കൊവിഡ് -19 ഏതാണ്ട് എല്ലാ വ്യവസായിക -ധനകാര്യ മേഖലകളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അമേരിക്കയിലെ ചെറുകിട ഷെയ്ല്‍ നിര്‍മാതാക്കളെ മുതല്‍ അന്താരാഷ്ട്ര ക്രൂഡ് വ്യവസായ ഭീമന്മാരെ വരെ കൊറോണ വൈറസ് വിറപ്പിച്ചു. എണ്ണക്കമ്പനികള്‍ പലതും ലാഭ വിഹിതം നല്‍കുന്നത് വെട്ടിക്കുറച്ചിരിക്കുകയാണ്. അതാത് രാജ്യത്തെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള ദേശീയ എണ്ണക്കമ്പനികള്‍ (എൻ‌ഒ‌സി) തങ്ങളുടെ പക്കലുളള ധനവിഹിതം നിക്ഷേപ പദ്ധതികളിലേക്ക് തിരിച്ചുവിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രിത എണ്ണക്കമ്പനികളുടെ അവസ്ഥയും പരിതാപകരമാണെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഓയില്‍ പ്രൈസ് ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തില്‍ ടെസ്വെറ്റാന പരസ്‌കോവ വ്യക്തമാക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ചൈന, അവരുടെ ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര എണ്ണ -വാതക ഉൽപാദനം കൂട്ടാൻ രാജ്യത്തെ വലിയ എണ്ണ കമ്പനികളോടെല്ലാം ഉത്തരവിട്ടിരിക്കുകയാണ്. 

ഏഷ്യയിലെ എൻ‌ഒ‌സികളിൽ ഏറ്റവും മികച്ച സ്ഥാനമുളള എണ്ണക്കമ്പനികളായ പെട്രോചൈന, ചൈന പെട്രോളിയം ആൻഡ് കെമിക്കൽ കോർപ്പറേഷൻ (സിനോപെക്), ചൈന നാഷണൽ ഓഫ്‌ഷോർ ഓയിൽ കോർപ്പറേഷൻ (സി‌എൻ‌ഒഒ‌സി) എന്നിവയാണ് കൊവിഡ് ധനപ്രതിസന്ധിയിൽ ഏറ്റവും മോശം അവസ്ഥയിലായതെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഇവ മൂന്നും ചൈനയു‌ടെ ദേശീയ എണ്ണക്കമ്പനികളാണ് (എൻഒസി). 

മൂന്ന് കമ്പനികളും ആദ്യ പാദത്തിൽ നഷ്ടം രേഖപ്പെടുത്തുകയും മൂലധനച്ചെലവ് (കാപെക്സ്) കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നത് ഈ വാദ​ഗതികൾക്ക് ശക്തി പകരുന്നു.

ഈ വർഷം ദുർബലമായി തുടരും

ലോകത്തെ എണ്ണക്കമ്പനികളുടെ വരുമാനം ഈ വർഷം ദുർബലമായി തുടരുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, വരും പാദങ്ങളിൽ ഇവയുടെ നഷ്ടം വർദ്ധിക്കാനും സാധ്യത കൂടുതലാണ്. എന്നാൽ, ചൈനയിൽ എണ്ണ, വാതക ഉൽപാദനം കൂട്ടുന്നതിനുളള സർക്കാർ പിന്തുണയും കമ്പനികളുടെ ന‌ടപടികളും കാരണം ദീർഘകാല സാധ്യതകൾ തിളക്കമാർന്നതാക്കിയേക്കും. 

ഹ്രസ്വകാലത്തേക്ക്, ഏഷ്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കിടയിലെ എണ്ണവില തകർച്ചയിൽ നിന്ന് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ചൈനയുടെ എൻ‌ഒസികളാണെന്ന് ഡാറ്റ, അനലിറ്റിക്സ് കമ്പനിയായ ഗ്ലോബൽ ഡേറ്റ ഈ ആഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

കുറഞ്ഞ എണ്ണവിലയുടെ ആഘാതം പെട്രോചൈനയ്ക്കും സിനോപെക്കിനും വളരെ ഉയർന്നതും സി‌എൻ‌ഒഒ‌സിക്ക് പ്രതിസന്ധി ഉണ്ടാക്കുന്നതുമാണെന്ന് ഗ്ലോബൽ ‌ഡാറ്റയിലെ വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. പെട്രോചൈനയ്ക്കാണ് ഈ വർഷം ഏറ്റവും കൂടുതൽ ക്യാപിറ്റൽ എക്സപെഡിച്ചറിൽ ഇടിവുണ്ടായത്. ഈ വർഷം ഏകദേശം 32 ശതമാനം കുറവ് പെട്രോ ചൈനയ്ക്കുണ്ടായപ്പോൾ, സി‌എൻ‌ഒഒ‌സിയും നഷ്‌ടക്കണക്കുകളിലേക്ക് നീങ്ങി. 

ചൈനീസ് എൻഒസിയുടെ ലക്ഷ്യം?

ചൈനയുടെ എൻ‌ഒ‌സി ഇപ്പോൾ ആഭ്യന്തര എണ്ണ, വാതക ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിനും വിദേശ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനും മുൻഗണന നൽകുന്നുണ്ടെന്ന് ഗ്ലോബൽ ഡേറ്റ അനലിസ്റ്റായ കാവോ ചായ് അഭിപ്രായപ്പെടുന്നു.

എണ്ണവില തകർന്നപ്പോൾ, സി‌എൻ‌ഒഒ‌സി യു‌എസ് ഷെയ്ലിൽ നിന്നും കാനഡയിലെ എണ്ണ ഉൽപ്പാദന മേഖലയിൽ നിന്നും തങ്ങളു‌ടെ ആസ്തികളിലെ മൂലധനവും ഉൽപാദനവും വെട്ടിക്കുറച്ചു. സി‌എൻ‌ഒഒ‌സി 2020 ലെ വാർഷിക അറ്റ ​​ഉൽപാദന ലക്ഷ്യം 520-530 ദശലക്ഷം ബാരൽ എണ്ണയിൽ നിന്ന് 505-515 ദശലക്ഷം ബാരലായി കുറച്ചു. 2020 ലെ മൊത്തം മൂലധനച്ചെലവ് 12- 13.4 ബില്യൺ യുഎസ് ഡോളറിൽ നിന്ന് (85-95 ബില്യൺ ചൈനീസ് യുവാൻ) 10.6 ബില്യൺ യുഎസ് ഡോളറായി (75-85 ബില്യൺ യുവാൻ) കുറയ്ക്കുകയും ചെയ്തു.