കൊവിഡ് പടരുന്ന സാഹചര്യങ്ങളിലും സ്വർണ വില കുതിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1750 ഡോളർ വരെ കഴിഞ്ഞാഴ്ച്ച ഉയർന്നതിന് ശേഷം ഇന്നിപ്പോൾ 1683 ഡോളറിലാണ് നിരക്ക്. ഡോളറിനെതിരെ രൂപയുടെ ദുർബലാവസ്ഥയും തുടരുകയാണ് 76.92 ലേക്ക് വരെ ഇന്ത്യൻ കറൻസിയുടെ മൂല്യം ഇടിഞ്ഞു.

ഈ വർഷത്തെ അക്ഷയ തൃതീയ ആഘോഷം ഏപ്രിൽ 26 നാണ്. എന്നാൽ, സ്വർണ വ്യാപാര സ്ഥാപനങ്ങൾക്ക് ലോക്ക് ഡൗൺ ഇളവുകളില്ലാത്തതിനാൽ സംസ്ഥാനത്തെ ജ്വല്ലറികൾ അക്ഷയ തൃതീയയ്ക്ക് അടഞ്ഞുകിടക്കും. 2019 ലെ അക്ഷയ തൃതീയക്ക് സ്വർണ വില ഗ്രാമിന് 2,945 രൂപയായിരുന്നു. പവൻ വില 23,560 രൂപയും. എന്നാൽ, ഈ വർഷം നിരക്ക് ഇപ്പോൾ തന്നെ ​​പവന് നിരക്ക് 33,000 ത്തിന് മുകളിലാണ്.

സ്വർണത്തിന് കേരളത്തിലെ ഇന്നത്തെ വില ​ഗ്രാമിന് 4,175 രൂപയാണ്. പവൻ വില 33,400 രൂപയും. 1,230 രൂപ ഗ്രാമിനും 9,840 രൂപ പവനും വിലയിലും വർദ്ധനവുണ്ടായി.

കഴിഞ്ഞ വർഷത്തെക്കാൾ 40 ശതമാനത്തിലധികമാണ് സ്വർണവില വർധിച്ചത്. കേരളത്തിൽ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിയുന്ന ദിവസമാണ് അക്ഷയ തൃതീയ. പോയ വർഷം കേരളത്തിലെ 12,000 ലധികം സ്വർണക്കടകളിലേക്ക് 10 ലക്ഷത്തിലധികം ജനങ്ങളാണ് സ്വർണം വാങ്ങാനായി ഒഴുകിയെത്തിയിരുന്നത് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.  

അക്ഷയ തൃതീയ്ക്ക് ഓൺലൈൻ ബുക്കിങ് !

 

അക്ഷാരാർത്ഥത്തിൽ സ്വർണത്തിന്റെ വ്യാപാര ഉൽസവം തന്നെയാണ് അക്ഷയ തൃതീയ. ഏകദ്ദേശം 2,000 കിലോ സ്വർണം ഒറ്റ ദിവസം കൊണ്ട് വിറ്റഴിയുമെന്നാണ് വിപണി വിദ​ഗ്ധർ പറയുന്നത്. ഇത്തവണ സ്വർണക്കടകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരം നടക്കില്ല. മിക്ക വലിയ ജ്വല്ലറി ഉടമകളും ഓൺലൈൻ ബുക്കിംഗ് സ്വീകരിച്ച് അക്ഷയ തൃതീയ്ക്ക് സേവനം ഉറപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ, ബുക്കിങ് അനുസരിച്ചുളള സ്വർണ വിതരണം ലോക്ക് ഡൗണിന് ശേഷമേ നടക്കാൻ സാധ്യതയൊള്ളു. 

കേരളത്തിലെ മിക്കവാറും ജ്വല്ലറികളും ഫോൺ നമ്പർ വഴിയും, വാട്ട്സാപ്പ് അടക്കമുളള സാമൂഹ്യമാധ്യമങ്ങൾ വഴി ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെങ്കിലും മുൻകാലങ്ങളിലേതിന് സമാനമായ ഉത്സവാഘോഷം പോലെ നടക്കേണ്ട സ്വർണ വ്യാപാരം ഇക്കൊല്ലം ഉണ്ടാകാനിടയില്ല.

കോവിഡ് 19 സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മിക്കവാറും രാജ്യങ്ങൾ സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സ്വർണത്തിന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. പല രാജ്യങ്ങളും തങ്ങളുടെ റിസർവ് സ്വർണം ഉയർന്ന വിലയിൽ വിൽപ്പന നടത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാൽ താൽക്കാലികമായി വില കുറയാമെന്നും, കുറഞ്ഞ വിലയിൽ നിക്ഷേപകർ ഇനിയും കൂടുതലായി സ്വർണത്തിൽ നിക്ഷേപിച്ചേക്കുമെന്നും അഡ്വ എസ് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. 

2020 ൽ സ്വർണത്തിന് 1,650 -1,800 ഡോളറിൽ വ്യാപാരം നടന്നേക്കുമെന്നാണ് പ്രവചനങ്ങൾ. 2021 ൽ അന്താരാഷ്ട്ര സ്വർണ വില 1,900 - 2,000 ഡോളർ കടന്നേക്കാമെന്ന പ്രവചനങ്ങളുണ്ട്. ഇന്ത്യയിൽ എംസിഎക്സിൽ 10 ഗ്രാം തങ്കവില 47,000 രൂപ വരെ എത്തിയിരുന്നു
മൂന്ന് ദിവസത്തിനിടെ നിരക്ക് 2,000 രൂപ കുറയുകയും, ഇന്ന് 45,760 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. ലോക വിപണികളെല്ലാം സാധാരണ നില കൈവരിക്കാൻ സമയമെടുക്കുമെന്നതിനാൽ സ്വർണ വിലയിൽ ഇനിയും ചാഞ്ചാട്ടം തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.