Asianet News MalayalamAsianet News Malayalam

പെട്രോളിനും ഡീസലിനും തീരുവ വര്‍ധിപ്പിച്ച് കേന്ദ്രം; ലക്ഷ്യം 1.6 ലക്ഷം കോടി

പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതി. നരേന്ദ്ര മോദി 2014ല്‍ അധികാരത്തിലേറുമ്പോള്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു.
 

Centre Hikes Excise Duty On Petrol and Diesel
Author
New Delhi, First Published May 6, 2020, 7:56 AM IST

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന് 10 രൂപയും  ഡീസലിന് 13 രൂപയുമാണ് കൂട്ടിയത്. എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ 1.6 ലക്ഷം കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വില വർധിപ്പിച്ചെങ്കിലും ചില്ലറ വില്‍പന വിലയില്‍ മാറ്റം വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതോടെ, അന്താരാഷ്ട്ര തലത്തിലെ എണ്ണവിലക്കുറവിൽ  ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രയോജനമാകില്ല.

പുതുക്കിയ തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അഡീഷണല്‍ എക്‌സൈസ് തീരുവ രണ്ട് രൂപയും റോഡ് നികുതി എട്ട് രൂപയുമാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. ഡീസലിന് അഞ്ച് രൂപയാണ് അഡീഷണല്‍ തീരുവ വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതി. നരേന്ദ്ര മോദി 2014ല്‍ അധികാരത്തിലേറുമ്പോള്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു.

മാര്‍ച്ചിന് ശേഷം രണ്ടാം തവണയാണ് ഇന്ധനത്തിന് എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. കൊവിഡ് 19 പ്രതിസന്ധിയെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുവ വര്‍ധിപ്പിച്ചതെന്നാണ് കേന്ദ്രത്തിന്റെ വാദം.
 

Follow Us:
Download App:
  • android
  • ios