Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രവചിച്ച് എഡിബി: 2023 ൽ മുന്നേറ്റം ഉണ്ടാകും; ചൈനീസ് വളർച്ച 8.1 ശതമാനമെന്ന് ഏജൻസി

നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം സാമ്പത്തിക പ്രവർത്തനം വേഗത്തിൽ പുനരാരംഭിക്കുന്നതായി ആദ്യകാല സൂചകങ്ങൾ വ്യക്തമാക്കുന്നതായി എഡിബി റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. 

ADB predict Indian economic growth for FY22
Author
New Delhi, First Published Jul 20, 2021, 6:59 PM IST

കൊറോണ വൈറസ് പകർച്ചവ്യാധി പ്രത്യാഘാതത്തെത്തുടർന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനത്തിൽ മാറ്റം വരുത്തി. നിലവിലെ സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ചാ പ്രവചനം 11 ശതമാനത്തിൽ നിന്ന് എഡിബി 10 ശതമാനമായി കുറച്ചു. ഏപ്രിൽ മാസത്തിലെ പ്രതീക്ഷിത വളർച്ചാ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്. 

2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 1.6 ശതമാനമായി ഉയർന്നിരുന്നു, സാമ്പത്തിക വർഷത്തിന്റെ മൂന്ന് പാദങ്ങളിൽ നിലനിന്ന സങ്കോചത്തിൽ നിന്നുളള തിരിച്ചുവരവായാണ് ഇതിനെ സാമ്പത്തിക വിദ​ഗ്ധർ കണക്കാക്കിയത്. എന്നാൽ പിന്നീട് കൊവിഡ് രണ്ടാം തരം​ഗ പ്രതിസന്ധി ഇന്ത്യയെ പിടികൂടി. 

പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൽ പല സംസ്ഥാന സർക്കാരുകളും കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമായിരുന്നു. പുതിയ കൊവിഡ്-19 കേസുകളിൽ വലിയതോതിൽ വർധനവുണ്ടായി.

നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം സാമ്പത്തിക പ്രവർത്തനം വേഗത്തിൽ പുനരാരംഭിക്കുന്നതായി ആദ്യകാല സൂചകങ്ങൾ വ്യക്തമാക്കുന്നതായി എഡിബി റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. എഡിബിയുടെ ഏഷ്യൻ ഡെവലപ്പ്മെന്റ് ഔട്ട്ലുക്കിലാണ് (എഡിഒ) രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെപ്പറ്റി പ്രതിപാദിക്കുന്നത്.

സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നതിനൊപ്പം ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗത്തിനും വാക്സീൻ ലഭ്യമാകുന്ന സാഹചര്യവും ഉണ്ടായാൽ 2023 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയരുമെന്നും മനില ആസ്ഥാനമായ ഫണ്ടിംഗ് ഏജൻസി അറിയിച്ചു.

ചൈനയെ സംബന്ധിച്ചിടത്തോളം, 2021 ൽ 8.1 ശതമാനവും 2022 ൽ 5.5 ശതമാനവുമാണ് എഡിബി പ്രവചിക്കുന്ന വളർച്ചാ നിരക്ക്. ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഇപ്പോൾ പാൻഡെമിക്, കണ്ടെയ്ൻമെന്റ് നടപടികളുമായി പൊരുത്തപ്പെടാൻ ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും കഴിയുന്നു. 

"2021 ലെ ഉപമേഖലയിലെ ജിഡിപി വളർച്ചാ പ്രവചനം എഡിഒ 2021 ലെ 9.5 ശതമാനത്തിൽ നിന്ന് 8.9 ശതമാനമായി തരംതാഴ്ത്തിയെങ്കിലും 2022 ൽ ഇത് 6.6 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്തി, ” എഡിബി പറയുന്നു. 2022 ലെ പ്രൊജക്ഷൻ (വികസ്വര ഏഷ്യ) 5.3 ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി ഉയർത്തി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios