പുസ്തകപ്പുഴയില്‍ ഇന്ന് എസ് ഹരീഷ് എഴുതിയ 'പട്ടുനൂല്‍പ്പുഴു' എന്ന നോവലിന്റെ വായന. കെ. പി ജയകുമാര്‍ എഴുതുന്നു 

സാംസയുടെയും നാടാഷയുടെയും പുഴുനില മരണത്തിലും സ്വപ്നത്തിലും പുലരാനാകുന്ന പ്രതിജീവിതമാണ്. അതിന് അസ്തിത്വത്തിന്റെ ഭാരമില്ല. എന്നാല്‍ ശലഭം എന്ന കാമനയില്‍ അദൃശ്യമയി മുറുകുന്ന കെട്ടുകളുണ്ട്. വിപരീത സംഘര്‍ഷങ്ങളാല്‍ വരിഞ്ഞുചുറ്റുന്ന നൂലുകൊണ്ടാണ് മനുഷ്യസ്വത്വം അവരുടെ പുഴുനിലയെ ആവരണം ചെയ്യുന്നത്. അങ്ങനെ പട്ട് ചിറകുകള്‍ക്ക് താങ്ങാനാവുന്നതിലും അധികം ഭാരവുമായി പിറവിയെടുക്കുന്ന പരിണാമ സന്ധികളെയാണ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴു കണ്ടെടുക്കുന്നത്. ഭാവനയെ ചൂഴുന്ന അനേക സാംസ്‌കാരിക അനുഭവങ്ങളുടെ നെയ്ത്തുവിദ്യ നോവലിന്റെ ആഖ്യാനഗതിയെ പൊതിഞ്ഞ് നില്‍ക്കുന്നു.

സാംസ എന്ന കൗമാരക്കാരനിലൂടെ കാണാനാകുന്ന ലോകമാണ് എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴു. സ്വപ്നത്തിലേയ്ക്കും ഭാവനയിലേയ്ക്കും തുറന്നു ചെല്ലാനാകുന്ന ഭാഷയുടെ താക്കോല്‍ സാംസയിലുണ്ട്. വ്യക്തിയുടെ സാമൂഹ്യാനുഭവങ്ങളും ഇന്ദ്രിയാനുഭവങ്ങളും ഭാവനയും തത്വചിന്തയും ഭാഷയെ ഭാരപ്പെടുത്തുന്നില്ല. സാംസയുടെ ഭാഷയ്ക്ക് അതിരുകളില്ല. അവന്റെ കൗമാര കൗതുകംപോലെ, നേര്‍വഴികളിലൂടെയും പറമ്പുകളിലൂടെയും വിജനതകളിലൂടെയും പട്ടണങ്ങളിലൂടെയും കളി മൈതാനങ്ങളിലൂടെയും വായനശാലയിലൂടെയും ഇടിഞ്ഞുപൊളിഞ്ഞ വീടുകളുടെ സ്മരണകളിലൂടെയും അതിന് അനായാസം ഒഴുകാനാകും. യുക്തിയുടെ സന്ദേഹങ്ങളഴിയുകയാല്‍ ഇലു എന്ന നായയോടും സ്റ്റീഫന്റെ ഉന്‍മാദത്തോടും മരിച്ചുപോയ പെണ്‍കുട്ടിയോടും മരണം കാത്തുനില്‍ക്കുന്ന മുട്ടനാടിനോടും അവന് വിനിമയം സാധ്യമാണ്. അതിനാല്‍, സമകാലിക നോവല്‍ ഭാഷയില്‍ അതീവ സൂക്ഷ്മമായി ചെയ്യുന്ന ഒരെഴുത്തുവിദ്യയാണ് പട്ടുനൂല്‍പ്പുഴു.

ഭാവനയ്ക്ക് ചരിത്രമുണ്ടോ? സാംസ കടന്നുവരുന്നത് ചരിത്രത്തില്‍ നിന്നാണല്ലോ. ഫ്രാന്‍സ് കാഫ്കയുടെ 'മെറ്റമോര്‍ഫസീസ്' (The Metamorphosis) എന്ന നോവലിലെ കഥാപാത്രമായ ഗ്രിഗര്‍ സാംസ നോവല്‍ ചരിത്രത്തില്‍നിന്ന് ദേശഭാവനയിലേയ്ക്ക് അടര്‍ന്നുവീണതാണ്. അവന്റെ സ്വപ്നത്തിലും ഏകാന്തതകളിലും കൂട്ടുകൂടുന്ന കൗമാരത്തിലേ മരിച്ചുപോയ പെണ്‍കുട്ടിയ്ക്ക് അവന്‍ കണ്ടെത്തുന്ന പേര് നടാഷ എന്നാണ്. ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന നോവലില്‍ നിന്നാകണം ആ പേരിന്റെ വരവ്. മനുഷ്യര്‍ ചരിത്രത്താല്‍ ചുറ്റപ്പെട്ടവരാണ്. അതിനാല്‍ ബഹുസാംസ്‌കാരിക പാഠങ്ങള്‍ വ്യക്തി ഭാവനയില്‍ കലരും.

വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും തെരഞ്ഞെടുപ്പുകളെയും വൈകാരികവും ബൗദ്ധികവുമായ നിലകളെയും നിലപാടുകളെയും സ്വാധീനിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന സാംസ്‌കാരിക നിര്‍മ്മിതിയാണ് ഭാവന. ഭാവനയുടെ ഉള്ളടക്കം എന്താണ്? ഭാവനയുടെ ഫലങ്ങള്‍ എന്തൊക്കെ, എങ്ങനെയൊക്കെ വ്യക്തിയെ-സമൂഹത്തെ അത് രൂപാന്തരപ്പെടുത്തുന്നു? ഒരു സാംസ്‌കാരിക രൂപം എന്ന നിലയില്‍ മലയാള ഭാവനയുടെ ചിരിത്രത്തില്‍ വ്യക്തി കടന്നുപോകുന്ന അനേക അനുഭവങ്ങളുടെ ശകലങ്ങള്‍ വീണുകിടപ്പുണ്ട്. പട്ടുനൂല്‍പ്പുഴുവിന്റെ ഭൂമികയില്‍ മലയാളി ഭാവനയുടെ ഭൂപടമുണ്ട്. ദേശം എന്ന ആശയത്തെ മായ്ച്ച് വരയ്ക്കുന്ന അനേക കളങ്ങളുള്ള അതിന്റെ ഭൂപരപ്പില്‍ ക്രമവും കാലവും തെറ്റിയ്ക്കുന്ന കാലാള്‍ സഞ്ചാരം അനുഭവിക്കാനാകും. വായന ഒരു ഇന്ദ്രിയാനുഭവമാണ്!

പട്ടുനൂല്‍പ്പുഴു എന്ന ശീര്‍ഷകം അവസ്ഥയുടെ സൂചകമാണ്. ശലഭമോ പുല്‍ച്ചാടിയോ ആയി മാറിയേക്കാവുന്ന ഭാവനയുടെ 'വിപരിണാമത്തെ' (The Metamorphosis), അതിനുമുമ്പുള്ള അന്തരാള ഘട്ടത്തില്‍ നിര്‍ത്തുകയാണ് നോവല്‍. പരിണാമത്തിന്റെ ഈ അപൂര്‍ണ്ണത അഥവാ അകാലം വിപരിണാമത്തിന്റെ അസ്തിത്വവാദപരവും ദാര്‍ശനികവുമായ ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്നു. ചരിത്രത്തിലെ ഈ ദാര്‍ശനിക ഭൂതകാലത്തെ കടന്ന് പോകാന്‍ ഒരു പുതിയ നോട്ടം ആവശ്യമാണ്. അതാണ് ഉണര്‍വിലും സ്വപ്നത്തിന്റെ തരികള്‍ ബാക്കി നില്‍ക്കുന്ന സാംസയുടെ കാഴ്ച. ഒരു പുതിയ ഭാഷ ആവശ്യമായിരുന്നു. അതിനാണ് കൗമാരത്തിന്റെ ഭാരക്കുറവ് തോന്നുന്ന ആഖ്യാന ഭാഷ നോവല്‍ സ്വീകരിക്കുന്നത്. അങ്ങനെ സ്ഥലകാലങ്ങളിലൂടെ വികസിച്ചുവരുന്ന അനുഭവങ്ങളിലൂടെ പൂര്‍വപാഠങ്ങളെ കടന്ന് പോകാന്‍ പട്ടുനൂല്‍പ്പുഴു എന്ന രൂപകത്തിന് സാധിക്കുന്നു.

നോവലിന്റെ ഭൂമികയാകട്ടെ ആഗോളതയുടെ ഒരു തുള്ളിയാണ്. കേരളം എന്ന ഭാഷാദേശം അനവധി ദേശകാലങ്ങളുടെയും അനുഭവങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭൂപടങ്ങളുടെ കലര്‍പ്പാണ്. ഈന്തും തെങ്ങും പൊങ്ങല്യവും വെള്ളക്കെട്ടും ഇടത്തോടുകളും പറമ്പുകള്‍ മുറിച്ച് കടന്ന് പോകാവുന്ന അയല്‍ അടുപ്പങ്ങളുമുള്ള ദേശം. അരമണിക്കൂര്‍ യാത്രചെയ്താല്‍ എത്തുന്നിടത്ത് തട്ടുതട്ടായി കൃഷി ചെയ്യാനാകുന്ന അയല്‍ദേശം. ഗ്രാമീണ വായനശാലയും റേഷന്‍കടയും La Puerta എന്ന മ്യൂസിക് ഷോപ്പും ചാരായക്കടയും വൈദ്യശാലയും അജമാംസ രസായനമുണ്ടാക്കുന്ന വാണിഭക്കാരും കലര്‍ന്ന് പുലരുന്ന ഗ്രാമകേന്ദ്രം. നടന്ന് പോകാവുന്ന ദൂരത്തില്‍ പട്ടണം. സിനിമാശാലയും ചന്തയും. അതിസങ്കീര്‍ണ്ണമായ യന്ത്രങ്ങളുടെ അവയവ ഛേദത്തില്‍ ആനന്ദം പങ്കിടുന്ന ആക്രിക്കട. വോളിബോളിലും ക്രിക്കറ്റിലും ഫുട്‌ബോളിലും വിയര്‍ക്കുകയും വിലസുകയും ചെയ്യുന്ന കൗമാരവും യൗവനവും; പ്രണയവും ഭ്രാന്തും മതവും ഒളിച്ചോട്ടവും; ഗ്രിഗര്‍ സാംസയും നടാഷയും; ഫ്രാന്‍സ് കാഫ്കയും ടോള്‍സ്റ്റോയിയും; വിപരിണാമവും യുദ്ധവും സമാധാനവും; ജീവിതവും അസ്തിത്വവും മരണവും; സ്വപ്നവും യഥാര്‍ത്ഥ്യവും; എന്നിങ്ങനെ ഒറ്റ എന്ന അനുഭവത്തെ നിരസിക്കുന്ന പലമയുടെ, പലതിന്റെ, അനേക ശകലങ്ങളുടെ നോവല്‍ പ്രദേശമാണ് പട്ടുനൂല്‍പ്പുഴു.

അപ്പോഴും ഒറ്റയാകലിന്റെ അഴല്‍ പേറുന്നവരാണ് സാംസയും നടാഷയും വിജയനും ആനിയും സ്റ്റീഫനും ശ്യാമയും. വീട്ടിലും ആള്‍ക്കൂട്ടത്തിലും സാംസ അദൃശ്യനാണ്. കുട്ടികളെ ചൂഴുന്ന അദൃശ്യതയെക്കുറിച്ച് നോവല്‍ സംസാരിക്കുന്നുണ്ട്. മുതിരുമ്പോള്‍ മാത്രം ദൃശ്യമാകുന്ന അസ്തിത്വത്തിന്റെ പൊരുളെന്താണ്? കുട്ടികളുടെ സ്വത്വത്തെ അഭിസംബോധന ചെയ്യാന്‍ കാലം വിമുഖത കാട്ടുന്നത് എന്തുകൊണ്ട്? മുതിര്‍ന്നവരുടെയും കുട്ടികളുടെയും തന്‍മയില്‍ ലീനമായിരിക്കുന്ന സാമൂഹികതയുടെ സംഘര്‍ഷമാണ് പട്ടുനൂല്‍പ്പുഴുവിലെ സാംസയുടെ അദൃശ്യത.

ജീവിതം എന്ന ഭൗതിക യാഥാര്‍ത്ഥ്യത്തെയാണ് നോവല്‍ അതിന്റെ സങ്കീര്‍ണതകളോടെ അഭിസംബോധന ചെയ്യുന്നത്. ഒരിക്കലും അവസാനിക്കാത്ത ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതുപോലെയാണ് ജീവിതം. ഓരോരുത്തരായി കാഴ്ചയില്‍ നിന്ന് മറയുന്നു. പിന്നീട് കണ്ട് മുട്ടിയേക്കാം. കണ്ടില്ലെന്നും വരാം. വ്യക്തി കാമനയും ഭൗതിക യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഈ സംഘര്‍ഷം പട്ടുനൂല്‍പ്പുഴുവിന്റെ അടരുകളിലൊന്നാണ്.

സ്വന്തം ശരീരത്തെ നൂറ്റെടുക്കുന്ന നൂല്‍ക്കെട്ടിനുള്ളിലെ പട്ട് പുഴുവിന്റെ സമാധിയില്‍ ശലഭമായിത്തീരാനുള്ള അഭിലാഷമുണ്ട്. തൃഷ്ണയുടെ നെയ്ത്തുശാലയാണത്. നിശാശലഭമായി അത് പുറത്ത് വരുമ്പോള്‍ പട്ടുനൂലുകള്‍ പലപാട് മുറിഞ്ഞുപോകും. നെയ്‌തെടുക്കാന്‍ ആവാത്തവിധം ശിഥിലമാകുന്ന നൂല്‍ചന്തം. അതൊരു ദുര്യോഗമാണ്. ഒരു ഉല്‍പ്പന്നം എന്ന നിലയില്‍ പട്ടിന്റെ ഭൗതിക മൂല്യത്തിന് ഏല്‍ക്കുന്ന തകര്‍ച്ച. കടംവാങ്ങിവാങ്ങി നൂല്‍ക്കെട്ടുകളെല്ലാം പൊട്ടുന്ന, അഭിമാനത്തിന്റെ ചന്തങ്ങളെല്ലാം അഴിയുന്ന വിജയനില്‍ ശലഭജീവിതത്തിന്റെ നിര്‍ത്ഥകതയെക്കുറിച്ചുള്ള ഭൗതിക സംവാദമുണ്ട്. വ്യക്തി ഒരു സാമ്പത്തിക സ്ഥാപനവും ജീവിതം വിപണി യാഥാര്‍ഥ്യവും ആകുന്ന സമകാലികതയില്‍ വിജയന്‍ ഒരു രൂപകമാണ്.

പട്ട് എന്ന ഭൗതിക യാഥാര്‍ത്ഥ്യത്തിനും ശലഭം എന്ന ജൈവ സത്യത്തിനും ഇടയിലെ അപരസ്ഥലമാണ് പുഴുനില. പട്ടുശലഭങ്ങളുടെ ജീവിതചക്രത്തിലെ അന്തരാള ഘട്ടം. മരണത്തിനും ജീവിതത്തിനുമിടയിലെ കാമനയുടെ ഇടനേരം. ഭ്രാന്തില്‍ നിന്ന് അടരുന്ന മനസ്സ് സ്വാഭാവികതയില്‍ പതിയ്ക്കുന്നതിന് മുമ്പുള്ള ആയം. സ്വപ്നത്തില്‍ നിന്ന് പുറപ്പെട്ട് ജീവിതത്തിന്റെ ഭ്രമണപഥത്തില്‍ തിരികെ പ്രവേശിക്കുന്നതിനു് മുമ്പുള്ള ഭ്രമനേരം. സാംസയുടെ കൗമാര ജീവിതത്തിലും നടാഷയുടെ കൗമാര വിയോഗത്തിലും പട്ടുനൂല്‍പ്പുഴുവിന്റെ ഈ ഉപമയുടെ അടരുകളുണ്ട്. വിജയനിലും ആനിയിലും സ്റ്റീഫനിലും ശ്യാമയിലും മാര്‍ക്ക് സാറിലും ശലഭജീവിതങ്ങളുടെ മോഹഭംഗങ്ങളും കാണാം.

സാംസയുടെയും നാടാഷയുടെയും പുഴുനില മരണത്തിലും സ്വപ്നത്തിലും പുലരാനാകുന്ന പ്രതിജീവിതമാണ്. അതിന് അസ്തിത്വത്തിന്റെ ഭാരമില്ല. എന്നാല്‍ ശലഭം എന്ന കാമനയില്‍ അദൃശ്യമയി മുറുകുന്ന കെട്ടുകളുണ്ട്. വിപരീത സംഘര്‍ഷങ്ങളാല്‍ വരിഞ്ഞുചുറ്റുന്ന നൂലുകൊണ്ടാണ് മനുഷ്യസ്വത്വം അവരുടെ പുഴുനിലയെ ആവരണം ചെയ്യുന്നത്. അങ്ങനെ പട്ട് ചിറകുകള്‍ക്ക് താങ്ങാനാവുന്നതിലും അധികം ഭാരവുമായി പിറവിയെടുക്കുന്ന പരിണാമ സന്ധികളെയാണ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴു കണ്ടെടുക്കുന്നത്. ഭാവനയെ ചൂഴുന്ന അനേക സാംസ്‌കാരിക അനുഭവങ്ങളുടെ നെയ്ത്തുവിദ്യ നോവലിന്റെ ആഖ്യാനഗതിയെ പൊതിഞ്ഞ് നില്‍ക്കുന്നു.