പുസ്തകപ്പുഴയില്‍ ഇന്ന് ഷാജഹാന്‍ കാളിയത്ത് എഴുതിയ കൊക്കോസ് ന്യൂസിഫെറ എന്ന കഥാസമാഹാരത്തിന്റെ വായന. ജാസ്മിന്‍ ജോയ് എഴുതുന്നു

വ്യത്യസ്ത ഭൂപടങ്ങള്‍ നിവര്‍ത്തുന്ന, ചരിത്രത്തിന്റെ ഗതിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന, പരമ്പരാഗത കഥാശൈലികളെ മാറ്റിയെഴുതുന്ന, സ്ത്രീപക്ഷത്ത് നില്‍ക്കുന്ന, മനുഷ്യാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന കഥാസമാഹാരമാണ് 'കൊക്കോസ് ന്യൂസിഫെറ.'

കഥകള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന അനുഭൂതിയും ആഴമേറിയ ജീവിതാവബോധവുമുണ്ട്. കഥകള്‍ക്ക് സഹജമായ ആ കഴിവ് കൂടുതലുള്ളത് മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മചരിത്രം ആലേഖനം ചെയ്യുന്ന കഥകളിലാണ്. ആ ഗണത്തില്‍പ്പെടുത്താവുന്ന സവിശേഷമായ കഥാ സമാഹാരമാണ് ഷാജഹാന്‍ കാളിയത്തിന്റെ 'കൊക്കോസ് ന്യൂസിഫെറ.'

11 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പല കഥകളും സര്‍ഗാത്മകതയുടെ അസാധാരണമായ സ്പര്‍ശമുള്ളവയാണ്. ജീവിതാവസ്ഥയുടെ ആഴങ്ങളും അടിയൊഴുക്കുകളും ഉള്‍ച്ചേര്‍ന്നവ. മികച്ച ആഖ്യാനം കൊണ്ട് വിഭിന്നങ്ങളായ ഇതിവൃത്തങ്ങളെ പുസ്തകം സൂക്ഷ്മമായി പരിചരിക്കുന്നു. അവ രാഷ്ട്രീയമായ ഔന്നത്യങ്ങള്‍ എത്തിപ്പിടിക്കുന്നു. ലോക സിനിമയും ഗസലും ചിത്രകലയും സ്വഭാവിക ഭംഗിയോടെ ഈ കഥകളില്‍ ലയിച്ചുറങ്ങുന്നു. ചരിത്ര സംഭവങ്ങളെയും ചരിത്രപുരുഷന്‍മാരെയും വര്‍ത്തമാന ജീവിതവും സംഘര്‍ഷങ്ങളുമായി സവിശേഷരീതിയില്‍ അവ ബ്ലെന്‍ഡ് ചെയ്യുന്നു. 

മാന്ത്രികതയുടെ താക്കോല്‍

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും സിനിമാനിരൂപകനും സംഗിതാസ്വാദകനും കൂടിയായ ഷാജഹാന്‍, കഥ മെനഞ്ഞെടുക്കാനുള്ള വൈഭവം തന്റെ ഉമ്മാമയില്‍ നിന്ന് ലഭിച്ചതാകാമെന്ന് ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഭാവനയുടെയും കഥകളുടെയും ലോകത്ത് ജീവിച്ചിരുന്ന ഉമ്മാമ കഥാപാത്രമായി വരുന്ന കഥയാണ് 'ഉമ്മാമയുടെ ജിന്നുകള്‍.' മാജിക്കലായ പരിസരമാണ് ഈ കഥയ്ക്കുള്ളത്. കാഴ്ചകളിലും സ്വപ്നങ്ങളിലും നിറയെ ജിന്നുകളും മഴരാത്രികളും കൊമ്പുള്ള മീനുകളും മാണിക്യവും ഉള്ള ഉമ്മാമ. ഭാവനാജീവിയായ ഉമ്മാമ അപരലോകത്താണ് ജീവിക്കുന്നത്. മറ്റാളുകള്‍ അതിനെ ഉന്മാദം എന്നു വിളിച്ചു. ഉമ്മാമയുടെ ഉന്മാദമാണ് പത്തായപ്പുരയുടെ താക്കോലിലൂടെ കഥാകാരന് കൈമാറുന്നത്.

ചരിത്രത്തിന്റെ ചോര

കടത്തനാടാണ് കഥാകൃത്തിന്റെ കഥാദേശം. കടത്തനാടന്‍ കളരിയും പകയും പൊയ്ത്തും ഉറങ്ങാതെ കിടക്കുന്ന ഭൂമി. പകയുടെയും രക്തത്തിന്റെയും മരണത്തിന്റെയും ഗന്ധമുള്ള കടത്തനാടന്‍ ചരിത്രത്തെ വര്‍ത്തമാനകാല രാഷ്ട്രീയവുമായി ബന്ധിപ്പിക്കുകയാണ് ആദ്യ കഥയായ 'പൂഴിക്കടകന്‍.' ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ ചരിത്രത്തിന്റെ ഇഴകളിലേക്ക് ബന്ധിപ്പിക്കുകയാണ് കഥാകൃത്ത് ഈ കഥയില്‍. വടക്കന്‍ പാട്ടുകളുടെ രക്തം പുരണ്ട ചരിത്രത്തെ ബംഗാളിലെയും കേരളത്തിലെയും ആധുനിക ചരിത്രവുമായി ഇഴചേര്‍ക്കുന്ന കഥാ മികവ് 'പൂഴിക്കടക'നില്‍ കാണാം. 'തെറ്റുകള്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നത് കാലമല്ലെങ്കിലും നാമതിനെ കാലത്തിന്റെ ആവശ്യമായി വ്യാഖ്യാനിക്കുകയാണെന്ന നിഗമനം ഇക്കഥയുടെ അവസാനം നാം വായിക്കുന്നു.

പഴകിയ ആണ്‍മീശകള്‍

സ്ത്രീയുടെ മേല്‍ അധിനിവേശം നടത്തുന്ന ആണത്തബോധത്തിനെതിരായ ശക്തമായ കഥയാണ് 'ചീനി കം'. സിനിമയുടെ ബിംബങ്ങള്‍ മികവോടെ ഈ കഥ ഉപയോഗപ്പെടുത്തുന്നു. ബഡേ ഗുലാം അലിഖാനെ മൂളുന്ന, കാര്‍ട്ടിയര്‍ സണ്‍ഗ്ലാസണിഞ്ഞ, ബ്രാഡ്പിറ്റ്മാനെപ്പറ്റി സംസാരിക്കുന്ന, ഷ്വാര്‍സനഗറെ ഓര്‍മപ്പെടുത്തുന്ന, ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ പാഞ്ഞുവരുന്ന കഥാനായകന്‍ ഒടുവില്‍ ബദു ഗോത്രക്കാരെക്കാള്‍ പ്രാകൃതനാണെന്ന് കഥാനായിക മനസ്സിലാക്കുന്നു. അയാള്‍ക്കുവേണ്ടി മത വേഷങ്ങള്‍ കെട്ടിയ അവള്‍ കടല്‍ക്കാറ്റില്‍ അതെല്ലാം പറത്തിവിടുന്നു. സ്വതന്ത്രയായ ആധുനിക സ്ത്രീയുടെ മറുപടി. മലയാള കഥാസാഹിത്യത്തിലെ മികച്ച സ്ത്രീപക്ഷ രചനകളുടെ പട്ടികയിലേക്ക് ചേര്‍ക്കാവുന്ന കഥയാണിത്.

ദുരൂഹതയുടെ അകമുറിവ് 

പ്രണയത്തെയും ഏകാന്തതയേയും പിന്തുടരുന്ന കഥയാണ് 'ഫെര്‍മിന/ അഹല്യ ഫ്‌ളാറ്റ് നമ്പര്‍ 12 ബി.' നിഴല്‍ പോലെ വീശുന്ന ദുരൂഹതയാണ് ഇതിന്റെ പശ്ചാത്തലം. ഫ്‌ലാറ്റില്‍ താമസിക്കുന്ന ഏകാകിനിയായ വൃദ്ധയാണ് കഥാനായിക. അവര്‍ക്കു ചുറ്റും ദുരൂഹതയുടെ കഥാനിമിഷമുണ്ട്. കഥാനായികയെ 'കോളറക്കാലത്തെ പ്രണയം' എന്ന മാര്‍കേസിന്റെ വിഖ്യാത നോവലിലെ നായിക ഫെര്‍മിനയുമായി കൂട്ടിയിണക്കുകയാണ് കഥാകൃത്ത്. ദ്വൃശ്യഭരിതമാണ് ഈ കഥ. വാക്കുകള്‍ തീര്‍ക്കുന്ന സുന്ദരമായ ഫ്രെയിമുകള്‍ ഈ രചനയിലുണ്ട്. നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്ന ചലച്ചിത്രത്തിന്റെ ഭാഷയിലേക്ക് ഇക്കഥ സ്വയം പരിഭാഷപ്പെടുന്നുണ്ട്.

സെവന്‍സ് ഉന്‍മാദങ്ങള്‍

ഫുട്‌ബോള്‍ ജിന്ന് ആവേശിച്ച മൊയ്തിന്റെ കഥയാണ് 'കുഞ്ഞിമൊയ്തീനും കുഞ്ഞായിഷയ്ക്കുമിടയില്‍ പെലെ.' മലബാറിലെ സെവന്‍സ് ഫുട്‌ബോള്‍ ഭ്രാന്ത്രിന്റെ സൗന്ദര്യം മനസ്സിലുള്ള ഒരാള്‍ക്കേ ഇക്കഥ എഴുതാന്‍ സാധിക്കൂ. ഫുട്‌ബോള്‍ കളിയിലെ പ്രയോഗങ്ങള്‍ കഥയുടലില്‍ നന്നായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. ആദ്യരാത്രി മണിയറയില്‍നിന്ന് മുങ്ങി സെവന്‍സ് ഗ്യാലറിയിലേക്ക് പൊങ്ങിയ കുഞ്ഞിമൊയ്തീന്‍ ഫുട്‌ബോള്‍ മതമാക്കിയ നിഷ്‌കളങ്ക സമൂഹത്തിന്റെ പ്രതിനിധിയാണ്.

ചരിത്രത്തിന്റെ കഴുതകളി

ഒരുകാലത്ത് ചെയര്‍മാന്‍ മാവോയ്ക്ക് ലോകരക്ഷക പരിവേഷമായിരുന്നു. മാവോയുടെ റെഡ്ബുക് അവര്‍ക്ക് വേദപുസ്തകവും മാവോ സൂക്തങ്ങള്‍ വേദവാക്യങ്ങളുമായിരുന്നു. 'മാവോ സേതുംഗ്' എന്ന കഥയിലെ അച്ഛന് മാവോ ദൈവതുല്യനാണ് . ചരിത്രത്തിന്റെ ഗതിയില്‍ വിഗ്രഹങ്ങള്‍ ഉടയുന്നതും അനുയായികള്‍ കോമാളികളായി മാറുന്നതും മികച്ച കയ്യടക്കത്തോടെ ഈ കഥ അവതരിപ്പിക്കുന്നു.

തെങ്ങുകളുടെ വിമോചനസമരം

മറ്റ് കഥകളില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന കഥയാണ് 'റിപ്പബ്ലിക്ക് ഓഫ് കൊക്കോസ് ന്യൂസിഫെറ.' തെങ്ങിന്റെ ശാസ്ത്രീയ നാമമാണ് കൊക്കോസ് ന്യൂസിഫെറ. രാഘവന്റെ തെങ്ങിന്‍ പുരയിടം വെറുമൊരു പറമ്പ് മാത്രമല്ല, അയാളുടെ അസ്തിത്വം തന്നെയാണ്. അതൊരു ചരിത്ര ഭൂമികയുമാണ്. മാത്രമല്ല, നാട്ടിലെ ഒരോ തെങ്ങും അയാളുടെ തെങ്ങുകളുടെ മക്കളാണ്. തലമുറകള്‍ കൈമാറി രാഘവന്റേതായി മാറിയ തെങ്ങിന്‍ പറമ്പ് നാടിന്റെ ചരിത്രവുമായാണ് യാത്ര ചെയ്തത്. സ്വന്തം തട്ടകത്തിന്റെ നിലനില്‍പ്പ് ഭീഷണി നേരിട്ടപ്പോള്‍ ഓരോ തെങ്ങിനെയും നാട്ടിലെ ഒരോ വ്യക്തിയുമായും അയാളുടെ ജീവിതവുമായും രാഘവന്‍ ബന്ധിപ്പിച്ചു. മാത്രമല്ല, പറമ്പിന്റെ ഭൂഗര്‍ഭത്തില്‍ നിന്ന് ലാവ പോലെ താപം പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങി. ചരിത്രവും കഥകളും ദുരൂഹതകളും അസ്ഥിത്തറകളും മീസാന്‍ കല്ലുകളും പുറത്തേക്ക് പ്രവഹിച്ചു. മറ്റുള്ളവര്‍ ഭയന്നു പിന്‍മാറി. അപ്പോള്‍ അയാളുടെ തെങ്ങുകള്‍ പുതിയ റിപ്പബ്ലിക്കിന്റെ പതാകകള്‍ ഉയര്‍ത്തുന്നു. പുരയിടം സ്വതന്ത്ര റിപ്പബ്ലിക്ക് ആവുന്നു. തെങ്ങുകള്‍ പൗരരും. ജൈവരാഷ്ട്രീയത്തിന്റെ വീക്ഷണത്തിലൂടെ വായിക്കുമ്പോള്‍ 'കൊക്കോസ് ന്യൂസിഫെറ' ജൈവനീതിയുടെയും പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തിന്റെയും പല തലങ്ങളെ സ്പര്‍ശിക്കുന്നത് കാണാം.

ദില്ലിയുടെ ഞരമ്പുകള്‍

ഈ സമാഹാരത്തില്‍ വ്യക്തിപരമായി എന്നെ ഏറ്റവും സ്പര്‍ശിച്ച കഥയാണ് 'ദില്ലി - 19.' പ്രണയ ദമ്പതിമാരും ദില്ലിയുടെ പരിസരവും ചിത്രകലയും ബീഗം അക്തറും കോവിഡ് ഭീതിയും മരണത്തിന്റെ ഗന്ധവും ആകര്‍ഷകമായ ഭാഷയും നിരീക്ഷണങ്ങളുമെല്ലാം ഉള്ള കഥ. നൊമ്പരവും ശൂന്യതയും അവശേഷിപ്പിക്കുന്ന മനോഹര രചന. 

വ്യത്യസ്ത ഭൂപടങ്ങള്‍ നിവര്‍ത്തുന്ന, ചരിത്രത്തിന്റെ ഗതിയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന, പരമ്പരാഗത കഥാശൈലികളെ മാറ്റിയെഴുതുന്ന, സ്ത്രീപക്ഷത്ത് നില്‍ക്കുന്ന, മനുഷ്യാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്ന കഥാസമാഹാരമാണ് 'കൊക്കോസ് ന്യൂസിഫെറ.'


കോഴിക്കോട്ടെ ലിപി ബുക്‌സ് പ്രസിദ്ധീകരിച്ച 'കൊക്കോസ് ന്യൂസിഫെറ' ഓണ്‍ലൈനായി വാങ്ങാം. നമ്പര്‍: 98472 62583