പക കാട്ടുതീ പോലെയാണ് കത്തിത്തുടങ്ങിയാല്‍ തീ ആളിപ്പടര്‍ന്ന് എല്ലാം വിഴുങ്ങും..-'മരണവംശം' വായന

പുസ്തകപ്പുഴയില്‍ പി. വി.ഷാജികുമാര്‍ എഴുതിയ 'മരണവംശം' എന്ന പുസ്തകത്തിന്റെ വായനാനുഭവം. മുജീബുല്ല കെ വി എഴുതുന്നു

reading Maranavamsam a novel by PV Shajikumar review by Mujeebulla KV

ഒരു ദേശത്തിന്റെ കഥ തന്നെയാണ് മരണവംശം. കാസര്‍കോട് - കര്‍ണ്ണാടക അതിര്‍ത്തിയിലെ ഏര്‍ക്കാനാ എന്ന സങ്കല്‍പദേശം. തനി കാസര്‍കോടന്‍ മലയോര ഗ്രാമം. കഥ പക്ഷെ, തീരാസങ്കടമാണ്. പകയുടെ, കുടിപ്പകയുടെ, തലമുറകളിലൂടെ കൈമാറിയ തീരാപ്പക തീര്‍ക്കുന്ന പ്രതികാരത്തിന്റെ, കഥ. 

 

reading Maranavamsam a novel by PV Shajikumar review by Mujeebulla KV

 

'ഒറ്റയ്ക്ക് നടക്കുന്ന കാട്ടുമൃഗമാണ് മനസ്സ്. മെരുക്കിയെടുക്കല്‍ പ്രയാസം. സ്വന്തം ഇഷ്ടത്തിന് അതിനെ കെട്ടിയിടുന്നവര്‍ നിലനില്‍ക്കും. അല്ലാത്തവര്‍ നശിക്കും..'

കഥകളില്‍ നമ്മളറിയുന്ന ദേശങ്ങളും പ്രദേശങ്ങളും നാട്ടിന്‍പുറങ്ങളും ആളുകളെയുമൊക്കെ കാണുന്നതും കഥാപാത്രങ്ങളില്‍ നമുക്ക് സുപരിചിതമായ ഭാഷ കേള്‍ക്കുന്നതും അവരുടെ വര്‍ത്തമാനങ്ങള്‍ വായിച്ചുപോകുന്നതും എപ്പോഴും ഒരു സുഖമാണ്. വായനയോടൊപ്പം നമ്മളറിയാതെ നമ്മളാ കഥകളിലൂടെ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. കഥാപാത്രങ്ങളോടൊപ്പം നമ്മളും അവിടെയൊക്കെയുണ്ടാവും. നമ്മളതിനെ റിലേറ്റ് ചെയ്യാന്‍ നോക്കും.  

ആ ഒരു സുഖമുണ്ടെനിക്ക് 'മരണവംശം' വായനയ്ക്ക്. ഒരു ദേശത്തിന്റെ കഥ തന്നെയാണ് മരണവംശം. കാസര്‍കോട് - കര്‍ണ്ണാടക അതിര്‍ത്തിയിലെ ഏര്‍ക്കാനാ എന്ന സങ്കല്‍പദേശം. തനി കാസര്‍കോടന്‍ മലയോര ഗ്രാമം. കഥ പക്ഷെ, തീരാസങ്കടമാണ്. പകയുടെ, കുടിപ്പകയുടെ, തലമുറകളിലൂടെ കൈമാറിയ തീരാപ്പക തീര്‍ക്കുന്ന പ്രതികാരത്തിന്റെ, കഥ. 

പറയുമ്പോള്‍ ഒരൊറ്റ കുടുംബമാണ്. ഉടപ്പിറപ്പുകളുടെ, സഹോദരങ്ങളുടെ മക്കളാണ്. ഒറ്റ മനസ്സായി ജീവിക്കേണ്ട മനുഷ്യരാണ്. ഒന്നിച്ച് പഠിച്ചും കളിച്ചും വളര്‍ന്നവരാണ്. കുഞ്ഞമ്മാറിന്റെ പേരക്കുട്ടികളാണ്. എന്നാലവരിലൊരാള്‍ക്ക്, ചന്ദ്രന് 'താവഴി'യായിക്കിട്ടിയത് വെറുപ്പും വിദ്വേഷവുമാണ്. കുശുമ്പും കുന്നായ്മയും ഓതിക്കൊടുത്തു കൊണ്ടേയിരുന്ന് പകയും പ്രതികാരവും നിരന്തരം മകനില്‍ ഊട്ടിയുറപ്പിക്കുന്നത് സ്വന്തം അച്ഛനും വല്യമ്മയുമാണ്, കൃഷ്ണനും ജാനകിയും. അനങ്ങാനാവാതെ കിടപ്പിലായപ്പോഴും അയാളില്‍ നിറയുന്നത്, നുരയുന്നത് പ്രതികാരമാണ്. ഭാസ്‌കരന്റെ തോക്കിനിരയായ ചന്ദ്രന്‍ തന്നെ ഒടുവില്‍ ഖേദത്തോടെ പറയുന്നുണ്ടല്ലോ: 'എന്റെ ദുഷ്ടത ഞാനുണ്ടാക്കിയതല്ല വടക്കേന്‍ വാതിലേ. അച്ഛനില്‍ നിന്നും അച്ഛന്റെ അമ്മയില്‍ നിന്നും ജന്മം കിട്ടിയത്. മാറ്റാന്‍ നോക്കിയിട്ടുണ്ട് ഞാന്‍. നല്ല വയിക്ക് നടക്കുംതോറും തെറ്റ് ചെയ്യാന്‍ ഓറ് ചെവി തിന്നും. ചോരേലുള്ളത് മായ്ക്കാന്‍ കയ്യൂല. ഓറുടെ ദുഷ്ട് എനിക്ക് കിട്ടിയത് എന്റെ കുറ്റാണോ... ഓറെ ദുഷ്ട് ഓര്‍ക്ക് കിട്ട്യത് ഓറെ കുറ്റാണോ...'

ചന്ദ്രന്‍ പോയപ്പോള്‍ അരവിന്ദനിലൂടെ, അവനും പോയപ്പോള്‍ ഭാസ്‌കരന്റെ തന്നെ പെണ്ണായിരുന്ന നളിനിയിലൂടെ, തങ്ങളുടെ പ്രതികാര സ്വപ്നത്തിന് പൂര്‍ത്തീകരണം തേടുകയാണ് കൃഷ്ണനും, ഒടുവില്‍ ജാനകിയും. അവരിരുവരും നിരന്തരം തന്റെ ചെവിതിന്നതിനൊപ്പം, ഭാസ്‌കരന്‍ തന്റെ പെങ്ങളെ പ്രേമിച്ചതും കാമിച്ചതുമാണ് ചന്ദ്രനെ ഭാസ്‌കരന്റെ ശത്രുവാക്കുന്നത്. മറുഭാഗത്ത്, ചന്ദ്രന്റെ കൊലയ്ക്ക് പ്രതികാരത്തിനിറങ്ങിയ അരവിന്ദന്റെയും കൂട്ടരുടെയും തോക്കിനും വെട്ടിനും ഇരയായി ശവമായെന്ന് കരുതി ഉപേക്ഷിക്കപ്പെട്ട ഭാസ്‌കരന്‍ മംഗലാപുരത്ത് ആശുപത്രിയില്‍ ഡോക്ടറോട് ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം, തന്റെ കാഞ്ചി വലിക്കുന്ന ചൂണ്ടുവിരല്‍ ബാക്കിവെക്കണമെന്നാണ്! 

'ഒരാളോട് ശത്രുത തോന്നിയാല്‍ അതു കൂട്ടാനുള്ള കാരണങ്ങള്‍ സ്വയം കണ്ടെത്തിക്കൊണ്ടേയിരിക്കും. ദേഷ്യത്തിന്റെ കനല്‍ കെടാതിരിക്കാന്‍ കുറ്റങ്ങള്‍ മാത്രം കണ്ണില്‍ തെളിയും. വെറുക്കാനുള്ള കാരണങ്ങള്‍ തേടിയെടുക്കും..'

ഏര്‍ക്കാനയുടെ രക്തസ്‌നാനങ്ങള്‍

റാക്കും പെണ്ണും ജീവിതത്തിന്റെ ഭാഗമായ കുറേയേറെ മനുഷ്യരുള്ള ഏര്‍ക്കാന. കോമന്‍ നായര്‍ എന്ന തനി തോന്ന്യാസിയായ ജന്മിയുടെ വിലാസഭൂമി. രാഷ്ട്രീയം കൂട്ടുപിടിച്ച് പഞ്ചായത്ത് പ്രസിഡണ്ടായി വാഴുന്നുണ്ടയാള്‍. ഒന്നിച്ച് കുരുത്തക്കേടുകള്‍ ചെയ്തുകൂട്ടി, പിന്നീട് തമ്മില്‍ തെറ്റിയപ്പോള്‍ ചന്ദ്രന്‍ ഗാങ്ങും ഭാസ്‌കരന്‍ ഗ്യാങ്ങുമായ ഇരു കൂട്ടങ്ങളിലും പകയുടെ വിഷവിത്തുകള്‍ നട്ടുമുളപ്പിച്ചതിലും വെള്ളവും വളവും നല്‍കി പോഷിപ്പിച്ചതിലും അയാളുടെ പങ്ക് വലുതാണ്. കഥയുടെ കാവ്യനീതിയെന്നോണം, ഒടുക്കം അതിന്റെ ഫലം അയാള്‍ അനുഭവിക്കുന്നുണ്ട്, മറ്റൊരു രീതിയിലാണെങ്കിലും.

രാഷ്ട്രീയം ഇരുപക്ഷത്തും കക്ഷി ചേര്‍ന്നപ്പോള്‍, കൊലപാതങ്ങള്‍ പാര്‍ട്ടി രാഷ്ട്രീയവുമായി. ഭാസ്‌കരന്‍ കമ്മ്യൂണിസ്റ്റും ചന്ദ്രനും അരവിന്ദനുമൊക്കെ കോണ്‍ഗ്രസുമായി. ഒന്നിനുമില്ലാതെ, എല്ലാം വിഫലമായി തടയാന്‍ നോക്കുന്ന അവരുടെ സഹോദരന്‍ രാജേന്ദ്രന്‍പോലും 'പാര്‍ട്ടി'ക്ക് ശത്രുമാത്രം. എങ്ങിനെയാണ് പകയുടെ വിത്തുവിതച്ചവര്‍ക്കുപോലും ഊഹിക്കാനോ ഒരാള്‍ക്കും തടുക്കാനോ ആകാത്തവിധത്തില്‍ പാര്‍ട്ടികളിലൂടെ പകയുടെ വിഷം പടര്‍ന്നു പന്തലിക്കുന്നതെന്ന്, അറപ്പോ മടിയോ മനസ്താപമോ ലവലേശമില്ലാതെ കൂടപ്പിറപ്പുകളെ, കൂട്ടുകാരെ 'ശത്രു'വായ മനുഷ്യരെ വെട്ടിയരിയാനാവുന്നതും തോക്കിനിരയാക്കുന്നതുമെങ്ങിനെയെന്ന് 'മരണവംശം' അനുഭവിപ്പിക്കുന്നുണ്ട്. 'പക കാട്ടുതീ പോലെയാണ് കത്തിത്തുടങ്ങിയാല്‍ തീ ആളിപ്പടര്‍ന്ന് എല്ലാം വിഴുങ്ങും..'  

കഥയുടെ സ്വപ്നാടനങ്ങള്‍

പകയുടെ കൊടുംപെയ്ത്തിനപ്പുറം, കുളിയനും അണങ്ങും തെയ്യവും മാജിക്കും സ്വപ്നവും സ്വപ്നാടനവുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന നൂറുനൂറു കഥകളുടെ, അതിലേറെ കഥാപാത്രങ്ങളുടെ ഒരു പകര്‍ന്നാട്ടം തന്നെയാണ് നോവല്‍. അവിടെ, ജീവിച്ചിരിക്കുന്നവരോടൊപ്പം മരിച്ചവരും പക്ഷികളും മൃഗങ്ങളും മരങ്ങളുമൊക്കെ വന്ന് കഥപറയും. കഥയില്‍ ഇടപെടും. 

അതീവ ഹൃദ്യവും പാരായണക്ഷമവുമാണ് ഷാജികുമാറിന്റെ ഭാഷ. 'കുന്നുകള്‍ ഉച്ചമയക്കത്തിലേക്ക് കണ്ണടച്ചുകിടക്കവേ വന്നുപോയ വേനല്‍മഴയില്‍ മണ്ഡലി വാ പിളര്‍ത്തുന്നതിന്റെ മണം മണലില്‍നിന്ന് മഴപ്പുകയുടെ പിടച്ചലില്‍ കാറ്റിലേക്ക് ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. കറുത്ത ശ്വാസം പുറത്തേക്ക് ചുരുട്ടിവിട്ട് ആടിയുലഞ്ഞ് കുന്നുകയറുന്നു വരദരാജ പൈ എന്ന ബസ്. കുന്നിന്പുറത്തെ പാറകള്‍ക്കിടയില്‍നിന്ന് സ്വര്‍ണ്ണക്കുപ്പായമിട്ട മുളിപ്പുല്ലുകള്‍ തലയുയര്‍ത്തി ബസ്സിനെ നോക്കി. കുന്നുകയറിവന്ന കാറ്റിന്റെ പാട്ടിനൊത്ത് മൂളിക്കൊണ്ട് മുളിപ്പുല്ല് നൃത്തംചെയ്തുതുടങ്ങി..' 
 

Latest Videos
Follow Us:
Download App:
  • android
  • ios