ഒരേ സമയം ഭൂതവും ഭാവിയും തമ്മിലും ഗ്രാമവും നഗരവും തമ്മിലും ഉള്ള ഏററുമുട്ടല്‍ മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നു.

ഒറ്റയൊറ്റ ജീവിതമാണ് പലപ്പോഴും നവനാഗരികന്‍ തെരഞ്ഞെടുക്കുന്നത്. ജീവിത പുരോഗതിയെക്കുറിച്ചുള്ള ചിന്തകളില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് അവനെ സ്വാര്‍ത്ഥനാക്കുന്നു. ആശയ വിനിമയത്തിന് ഭാഷപോലും അവന് നഷ്ടമാകുന്നു. നവനാഗരികന്‍ നേരിടുന്ന നിഷ്‌ക്രിയതയും, അസംതൃപ്ത തൃഷ്ണകളും നാഗരികതയുടെ ഭയാനകത കുറേക്കൂടി വ്യക്തമാക്കുന്നു. അവന് തന്റെ ജന്മവാസനകള്‍ക്ക് കടിഞ്ഞാണിടേണ്ടിവരുന്നു. തൃഷ്ണകളെ ദമനം ചെയ്ത് കപട സദാചാരം പുലര്‍ത്തേണ്ടിവരുന്നു. കപട ജീവിതമാണ് അയാള്‍ നയിക്കുന്നത്. ഇച്ഛക്കൊത്ത് പ്രവര്‍ത്തിക്കാനാകാതെ സമൂഹത്തിന് മുന്നില്‍ നല്ലവനായി കാണപ്പെടാന്‍ വേണ്ടി മാത്രം നിയമസംഹിതകള്‍ക്കനുസരിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് അയാള്‍. വികാരമില്ലായ്മയല്ല; വികാരങ്ങളുടെ നിര്‍ബന്ധിത ദമനമാണ് ശീലിക്കേണ്ടത്. എന്നാല്‍ എത്രത്തോളം വികാരങ്ങളെ അടിച്ചമര്‍ത്തുന്നുവോ അത്രത്തോളം അയാളുടെ അന്തസത്ത സ്വാതന്ത്ര്യത്തിനായി കൊതിക്കുന്നുമുണ്ട്. ഇപ്രകാരം നാഗരികന്റെ മനസ്സ് തൃഷ്ണകളുടെ ദമനത്തിനും സ്വാതന്ത്ര്യവാഞ്ഛയ്ക്കും ഇടയില്‍ വീര്‍പ്പുമുട്ടുന്നു. സര്‍ഗ്ഗ സൃഷ്ടികളിലൂടെയാണ് സര്‍ഗാത്മക വ്യക്തിത്വങ്ങള്‍ ഒരു പരിധിവരെ ഈ സംഘര്‍ഷത്തില്‍ നിന്നും വിമുക്തരാകുന്നത്. സ്വത്വപ്രതിസന്ധിക്ക് കാരണമാകുന്ന മാനസിക വ്യാപാരങ്ങളെ അവര്‍ സാഹിത്യത്തിലൂടെയോ കലയിലൂടെയോ സംഗീതം പോലുള്ള സര്‍ഗാത്മക ആവിഷ്‌കാരങ്ങളിലൂടെയോ പ്രകാശിപ്പിക്കുന്നു. പ്രതിജനഭിന്നമായ സ്വത്വമാണിവിടെ കലാസൃഷ്ടികളുടെ തനിമയ്ക്ക് നിദാനം. 

പെണ്ണുടലുകളുടെ ഒളിവിടങ്ങള്‍, പലായനങ്ങള്‍

നഗരവത്ക്കരണം നമ്മുടെ ജീവിതങ്ങളെയും അടിമുടി മാറ്റിമറിച്ചിട്ടുണ്ട്. അതിന്റെ പ്രകാശനങ്ങള്‍ മലയാള സാഹിത്യത്തിലുമുണ്ടായി. മലയാള ചെറുകഥാലോകം കെട്ടിലും മട്ടിലും മാറിയതില്‍ നഗരവല്‍ക്കരണത്തിന്റെ ആവിഷ്‌കാരങ്ങള്‍ക്കും പങ്കുണ്ട്. നഗരവ്യാപനവും നാഗരികന്റെ മാനസിക വ്യാപാരങ്ങളും കണിശമായ ഭാഷയുടെ കരുത്തോടെ ആധുനിക കഥകളില്‍ വിഷയമായി. ഈ പ്രകരണത്തില്‍വേണം ഗ്രേസിയുടെ കഥാലോകത്തെ മനസ്സിലാക്കാന്‍. 

ആഖ്യാനത്തിലും ഭാഷയിലും സ്വീകരിച്ചിരിക്കുന്ന ആര്‍ജ്ജവമാണ് ഗ്രേസിയെന്ന കഥാകാരിയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. ആ കഥകള്‍ വായനക്കാരെ മാന്ത്രികമായ ഭാഷയില്‍ പ്രവചനാതീതവും വശ്യവുമായ ഒരു ലോകത്തേക്ക് നാടുകടത്തുന്നു. പിടിച്ചുകെട്ടലുകളും ഒളിമറകളുമില്ലാതെ നാഗരികതയുടെ വികൃതവും പൈശാചികവുമായ ലോകം അനാവരണം ചെയ്യപ്പെടുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ മടിച്ചും ലജ്ജിച്ചും അറച്ചും നിന്നുപോകുന്ന എഴുത്തു വഴികളില്‍ പോലും ഒട്ടും ഇടറാതെ നഗരത്തിന്റെ പൊയ്മുഖങ്ങള്‍ എഴുത്തുകാരി വലിച്ചുകീറുന്നു. സാമ്പ്രദായിക പാതയില്‍ നിന്നും വേറിട്ട് നേരിന്റെ നിശിത ശബ്ദമാകുകയാണ് ഗ്രേസി. നവനാഗരികന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അസംതൃപ്തതൃഷ്ണകളുടെ കുത്തൊഴുക്കാണ് അവരുടെ പല കഥകളും. 

തൃഷ്ണകളുടെ പൂര്‍ണ്ണ സാഫല്യമാണ് വ്യക്തിയില്‍ സ്വാതന്ത്ര്യബോധം സൃഷ്ടിക്കുന്നത്. എന്നാല്‍ സമൂഹത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളിലൂടെ ജന്മ വാസനകളുടെ നിയന്ത്രണം ഉണ്ടാകുന്നു. ഇത് തൃഷ്ണകളുടെ ദമനത്തിനും തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിനും ഇടയാക്കുന്നു. ഗ്രേസിയുടെ കഥകളില്‍ ഇപ്രകാരം ദമനം ചെയ്യപ്പെട്ട സഹജതൃഷ്ണകളുടെ സ്ഫുരണമാണ് കാണുന്നത്.

ഫ്രോയ്ഡിന്റെ മാനസികാപഗ്രഥനസിദ്ധാന്തപ്രകാരം, സ്വഭാവത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം സഹജവാസനകളാണ്. സഹജവാസനകളില്‍ നിന്നുണ്ടാകുന്ന ആഗ്രഹങ്ങളും സഫലമാകുമ്പോഴാണ് സംതൃപ്തി ഉണ്ടാകുക. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സഹജവാസനകളുടെ പ്രവര്‍ത്തനം ശാരീരികമെന്നതിനേക്കാള്‍ മാനസികമായാണ് നിലനില്‍ക്കുന്നത്. ''ജന്മവാസന, അഹം,സന്മാര്‍ഗ്ഗരീതികള്‍ എന്നിവയിലൂടെയെല്ലാം മാനസികരൂപം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ജന്തുസഹജമായ പുറപ്പെടുവിക്കത്തക്ക വികാരങ്ങള്‍ തന്നെയാണ് മനുഷ്യമനസിനേയും ഉദീപിപ്പിക്കുന്നതെന്ന സത്യം ഇവിടെയും പറയാതെ വയ്യ. ഊര്‍ജ്ജം തന്നെ ഉത്തേജനത്തെ ശമിപ്പിക്കാനും ഉത്തേജനത്തെ ഉണ്ടാക്കുവാനും പ്രേരകമായിത്തീരുന്നുണ്ടെന്നത് രണ്ടാമത്തെ കാര്യം'' 1 ( രാകേഷ്‌നാഥ്; 2012,145). 

എല്ലാ വികാരങ്ങളും അപ്പപ്പോള്‍ പ്രകടിപ്പിക്കാതെ നിയന്ത്രിക്കാനും അവയ്ക്ക് ഭേദഗതി വരുത്താനും മനുഷ്യനു കഴിയും. ഫ്രോയ്ഡ് വ്യക്തിത്വത്തെ ഇദ്ദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിങ്ങനെ മൂന്നായി കല്‍പ്പിച്ചിരിക്കുന്നു. ഇദ്ദില്‍ ഇടപെടുന്ന സഹജവാസനകളെ ബാഹ്യ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നത് ഈഗോ ആണ്. 'വാസനകളുടെ പൂരണം സാധ്യമാകുന്നതു വരെ നീട്ടിവെക്കുകയോ അബോധത്തിലേക്ക് ദമനം ചെയ്യുകയോ ഉദാത്തീകരിക്കുകയോ ചെയ്യുക വഴി വ്യക്തിയുടെ അതിജീവനം സാധ്യമാക്കുകയാണ് അഹമനസ്സിന്റെ കര്‍ത്തവ്യം. അതിനായി ഇദ്ദിന്റെ ആവശ്യങ്ങളെ അഹം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു''2 (ശിവരാജന്‍.കെ.ജെ; 2005,243) ഒരാളുടെ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥായി ഘടകമാണ് ഇദ്ദ്. വ്യക്തിയുടെ ധര്‍മ്മബോധമാണ് അത്യഹം( super ego). സമൂഹത്തിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും നന്മ തിന്മകളെ വേര്‍ത്തിരിക്കുന്നതും അത്യഹമാണ്. മനഃസാക്ഷി വേണ്ടവിധം വികസിച്ചില്ലെങ്കില്‍ വ്യക്തി സമൂഹവുമായി എപ്പോഴും സംഘര്‍ഷത്തിലായിരിക്കും. ഇദ്ദ്, ഈഗോ, സൂപ്പര്‍ ഈഗോ എന്നിവയുടെ സന്തുലനമാണ് സന്തുഷ്ട ജീവിതത്തിന്റെ ഹേതു.

പലപ്പോഴും സഹജവാസനകളെ അടക്കിവെച്ചും മറ്റൊരു രീതിയിലുമൊക്കെയാണ് മനുഷ്യന്‍ സ്വയം പ്രകടിപ്പിക്കുന്നത്. ഇവിടെയാണ് ദമനത്തിന്റെ പ്രസക്തി. ലൈംഗികോര്‍ജ്ജമാണ് മനുഷ്യന്റെ മുഖ്യ ചാലകശക്തിയെന്ന് ഫ്രോയ്ഡ് കരുതുന്നു. പരിഷ് കൃത മനുഷ്യന് ഏററവും കൂടുതല്‍ ദമനം ചെയ്യേണ്ടി വരുന്നത് ലൈംഗിക ചോദനകളാണ് എന്നും ഫ്രോയ്ഡ് പറയുന്നു. നിലവിലുളള സാമൂഹിക ക്രമങ്ങള്‍ക്ക് വിപരീതമായി മനുഷ്യനില്‍ ഉണ്ടാകുന്ന തൃഷ്ണകള്‍ ദമനം ചെയ്യപ്പെടുന്നു. തൃഷ്ണകളുടെ ദമനം മുന്‍പ് പറഞ്ഞതുപോലെ അസ്വാതന്ത്ര്യമാണ് സൃഷ്ടിക്കുന്നത്. സമൂഹനിര്‍മ്മിതമായ വ്യവസ്ഥകളും അച്ചടക്കങ്ങളും പാലിക്കേണ്ടത് ഒരുവന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ഇതില്‍ സദാചാരവും കടമയും മൂല്യങ്ങളും ലൈംഗികചോദനകളും സംസ്‌ക്കാരവും പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്നു. അയാള്‍ സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകള്‍ക്കനുസരിച്ചും മാനസിക നിലയനുസരിച്ചും ഈ വ്യവഹാരങ്ങള്‍ക്ക് ഏറ്റക്കുറച്ചില്‍ നേരിട്ടുകൊണ്ടിരിക്കും. പൂര്‍ണ്ണതൃപ്തിയോടെയുളള ജീവിതം നാഗരികന് അപ്രാപ്യമാണെന്ന് ചുരുക്കം.


ഫാന്റസി എന്ന രക്ഷാമാര്‍ഗം

സഫലമാകാത്ത മോഹങ്ങളുടെ പ്രതിഫലനവും സാക്ഷാത്ക്കാരവും ഭാവനയിലൂടെ സാധിക്കുകയാണ് സാഹിത്യകാരന്‍മാര്‍ ചെയ്യുന്നത്. തങ്ങള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ അവസ്ഥകളെ തരണം ചെയ്യാന്‍ അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് സര്‍ഗ്ഗസൃഷ്ടി. ഇതു തന്നെയാണ് ഫ്രോയ്ഡ് പറഞ്ഞതും. ജീവിതത്തിലെ ദമനം ചെയ്യപ്പെട്ട ഓര്‍മ്മകള്‍, മോഹങ്ങള്‍ എന്നിവ ഫാന്റസിയുടെ ശൃംഖലയിലൂടെ ആഗ്രഹ നിവൃത്തി ഇച്ഛിക്കുന്നു എന്നും ആ ഫാന്റസിയാണ് എഴുത്തുകാരന്റെ മതം എന്നും. അതുതന്നെയാണ് ഗ്രേസിയുടെ കഥകളുടെ തത്ത്വശാസ്ത്രവും. നാഗരികന്റെ മാനസികപിരിമുറുക്കങ്ങളും യാന്ത്രികജീവിതവും വ്യഥിതചിന്തകളും തുടങ്ങി നാഗരിക സമൂഹത്തിന്റെ മനസ്സ് വായിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. നവനാഗരികനില്‍ നഷ്ടമാകുന്ന ദാമ്പത്യബന്ധത്തിലെ ഊഷ്മളത ചൂണ്ടികാണിക്കുന്നു 'ഉടല്‍വഴികള്‍' എന്ന കഥ. വികാരപൂര്‍ത്തീകരണത്തിനുളള ഉപാധിയായി മാത്രം ഭാര്യയെ പരിഗണിക്കുന്ന സുഗുണന്‍ എന്ന കഥാപാത്രം നാഗരിക പുരുഷവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണ്. വൃത്തിയെക്കുറിച്ച് മാത്രം ശ്രദ്ധാലുവായ സുഗുണന്‍ തന്റെ മനസ്സില്‍ അടിഞ്ഞുകൂടിയ അഴുക്ക് ഒരിക്കലും തിരിച്ചറിയുന്നില്ല. എന്തിലും ഏതിലും വൃത്തിയെ തിരഞ്ഞ അയാള്‍ ഭാര്യയെ കേവലം തൃഷ്ണകളെ തൃപ്തിപ്പെടുത്താനുളള യന്ത്രമായി കരുതി.

''നിന്റെ പൊക്കിള്‍ക്കുഴിക്ക് പായല്‍ മണമുണ്ട്. നാളെ മുതല്‍ മേല്‍ക്കഴുകുമ്പോള്‍ പൊക്കിള്‍ വൃത്തിയാക്കാന്‍ മറക്കണ്ട''3 ( ഗ്രേസി; 2015,8) എന്ന് ഭാര്യയെ പഴിക്കുമ്പോള്‍ തന്റെ മനസ്സില്‍ അടിഞ്ഞുകിടക്കുന്ന പായല്‍ നീക്കം ചെയ്യാന്‍ അയാള്‍ ശ്രമിക്കുന്നില്ല. ആധിപത്യം പുലര്‍ത്തുമ്പോള്‍, ഉടമ അടിമ ബന്ധവും യാന്ത്രികമായ രതിയും ചേര്‍ന്ന് ദാമ്പത്യബന്ധത്തെ തകര്‍ക്കുന്നു. യജമാന സ്വഭാവം പുലര്‍ത്തുന്ന ഭര്‍ത്താവിന്റെ കീഴില്‍ ക്രയവസ്തുവായിത്തീരേണ്ടിവരുന്ന ഭാര്യയുടെ അവസ്ഥ ലൈംഗികമായ അസംതൃപ്തിക്ക് കാരണമാകുന്നു. ഇത് അവളെ അതിജീവന മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാനും ആത്മസംതൃപ്തിക്കായി അതിരുകള്‍ ലംഘിക്കാനും പ്രേരിപ്പിക്കുന്നു. പരമ്പരാഗത ചട്ടക്കൂടില്‍ ബന്ധിതയായി നില്‍ക്കാതെ സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങി നടക്കുന്ന സുകന്യയെ കഥയുടെ അവസാന ഘട്ടത്തില്‍ കാണാം. പ്രണയത്തിനും കരുതലിനുമുളള അധമ്യ വാഞ്ഛയാണ് വിജനമായ തെങ്ങിന്‍ത്തോപ്പില്‍ വെച്ച് ബലാല്‍സംഗം ചെയ്തവനുനേരെയുളള അവളുടെ മൗനം സൂചിപ്പിക്കുന്നത്.

തൊഴിലിന്, ഭക്ഷണത്തിന്, സഞ്ചാരത്തിന്, വസ്ത്രധാരണത്തിന്, പാര്‍പ്പിടത്തിന്, സ്വസ്ഥജീവിതത്തിന് ഇതിനെല്ലാം ആധുനിക മനുഷ്യന്‍ സ്വയം ബലിയര്‍പ്പിച്ചിരിക്കുന്നു. സ്വന്തം വീടിന്റെ ഗെയ്റ്റില്‍ താനറിയാതെ ആരോ സ്ഥാപിച്ച പരസ്യപലക നീക്കം ചെയ്തു എന്ന ഒരു കുറ്റം മാത്രമാണ് 'കീടങ്ങളി'ലെ കേന്ദ്രകഥാപാത്രം ചെയ്തത്. എന്നാല്‍ പരസ്യ പലകയോടൊപ്പം അയാളുടെ സ്വസ്ഥതയും പടിയിറങ്ങി പോകുന്നു. നമ്മുടെ ശരീരംപോലും വിപണി കയ്യടക്കിയിരിക്കുകയാണ്. വിപണിയോടൊത്ത് ജീവിക്കാത്തവന് സ്വന്തമിടങ്ങളില്‍ പോലും സ്വസ്ഥജീവിതം നയിക്കാനിന്ന് സാധ്യമല്ല; അവന് സൈ്വര്യ ജീവിതം നിഷേധിക്കപ്പെടും എന്ന സന്ദേശമാണ് കഥ നല്‍കുന്നത്. 

കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര കുരുതല്‍ കൊടുക്കാന്‍ കഴിയാതെ വന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളാണ് 'ഒരു ബ്രഷ് ചിത്രം വരയ്ക്കുന്നു' എന്ന കഥയില്‍. നന്മതിന്മകളെ വേര്‍തിരിച്ചറിയാന്‍ പോലുമാവാത്ത പ്രായത്തില്‍ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ അതിപ്രസരവും അമിതോപയോഗവും മൂലം അബദ്ധസഞ്ചാരങ്ങളിലേക്ക് വീണുപോകുന്ന കുഞ്ഞുങ്ങളെക്കുറിച്ചുളള ആവലാതി കഥ പങ്കുവെക്കുന്നു. സംസ്‌ക്കാരത്തിന്റെ ജീര്‍ണ്ണമുഖം നവതലമുറയുടെ ജീവിതത്തെ കൂടി പാപപങ്കിലമാക്കുന്നു. അസാധാരണമായ നിരീക്ഷണങ്ങളുടെ കാഴ്ചപ്പുറങ്ങളാണ് 'ഇങ്ങനെയാണ് നമ്മള്‍'. പേരു സൂചിപ്പിക്കുംപോലെ ഒരു സ്ത്രീയായിരുന്നിട്ടുകൂടി മറ്റൊരു സ്ത്രീയ്ക്കു നേരെ താന്‍ നടത്തിയ ഉടല്‍ നോട്ടങ്ങളെക്കുറിച്ചെഴുതുമ്പോള്‍ താനുള്‍പ്പെടുന്ന ഈ ലോകം ഇങ്ങനെയാണ് എന്നു തന്നെയാണ് കഥാകാരി ഉറപ്പിച്ചു പറയുന്നത്. ഗ്രേസിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ''നിങ്ങളുടെ യാത്ര അകത്തു നിന്ന് പുറത്തേക്കാവുമ്പോള്‍ വഴി വളരെ വിശാലമായിരിക്കും. പുറത്തുനിന്ന് അകത്തേക്കാവുമ്പോഴാകട്ടെ തീരെ ഇടുങ്ങിയതും.''4 (ഗ്രേസി; 2010,13)

കാമനകളുടെ കളിയരങ്ങ്
തനതു ഭാവനാവിലാസത്തിലൂടെ വായനക്കാരനു മുന്നില്‍ എഴുത്തിന്റെ മാന്ത്രികത അനുഭവപ്പെടുത്തിയ കഥാകാരിയെയാണ് 'ഏകലോകം' എന്ന കഥയില്‍ കാണുന്നത്. 'പക്ഷിമൃഗാദികളുടെ ഭാഷ പഠിച്ചാല്‍ ആശയവിനിമയത്തിലെ വിടവകന്ന് ഏകലോകം ഉയിര്‍ക്കൊള്ളുക തന്നെ ചെയ്യും. മനുഷ്യന്റെ ബൗദ്ധിക വ്യാപാരങ്ങളുടെ, ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ സാധ്യതകളെയാണ് കഥാകാരി മുന്നില്‍ കാണുന്നത്. കുടുംബത്തിനുവേണ്ടി സ്വയം മറന്ന് നിലകൊള്ളുന്ന സ്ത്രീയുടെ മാനസിക വ്യാപാരങ്ങളിലൂടെയുളള യാത്രയാണ് 'കണ്ണാടിയില്‍ കാണാത്തത്''ഭര്‍ത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കുന്നതിലും കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുന്നതിലും വീട് വൃത്തിയാക്കി വെക്കുന്നതിലുമൊക്കെ ജീവിതം കുരുങ്ങിപ്പോയതുകൊണ്ട് ഞാന്‍ എന്നെ തീരെ മറന്നുപോയിരുന്നു''.5 (ഗ്രേസി; 2010, 26). മറ്റുളളവര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുന്ന സ്ത്രീയുടെ സ്വത്വ നഷ്ടത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് ഈ കഥ പറഞ്ഞുതരുന്നു. ജീവിതത്തിന്റെ ഒരു സവിശേഷ സന്ദര്‍ഭത്തില്‍ തന്നെത്തന്നെ തിരയുകയാണ് അവര്‍. ഒന്നിലേറെ തവണ ഫോട്ടോയെടുത്ത് ഓരോ തവണ അതില്‍ നോക്കി ഇരിക്കുമ്പോഴും, യൗവ്വനം കൗമാരം ബാല്യം എന്നിങ്ങനെ ജീവിതത്തിന്റെ ഓരോ തലങ്ങളിലേക്ക് തിരിച്ച് നടക്കുന്നതായി അവര്‍ക്ക് തോന്നുന്നു. ഫ്രോയ്ഡിന്റെ മനഃശ്ശാസ്ത്ര അപഗ്രഥന പ്രകാരം കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട മോഹങ്ങളും ദമനം ചെയ്ത വികാരങ്ങളും അവളെ സ്വത്വ നഷ്ടത്തിനിരയാക്കിയിരിക്കുന്നു. ഇനി ഒരു വീണ്ടെടുക്കലിനാവാത്തവിധം തനിക്കു തന്നെ നഷ്ടമായിരിക്കുന്നു എന്ന തിരിച്ചറിവില്‍ സ്വത്വനഷ്ടത്തിന്റെ ബീഭത്സമുഖം വെളിവാക്കിയാണ് കഥ അവസാനിക്കുന്നത്.

'തിരുമുമ്പാകെ' യില്‍ , അപകടത്തില്‍പ്പെട്ട് മരിച്ച പെണ്‍കുട്ടിയില്‍പ്പോലും കാമപൂര്‍ത്തികരണത്തിനുളള വഴി തിരയുന്ന മോര്‍ച്ചറിയിലെ ചെറുപ്പക്കാരന്‍ പരിഷ്‌കൃത മനുഷ്യന്റെ അസംതൃപ്ത തൃഷ്ണകളുടെ ആള്‍രൂപമാണ്. ഒരു ശവശരീരം പോലും കാമോദ്ദീപകമാകുന്നത് അത് പെണ്ണുടലാണ് എന്നത് കൊണ്ട് തന്നെയാണ്. ''അവളുടെ കണ്ണുകളിലപ്പോഴും അണയാതെ കിടക്കുന്ന ഒരു വെളിച്ചം അടഞ്ഞ കണ്‍പോളകള്‍ക്കുമേല്‍ സ്വര്‍ണ്ണം പൂശുന്നുണ്ടെന്ന് അവന് തോന്നി. നീണ്ട് മനോഹരമായ മൂക്കിന്റെ തുഞ്ചത്തേയ്ക്ക് ഊറി വരുന്ന നിഷ്‌കളങ്കത കണ്ട് അവന്‍ മുഗ്ദ്ധനായി. ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള തൃഷ്ണ ചുണ്ടില്‍ പാടലവര്‍ണ്ണമായി പരന്ന് അവനെ മോഹിതനാക്കി. അവളുടെ താടിച്ചുഴിയില്‍ വീണുമറയാനുളള ആഗ്രഹം അവന്റെ വലതു ചൂണ്ടു വിരല്‍ തുമ്പില്‍ ത്രസിച്ചു '6 (ഗ്രേസി; 2018,12). ബലാത്സംഗത്തിനൊടുവില്‍ അവളില്‍ അപ്പോഴും ജീവന്റെ ശേഷിപ്പുകളുണ്ടെന്ന് തിരിച്ചറിഞ്ഞ് അയാള്‍ ഡോക്ടറെ സമീപിക്കുന്നു. തുടര്‍ന്ന് കഥാഗതി തന്നെ മാറുകയാണ്. ബലാത്സംഗം ചെയ്ത കുറ്റത്തിന് കോടതിയില്‍ അയാളെ വിചാരണ ചെയ്യുന്നു. ബലാത്സംഗം ചെയ്തവനെപ്പോലും സാവധാനം സ്‌നേഹിച്ചു കളയുമെന്ന ഭീഷണി; കൂടാതെ ഏതിനെയും ന്യായീകരിച്ച് പുണ്യപ്പെടുത്താന്‍ പ്രാപ്തമായ ആധുനികന്റെ മാനസിക നില. സ്വന്തം മകളെ ബലാത്സംഗം ചെയ്തവനാണെങ്കിലും അവന്റെ പ്രവൃത്തിയെ ന്യായീകരിച്ച്, മകളെ മരണത്തില്‍ നിന്നും രക്ഷിച്ചവനും ജീവന്‍ നല്‍കിയവനുമായി കണ്ട് മാപ്പു നല്‍കാന്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കഴിയുന്നു എന്നത് അതിശയം തന്നെ. ''വയറോളം വരുമോ ജാതി'' 7 (ഗ്രേസി;2018,14) ആ അമ്മയുടെ ചോദ്യം കലുഷിതമായ ഈ ലോകത്തിനു നേരെ തൊടുത്തുവിട്ട ശരമാണ്.

പാപം പുരുഷരൂപം കൈകൊണ്ട് പിറന്ന ആണ്‍കുഞ്ഞാണ് 'ഡല്‍ഹിയില്‍ നിന്ന് ഒരു വിവര്‍ത്തനം' എന്ന കഥയിലെ കേന്ദ്രകഥാപാത്രം. ലോകത്തെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന ലൈംഗിക അരാജകത്വത്തിന്റെ ആള്‍രൂപമാണ് ആ ആണ്‍കട്ടി. പെണ്‍കുഞ്ഞായ കാരണം കൊണ്ട് മാത്രം ജനിച്ച ഉടനെ വായില്‍ നെന്‍മണിയിട്ട് കൊന്നുകളയുന്ന ഒരു സമൂഹത്തിലേക്കാണ് ആ ആണ്‍കുഞ്ഞിന്റെ ജനനം. 

''ദൈവം മനുഷ്യരുടെ ശരീരത്തില്‍ കാമനകള്‍ നിറച്ചതു കൊണ്ടല്ലേ അവര്‍ പ്രലോഭനത്തിന് വഴിപ്പെടുന്നത്''8 ( ഗ്രേസി; 2018,87) -ഒന്നു മുതല്‍ പതിമൂന്നുവരെ' എന്ന കഥയിലെ സ്ത്രീ കഥാപാത്രം ഉന്നയിക്കുന്ന ചോദ്യം എക്കാലത്തും പ്രസക്തമാണ്. 'പാവക്കുട്ടി' യെന്ന കഥയും ചര്‍ച്ചചെയ്യുന്ന വിഷയം മറ്റൊന്നല്ല. അസംതൃപ്ത ലൈംഗിക തൃഷ്ണയുടെ വ്യത്യസ്തമായ അനുരണനങ്ങളാണ് 'വിതയ്ക്കുന്നവന്റെ ഉപമ', 'വേനലില്‍ വീണ ഒരു മഴത്തുളളി, നഗരത്തില്‍ നിന്നെത്തിയ ജാലവിദ്യക്കാരന്‍ എന്നിവയിലെല്ലാം കാണുന്നത്. പെണ്ണിന് അപ്രാപ്യം എന്നു കരുതി വരുന്ന ചിന്താ മേഖലകളിലൂടെയുളള കഥാസഞ്ചാരം ഗ്രേസി എന്ന കഥാകാരിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ആത്മവീര്യത്തെ വെളിപ്പെടുത്തുന്നു. ഉണര്‍ന്നെണീക്കുമ്പോള്‍ പാതി ആണായി മാറിയ പെണ്‍കുട്ടിയുടെ വികാര വിചാര മണ്ഡലങ്ങളിലെ അസ്വാസ്ഥ്യമാണ് 'പ്രവാസിയുടെ ജനനം'. അമൂര്‍ത്തമായ കാഴ്ചപ്പാടുകള്‍ക്കൊണ്ടും കഥയുടെ നൈരന്തര്യമില്ലായ്മ കൊണ്ടും ആസ്വാദ്യതയുടെ പുതുതലമാണ് അനുഭവവേദ്യമാകുന്നത്. പൂച്ചയുടേതുപോലുളള കണ്‍കളുളള ഭാര്യയുടെ സാമീപ്യത്തെ ഭയക്കുന്ന ഒരാള്‍. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്ക് ഏക കാരണം ഭാര്യയെ ഒരു പൂച്ചയായി തോന്നിക്കുന്നു എന്നതാണ്. ദുര്‍ബലനും പരുക്കനുമായ പുരുഷന്റെ മാനസിക വ്യാപാരങ്ങളുടെ വൈകൃതത്താല്‍ സ്വജീവിതം ഹനിക്കപ്പെടുന്ന സ്ത്രീ അനുഭവങ്ങളെ 'പൂച്ച' അടയാളപ്പെടുത്തുന്നു.

നവമാധ്യമങ്ങളും വിപണിയും മനുഷ്യന്റെ സ്വകാര്യജീവിതത്തിന്റെ ഉടമസ്ഥരായി ത്തീരുന്നതെങ്ങനെയെന്ന് ചിന്തിപ്പിക്കുന്ന കഥയാണ് 'പരിണാമഗുപ്തി'. ആത്മവിശ്വാസം കൈവരിക്കുന്നതിനായി പരസ്യങ്ങളില്‍ പറയുന്ന എല്ലാ സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും അഭയം പ്രാപിക്കുന്നവനാണ് കഥാനായകന്‍. വിവാഹം കഴിഞ്ഞ് ജീവിതം തിരക്ക് നിറഞ്ഞതാകുമ്പോള്‍ എനിക്ക് കൂടെക്കൂടെ പല്ലുതേയ്ക്കാനോ ഏലക്കായ ചവയ്ക്കാനോ ചന്ദനം മണക്കുന്ന പൗഡര്‍ ശരീരത്തില്‍ തേച്ചുപിടിപ്പിക്കാനോ കഴിയില്ലെന്ന ബോധ്യം അയാളെ വിവാഹത്തില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നു. വിപണിയുടെ കാപട്യങ്ങളെ തിരിച്ചറിയാതെ ഉഴലുന്ന നവനാഗരികനെയാണ് 'പരിണാമ ഗുപ്തി'യിലെ നായകന്‍ സംബോധന ചെയ്യുന്നത്. സമകാലിക സമൂഹത്തിന്റെ നിഷ് ക്രിയതയില്‍ നിന്നുമാണ് പുതിയ കഥയുടെ സാഹചര്യങ്ങള്‍ കഥാകാരി കണ്ടെത്തുന്നത്. 

'ഈ മേല്‍വിലാസത്തില്‍ ബന്ധപ്പെടുക', 'കാണാതായ മൂന്ന് പുസ്തകങ്ങള്‍', 'ജാരസന്ധി', 'ഗവേഷണം', 'മന്ദാക്രാന്ത' എന്നിവയെല്ലാം സമകാലിക സമൂഹത്തിന്റെ പാപഭാരം ചുമക്കുന്ന കഥകളാണ്. ആസ്വാദക ഹൃദയത്തില്‍ ഉത്കണ്ഠയും ശൂന്യതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു അവ. നിലവിലെ സാഹിത്യസങ്കല്‍പ്പങ്ങള്‍ക്കു നേരെ ഗ്രേസിയുടെ കഥകള്‍ മുനകൂര്‍ത്ത ചോദ്യങ്ങളുടെ ചൂണ്ടുവിരലെറിയുന്നതാണ് 'ബീജബാങ്ക്' എന്ന കഥ. ഒരിക്:ല്‍ സാഹിത്യരംഗത്ത് മികച്ച സാന്നിധ്യമായിരുന്ന എന്നാല്‍ ഇപ്പോള്‍ സര്‍ഗ്ഗശേഷി നഷ്ടപ്പെട്ട് കര്‍മ്മപഥത്തില്‍നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് കഥയുടെ ബീജം നല്‍കുന്ന ഒരു ബാങ്ക്. ഒരിക്കലും പ്രശ്‌നങ്ങളെ കപടമായി മഹത്വവത്ക്കരിച്ച് അയഥാര്‍ത്ഥ പരിവേഷങ്ങളണിയുന്നില്ല ഗ്രേസിയുടെ കഥകള്‍. മറിച്ച് കാലഘട്ടത്തോട് അവ തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തുന്നു. ജീവിതത്തോടുള്ള ആസക്തിയിലും അസംതൃപ്ത തൃഷണകളിലും പെട്ട് നിഷ്‌കാസിതരായവരുടെ രോദനവും മൗനവും ഒപ്പിയെടുത്ത് ഈ കാലഘട്ടത്തോട് സംവദിക്കുന്നു ഈ കഥകള്‍.

ഫ്രോയ്ഡിയന്‍ മനഃശ്ശാസ്ത്രാപഗ്രഥനരീതിയില്‍ വിലയിരുത്തിയാല്‍, ലോകത്തിന്റെ പൊരുത്തമില്ലായ്മയോടുളള കലഹമാണ് ഗ്രേസിയുടെ കഥകള്‍. സമൂഹം അതിന്റെ പ്രയാണത്തിനിടയില്‍ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ച മൂല്യങ്ങളും അതിജീവനപാതയില്‍ നഷ്ടമായ മൂല്യങ്ങളും തമ്മിലുളള സംഘര്‍ഷത്തില്‍ നിന്നാണ് ഇവിടെ കഥാതന്തു രൂപംകൊളളുന്നത്. ജീവിതം ധാര്‍മ്മികമായോ സദാചാരപരമായോ അടിസ്ഥാനരഹിതമാണെന്ന തിരിച്ചറിവ്, മുന്നോട്ടുളള ജീവിതം വിജയിക്കണമെങ്കില്‍ ഏതെങ്കിലും രീതിയിലുളള സദാചാരധ്വംസനം അനിവാര്യമാണെന്ന തിരിച്ചറിവ്, അതില്‍ നിന്ന് ഉണ്ടാകുന്ന പാപബോധം, ആധുനിക മനുഷ്യനെ അസംതൃപ്തനും അശാന്തനുമാക്കിക്കൊണ്ടിരിക്കും. സംഘര്‍ഷഭരിതമായ ജീവിതവും അസംതൃപ്ത തൃഷ്ണകളും ഉത്കണ്ഠകളും വികാരങ്ങളുടെ ദമനവും സദാചാര സങ്കല്പങ്ങളുമടങ്ങുന്ന നവനാഗരികന്റെ മാനസിക വ്യാപാരങ്ങളാണ് ഗ്രേസിയുടെ കഥകള്‍ക്ക് ആധാരം. ആഖ്യാനത്തിലും ആശയത്തിലുമുളള പുതുമകൊണ്ടും പരിഷ്‌കൃത സമൂഹത്തിന്റെ നേര്‍ചിത്രണത്തിലൂടെയും ഗ്രേസി കഥാലോകത്തെ നവീകരിച്ചുകൊണ്ടിരിക്കുന്നു.


കുറിപ്പുകള്‍

1. രാകേഷ്‌നാഥ്, സിഗ്മണ്ട് ഫ്രോയ്ഡ് ജീവിതം ദര്‍ശനം സംഭാഷണം (പരിഭാഷ), ഒലീവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്,2012.
2. ശിവരാജന്‍.കെ.ജെ, വിദ്യാഭ്യാസത്തിന്റെ മനഃശ്ശാസ്ത്ര ഭൂമിക, കാലിക്കററ് യൂണിവേഴ്‌സിറ്റി സെന്റല്‍ കോഓപ്പറേറ്റീവ് സ്‌റ്റോഴ്‌സ്,കോഴിക്കോട്,2005.
3. ഗ്രേസി, ഉടല്‍വഴികള്‍, ഡി.സി.ബുക്‌സ്, കോട്ടയം ,2015
4. ഗ്രേസി, മൂത്രത്തീക്കര, ഡി.സി.ബുക്കസ്, കോട്ടയം,2010.
5. ഗ്രേസി, മൂത്രത്തീക്കര, ഡി.സി.ബുക്‌സ് , കോട്ടയം,2010.
6. ഗ്രേസി, പ്രണയം അഞ്ചടി ഏഴിഞ്ച് , മാതൃഭൂമി ബുക്ക്‌സ്, കോഴിക്കോട്,2018
7. ഗ്രേസി, പ്രണയം അഞ്ചടി ഏഴിഞ്ച് , മാതൃഭൂമി ബുക്ക്‌സ്, കോഴിക്കോട്,2018
8. ഗ്രേസി, പ്രണയം അഞ്ചടി ഏഴിഞ്ച് , മാതൃഭൂമി ബുക്ക്‌സ്, കോഴിക്കോട്,2018

ഗ്രന്ഥസൂചി
1. ഗ്രേസി, ഉടല്‍വഴികള്‍, ഡി.സി.ബുക്കസ് ,കോട്ടയം ,2015
2. ഗ്രേസി, ഗ്രേസിയുടെ കഥകള്‍, ഡി.സി.ബുക്കസ് ,കോട്ടയം, 2005.
3. ഗ്രേസി, പ്രണയം അഞ്ചടി ഏഴിഞ്ച് , മാതൃഭൂമി ബുക്ക്‌സ്, കോഴിക്കോട്,2018
4. ഗ്രേസി, മൂത്രത്തീക്കര, ഡി.സി.ബുക്കസ് ,കോട്ടയം,2010.
5. മുഹമ്മദലി.എന്‍.എം, ജ്ഞാനാത്മക മനഃശ്ശാസ്ത്രം, ഡി.സി,ബുക്ക്‌സ്, കോട്ടയം,2012.
6. രവീന്ദ്രന്‍. പി.പി, ഇടപെടലുകള്‍ സാഹിത്യം സിദ്ധാന്തം രാഷ്ട്രീയം, ഡി.സി., ബുക്ക്‌സ്, കോട്ടയം,1997.
7. രാകേഷ് നാഥ്, സിഗ്മണ്ട് ഫ്രോയ്ഡ് ജീവിതം ദര്‍ശനം സംഭാഷണം .(പരിഭാഷ), ഒലീവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2012.
8. ശങ്കരന്‍ നായര്‍. എന്‍, വിദ്യാഭ്യാസത്തിന്റെ മനഃശ്ശാസ്ത്ര ഭൂമിക, കാലിക്കററ് യൂണിവേഴ്‌സിററി സെന്റല്‍ കോ-ഓപ്പറേറ്റീവ് സ്‌ററ്റോഴ്‌സ്, കോഴിക്കോട്, 2005.
9. ഹരികുമാര്‍ എം.കെ, കഥ ആധുനികതയ്ക്ക് ശേഷം, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, 2000