76 -ാം വയസ്സിൽ മൊയ്തുവിന്റെ പുസ്തകം, 'മറുഭൂമി'‌യിലെ പുറപ്പാടുകളും അതിജീവനങ്ങളും

സ്കൂളിൽ പഠിക്കുമ്പോൾ നാടകമെഴുതുകയും അഭിനയിക്കുകയും ഒക്കെ ചെയ്തു മൊയ്തു. ചൊക്ലി 'വേട്ടക്കൊരു മകന്‍ ക്ഷേത്ര'ത്തില്‍ ഉല്‍സവത്തിന് നാടകത്തിൽ അഭിനയിച്ചു. എന്നാൽ, കവിതകളും കഥകളും നാടകവുമൊന്നുമായി നാട്ടിൽ‌ നിൽക്കാനായില്ല. ജീവിതം അതിനേക്കാൾ വലിയ നാടകമാണല്ലോ?

first book at the age of 76 marubhumi by Moidu Parammal

76 -ാമത്തെ വയസിൽ ഒരാൾ തന്റെ ആദ്യത്തെ പുസ്തകം ഇറക്കുന്നു, കേൾക്കുമ്പോൾ വിശ്വസിക്കാൻ ചെറിയൊരു പ്രയാസം തോന്നും അല്ലേ? എന്നാൽ, മാഹി ഒളവിലത്തെ പാറമ്മൽ മൊയ്തുവിന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ 76 -ാമത്തെ വയസിലാണ്. ജീവിതത്തിലെ പല കാലങ്ങളിലായി അദ്ദേഹം കുറിച്ചുവച്ച കുറിപ്പുകളും എഴുതിവച്ച കഥകളും എല്ലാം ചേർന്നതാണ് ഈ പുസ്തകം. 

'മറുഭൂമി: പുറപ്പാടുകളുടെയും അതിജീവനങ്ങളുടെയും പുസ്തകം' എന്നാണ് മൊയ്തുവിന്റെ ആദ്യപുസ്തകത്തിന്റെ പേര്. കടലിനക്കരെയും ഇക്കരെയുമായി നിന്ന് അദ്ദേഹമെഴുതിയ കുറിപ്പുകളും കഥകളുമെല്ലാം അതിലുണ്ട്. 

ചൊക്ലിക്കും മാഹിക്കും ഇടയിലുള്ള ഒളവിലം പള്ളിക്കുനിയാണ് മൊയ്തുവിന്റെ സ്വദേശം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി മൊയ്തു കവിത കുത്തിക്കുറിക്കുന്നത്, അതും വീട്ടിലെ ചുമരിൽ. പിന്നീട്, ഏഴിൽ പഠിക്കുമ്പോൾ മൊയ്തു ഒരു നാടകമെഴുതി. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോഴാണ് ചെറുകഥയെഴുതുന്നത്. ക്ലാസിലൊരു കുട്ടിക്ക് അധ്യാപകന്റെ അടി കിട്ടിയപ്പോൾ അവൻ കരഞ്ഞ കരച്ചിലാണ് ആ കഥയ്ക്ക് പിന്നിലത്രെ. അച്ഛൻ മരിക്കുന്നതിന്റെ തലേദിവസം അവനൊരു പേന വാങ്ങി നൽകിയിരുന്നു. ആ പേനയാണ് അധ്യാപകന്റെ അടി കിട്ടിയപ്പോൾ പൊട്ടിപ്പോയത്. ആ വേദന പകർത്തിവച്ചു മൊയ്തു തന്റെ കഥയിൽ. യുവജനോത്സവത്തിൽ ആ കഥയ്ക്ക് സമ്മാനം കിട്ടി. 

സ്കൂളിൽ പഠിക്കുമ്പോൾ നാടകമെഴുതുകയും അഭിനയിക്കുകയും ഒക്കെ ചെയ്തു മൊയ്തു. ചൊക്ലി 'വേട്ടക്കൊരു മകന്‍ ക്ഷേത്ര'ത്തില്‍ ഉല്‍സവത്തിന് നാടകത്തിൽ അഭിനയിച്ചു. എന്നാൽ, കവിതകളും കഥകളും നാടകവുമൊന്നുമായി നാട്ടിൽ‌ നിൽക്കാനായില്ല. ജീവിതം അതിനേക്കാൾ വലിയ നാടകമാണല്ലോ? പല വേഷങ്ങളല്ലേ? പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മൊയ്തു നേരെ അക്കരേയ്ക്ക്. വീട്ടുകാർ ആളെ നാടുകടത്താൻ തീരുമാനിക്കുകയായിരുന്നു. മൊയ്തുവിനെ ഖത്തറിലേക്ക് കൊണ്ടു പോവാനായിരുന്നു തീരുമാനം. 16 വയസ്സുള്ള മൊയ്തുവിനെ 23 വയസ്സുകാരനാക്കിയാണ് അന്ന് പാസ്‌പോര്‍ട്ടെടുത്തത്. 

first book at the age of 76 marubhumi by Moidu Parammal

അങ്ങനെ ആദ്യം ട്രെയിനില്‍ ബോംബെയ്ക്ക്. പിന്നെ കപ്പലിൽ ഖത്തറിലേക്കും. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ദോഹയിലായിരുന്നു. ഏറെക്കാലം പ്രവാസജീവിതം. മരുഭൂമിയിലെ ചൂടിൽ മൊയ്തുവിന്റെ സർ​ഗവാസനകളും കരിഞ്ഞു തുടങ്ങി. എന്നാൽ, 80 -കളിൽവീണ്ടും വായന തിരികെ വന്നു. സുഹൃത്തുക്കളുണ്ടായി. കഥയെഴുതാൻ തുടങ്ങി. അതിനിടയിൽ ഒരു സാംസ്കാരിസംഘടനയും ഉണ്ടാക്കി. 

ഫേസ്ബുക്ക് പിന്നീട് സജീവമായല്ലോ? അങ്ങനെ 2014 മുതൽ‌ മൊയ്തുവും ഫേസ്ബുക്കിൽ എഴുതിത്തുടങ്ങി. ഒരുപാട് കമന്റുകൾ. ആ പ്രോത്സാഹനം കൂടിയാണ് പുസ്തകമെന്ന സ്വപ്നത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. അങ്ങനെ 'മറുഭൂമി' എന്ന പുസ്തകം പിറന്നു. പലകാലത്തെ കഥകളും അനുഭവങ്ങളും എല്ലാം കൂടിച്ചേർന്നതാണ് ഈ പുസ്തകം. 

ഇനിയുമുണ്ട് മൊയ്തുവിന് സ്വപ്നങ്ങൾ. നോവലും ആത്മകഥയും എഴുതണമെന്ന ആ​ഗ്രഹവും അതിൽ പെടും. ഒപ്പം ഒരിക്കൽ അവസാനിക്കേണ്ടി വന്ന പഠനം തുടരാനുള്ള ആ​ഗ്രഹവുമുണ്ട് അദ്ദേഹത്തിന്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios