വാരിയെടുത്ത് നെഞ്ചോടു ചേര്‍ക്കാന്‍ തക്ക സൗന്ദര്യമുണ്ടായിരുന്നു അതിന്; സ്‌നേഹമുണ്ടായിരുന്നു എനിക്കും!
പുസ്തകപ്പുഴയില്‍ ഇന്ന് ടി വി സജീവ് എഴുതിയ 'എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍' എന്ന ലേഖനസമാഹാരത്തില്‍നിന്നുള്ള ഒരു ഭാഗം. പ്രസക്തി ബുക്‌സാണ് പ്രസാധകര്‍.

പ്രകൃതി എന്ന അനുഭവത്തെ എങ്ങനെ വാക്കുകളില്‍ പകര്‍ത്താം? റിപ്പോര്‍ട്ടിംഗ് പോലെയോ യാത്രാവിവരണം പോലെയോ അത് ചെയ്യുന്നതാണ് നാട്ടുനടപ്പ്. ആ പതിവിനെ ഭാഷയുടെ ജൈവികതയും വനരാശിയുടെ ജൈവവൈവിധ്യവുമായി ലയിച്ചുചേര്‍ന്ന ആഖ്യാനചാരുതയും കൊണ്ട് മറികടക്കുകയാണ് ഈ കുറിപ്പ്. ഇവിടെ എഴുത്ത് കൗതുകനോട്ടമായി മാറിനില്‍ക്കുന്നില്ല, അപരിചിത വഴക്കമായി തിരിഞ്ഞുനടക്കുന്നില്ല. കാടിന്റെ കനിവൂറും ഇനിപ്പുകള്‍.
'എല്ലാവര്‍ക്കും ഇടമുള്ള ഭൂപടങ്ങള്‍' എന്ന പുസ്തകം വാങ്ങാന്‍: 075419383 | 9544662744 | 9497377629 | 6282682060
.........................................
ചിറകുവിരിക്കാതെ മലമുകളില്‍നിന്ന് താഴേക്ക് എന്റെ മുകളിലൂടെ ഊളിയിട്ടുപോയ വേഴാമ്പല്‍. എയ്ത അമ്പിന്റെ ശബ്ദം.
വലിയ കിണ്ണത്തേക്കാള്‍ വലുപ്പത്തിലുള്ള കാല്‍ചുവടുകളുമായി മലമുകളിലേക്ക് കയറിയും താഴേക്കിറങ്ങിയും തെന്നിയും തെന്നാതെയും. വഴിതെളിച്ച് എനിക്കു മുന്നേ നടന്നുപോയ ഒരു കൊമ്പന്‍.
''ദാ അവിടെ'' എന്ന് കേട്ട് നോക്കിയിട്ട്, കാണാതെ വീണ്ടും നോക്കി കരിയിലയില്‍നിന്നും വേര്‍തിരിച്ച് കണ്ടെടുത്ത ഒരു ശലഭം. ''എങ്ങനെയാണ് സുഹൃത്തേ നിങ്ങളിതിനെ കണ്ടത്?'' എന്ന ചോദ്യത്തിനു മറുപടിയായി ബാലുവിന്റെ ചിരി.
രണ്ട് കുഞ്ഞുകിളികളിലേക്ക് ഭക്ഷണവുമായി വന്നും പോയുമിരുന്ന മുതിര്‍ന്ന കിളി. രണ്ടു കുഞ്ഞുങ്ങള്‍ക്കുമിടയ്ക്ക് ഞാന്‍ കണ്ടെത്തിയ അവരുടെ വീട്. നനുത്ത, വേര്‍തിരിച്ചറിയാനാവാത്ത കുഞ്ഞുകിളികളുടെ തുവല്‍, നിറംകനത്ത അമ്മക്കിളിയുടെ പ്രൗഢമായ തൂവലുകള്‍. കൂടിന്റെ ഭിത്തിയായുള്ള ചെറുനാരുകള്‍ ചെറുദൂരം പറക്കുന്ന കുഞ്ഞുങ്ങളും ഏറെ പറന്നോടിവരുന്ന അമ്മക്കിളിയും.
ചിലപ്പോഴൊക്കെ ശാസ്ത്രമെന്നത് മറ്റൊരു ജീവിയുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ്.
ഇലപ്പുറത്തെ രോമകൂപങ്ങളില്‍ വിഷം നിറച്ചുനില്‍ക്കുന്നുവെന്നതിനാല്‍ തട്ടാതെ, തൊടാത ഞാന്‍ വഴിമാറി മറികടന്ന ഒരു ചെടി...! പുറംതിരിഞ്ഞ് ഇണചേര്‍ന്ന്, മുന്നോട്ടും പിന്നോട്ടും ആണ്‍വഴിയേയും പെണ്‍വഴിയേയും ഒരുപോലെ നടക്കാനാവുന്ന ഇഫിറ്റകളെന്ന ഷഡ്പദങ്ങള്‍.
മണ്ണൊലിച്ചുപോയ മലമുകളിലെ തെളിഞ്ഞ പാറയിലേക്ക് താഴെനിന്ന് അരിച്ചുകയറുന്ന കാട്. അരുവിയിലൊഴുകുന്ന ഒരിലയെടുത്ത് അതിന്റെ മറുപുറത്ത് ഒട്ടിച്ചുചേര്‍ത്ത മറ്റൊരില കാണിച്ചുതന്ന് പിന്നെ അവ രണ്ടും അടര്‍ത്തിമാറ്റി അതിനിടയിലെ ന്യുറോപ്റ്റിറന്‍ പുഴുവിനെ കാണിച്ചുതന്ന് ജീവശാസ്ത്ര കഥനമാരംഭിച്ച അനൂപ്.
പുകക്കറയേറ്റ് അളവുകുറഞ്ഞ ശ്വാസകോശം അനുവദിക്കുന്നതിനേക്കാള്‍ മല കയറിയും ഇറങ്ങിയും കാല്‍ പേശികള്‍ തളര്‍ന്നുവെന്നുറപ്പായപ്പോഴും എന്നെ താങ്ങിയ എന്റത്ര ഉയരമുള്ള ഒരു ഉരുളന്‍ വടി. പിന്നെയത് വിറകായി.
അകലെ താഴ്‌വാരവും അതിനപ്പുറം മലകളും എന്ന ഫ്രയിമിനെ പല നിലയ്ക്ക് കമ്പോസ് ചെയ്യുന്ന മഞ്ഞ്. ഇത്തിരി വെയിലില്‍ അലിഞ്ഞുമാറിയും വീണ്ടും വെയിലണയുമ്പോള്‍ ഊറിക്കൂടിയും ലാന്റ്‌സ്‌കേപ്പിനെ തെളിച്ചും മറച്ചും മഞ്ഞ്, മനസ്സുകൊണ്ട് ക്ലിക്ക് ചെയ്യുന്ന ക്യാമറയില്‍ ദൃശ്യമാകയും ഏറ്റെടുക്കുന്ന എന്റെ പ്രിയപ്പെട്ട മത്സ്യമിഴി ലെന്‍സ്. ചിലപ്പോഴൊക്കെ അങ്ങനെയാണ്. ക്യാമറ ക്ലിക്ക് ചെയ്യുക വിരലുകൊണ്ടാവും. മറ്റുചിലപ്പോ മനസ്സ് കൊണ്ടും. ആദ്യത്തേത് ദൃശ്യങ്ങളെ ഫ്രീസ് ചെയ്യിക്കും. മനസ്സ് കൊണ്ടാവുമ്പോള്‍ ഫ്രയിമിനു മുന്നിലേക്കും പിന്നിലേക്കും മുകളിലേക്കും താഴേക്കും പടര്‍ന്നുകയറുന്ന ജീവനുള്ള, ഫ്രീസ് ചെയ്യാനാവാത്ത ചിത്രങ്ങളും.
അരുവിയുടെ അടിയത്രയും പാറയാണ്. ഒരിക്കല്‍ നിറഞ്ഞൊഴുകിയതിന്റെ അതിരുകള്‍ കാണാം. എന്നാലിപ്പോള്‍ പരന്ന് അരുവിയുടെ പകുതി വീതിയില്‍ ഒഴുകുന്ന വെള്ളം. ചിലപ്പോഴൊക്കെ വെള്ളനിറത്തിലും. അല്ലെങ്കില്‍ നിറമില്ലാതെയും. ഞാന്‍ നില്‍ക്കുന്നതിനു കുറച്ചുതാഴെ അങ്ങു താഴേക്ക് വലിയൊരു ഗര്‍ത്തമാണ്. പാറയോട് ചേര്‍ന്നൊഴുകിവരുന്ന വെള്ളമത്രയും പാറയില്‍നിന്ന് പിടിവിട്ട് വായുവിലൂടെ താഴേക്ക്. താഴെ ഒന്നിത്തിരി കെട്ടിനിന്ന് പിന്നെയും ഒഴുകാവുന്നപോലെയുള്ള ഒരു ചെറുതടാകം. അതിനു കുറുകെ പണ്ടെന്നോ വന്നുവീണ് കാലും തലയും പാറകളില്‍ ഉടക്കി ബാക്കിയത്രയും വായുവില്‍ നഗ്‌നമായി കിടന്നുപോയ ഒരു മരം തൊലിയില്ലാതെ. ചെറു തടാകത്തിന്റെ വൃത്തത്തെ ചരിച്ചുമുറിച്ച് രണ്ടു പകുതിയായി വിട്രൂവിയന്‍ മനുഷ്യനെ എന്ന പോലെ ദൃഢപേശികളുമായി ആ മരം.
..........................................
ചിലപ്പോഴൊക്കെ ശാസ്ത്രമെന്നത് മറ്റൊരു ജീവിയുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ്.
ഇപ്പോള്‍ വെള്ളം പാറയില്‍ നിന്നകന്ന് പറക്കാന്‍ തുടങ്ങുന്നിടത്താണ്. ഇവിടെ നില്‍ക്കുമ്പോള്‍ മനസ്സ്, പാറയും ചെരുപ്പില്ലാ പാദങ്ങളും തമ്മിലുള്ള സ്പര്‍ശത്തെക്കുറിച്ച് ചിന്തിച്ചുപോകും. ഇരുവരും സ്‌നേഹമില്ലാസ്പര്‍ശമെന്ന് തോന്നി തെറ്റിപ്പിരിഞ്ഞാല്‍ ഞാനും പറക്കും. ജീവിതത്തിലെ ഏറ്റവും മനോഹരമായ ചിന്തയെ, അനുഭവത്തെ, അറിവിനെ, പ്രണയത്തെ, മനസ്സിലുറപ്പിച്ച് ശരീരത്തിലെ ഓരോ അണുവിലും ഞരമ്പിലും അത് നിറച്ച് ആ ഒരു ബിന്ദുവിലേക്ക് കാലത്തേയും സ്ഥലത്തേയും ചുരുക്കി കാലൊന്നയച്ചാല്‍ മൃതിയും മോക്ഷവും തരും. ഇവിടം.
തോളിലെ സ്പര്‍ശമറിഞ്ഞ് പുറകോട്ട് തിരിയുമ്പോള്‍ റാഷിദ്. കൈപ്പത്തിയുടെ നടുവില്‍ ചുരുണ്ട് മരിച്ചുകിടക്കുന്ന, ചാരനിറമുള്ള കുറച്ചൊക്കെ വലുപ്പമുള്ള ഒരു ഉറുമ്പ്. അരുവിയിലെ വെള്ളമൊഴുകാത്ത ഭാഗത്തുനിന്ന് കിട്ടിയതാണത്രെ അത്. ''ഞാന്‍ നോക്കുമ്പോള്‍ ഇതിങ്ങിനെ മരിച്ചുകിടക്കുന്നു. ചുറ്റും എട്ട്-പത്ത് ഉറുമ്പുകള്‍. ചില നിമിഷങ്ങള്‍ അതിനുചുറ്റും നിന്നിട്ട് അവരെല്ലാം പോയി. അടുത്തനിമിഷംതന്നെ ഒരു ഉറുമ്പു വന്ന് ഇതിനെയുമെടുത്ത് താഴേക്ക് നടന്ന് കുറച്ചകലെ കൊണ്ടുവെച്ചു. എന്നിട്ട് മടങ്ങി. അപ്പോള്‍ താഴെനിന്നും മറ്റൊരുറുമ്പ് വന്ന് ഇതിനെയെടുത്ത് നടന്ന് ഒഴുകുന്ന വെള്ളത്തിന് ഒരല്‍പം ദൂരെവെച്ച് തിരിച്ചുനടന്നു. ഞാന്നിതവിടെ നിന്നെടുത്തു. അവരിനിയും അങ്ങിനെ ചെയ്യുമോ എന്ന് നോക്കിയാലോ?''
മൃതിയുടെ അപ്പുറമെത്തിയ ഒരാള്‍ക്ക് അതിനിപ്പുറം നില്‍ക്കുന്നവരുടെ അനുഷ്ഠാനം. മരിച്ചെന്ന് ഉറപ്പുവരുത്തല്‍, ചുറ്റുപാടും അന്വേഷിച്ചുവരല്‍. ചിതയൊരുക്കുന്നവനെ (ളെ) തിരഞ്ഞെടുക്കലും തയ്യാറാകലും. രണ്ടു പേരായി പകുത്തെടുത്ത ഏകാംഗ ശവഘോഷയാത്രയുടെ ദൂരം. ഞാനായിട്ട് ഒഴുക്കിയില്ല എന്ന് പാപമേല്‍ക്കാത്തത്ര ദൂരത്തില്‍, എന്നാല്‍ തുള്ളിക്കളിച്ച് ഒഴുകുന്ന ജലം ഒരുമാത്ര ഇത്തിരികൂടി കേറി ഒഴുകിയാല്‍ എടുത്തുകൊണ്ടു പോകാവുന്നത്ര മാത്രം ദൂരെ മൃതദേഹത്തെ കിടത്തല്‍. മറ്റുറുമ്പുകളത്രയും കൃത്യമായി തനിയാവര്‍ത്തനം പോലെ റാഷിദ് പറഞ്ഞ പ്രകാരംതന്നെ വീണ്ടും അനുഷ്ഠാനം നടത്തി. കുറച്ചുകൂടി വേഗത്തില്‍. പരീക്ഷണങ്ങളുടെ ആവര്‍ത്തനം ശാസ്ത്രത്തിന്റെ രീതിയാണ്.
ചിലപ്പോഴൊക്കെ ശാസ്ത്രമെന്നത് മറ്റൊരു ജീവിയുടെ മനസ്സറിയലാണ്.
അരുവിയില്‍ നിന്നെഴുന്നേറ്റ് നിത്യഹരിത വനത്തിലൂടെ നടന്നേറുമ്പോള്‍ മുകളിലേക്ക് സൈബിന്‍ വിരല്‍ ചൂണ്ടി. അടുത്തടുത്തുനില്‍ക്കുന്ന മരങ്ങളുടെ ഇലച്ചാര്‍ത്തിനിടയ്ക്ക് കൃത്യമായ വീതിയില്‍ ഒരു വഴി. അതിലൂടെ കാണാവുന്ന ആകാശം. വളരെ കാലമുണ്ടാകുമെന്നതിനാല്‍ വളരെ കരുതി ശ്രദ്ധയോടെ സൂക്ഷിക്കപ്പെടുന്നവയാണ് നിത്യഹരിത മരങ്ങളുടെ ഇലകള്‍. ഒരു വര്‍ഷത്തില്‍ താഴെ മാത്രം ആയുസുള്ള ഇലപൊഴിയും മരങ്ങളുടെ ഇലകള്‍ പോലെയല്ല അവ. വലുപ്പംകുറഞ്ഞ് തടിച്ച്, നിറഞ്ഞ ആരോഗ്യത്തോടെ, ഇലതീനികളില്‍നിന്ന് രക്ഷപ്പെടാന്‍ ഉള്ളില്‍ വിഷമൂലകങ്ങള്‍ നിറച്ചുനില്‍ക്കുന്ന ഇലകളുടെ സംരക്ഷണം മരങ്ങള്‍ക്ക് അത്യാവശ്യമാണ്. ഇലകളെല്ലാം ചേര്‍ന്നുണ്ടാകുന്ന ഇലച്ചാര്‍ത്തു പടര്‍ന്നു പന്തലിച്ച് കഴിയുന്നത്ര സൂര്യപ്രകാശം നേടാന്‍ ശ്രദ്ധിക്കുമ്പോഴാണ് ഈ പ്രശ്‌നം. ഇതേ ഉദ്ദേശ്യവുമായി വരുന്ന അയല്‍ക്കാരനെ എന്തുചെയ്യണം? മത്സരിക്കണോ? അതോ കിട്ടുന്ന സൂര്യപ്രകാശംകൊണ്ട് തൃപ്തിയാകണോ? ഈ ചോദ്യങ്ങള്‍ക്കുത്തരമാണ് നിത്യഹരിത വനങ്ങളിലെ ഇലച്ചാര്‍ത്തുകള്‍ തമ്മിലുള്ള അകലം തീര്‍ക്കുന്ന രമ്യമായ ആകാശ കാഴ്ചയൊരുക്കുന്ന വഴികള്‍. അയല്‍ക്കാര്‍ക്കിടയില്‍ മതിലുകളില്ല. മറയേതുമില്ലാതെ താഴെനിന്നു വളര്‍ന്നുവരുന്ന പുത്തന്‍ തലമുറയ്ക്കായി സൂര്യപ്രകാശം താഴേക്കു പോകുവാനയയ്ക്കുന്ന ഒരേ വീതിയുള്ള സ്‌നേഹവഴികള്‍.
ചിലപ്പോഴൊക്കെ ശാസ്ത്രമെന്നത് പ്രകൃതിയിലെ പാറ്റേണുകള്‍ കണ്ടുപിടിക്കലാണ്; അവയെ വിശദീകരിക്കലും.
..................................
ചിലപ്പോഴൊക്കെ ശാസ്ത്രമെന്നത് മറ്റൊരു ജീവിയുടെ മനസ്സറിയലാണ്.
സമുദ്രനിരപ്പില്‍നിന്നും 600 മീറ്റര്‍ മുതല്‍ 2,000 മീറ്റര്‍ വരെ ഉയര്‍ന്നുപോകുന്ന തുടര്‍ച്ചയായുള്ള കാടുള്ളിടങ്ങളില്‍ താഴെനിന്ന് മുകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ സസ്യസമൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാവും? അതിനനുസൃതമായി പക്ഷിസമൂഹങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ? മൂന്ന്-നാല് വര്‍ഷത്തോളം ഉത്തരംതേടി ചെടികളേയും മരങ്ങളേയും അറിഞ്ഞും അളന്നും പക്ഷികളെ നിരന്തരമായി പിന്‍തുടര്‍ന്നും പക്ഷിക്കൂടുകള്‍ മാത്രം കണ്ടെത്തുന്നവയായി സ്‌പെഷ്യലൈസ് ചെയ്തുപോയ കണ്ണുകളുമായി. അന്വേഷിച്ചു കണ്ടെത്തിയതത്രയും മുന്നില്‍ വെച്ച് ഈ ബന്ധങ്ങളെ കണക്കിന്റെ ഭാഷയിലെഴുതാന്‍. സസ്യ-പക്ഷി സമൂഹങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളെ ഒരു സൂത്രവാക്യത്തിലൊതുക്കാന്‍ അനൂപിനൊപ്പം ശ്രമിക്കുന്നതിനിടെ, റാഷീദിന്റെ അശരീരി:
As per the laws of aerodynamics.
The bumble bee cannot fly.
The bumble bee doens't know that.
It flies anyway...
ചിലപ്പോഴൊക്കെ ശാസ്ത്രം ഇങ്ങനെയുമാണ്. കാഴ്ചയുടെ കൗതുകത്തില്‍ നിന്നു തുടങ്ങി, അതിനെ അറിവിനോട് ചേര്‍ത്തുവെയ്ക്കുമ്പോള്‍ കാണുന്ന പാറ്റേണുകളേയും പൊരുത്തക്കേടുകളേയും പിന്‍പറ്റി കൂടുതല്‍ നിരീക്ഷണങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കും വളര്‍ന്ന്, സാമാന്യ നിയമങ്ങളിലേക്കെത്തുവാനുള്ള യാത്ര. വഴിനീളെ ആശ്ചര്യവും കൊതിപ്പിക്കുന്ന തിരിച്ചറിവുകളും. ഇതുവരെ ആരും കാണാത്ത കാഴ്ചകളും. സ്വയം നല്ല ബോധ്യമുള്ള വസ്തുതകള്‍ക്ക് തെളിവുകള്‍ കണ്ടെത്തലും ഏറ്റവും കൃത്യമായ ഭാഷയായ കണക്കിലേക്ക് അവയെ പരിവര്‍ത്തനം ചെയ്യലും. നിരാശയും സങ്കടവും ആഹ്ലാദവും ഇടകലര്‍ന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുന്ന, ധാരാളമായി കളിയാക്കലുകള്‍ കേള്‍ക്കുന്ന യാത്ര. രസമാണിത്.
.......................................
മലയാളത്തിലെ മികച്ച പുസ്തകങ്ങളുടെ ഭാഗങ്ങള്‍, വായനാനുഭവങ്ങള്‍, പുസ്തകക്കുറിപ്പുകള്‍. ഇവിടെ ക്ലിക്ക് ചെയ്യാം
വൈദ്യുതിയില്ലാത്തതിനാല്‍ സ്വിച്ച്-ഓഫ് ചെയ്തുവെച്ച ഫോണിനെ ഉണര്‍ത്തിയപ്പോള്‍ സന്ദേശങ്ങള്‍. ഓരോ യാത്രയും പ്രിയപ്പെട്ടവരില്‍നിന്നുള്ള ഓടിപ്പോകലാണ്. കെട്ടിയിടുന്ന മിഴിയിഴകളുടെയും മുടിയിഴകളുടെയും ദൃഢതയെ പരീക്ഷിക്കലാണ്. സ്‌നേഹമത്രയും ആധിയും വ്യാധിയുമായി പടര്‍ന്ന് മനസ്സു വേവുന്ന, വേവിനെ അറിയുന്ന സമയഖണ്ഡങ്ങളാണവ. ചുറ്റുമുള്ള കരുതലിനെ, സ്‌നേഹത്തെ, ബാധ്യതകളെ, ശ്വാസം തരുകയും കൊടുക്കുകയും ചെയ്യുന്ന പ്രണയത്തെയും അകലെയാക്കി അശാന്തിയെ പുണരലാണ് ഓരോ യാത്രയും. ശാസ്ത്രവും. വാര്‍പ്പുമാതൃകകളെ വിട്ട്, സര്‍വവും വിശദീകരിക്കുന്ന ദൈവത്തെ വിട്ട്, വര്‍ത്തമാന പത്രം വിട്ട്, വിഡ്ഢിപ്പെട്ടി വിട്ട്, ഒറ്റയ്ക്ക് വല്ലാതെ ഏകാകിയായി നടത്തുന്ന, സംശയങ്ങളും വ്യഗ്രതയും ജിജ്ഞാസയും ഊര്‍ജ്ജവും പകരുന്ന യാത്ര.
വീണ്ടും അശരീരി: ''പരിണാമവീഥിയുടെ തുടക്കം അമീബയാണെന്നും അവസാനം മനുഷ്യനാണെന്നും പറഞ്ഞത് അമീബയല്ല, മനുഷ്യനാണ്.''
കല്ലിലുടക്കി മുന്നോട്ടുപോകാനാവാതെ പല പേര്‍ ചേര്‍ന്ന് തള്ളിക്കയറുന്നതിനിടെ ജീപ്പിന്റെ ടയര്‍ കത്തിയ ഗന്ധം. മലയിറങ്ങുന്നതിനിടയ്ക്കുവെച്ച് ഒരിത്തിരിനീളം സമതലത്തിലൂടെ ഓടി ഒരു വളവുതിരിഞ്ഞപ്പോള്‍ റോഡിനു കുറുകെ തിരക്കുപിടിച്ച് ഓടിപ്പോകുന്ന ഒരു ജീവി.
ജീപ്പു നിര്‍ത്തി.
വളരെ വലിയ ഒരു പൂച്ചയെപ്പോലെ ദേഹമാസകലം നീളന്‍ രോമങ്ങളുടെ പുതപ്പ്. തീമഞ്ഞ നിറം. സമൃദ്ധമായ വാലിന്റെ അറ്റത്ത് അരയടിയോളം കറുപ്പുനിറം. ഇടതുവശത്തെ കയറ്റം കയറി മുകളിലെത്തി. പിന്‍കാലുകളിലൂന്നി എണീറ്റുനിന്ന് അത് തിരിഞ്ഞുനോക്കി.
ജീപ്പിന്റെ പുറകില്‍നിന്ന് ശബ്ദംതാഴ്ത്തി 'stripe necked mangoose' എന്ന് അനൂപ്. മരമേതുമില്ലാത്ത ഇടത്തേ കുന്നിന്‍ചരിവില്‍ ഏറെ തിരഞ്ഞിട്ടും പിന്നെയതിനെ കണ്ടില്ല.
വാരിയെടുത്ത് നെഞ്ചോടു ചേര്‍ക്കാന്‍ തക്ക സൗന്ദര്യമുണ്ടായിരുന്നു അതിന്!
സ്‌നേഹമുണ്ടായിരുന്നു എനിക്കും!
............................
Also Read: മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം എങ്ങിനെ ജീവിക്കാം?
Also Read: എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍
