Asianet News MalayalamAsianet News Malayalam

ഇനി അവധിയില്ല, സ്വർണാഭരണത്തിന് ഹാൾമാർക്കിംഗ് നടപ്പാക്കാനുറച്ച് സർക്കാർ, പ്രതികരിച്ച് സ്വർണ വ്യാപാര മേഖല

ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായാണ് സ്വർണ ഇറക്കുമതി പ്രധാനമായും നടത്തുന്നത്. ഇന്ത്യയിലേക്ക് പ്രതിവർഷം 700-800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നു.

All gold jewellery sell in India must bear hallmark from 2021 June
Author
Thiruvananthapuram, First Published Apr 14, 2021, 8:23 PM IST

2021 ജൂൺ ഒന്ന് മുതൽ സ്വർണ്ണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർക്കിംഗ് നടപ്പിലാക്കാൻ തീരുമാനിച്ച് സർക്കാർ മുന്നോട്ട്. വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സർട്ടിഫിക്കേഷനാണ് ഹാൾമാർക്കിംഗ്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങളും പുരാവസ്തുക്കളുടെയും ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ 2019 നവംബറിൽ പ്രഖ്യാപിച്ചിരുന്നു. ഹാൾമാർക്കിംഗിലേക്ക് മാറുന്നതിനും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ രജിസ്റ്റർ ചെയ്യുന്നതിനും സർക്കാർ ജ്വല്ലറികൾക്ക് ഒരു വർഷത്തിലധികം സമയം അനുവദിച്ചിരുന്നു. 

കൊവിഡ് -19 പകർച്ചവ്യാധിയെ തുടർന്നാണ് നിയമം നടപ്പാക്കാൻ കൂടുതൽ സമയം സർക്കാർ ജ്വല്ലറികൾക്കും ആഭരണ നിർമാതാക്കൾക്കും അനുവദിച്ചത്. "വിപുലീകരണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഹാൾമാർക്കിംഗിനായി ജ്വല്ലറികൾക്ക് അനുമതി നൽകുന്നതിൽ ബിഐഎസ് ഇതിനകം തന്നെ പൂർണ്ണമായും സജ്ജമാണെന്ന്," ഉപഭോക്തൃ കാര്യ സെക്രട്ടറി ലീന നന്ദൻ ദില്ലിയിൽ നിന്നുളള വെർച്വൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

“ജൂൺ മുതൽ ഞങ്ങൾ നിർബന്ധിത ഹാൾമാർക്കിംഗ് നടപ്പിലാക്കാൻ പൂർണ്ണമായും തയ്യാറാണ്. നിലവിൽ തീയതി നീട്ടുന്നതിനുള്ള ഒരു നിർദ്ദേശവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.” ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി ഔദ്യോ​ഗികമായി വ്യക്തമാക്കി. 

രാജ്യത്ത് ഇതുവരെ 34,647 ജ്വല്ലറികൾ ബിഐഎസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷത്തോളം ജ്വല്ലറികളുടെ രജിസ്ട്രേഷൻ പ്രതീക്ഷിക്കുന്നു, രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് ഓൺലൈനിലും യാന്ത്രികമായും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വർണം ഇനിമുതൽ മൂന്ന് കാരറ്റുകളിൽ മാത്രം

നിയമം നടപ്പാകുന്നതോ‌ടെ, 2021 ജൂൺ ഒന്ന് മുതൽ 14, 18, 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾ മാത്രമേ ജ്വല്ലറികൾക്ക് വിൽക്കാൻ കഴിയൂ. 2000 ഏപ്രിൽ മുതൽ ബി‌ഐ‌എസ് ഇതിനകം സ്വർണ്ണാഭരണങ്ങൾക്കായി ഒരു ഹാൾമാർക്കിംഗ് സ്കീം നടത്തിക്കൊണ്ടിരിക്കുകയാണ്, നിലവിൽ 40 ശതമാനം സ്വർണ്ണാഭരണങ്ങൾ രാജ്യത്ത് ഹാൾമാർക്ക് ചെയ്യപ്പെടുന്നുണ്ട്.

നിർബന്ധിത ഹാൾമാർക്കിംഗ് പൊതുജനങ്ങളെ താഴ്ന്ന കാരറ്റ് സ്വർണാഭരണങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്നും ആഭരണങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്ന വിശുദ്ധി ലഭിക്കുമെന്നും ബി‌ഐ‌എസ് വ്യക്തമാക്കുന്നു. പുതിയ ഹാൾമാർക്കിം​ഗ് മാനദണ്ഡങ്ങൾ ഒരുതരത്തിലും ഉപഭോക്താക്കളെ ബാധിക്കുന്നില്ല. മറിച്ച് സ്വർണത്തിന്റെ പരിശുദ്ധി രാജ്യമെങ്ങും കാരറ്റ് അടിസ്ഥാനത്തിൽ ഒരേപോലെ നിലനിർത്താൻ പുതിയ വ്യവസ്ഥയിലൂടെ സാധിക്കും. വ്യക്തികളുടെ കൈവശമുളള സ്വർണവും സ്വർണാഭരണങ്ങളും വിൽക്കാനും പണയം വയ്ക്കുന്നതിനും പുതിയ ഹാൾമാർക്കിം​ഗ് മാനദണ്ഡങ്ങൾ തടസ്സമാകില്ല. 

സ്വർണത്തിന്റെ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായാണ് സ്വർണ ഇറക്കുമതി പ്രധാനമായും നടത്തുന്നത്. ഇന്ത്യയിലേക്ക് പ്രതിവർഷം 700-800 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നു. ഇത് രാജ്യത്തിന്റെ വ്യാപാരക്കമ്മി വർധിക്കാനും ഇത് ഇടയാക്കുന്നുണ്ട്. ഇന്ത്യയിൽ ഹാൾമാർക്കിംഗ് നടപടികൾ ആരംഭിച്ചിട്ട് 20 വർഷമായി. 

എന്നാൽ, കൊവിഡ് പ്രതിസന്ധി തുടരുകയാണെന്നും വ്യവസായത്തിലെ കടബാധ്യത പ്രതിസന്ധിയാണെന്നും അതിനാൽ ധൃതിപിടിച്ച് ഹാൾമാർക്കിംഗ് നടപ്പാക്കരുതെന്നാണ് സ്വർണ വ്യാപാര മേഖല ആവശ്യപ്പെടുന്നത്. 

മർച്ചന്റ്സ് അസോസിയേഷൻ നയം വ്യക്തമാക്കുന്നു

"സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയാൽ വിൽക്കപ്പെടുന്നതിനെല്ലാം ബിഐഎസ് മുദ്ര വേണ്ടി വരും. ജിഎസ്ടി രജിസ്ട്രേഷൻ എടുത്തവരും എടുക്കാത്തവരുമായ എല്ലാവരും ബിഐഎസ് ലൈസൻസ് എടുക്കേണ്ടിവരും. ലൈസൻസ് എടുക്കാതെ സ്വർണ വ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ അഞ്ച് ലക്ഷത്തോളം സ്വർണ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടതായി വന്നേക്കാം. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും," ഓൾ ഇൻഡ്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു

കഴിഞ്ഞ 20 വർഷത്തെ ബോധവൽക്കരണത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ആറ് ലക്ഷത്തോളം സ്വർണ വ്യാപാരികളിൽ 34,647 പേർ ലൈസൻസ് എടുത്തിട്ടുള്ളത്. രണ്ട് മാസത്തിനകം ഒരു ലക്ഷം ജ്വല്ലറികൾ ലൈസൻസ് എടുക്കുമെന്നുള്ള ബിഐഎസിന്റെ ആത്മവിശ്വാസം എങ്ങനെ ശരിയാകുമെന്ന് കണ്ടറിയണം. അടിസ്ഥാന സൗകര്യവികസനം ഇതുവരെ എവിടെയുമെത്തിയിട്ടില്ല. ഒരു സംസ്ഥാനത്ത് ഒരു ഓഫീസ് മാത്രമാണുള്ളത്. പരിമിതമായ ജീവനക്കാർ മാത്രമാണ് അവിടെയുള്ളത്. പല സംസ്ഥാനങ്ങളിലും ഇതുവരെ ഹാൾമാർക്കിംഗ് സെന്റർ പോലുമില്ല. ഗൗരവപരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. 

കേരളത്തിൽ 3,700 സ്വർണ വ്യാപാരികൾ ഇതുവരെ ബിഐഎസ് ലൈസൻസ് എടുത്തിട്ടുണ്ട്. ബാക്കിയുള്ളവർ ലൈസൻസ് എടുത്തുകൊണ്ടിരിക്കുന്നു. അതിനാൽ കൂടുതൽ സമയം അനുവദിക്കാതെ ഹാൾമാർക്കിം​ഗ് നടപ്പാക്കിയാൽ ഈ മേഖലയുടെ തകർച്ചയ്ക്ക് അത് കാരണമാകുമെന്ന് അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios