Asianet News MalayalamAsianet News Malayalam

കറൻസി അച്ചടിക്കാൻ വീടുകളിലെ സ്വർണം വാങ്ങാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്

രാജ്യത്ത് ​ഗാർഹിക ശേഖരമായി 25,000 ടണ്‍ സ്വര്‍ണം ഉണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍.

central government plan to buy gold for printing notes to increase currency circulation
Author
Thiruvananthapuram, First Published May 15, 2020, 11:56 AM IST

രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വിദേശ നാണ്യശേഖരവും ഗാർഹിക സ്വര്‍ണവും പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതായി ദേശീയ മാധ്യമ റിപ്പോർട്ട്.

വിനിമയത്തിലുളള കറൻസിയുടെ അളവ് വർധിപ്പിക്കാൻ ഗാര്‍ഹിക സ്വര്‍ണവും വിദേശ കരുതല്‍ ധനശേഖരവും ഈടായി ഉപയോഗിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. വിദേശ നാണ്യ ശേഖരവും സ്വർണത്തിന്റെ ഈടും ഉപയോ​ഗിച്ച് കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചിറക്കാനാണ് പദ്ധതിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

എന്നാൽ, ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഔദ്യോഗികമായ പ്രതികരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സ്രോതസ് വെളിപ്പെടുത്താതെ ബാങ്കുകള്‍ വഴി പൗരന്മാരുടെ കൈവശമുളള സ്വർണം ശേഖരിക്കുകയോ വെളിപ്പെടുത്തി മൂല്യം കണക്കാക്കുന്നതിന് സമാനമായ ഒരു പദ്ധതിയോ ആണ് സർക്കാർ ആലോചിക്കുന്നതെന്നാണ് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്.   

"ഇന്ത്യയിലെ ജനങ്ങളുടെ കൈവശം 25,000 ടൺ സ്വർണമെങ്കിലും കാണാനാണ് സാധ്യത. പ്രസ്തുത പദ്ധതിയെ സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ നിർദ്ദേശം പരിഗണിക്കാൻ തന്നെ വളരെയേറെ ചർച്ചകൾ വേണ്ടിവരും. ഒരു വർഷം ഇന്ത്യയിൽ ഇറക്കുമതി ചെയുന്നത് 650 -900 ടൺ സ്വർണമാണ്. ഇന്ത്യയിലെ ജനങ്ങൾ ആഭരണമായി മാത്രമല്ല മികച്ച നിക്ഷേപ മാർ​ഗവമായി കൂടിയാണ് സ്വർണത്തെ കാണുന്നത്. അതിനാൽ തന്നെ ജനങ്ങളുടെ കൈവശമുളള സ്വർണത്തിന്റെ അളവ് വലുതാണ്," ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. 

സ്വർണം വിറ്റഴിക്കനുളള പ്രവണത കൊറോണയെ തുടർന്ന് രാജ്യത്ത് ഉയരാൻ ഇടയുള്ളതായി സാമ്പത്തിക വിദ​ഗ്ധർ പറയുന്നു. കൈവശമുളള സ്വർണത്തെ പ്രതിസന്ധി കാലത്ത് പണമാക്കി മാറ്റാനുളള പ്രവണതയുടെ ഭാ​ഗമാണിത്. എന്നാൽ, ​ഗാർഹിക സ്വർണവും കൈവശമുളള സ്വർണശേഖരവും വെളിപ്പെടുത്തുന്ന മുറയ്ക്ക് മൂല്യം കണക്കാക്കുകയെന്നത് സർക്കാരിനെ സംബന്ധിച്ച് ശ്രമകരമായ ഒരു പ്രവർത്തിയാണ്. ഇത്തരത്തിലൊരു നിർദ്ദേശം പരി​ഗണനയ്ക്ക് എടുക്കുന്നതിന് മുൻപ് വളരെയേറെ ചർച്ചകൾ വേണ്ടി വരുമെന്നാണ് പ്രമുഖ ദേശീയ ധനകാര്യ ​ഗവേഷണ സ്ഥാപനത്തിന്റെ മേധാവിയായ സാമ്പത്തിക വിദ​ഗ്ധൻ പറയുന്നത്. 

നേരത്തെ തന്നെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചിരുന്നില്ല. ചുരുങ്ങിയത് 30 ഗ്രാം സ്വര്‍ണാഭരണങ്ങളോ, സ്വർണ ഉരുപ്പടികളോ ബാങ്കില്‍ നിക്ഷേപിച്ച് പലിശ നേടാവുന്ന പദ്ധതിയായിരുന്നു ഇത്. പരമാവധി എത്ര ഗ്രാം വേണമെങ്കിലും നിക്ഷേപിക്കാം എന്ന തരത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി. അതിന് സമാനമായ പദ്ധതിയാകും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. രാജ്യത്ത് ​ഗാർഹിക ശേഖരമായി 25,000 ടണ്‍ സ്വര്‍ണം ഉണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വിലയിരുത്തല്‍.
 

Follow Us:
Download App:
  • android
  • ios