പുസ്തകപ്പുഴയില്‍ ഇന്ന് പി ശിവപ്രസാദ് എഴുതിയ ഉടല്‍മുനമ്പ് എന്ന നോവലിന്റെ വായന. ശ്രീലക്ഷ്മി മങ്ങാട്ട് എഴുതുന്നു

ഇന്‍വെസ്റ്റിഗേറ്റീവ് ആയ ഒരു പ്രമേയം ദാര്‍ശനിക തലമുള്ള നോവലായി എഴുതി വിജയിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമുള്ള സംഗതിയല്ല. പക്ഷേ എന്താണ് അടുത്തത് എന്ന ഉദ്വേഗം നിലനിര്‍ത്തി നമ്മളെക്കൊണ്ട് ഈ പുസ്തകം അവസാനം വരെ വായിപ്പിക്കാനുള്ള ചാതുരി എഴുത്തുകാരന്റെ ശൈലിക്കുണ്ട്. 



'മരണത്തിലേക്കുള്ള വരിനില്‍ക്കലല്ലാതെ മറ്റെന്താണ് ജീവിതം?' 

ഇതൊരു കവിതയല്ല. അനുഭവങ്ങളുടെ വേവ് മുഴുവന്‍ ആവാഹിച്ച ഈ വരി ഒരു നോവലില്‍നിന്നാണ്. ശിവപ്രസാദ് പി. എഴുതിയ പുതിയ നോവല്‍ 'ഉടല്‍മുനമ്പ്. അത് വായിച്ചവസാനിപ്പിക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്ന വാചകം ഇതാണ്: 'നോക്കൂ, ഒരു നോവല്‍ നിറയെ കവിത!' 

പിന്നീടാലോചിച്ചപ്പോള്‍ അതെന്തൊരു വിരോധാഭാസമാണ് എന്നുതോന്നി. എങ്കിലും, എന്തിനാണ് കവിത എഴുതാതെ ഇതൊരു ഒരു നോവലായി എഴുതിയത് എന്ന് മനസ്സിന്റെ ഒരു ഭാഗം ആലോചിച്ചുകൊണ്ടേ ഇരുന്നു. ഒരു കാരണവുമില്ലെങ്കില്‍ പിന്നെന്താണിങ്ങനെ?

എന്താണ് ഉടല്‍ മുനമ്പിന്റെ അകം? പുറം?

ശിവപ്രസാദ് എഴുതിയ 'ഓര്‍മ്മച്ചാവ്' എന്ന ആദ്യനോവല്‍ വൈകിയാണ് വായിച്ചത്. അത്ര സാധാരണമായിരുന്നില്ല അതിന്റെ വായനാനുഭവം. പണ്ടെന്നോ വായിച്ചു മറന്ന ഒരു സ്റ്റേറ്റ്‌മെന്റ് പുനര്‍വായിക്കും പോലെ. നേര്‍മയുള്ള വിഷാദം വീണ്ടും വീണ്ടും അനുഭവിക്കും പോലെ.

എളുപ്പത്തില്‍ ഡികോഡ് ചെയ്യാന്‍ അനുവദിക്കാത്ത, ഓരോ കഥയിലും മറ്റനേകം കഥകളുള്ള, തിരിഞ്ഞുനോക്കുമ്പോള്‍ മുന്‍പേ ഈ കാഴ്ച കണ്ടില്ലല്ലോ എന്ന് തോന്നിപ്പിക്കും വിധമുള്ള റൈറ്റര്‍ ബ്രില്ല്യന്‍സ് ആയിരുന്നു അത്. വളരെ ഗൗരവതരമായ വായനയിലൂടെ മാത്രം അഴിച്ചെടുക്കാന്‍ സാധിക്കുന്നതായിരുന്നു ഓര്‍മച്ചാവിന്റെ സത്ത. ആ വായനാനുഭവം തന്ന ഉദ്വേഗവും സങ്കീര്‍ണ്ണതയും ഓര്‍ത്തുതന്നെയാണ് 'ഉടല്‍മുനമ്പ് വായിക്കാന്‍ തുടങ്ങിയത്. 

പക്ഷേ, തുടര്‍ച്ചയായിരുന്നില്ല ഇത്തവണ. തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകം. ഒരു ട്രെയിന്‍ യാത്രയിലോ മറ്റോ വായിച്ചവസാനിപ്പിക്കാവുന്ന, കനമില്ലാത്ത കുഞ്ഞുനോവലാണ് എന്ന് എഴുത്തുകാരന്‍ തുടക്കത്തിലേ പറയുന്നുണ്ട്. പക്ഷേ, അത്ര ലഘുവാണോ ഈ പുസ്തകം?

അല്ല.

120-ല്‍ താഴെ പേജുകളുള്ള ഒരു ചെറുപുസ്തകം. ഒന്നോ രണ്ടോ മണിക്കൂറില്‍ വായിച്ചു തീര്‍ക്കാം. പക്ഷേ ഈ പേജുകള്‍ അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ അഴിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് ആ സമയം ഒന്നും മതിയാവില്ല. 

ഒരപൂര്‍ണ്ണതയും ഇല്ലാതെ എല്ലാ മുനമ്പുകളും കൊട്ടിയടച്ചുതന്നെയാണ് നോവലിസ്റ്റ് എഴുത്ത് അവസാനിപ്പിക്കുന്നത്. എന്നാല്‍ ജീവിതത്തെക്കുറിച്ച്, മനുഷ്യരുടെ ബോധ്യങ്ങളെയും ആശകളെയും സ്‌നേഹബന്ധങ്ങളെയും കുറിച്ച് ഈ പുസ്തകം ദാര്‍ശനികമായ ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കും.
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ പുറം ലഘുവും അകം വിപുലവുമായ ഒരു ആത്മഹത്യാമുനമ്പാണ് ഈ നോവല്‍.

ഇതു പുതിയ കാലത്തിന്റെ കഥയാണ്, അതുവഴി പഴയകാലത്തിന്റെയും. 2025 -ന്റെ യുക്തികളില്‍ നിന്നുകൊണ്ട് ഇരുപതോ മുപ്പതോ വര്‍ഷം മുന്‍പുള്ള ചില സമസ്യകള്‍ അഴിച്ചെടുക്കുന്നു ഈ നോവല്‍. പ്രശ്‌നം പുതിയതും തിരച്ചില്‍രീതി പഴയതും എന്നൊരു അസാധാരണ രീതി. നാം കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമുള്ള പോപ്പുലര്‍ അനുഭവങ്ങളുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ അത്ര പോപ്പുലര്‍ അല്ലാത്ത ഒരു പുതിയ ആഖ്യാനം ഉണ്ടാക്കാന്‍ ഉള്ള ശ്രമമുണ്ട് ഈ നോവലില്‍.

തുടക്കത്തില്‍ പറഞ്ഞതുപോലെ ഈ പുസ്തകം നിറയെ കവിതകള്‍ ഉണ്ടാവാന്‍ രണ്ട് കാരണങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒന്ന്, കഥകളും നോവലുകളും പഠന ലേഖനങ്ങളും നിരന്തരം എഴുതുമ്പോളും ശിവപ്രസാദ് ആത്യന്തികമായി ഒരു കവിയാണ്. ഒട്ടും വലിച്ച് നീട്ടാത്ത ഒതുക്കമുള്ള വാചകങ്ങളില്‍, അര്‍ത്ഥവത്തായ അനേകം വരികളില്‍ കാണാവുന്നത് ഒരു കവിയുടെ കാച്ചിക്കുറുക്കലാണ് എന്ന് തോന്നുന്നു.

രണ്ട്, ഉടല്‍മുനമ്പിലെ അനേകം മുനമ്പുകളില്‍ വായനക്കാരെ തനിച്ചുനിര്‍ത്തി, അവരെക്കൊണ്ട് ഉത്തരം അന്വേഷിപ്പിക്കുകയാണ് ഈ നോവലിന്റെ രീതി. ബ്രോക്കണ്‍ ആയ സൂചകങ്ങള്‍,അപൂര്‍ണ്ണമായ കവിതാശകലങ്ങള്‍, നിരതെറ്റിയ പല വലിപ്പത്തിലുള്ള വരികളുടെ അലൈന്‍മെന്റ് - ഇവയൊക്കെ ആ ചോദ്യങ്ങളുടെ സംഘര്‍ഷത്തെ പരമാവധിയിലെത്തിക്കുന്നു. ഗദ്യമാണെങ്കില്‍ കൂടി കവിതയുടെ ഈ മട്ട് നോവലാഖ്യാനത്തിന്റെ തിരഞ്ഞെടുത്ത ചേരുവയാണെന്ന് ഞാന്‍ കരുതുന്നു.

ശിവപ്രസാദിന്റെ എഴുത്തുകളിലെല്ലാം ഒരു ഭാഷാധ്യാപകന്റെ സാന്നിധ്യം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നാറുണ്ട്. മുന്‍പ് പുറത്തിറങ്ങിയ 'ശ്ലേഷം', 'ബെഡിങ് സെറിമണി' പോലെയുള്ള കഥകളില്‍, തലക്കെട്ടില്ലാത്ത കവിതകള്‍ എന്ന കവിതാസമാഹാരത്തില്‍, പദപ്രശ്‌നങ്ങളില്‍ എന്ന ഭാഷാപഠനത്തില്‍, ആദ്യ നോവല്‍ 'ഓര്‍മ്മച്ചാവി'ല്‍, ഇപ്പോഴിതാ 'ഉടല്‍മുനമ്പി'ല്‍- എല്ലാം ഈ രീതിയുണ്ട്. 

അപ്പ് മാര്‍ക്കറ്റ് ഫിക്ഷന്റെ പുതിയകാലത്ത് ഉടല്‍മുനമ്പ് ഒട്ടനേകം ഹുക്കുകള്‍ ഉള്ള ഒരു പുസ്തകമായിക്കൂടി വായിക്കാന്‍ പറ്റും. പിടിച്ചിരുത്തുന്ന വിഷ്വലുകളില്‍ ആദ്യത്തെ നാലോ അഞ്ചോ സെക്കന്‍ഡില്‍ ഒരു ഹുക്ക് ഉണ്ടാവും എന്ന ഇന്‍സ്റ്റാഗ്രാം യുക്തി പോലെ, ഓരോ അധ്യായത്തിന്റെയും തുടക്കത്തില്‍, പ്രധാനപ്പെട്ട ട്വിസ്റ്റുകളിലേയ്ക്ക് വഴുതിമാറുന്നതിന് മുമ്പ്, കൃത്യമായ ചില കൊളുത്തുകള്‍ എഴുത്തുകാരന്‍ ഒളിപ്പിച്ചുവെയ്ക്കുന്നുണ്ട്. 

'9 ദിവസങ്ങള്‍.' എന്ന ആദ്യവാചകം തന്നെ ഉദാഹരണം. വിരാമങ്ങളെക്കാള്‍ എണ്ണത്തില്‍ അധികമുണ്ടായേക്കാവുന്ന ചോദ്യചിഹ്നങ്ങളും ഒരു ഹുക്ക് തന്നെ.

ഇന്‍വെസ്റ്റിഗേറ്റീവ് ആയ ഒരു പ്രമേയം ദാര്‍ശനിക തലമുള്ള നോവലായി എഴുതി വിജയിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമുള്ള സംഗതിയല്ല. പക്ഷേ എന്താണ് അടുത്തത് എന്ന ഉദ്വേഗം നിലനിര്‍ത്തി നമ്മളെക്കൊണ്ട് ഈ പുസ്തകം അവസാനം വരെ വായിപ്പിക്കാനുള്ള ചാതുരി എഴുത്തുകാരന്റെ ശൈലിക്കുണ്ട്. 

'പരല്‍പേര്' എന്ന സങ്കല്പം തന്നെ എന്താണിത് എന്നന്വേഷിക്കാനുള്ള ഒരു കൗതുകത്തിലേക്ക് നമ്മളെ ആദ്യം തന്നെ കൊണ്ടെത്തിക്കും. ചോദ്യങ്ങളുടെയും കവിതാ ശകലങ്ങളുടെയും കാര്യം നേരത്തെ പറഞ്ഞതുപോലെ ടൈംലെസ്സ് (timeless) വാചകങ്ങളുടെയും വിളനിലമാണ് ഉടല്‍മുനമ്പ്.

'ജീവിച്ചിരിക്കുന്ന മകളെപ്പോലെയല്ല മരിച്ച മകള്‍. അവളെ ഭയക്കേണ്ടിവരുന്നു.'

'രതിയുടെ ആനന്ദത്തിന് നിമിഷങ്ങളേ ആയുസ്സുള്ളൂ. വിരതിയാണ് ജീവിതം.'

'പ്രണയം മറ്റൊരാളോടല്ല എന്നതാണ് സത്യം.'

ഇങ്ങനെ അകത്തും പുറത്തുമായി അവ നമ്മുടെ കൂടെ നടക്കും. വായിച്ചുകഴിഞ്ഞാലും ഉടനെ ഇറങ്ങിപ്പോരാന്‍ കഴിയാത്ത എന്തോ ഒന്നിന്റെ വിളുമ്പാണ് ഈ മുനമ്പ്. പ്രണയത്തിന്റെ ഉടല്‍മുനമ്പ്.