Asianet News MalayalamAsianet News Malayalam

Book Excerpts : ഗുരുദേവന്റെ അവസാന നിമിഷങ്ങള്‍

പുസ്തകപ്പുഴയില്‍ ഇന്ന് ഞാന്‍ വാഗ്ഭടാനന്ദന്‍ എന്ന പുസ്തകത്തിലെ ഒരധ്യായം. ടി കെ അനില്‍കുമാര്‍ എഴുതിയ പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
 

pusthakappuzha excerpts from njaan Vaagbhadanandan by TK Anil Kumar
Author
Thiruvananthapuram, First Published Feb 4, 2022, 3:53 PM IST

ഹരിഹരന്റെ മുമ്പില്‍ ഗുരുദേവരെ വിട്ടു കൊടുക്കരുതെന്ന് ഉറക്കെ പറയാന്‍ അവള്‍ കൊതിച്ചു. പക്ഷേ, ഒരക്ഷരം പോലും പുറത്തേക്കു വന്നില്ല. രോഹിണി ദീനമായി നോക്കി. ഹരിഹരന്‍ നിഗൂഢമായ കണ്ണുകളോടെ ഇരിക്കുകയാണ്. കണ്ണുകളില്‍ അരുതായ്മകള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് രോഹിണിക്കു തോന്നി. എന്തിനാണ് തന്റെ പിന്നാലെ വലിഞ്ഞു കയറി വന്നത്? എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് രോഹിണിക്കു തോന്നി. അവള്‍ ഗുരുദേവന്റെ മുഖത്തേക്കു നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം വര്‍ദ്ധിച്ചിരിക്കുന്നു. 

 

pusthakappuzha excerpts from njaan Vaagbhadanandan by TK Anil Kumar

ഈ പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
.......................................


ഹരിഹരന്‍
നനഞ്ഞ കണ്ണുകളോടെ ആളുകള്‍ അകത്തേക്ക് പ്രവേശിച്ചു. ഗുരുദേവന്‍ കണ്ണുകള്‍ തുറന്ന് കിടക്കുകയാണ്. തത്ത്വപ്രകാശികയിലെ ചുമരുകളിലേക്ക് അദ്ദേഹത്തിന്റെ കണ്ണുകള്‍ പാറിനടന്നു. ഏത് കൊടിയ വേദനയെയും നിസ്സാരമാക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു.എന്നാല്‍ പൊതുവേയുള്ള പ്രസന്നത ആ മുഖത്ത് ദൃശ്യമായിരുന്നില്ല. സന്ദര്‍ശകരുടെ കണ്ണീര്‍തുള്ളികളെ അദ്ദേഹം പുഞ്ചിരിയോടെ ഏറ്റു വാങ്ങി. ഓരോരുത്തരും കാല്‍തൊട്ട് വന്ദിച്ച് വേഗത്തില്‍ കടന്നുപോയി. അനന്തന്‍ കൃത്യമായ നിര്‍ദ്ദേശം കൊടുത്തിരുന്നു. തീവ്രമായ അസുഖത്തിന്റെ പാരമ്യത്തില്‍ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നത് അനീതിയാണെന്ന് തിരിച്ചറിയാവുന്ന സന്ദര്‍ശകരായിരുന്നു അവര്‍. കുമാരന്‍ കട്ടിലിനടുത്തേക്ക് കടന്നു ചെന്ന് മന്ത്രിച്ചു.

''ഇത്തിരി വെള്ളമെടുക്കട്ടെ കുടിക്കാന്‍...''

ഗുരുദേവന്‍ കുമാരന്റെ മുഖത്തേക്ക് നോക്കി വേണ്ടെന്ന് തലയാട്ടി. അദ്ദേഹം മയക്കത്തിന്റെ എതോ ലോകത്തേക്ക് നീന്തിയിറങ്ങുകയാണെന്ന് കുമാരനു തോന്നി. കണ്ണുകള്‍ പാതിയടഞ്ഞിരിക്കുന്നു.

''ആരാ?''

കുമാരന് വേദനയടക്കിവെക്കാന്‍ സാധിച്ചില്ല. എത്രയോ കാലമായി അദ്ദേഹത്തിന്റെ നിഴലായി നടക്കുന്ന താന്‍ അപരിചിതനായി കഴിഞ്ഞുവോ? കണ്ണീരിനെ തടുത്തുനിര്‍ത്തിക്കൊണ്ട് കുമാരന്‍ പറഞ്ഞു.

''ഞാനാ... കുമാരനാ...''


പെട്ടെന്ന് കണ്ണുകള്‍ ചിമ്മിത്തുറന്നുകൊണ്ട് അദ്ദേഹം സംശയനിവാരണം വരുത്തി.

''കുമാരകവിയോ?''

''അല്ല. എം.ടി കുമാരനാണ് ഗുരുദേവരേ...''

ഗുരുദേവന്‍ കണ്ണുകളടച്ചു. പിന്നെ ഉറക്കെ പറഞ്ഞു.

''അല്ലെങ്കിലും കുമാരകവി പോയിട്ട് കാലമെത്രയായി. എന്റെ ഓര്‍മ്മകള്‍ക്ക് ക്ഷതമേറ്റിരിക്കുന്നു. കുമാരാ... കുമാരകവിയുടെ വഴിയേ ഞാനും പോകയാണ്.''

''ഗുരുദേവരെ...'' കുമാരന്റെ വാക്കുകള്‍ക്ക് ഇടര്‍ച്ച സംഭവിച്ചു. എന്നാല്‍ ഗുരുദേവന്‍ തുടര്‍ന്നു:

''ശരീരത്തിന് ശരീരിയെ ഉപേക്ഷിച്ച് പോയേ മതിയാവൂ കുമാരാ...''

''അങ്ങനെ പറയരുത്...''

വേദനയ്ക്കിടയിലും കാരുണ്യത്തോടെ മന്ദഹസിച്ചു. ലോകത്തോട് മുഴുവനുള്ള സ്നേഹം ആ മന്ദഹാസത്തിലുണ്ടെന്ന് കുമാരനു തോന്നി.

''ഇന്നെത്രയാ തീയതി?''

കുമാരന്‍ മന്ത്രിച്ചു. ''തുലാം പതിനാല്...''

തത്ത്വപ്രകാശികയുടെ വാതില്‍പ്പടിയിലൂടെ ഒരു നേര്‍ത്ത കാറ്റ് അകത്തേക്ക് കടന്നുവന്നു.

''കുമാരാ... സമയവും കാലവും കീഴ്മേല്‍ മറിയുകയാണ്. കുഞ്ഞിക്കണ്ണന്‍ എന്ന മനുഷ്യന്റെ ജീവിതദൗത്യം പൂര്‍ത്തിയായതായി തോന്നുന്നു. ഈ ലോകം മാറുകതന്നെ ചെയ്യും അല്ലേ കുമാരാ...''

കുമാരന്റെ കണ്ണുകളില്‍നിന്ന് ഒഴുകിയത് കണ്ണുനീരായിരുന്നില്ല. വേദന രക്തംപോലെ പടര്‍ന്നൊഴുകി. രണ്ടു കൈകൊണ്ടും മുഖംപൊത്തി തുടച്ചിട്ടും അതവസാനിച്ചില്ല. ഗുരുദേവരോടുള്ള തീവ്രമായ സ്നേഹമായി അത് ഒഴുകിക്കൊണ്ടിരുന്നു.

''കുമാരാ സന്ദര്‍ശകരൊക്കെ പോയോ?''

''ഇല്ല. ആളുകള്‍ ഒരുപാടുണ്ട്. അവര്‍ക്കൊക്കെ ഗുരുദേവരെ കണ്ടാല്‍ മതി. രോഹിണിയും ഹരിഹരനും പുലര്‍ച്ചമുതലേ കാത്തിരിക്കുന്നുണ്ട്. ഗുരുദേവരോട് സംസാരിക്കണമെന്ന വാശിയിലാണ്. പറ്റില്ലെന്ന് പറഞ്ഞിട്ടും അവിടെത്തന്നെ ഇരിക്കുകയാണ്. എന്തായാലും ഈ അവസ്ഥയില്‍ സംസാരിക്കാന്‍ സമ്മതിക്കില്ലെന്ന് അനന്തനും ഞാനും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.''

വേദനയുടെ അടയാളങ്ങള്‍ പറിച്ചെറിഞ്ഞ് ഗുരുദേവന്‍ സൗമ്യമായി പുഞ്ചിരിച്ചു. പ്രിയപ്പെട്ടവര്‍ക്ക് തന്നോടുള്ള സ്നേഹത്തിന്റെ ഇഴയടുപ്പം അദ്ദേഹം തിരിച്ചറിഞ്ഞു.

''വിളിക്കൂ...''

''അങ്ങ് അധികം സംസാരിക്കരുത്.''

അത് അഭ്യര്‍ത്ഥനയല്ല, ആജ്ഞയാണെന്ന് തിരിച്ചറിഞ്ഞ ഗുരുദേവന്‍ കുമാരനെ വാത്സല്യത്തോടെ നോക്കി. പുറത്തേക്ക് പോകുന്ന കുമാരനില്‍നിന്ന് കാഴ്ച ചുമരിലൂടെ കടന്നു പോകുന്ന ഗൗളിയിലേക്കു നീണ്ടു. സ്വപ്നം കണ്ടു കിടക്കുന്ന പ്രാണിയിലേക്ക് ഗൗളി സഞ്ചരിക്കുകയാണ്.

''ഗുരുദേവരേ...''

വെള്ളവസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടി. തൊട്ടു പിന്നിലായി കാവി വസ്ത്രം ധരിച്ച്, തല മുണ്ഡനം ചെയ്ത മറ്റൊരാളും. ചുമരിലെ പ്രാണി ഗൗളിയുടെ നാവിനകത്തേക്ക് അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.

''ഗുരുദേവരേ...''

അദ്ദേഹം കണ്ണുകള്‍ പൂര്‍ണ്ണമായും ഗൗളിയില്‍നിന്ന് പിന്‍വലിച്ചു.

ആ പെണ്‍കുട്ടി പൊട്ടിക്കരയുകയാണ്. അവളുടെ ആകര്‍ഷകമായ മുഖം ഒരു കൊച്ചു കുഞ്ഞിനെ ഓര്‍മ്മിപ്പിച്ചു. ഒരുപാട് നാളായി അമ്മയെ കാണാതിരുന്ന കുഞ്ഞിനെപ്പോലെ വാവിട്ട് നിലവിളിക്കുന്ന അവളെ ഗുരുദേവന്‍ വാത്സല്യത്തോടെ സ്പര്‍ശിച്ചു. അവള്‍ അദ്ദേഹത്തിന്റെ കൈകളില്‍ മുറുകെ പിടിച്ചു. അവളതില്‍ സമാശ്വാസം കണ്ടെത്തി.

''കരഞ്ഞുതീര്‍ന്നെങ്കില്‍ ഇരിക്കാം. സ്മൃതിഭ്രംശമാണോന്ന് അറിയില്ല. രണ്ട് പേരെയും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.''
കാവിവസ്ത്രധാരി ഗുരുദേവരുടെ തലയ്ക്കരികിലുള്ള സ്റ്റൂളിലിരുന്നു. എന്നിട്ട് തീര്‍ത്തും സ്ത്രൈണമായ സ്വരത്തില്‍ പറഞ്ഞു.

''ഗുരുക്കളോട് സംസാരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ദൂരത്തുനിന്ന് കണ്ടിട്ടേ ഉള്ളൂ. ഇപ്പോള്‍ ജന്മം സഫലമായി. ഞാന്‍ ഹരിഹരന്‍...''

''സ്ഥിതി മാത്രമല്ല; സംഹാരവുമുണ്ട്. ഇല്ലേ?'' അയാളുടെ മുഖം വിളറി. ഗുരുദേവന്‍ തുടര്‍ന്നു.

''കാവിവസ്ത്രം കാണുന്നു. സന്ന്യാസം ഉണ്ടോ? മഹാപണ്ഡിതനും തത്ത്വവാദിയുമായ വെങ്കിടരമണശാസ്ത്രികളെപ്പോലും പരിഭ്രമിപ്പിച്ചതാണ് ഈ കാഷായവസ്ത്രം. പാലക്കാട് വെച്ച്, വിഗ്രഹാരാധനയെ സമര്‍ത്ഥിക്കാന്‍ എത്തിച്ചേര്‍ന്ന ശാസ്ത്രികള്‍ എന്നില്‍ സാഷ്ടാംഗ നമസ്‌കാരം ചെയ്യുകയുണ്ടായി. ഈ കാഷായവസ്ത്രം എത്ര സാധുക്കളെ വഴിതെറ്റിച്ചിട്ടുണ്ടാവും എന്ന് ഞാന്‍ അന്നാലോചിച്ചു. അതിനെ പിന്തുടര്‍ന്നാണ് വെള്ള വസ്ത്രത്തിലേക്ക് മാറിയത്...''
കാവി വസ്ത്രധാരി മന്ത്രിച്ചു. 

''അങ്ങയെ കണ്ടെത്തിയ യോഗിയാണ് എനിക്ക് ദീക്ഷ നല്‍കിയത്. അദ്ദേഹത്തിന്റെ ഒരു സന്ദേശവുമുണ്ട്...''
''ആകട്ടെ. സന്തോഷം. ഹരിഹരസ്വാമികള്‍ സ്ഥിതിയും സംഹാരവുമാണെങ്കില്‍ സൃഷ്ടി ഈ പെണ്‍കുട്ടിയാവുമല്ലോ...''

''അയ്യോ. ഗുരോ ഞാന്‍ അങ്ങനെയുള്ളയാളല്ല. ഒരു സാധാരണക്കാരിയാ. ഗുരുദേവന്റെ മുമ്പില്‍ പ്രീതി വിവാഹം നടത്തിയ രോഹിണിയാണ് ഞാന്‍.''

രോഹിണി ഗുരുദേവരുടെ കൈകളില്‍നിന്ന് സ്വന്തം കൈകളെ മോചിപ്പിക്കാതെ വ്യക്തമാക്കി.

''ഓര്‍മ്മ വരുന്നുണ്ട്.''

ഗുരുവും രോഹിണിയും പുഞ്ചിരിച്ചു. ഹരിഹരന്‍ പുഞ്ചിരിച്ചെന്നു വരുത്തിത്തീര്‍ത്തു. ഗുരുവിന്റെ മുഖം ഗൗരവം പൂണ്ടു.

''രോഹിണീ... ഞാന്‍ കളിവാക്കുകള്‍ പറഞ്ഞതല്ല. പെണ്‍കുട്ടികള്‍ സൃഷ്ടികര്‍മ്മം നടത്താന്‍ നിയോഗിക്കപ്പെട്ടവരല്ലേ? പുരുഷന് അപ്രാപ്യമായ അനുഭവലോകം ഓരോ സ്ത്രീയെയും കാത്തിരിക്കുന്നുണ്ട്. പിന്നെ സാധാരണക്കാരായിട്ട് ആരുമില്ല. എല്ലാവരും അസാധാരണരാണ്. ഞാനും നീയും ഈ ഹരിഹരനും... നിയോഗം പലതാണ്. അല്ലേ ഹരിഹര സ്വാമികളേ...''

രോഹിണി സ്വകാര്യം പറയുന്നതുപോലെ പറഞ്ഞു. ''ഗുരുദേവരധികം സംസാരിക്കണ്ട...''

''സംസാരം ദുഃഖത്തിന് ഹേതു...''

ഗുരുദേവരുടെ മന്ദഹാസത്തിന് ഇത്തിരി തീക്ഷ്ണതയുണ്ടെന്ന് രോഹിണിക്കു തോന്നി.

 

...........................

Read Moreസഭയിലെ സിംഹഗര്‍ജ്ജനം

............................

 

''രോഹിണിക്ക് സന്താനസൗഭാഗ്യം ഉണ്ടായെന്നു കരുതട്ടേ...''

''രണ്ട് പെണ്‍കുട്ട്യേളാ...''

''ഇനിയുള്ള ലോകം പെണ്‍കുഞ്ഞുങ്ങളുടേതാണ്. പള്ളിക്കൂടത്തില്‍ പോകുന്നില്ലേ? ഇല്ലെങ്കില്‍ പറഞ്ഞയക്കണം. അവര്‍ക്ക് ഇംഗ്ലിഷ് വിദ്യാഭ്യാസം കൊടുക്കണം. ഒപ്പം മലയാളവും സംസ്‌കൃതവും പഠിപ്പിക്കണം.''

രോഹിണി തലയാട്ടി. അവള്‍ അദ്ദേഹത്തിന്റെ കട്ടിലിന് താഴെയായി ഇരുന്നു.

''ഗുരുദേവന് വേദനയുണ്ടോ?''

''രോഹിണീ മരണം ഒരു വേദനയാണ്. ശ്രീരാമകൃഷ്ണനും നാണു ഗുരുവും ഒക്കെ കൊടിയ വേദനയിലൂടെ കടന്നുപോയിട്ടുണ്ട്. മര്‍ത്ത്യരനുഭവിക്കുന്ന തീവ്രവേദനകളില്‍നിന്ന് കുഞ്ഞിക്കണ്ണനു മാത്രം വിമുക്തിയില്ലല്ലോ? നേരിയ വിഷാദമേയുള്ളൂ. ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ പതിനാറാമത്തെ പാഠപ്രസംഗമേ കഴിഞ്ഞിട്ടുള്ളൂ.''

''ഗുരുദേവനത് മുഴുമിപ്പിക്കും...''

''ഇല്ല. മരണത്തിന്റെ തീവ്രാനുഭൂതി ഞാനനുഭവിക്കുകയാണ്. മടക്ക യാത്രയാണ്. മരണത്തിന്റെ തായ്വേരുകള്‍ താണ്ടി പുനര്‍ജനിക്കാന്‍ ഞാനൊരുങ്ങുകയാണ്.''

രോഹിണിക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല. കട്ടിലില്‍ കൈകള്‍ കുത്തി അവള്‍ ഏങ്ങിയേങ്ങിക്കരഞ്ഞു. അദ്ദേഹത്തിന്റെ കാലുകള്‍ അവള്‍ ചേര്‍ത്തു പിടിച്ചു.

''രോഹിണീ നീ മഗ്ദലനയിലെ മറിയയല്ല, ഞാന്‍ യേശുദേവരുമല്ല. പൊറുക്കപ്പെടാന്‍ നിന്നില്‍ പാപങ്ങളുമില്ല. കരയുന്നത് ഗുണപ്രദമാണ്. വേദനകള്‍ക്കുള്ള സിദ്ധൗഷധമാണ്. പക്ഷേ, ഒരു യാത്രയെയും തടുത്തുനിര്‍ത്താന്‍ കണ്ണീരുകൊണ്ട് സാധ്യമല്ലല്ലോ.''

''ഗുരുദേവരെന്തൊക്കെയാ പറയുന്നത്?''

''ഈ കാഷായധാരിക്ക് കൂടുതല്‍ പറയാന്‍ പറ്റിയേക്കും. ഇല്ലേ ഹരിഹരസ്വാമികളേ...''

രോഹിണി എന്തോ ഉറക്കെ പറയാന്‍ ശ്രമിച്ചു. പക്ഷേ, ഒരൊറ്റ വാക്കു പോലും അവളില്‍നിന്ന് പുറത്തേക്ക് ഗമിച്ചില്ല.
പുലര്‍ച്ചെ, തത്ത്വപ്രകാശികയിലേക്കുള്ള ഇടവഴിയിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ മൂന്ന് മാസങ്ങള്‍ക്കു ശേഷം അയാള്‍ മുമ്പില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. പെണ്ണിന്റെ ശബ്ദം മാത്രമല്ല, മരണത്തിന്റെ മണവും അയാള്‍ക്കുണ്ടെന്ന് രോഹിണിക്കു തോന്നി.

''ഗുരുദേവരെ കാണാനാണോ?''

ചോദ്യം അവള്‍ക്കിഷ്ടപ്പെട്ടില്ല.

''അദ്ദേഹം മരണമടഞ്ഞോ?''

അവള്‍ക്ക് സങ്കടവും ദേഷ്യവും ഒന്നിച്ചാണ് വന്നത്.

''രോഹിണീ. നീ വിചാരിച്ചാല്‍ ആ മനുഷ്യന്‍ മരിക്കാതിരിക്കില്ല. എന്നാല്‍ ഞാന്‍ വിചാരിച്ചാല്‍ അങ്ങനെ സംഭവിച്ചേക്കും...''
രോഹിണി അരിശത്തോടെ പറഞ്ഞു.

''ആനക്കാര്യം പോലെ പറയ്ന്നത് എന്താണെന്നറിയോ. ആരെക്കുറിച്ചാണെന്ന് അറിയോ. രാവിലെതന്നെ നല്ലതെന്തെങ്കിലും പറഞ്ഞൂടേ...?''

അയാളുടെ ചിരിക്കുപോലും സ്ത്രൈണതയുണ്ടെന്ന് രോഹിണിക്കു തോന്നി.

''വാഗ്ഭടാനന്ദന്‍ മരണാസന്നനാണെന്നാണ് വാര്‍ത്ത. ചിലപ്പോള്‍ ഇനി കാണാന്‍ കഴിഞ്ഞില്ലെങ്കിലോ?''

രോഹിണി പൊട്ടിത്തെറിച്ചു.

''എന്ത്ന്നാണ് പറേന്നത്... ഗുരൂന്റെ ജീവനുവേണ്ടി നാട് മുഴുവന്‍ പ്രാര്‍ത്ഥിക്ക്യാണ്...''

''രോഹിണീ നീ ഭക്തി മൂത്ത് ഭ്രാന്ത് പറയരുത്. നാരാണത്ത് ഭ്രാന്തനാര്‍ ചുടലഭദ്രയോട് ചോദിച്ചത് ഓര്‍മ്മയുണ്ടല്ലോ? മരണം ഒരു ദിവസം നേര്‍ത്തെയാക്കാനും വൈകിപ്പിക്കാനും നമുക്ക് സാധിക്കില്ലല്ലോ...''

''ഈ തത്ത്വശാസ്ത്രം പഠിപ്പിക്കാനാ രാവിലെതന്നെ എറങ്ങിയത്?''

തത്ത്വപ്രകാശികയുടെ മുമ്പിലെ ആള്‍ക്കൂട്ടത്തെ ചൂണ്ടിക്കാട്ടി രോഹിണി മന്ത്രിച്ചു.

''ഓറൊക്കെയും കാത്തിരിക്ക്യാ. ആ ആള്‍ക്കാറ് മാത്രല്ല. മലയാളനാട് മുഴുവന്‍ കാത്തിരിക്ക്യാ... ഗുരൂന്റെ രോഗശാന്തിക്ക് വേണ്ടിറ്റ്...''

''രോഹിണീ. സൃഷ്ടി കഴിഞ്ഞാല്‍ സ്ഥിതി. സ്ഥിതിക്കു ശേഷം സംഹാരം...''

ഇവിടെ സംഹാരത്തിന്റെ മുഖവുമായി ഹരിഹരന്‍ ഇരിക്കുകയാണ്. അയാള്‍ തിരിച്ചു വന്നിരിക്കുന്നു. എന്തിന്? എന്തിന്? തന്റെ പിന്നാലെ ഗുരുവിനെ കാണാന്‍ തള്ളിക്കയറുകയായിരുന്നു... എന്തിന്?

 

.............................
Read Moreപുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക?

...........................

 

ഹരിഹരന്റെയും രോഹിണിയുടെയും മുഖത്തു നോക്കിക്കൊണ്ട് മുമ്പില്‍ ആത്മവിദ്യാസംഘം പ്രവര്‍ത്തകനായ ടി.വി. അനന്തന്‍ നില്പുണ്ടായിരുന്നു. രോഹിണി കണ്ണുകള്‍ തുടച്ചു. അനന്തന്‍ സമയമായെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഗുരുദേവരെ ഇനിയും സംസാരിപ്പിക്കരുതെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ട്. ഗുരുദേവന്‍ അനന്തനെ പിന്തിരിപ്പിച്ചു.

''രോഹിണീ. ഇതൊരു മടക്കയാത്രയാണ്. ശരീരി ശരീരത്തില്‍നിന്ന് ഭിന്നന്‍തന്നെയാണ്. ശരീരി നിലനിന്നേക്കും. അവയവസംഘാതമായ ശരീരത്തിന് പുനര്‍ജന്മമില്ല. ശരീരത്തില്‍നിന്ന് ഭിന്നമായ ജീവാത്മാവ് നിലനിന്നേക്കും. അതുകൊണ്ട് കുഞ്ഞിക്കണ്ണന്റെ യാത്ര തുടര്‍ന്നേക്കും. ദുഃഖിക്കാന്‍ കാരണമേതുമില്ല.''

ഹരിഹരന്‍ മന്ത്രിച്ചു. ''മരണം ഒരവസാനവാക്കല്ലേ... പുനര്‍ജന്മം ഒരു മിഥ്യയല്ലേ?''

രോഹിണി എന്തിനു വേണ്ടിയെന്നില്ലാതെ കരയാന്‍ തുടങ്ങി.

ഗുരുദേവന്‍ അവളെ നോക്കി പുഞ്ചിരിച്ചു. ''അനന്താ... രോഹിണിയെ കൂട്ടി പോയ്ക്കോളൂ. രോഹിണീ... കുഞ്ഞിക്കണ്ണനില്ലെങ്കിലും ആത്മ വിദ്യാസംഘം ഉണ്ടാകും. സ്വജീവിതംകൊണ്ട് പഠിപ്പിച്ചു കൊടുക്കുക. ഇത്തിരിനേരം ഞാന്‍ ഹരിഹരനുമായി സംസാരിക്കട്ടെ...''

''വേണ്ടാ... വേണ്ടാ...'' രോഹിണി അലറിക്കരഞ്ഞു.

ഹരിഹരന്റെ മുമ്പില്‍ ഗുരുദേവരെ വിട്ടു കൊടുക്കരുതെന്ന് ഉറക്കെ പറയാന്‍ അവള്‍ കൊതിച്ചു. പക്ഷേ, ഒരക്ഷരം പോലും പുറത്തേക്കു വന്നില്ല. രോഹിണി ദീനമായി നോക്കി. ഹരിഹരന്‍ നിഗൂഢമായ കണ്ണുകളോടെ ഇരിക്കുകയാണ്. കണ്ണുകളില്‍ അരുതായ്മകള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് രോഹിണിക്കു തോന്നി. എന്തിനാണ് തന്റെ പിന്നാലെ വലിഞ്ഞു കയറി വന്നത്? എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് രോഹിണിക്കു തോന്നി. അവള്‍ ഗുരുദേവന്റെ മുഖത്തേക്കു നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം വര്‍ദ്ധിച്ചിരിക്കുന്നു. വരും കാലത്തേക്കുള്ള പ്രതീക്ഷയും കിനാവുകളും ആ കണ്ണുകളില്‍ തിരയടിക്കുന്നത് അവള്‍ കണ്ടു. ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കാന്‍ ത്രാണിയുള്ള  കണ്ണുകള്‍.  ഹരിഹരനല്ല ഈ മലയാള ദേശം മുഴുവന്‍ വന്നാലും അദ്ദേ ഹത്തെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. എന്നാലും കല്പിതകഥയിലെ മനുഷ്യനെപ്പോലെ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും അദ്ഭുതങ്ങള്‍ കാണിച്ച മനുഷ്യന്‍. ഒരിക്കലും വിട്ടു പോകാന്‍ പറ്റാത്ത വിധത്തില്‍ ചങ്ങലകളാല്‍ ബന്ധിതയാണ് താനെന്നവള്‍ക്കു തോന്നി...

അനന്തന്‍ കാത്തു നില്‍ക്കുകയാണ്. ''അനന്താ അല്പംകഴിഞ്ഞ് രാഘവനോട് ഇങ്ങോട്ട് വരാന്‍ പറയണം.''

അനന്തന്‍ തലയാട്ടി. ചെറുവണ്ണൂര്‍ ആത്മവിദ്യാസംഘം പ്രസിഡണ്ട് പി. രാഘവന്‍ പുറത്ത് നില്‍ക്കുന്നത് രോഹിണി കണ്ടിരുന്നു.

അനന്തന്‍ രോഹിണിയുടെ കൈ പിടിച്ച് പുറത്തേക്കു നടന്നു. കട്ടിലപ്പടിയിലെത്തിയപ്പോള്‍ അവള്‍ ഒന്നുകൂടി തിരിഞ്ഞു നോക്കി. ഹരിഹരന്‍ എന്തോ മന്ത്രിക്കുന്നുണ്ട്. ഗുരു കണ്ണുകളടച്ചിരിക്കുകയാണ്.

കുഞ്ഞേക്കു ഗുരിക്കള്‍ ആലോചനയില്‍ മുങ്ങി പുറത്തെ ചുമരും ചാരിനില്‍ക്കുന്നുണ്ട്. പുറത്ത് ആള്‍ക്കൂട്ടം ഗുരുദേവരെ കാണാന്‍ തിക്കിത്തിരക്കി നില്‍ക്കുന്നുണ്ട്. ഇത്ര വെളുപ്പിന് തന്നെ ആളുകള്‍ തത്ത്വപ്രകാശിയിലെത്തിച്ചേര്‍ന്നത് ഈ മഹാഗുരുവിനെ കണ്‍ പാര്‍ക്കാനാണ്. അനേകം മനുഷ്യരുടെ ജീവിതത്തെ പുതിയ ആകാശങ്ങളിലേക്ക് നയിച്ച ഗുരുവിനെ ദര്‍ശിക്കാന്‍.

ഗുരു മന്ത്രിക്കുന്നത് വ്യക്തമായി അവള്‍ കേട്ടു.

ഞാന്‍ വാഗ്ഭടാനന്ദന്‍...

വാഗ്ഭടാനന്ദന്‍ ഒരാളല്ല. അനേകം പേരാണ്. താന്‍ വാഗ്ഭടാനന്ദന്‍ ആണെന്ന് അവള്‍ക്കു തോന്നി. ഗുരുദേവരെ കാണാന്‍ എത്തിച്ചേര്‍ന്ന ഓരോ മനുഷ്യനും ഇനിയും എത്തിച്ചേരേണ്ടുന്ന ആയിരക്കണക്കിനാളുകളും സ്വയം മന്ത്രിക്കുന്നത് രോഹിണിയറിഞ്ഞു.

ഞാന്‍ വാഗ്ഭടാനന്ദന്‍...

നിരാര്‍ദ്രമായ പഥങ്ങളില്‍നിന്ന് ജീവിതത്തെ കണ്ടെത്തിയ ഗുരുവിനെ അറിയുകയാണ്. പാട്യത്തുനിന്ന് പുറപ്പെട്ട വലിയ ജാഥയ്ക്കു മുന്നില്‍ ഗുരുദേവനുണ്ട്. പിന്നില്‍ ഉറച്ച കാല്‍വെപ്പുകളുമായി രോഹിണിയുണ്ട്. ആത്മവിദ്യാസംഘത്തിന്റെ പടയണിയില്‍ ഓരോരുത്തരായി അണിചേരുകയാണ്. ജീവിതത്തെ തിരിച്ചു പിടിക്കുന്ന ആ ജീവിതാഹ്വാനം അനേകായിരം മനുഷ്യരുടെ ചുണ്ടില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുകയാണ്. ഓരോരുത്തരും വാഗ്ഭടാനന്ദനായി മാറുകയാണ്. ചരിത്രത്തെയും ജീവിതത്തെയും വീണ്ടെടുത്തുകൊണ്ട് ഉണര്‍ത്തുപാട്ടു പോലെ ശബ്ദം ഉയര്‍ന്നു വരികയാണ്.

 

...................................

Read More : എന്റെ ഭാര്യ ജീവനൊടുക്കിയ ആ ദിവസം; മതതീവ്രവാദികള്‍ കൈ  വെട്ടിമാറ്റിയ പ്രൊഫ ടി ജെ ജോസഫ് എഴുതുന്നു

...................................

 

'ഉണരുവിന്‍... അഖിലേശനെ സ്മരിപ്പിന്‍
ക്ഷണമെഴുന്നേല്പിന്‍, അനീതിയോടെതിര്‍പ്പിന്‍...'

രോഹിണി വിറയാര്‍ന്ന ചുണ്ടുകളോടെ ഉറക്കെ ചൊല്ലി.

തത്ത്വപ്രകാശികയില്‍ ഗുരുദേവരെ കാണാന്‍ വേണ്ടി എത്തിച്ചേര്‍ന്ന ആള്‍ക്കൂട്ടം ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ ആ കണ്ഠങ്ങളില്‍ നിന്ന് ആരവം ഉയര്‍ന്നുവന്നു.

'ഉണരുവിന്‍... അഖിലേശനെ സ്മരിപ്പിന്‍
ക്ഷണമെഴുന്നേല്പിന്‍, അനീതിയോടെതിര്‍പ്പിന്‍...'

തത്ത്വപ്രകാശികയിലെ അകത്തെ കട്ടിലില്‍ കിടക്കുന്ന വാഗ്ഭടാനന്ദന്റെ ചുണ്ടുകള്‍ നിര്‍വൃതിയോടെ അതേറ്റു ചൊല്ലി. നിറഞ്ഞ മന്ദസ്മിതത്തോടെ ആ ചുണ്ടുകള്‍ നിശ്ശബ്ദമായി.

പെട്ടെന്ന് ആള്‍ക്കൂട്ടം നിയന്ത്രണമറ്റവരെപ്പോലെ ഇളകിമറിഞ്ഞു.

രോഹിണി പകച്ചു നിന്നു. അതു സംഭവിച്ചിരിക്കുന്നു. ചിന്തയെ മുറിച്ചെറിഞ്ഞുകൊണ്ട് രോഹിണി കട്ടിലപ്പടിക്കടുത്തേക്കു നീങ്ങി. എവിടെയാണയാള്‍...?

ആള്‍ക്കൂട്ടത്തിനിടയിലൂടെ നീങ്ങിനീങ്ങി പോകുന്ന ആ കാവി വസ്ത്രത്തെ അവള്‍ കണ്ടു. ഇല്ല. അയാളെ വിടാന്‍ പാടില്ല. ഗുരുദേവര്‍ മരണത്തെ ഏറ്റവും പ്രിയത്തോടെ ഏറ്റു വാങ്ങിയതോ, അതോ മരണത്തിന്റെ ദൂതുമായി വന്ന ഹരിഹരന്‍... ഇല്ല, വിടരുത്. രോഹിണി മുന്നോട്ടു കുതിച്ചു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അയാള്‍ മുന്നോട്ട് നീങ്ങുകയാണ്. ഇനി ഒരിക്കലും അയാളെ കാണാന്‍ പറ്റിയില്ലെങ്കിലോ.

രോഹിണി നീട്ടി വിളിച്ചു ചോദിച്ചു: 'നിങ്ങള്‍ എന്റെ ഗുരൂനെ എന്താ ചെയ്തത്?'

പക്ഷേ, ആ വാക്കുകള്‍ രോഹിണി മാത്രമേ കേട്ടുള്ളൂ. രോഹിണിക്ക് സത്യം അറിയണമായിരുന്നു. രോഹിണിയുടെ യാത്ര തുടങ്ങുകയാണ്. ഹരിഹരനെ തേടിയുള്ള യാത്ര. അത് അവളെ തേടിയുള്ള യാത്രതന്നെയായിരുന്നു.

അന്ന് 1115 തുലാം പതിനാലാം തീയതിയായിരുന്നു. ആളുകള്‍ ഏറ്റു ചൊല്ലിക്കൊണ്ടിരുന്നു.

''ഉണരുവിന്‍...''

ഒരിക്കലും ഉണരാത്ത നിദ്രയില്‍നിന്ന് ഗുരുദേവന്‍ ഉണര്‍ന്നതായി രോഹിണിക്കു തോന്നി.

വാഗ്ഭടാനന്ദന് മരണമില്ല. മൃത്യുവിന്റെ ഏത് വഴിത്താരകളില്‍ ഇടറി വീണാലും തമസ്‌കരണത്തിന്റെ ഏത് വാറോലകളില്‍ പൊതിഞ്ഞു വെച്ചാലും ജന്മജന്മാന്തരങ്ങളിലൂടെ പുനര്‍ജ്ജനിച്ചു കൊണ്ടിരിക്കും. കാലമെത്ര കഴിഞ്ഞാലും വാഗ്ഭടാനന്ദന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. കോരന്‍ ഗുരിക്കളുടെ മകന്റെ യാത്ര വിഫലമായില്ല.

 

പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...
 

Follow Us:
Download App:
  • android
  • ios