കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വ്യക്തികളുടെ തൊഴിൽ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായ മേഖലയോട് അഭ്യർത്ഥിക്കുമ്പോഴും ഇന്ത്യൻ കോർപ്പറേറ്റുകൾ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനുളള പ്രഖ്യാപനങ്ങളുമായി മുന്നോട്ട് പോകുകയാണ്.

മുതിർന്ന എക്സിക്യൂട്ടീവുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് കോർപ്പറേറ്റ് കമ്പനികൾ തീരുമാനിച്ചതെങ്കിലും, കുറഞ്ഞ ശമ്പളമുള്ള ജോലിക്കാരും പ്രതിസന്ധി നേരിടുന്നതായി പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. എക്സിക്യൂട്ടീവ് പൈലറ്റുകൾ, ക്യാബിൻ ക്രൂ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ അലവൻസുകൾ കുറയ്ക്കുന്നതുപോലുള്ള ചെലവ് ചുരുക്കൽ നടപടികൾ എയർ ഇന്ത്യ പ്രഖ്യാപിച്ചു.

എക്സിക്യൂട്ടീവ് പൈലറ്റുമാരിൽ നിന്ന് എക്സിക്യൂട്ടീവ് എന്റർടൈൻമെന്റ് അലവൻസ് എയർലൈൻ പിൻവലിക്കുകയും ക്യാബിൻ ക്രൂവിനുള്ള ലേഓവർ അലവൻസ് കുറയ്ക്കുകയും ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന ഇന്ധന റീഇംബേഴ്സ്മെന്റ് അലവൻസ് കുറയ്ക്കുകയും ചെയ്തു.

“സമീപകാല ആഗോള സ്ഥിതി​ഗതികളുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ, കഴിയുന്നിടത്തോളം ചെലവുകൾ കുറയ്ക്കുന്നതിനുളള നടപടികൾ സ്വീകരിക്കേണ്ട ആവശ്യമുണ്ട്,” എയർ ഇന്ത്യ സർക്കുലർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമാതാക്കളിലൊരാളായ അപ്പോളോ ടയേഴ്സ് 15% മുതൽ 25% വരെ ഉന്നത മാനേജ്മെന്റ് തലത്തിലെ ഉദ്യോ​ഗസ്ഥരുടെ ആനുകൂല്യങ്ങളിൽ കുറവുണ്ടാകുമെന്ന് വെള്ളിയാഴ്ച വ്യക്തമാക്കി. യൂറോപ്പ്, വടക്കേ അമേരിക്ക, ഇന്ത്യ തുടങ്ങിയ പ്രധാന വിപണികളിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ബിസിനസിൽ ഗണ്യമായ ഇടിവ് ഉണ്ടായതാണ് ഈ നീക്കത്തിന് കാരണം.

ചെയർമാൻ ഓങ്കർ കൻവാർ, വൈസ് ചെയർമാൻ നീരജ് കൻവാർ എന്നിവർ 25 ശതമാനം വീതം ശമ്പളം വെട്ടിക്കുറയ്ക്കും. സീനിയർ മാനേജ്‌മെന്റിന് തലത്തിൽ 15 ശതമാനം കുറവുണ്ടാകും.

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോ ഒരു വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് രണ്ട് ദിവസം മുൻപ് പ്രഖ്യാപിച്ചിരുന്നു. 2020 ഏപ്രിൽ 1 മുതൽ ബാൻഡുകൾ എ, ബി എന്നിവ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും കമ്പനി ശമ്പളം വെട്ടിക്കുറയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത് ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) റൊനോജോയ് ദത്ത നേരിട്ടാണ്. 

വിമാനക്കമ്പനി വക്താവ് ദത്തയുടെ ഇമെയിൽ സ്ഥിരീകരിച്ചെങ്കിലും വിശദീകരിക്കാൻ വിസമ്മതിച്ചു. ഇൻഡിഗോയിലെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന സ്റ്റാഫുകളാണ് എ, ബി ബാൻഡുകൾ.

ബജറ്റ് എയർലൈൻ ​ഗോ എയർ അതിന്റെ ഒരു വിഭാഗം ജീവനക്കാരോട് ശമ്പളമില്ലാതെ ഹ്രസ്വ അവധിക്ക് പോകാൻ ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച പ്രവർത്തനങ്ങൾക്കിടയിൽ പ്രവാസി പൈലറ്റുമാരുടെ കരാറുകളും എയർലൈൻ അവസാനിപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

വ്യോമയാന മേഖലയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് തോന്നുമെങ്കിലും, മറ്റ് ബിസിനസുകളും ആവശ്യകത വിപണിയിലെ ആവശ്യകത കുറയുന്നതിനിടയിൽ ചെലവ് കുറയ്ക്കാൻ ശ്രമിക്കുന്നു. മുതിർന്ന എക്സിക്യൂട്ടീവുകളെ മാത്രമല്ല ഇത് ബാധിക്കുന്നത്. പ്രതിസന്ധി ഇനിയും രൂക്ഷമായി മുന്നോട്ട് പോയാൽ എല്ലാ വിഭാ​ഗം ജീവനക്കാർക്കും വേതനത്തിൽ കുറവുണ്ടായേക്കും ചിലപ്പോൾ ഒരു വിഭാ​ഗം ജീവനക്കാർക്ക് തൊഴിൽ തന്നെ നഷ്ടപ്പെട്ടേക്കാമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ നൽകുന്ന സൂചന.