Asianet News Malayalam

തകിടം മറിഞ്ഞ ബാരല്‍: എണ്ണവില പൂജ്യത്തിനും താഴെ ആകുന്നതെങ്ങനെ? അതിന്റെ പരിണിതഫലങ്ങള്‍ എന്തൊക്കെ?

എണ്ണയുടെ അമിത ഉത്പാദനം ഏറ്റവും രൂക്ഷമായിട്ടുള്ളത് അമേരിക്കയിലാണ്. പ്രതിദിനം അമേരിക്ക ഉത്പാദിപ്പിക്കുന്നത് ഒരു കോടി ബാരല്‍ ക്രൂഡ് ഓയില്‍ ആണ്. അമേരിക്കയുടെ ശേഖരണ ശാലകള്‍ എല്ലാം തന്നെ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്.

crude oil price and it's impact in Indian economy by babu ramachandran
Author
Mumbai, First Published Apr 21, 2020, 11:33 AM IST
  • Facebook
  • Twitter
  • Whatsapp

മേരിക്കയില്‍ എണ്ണവില അഭൂതപൂര്‍വമാം വിധം കൂപ്പുകുത്തിയിരിക്കുകയാണ് ഇന്നലെ. തിങ്കളാഴ്ച അമേരിക്കന്‍ ഓയില്‍ ഫ്യൂച്ചേഴ്‌സ് വിപണി സാക്ഷ്യം വഹിച്ചത് ഏറ്റവും വലിയ തകര്‍ച്ചയ്ക്കാണ്. കൊവിഡ് 19 ലോക്ക്ഡൗണ്‍ കാരണം വിപണിയില്‍ ഇന്ധന ഡിമാന്‍ഡ് കുറഞ്ഞിട്ടും ക്രൂഡ് ഓയിലിന്റെ ഉല്‍പാദനവും എണ്ണ കുമിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് ഉണ്ടാക്കിയത്. അങ്ങനെയാണ് 'വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ്'(ഡബ്ല്യുടിഎ) എന്നറിയപ്പെടുന്ന അമേരിക്കന്‍ എണ്ണവിപണിയുടെ ബെഞ്ച് മാര്‍ക്ക് ആയ ക്രൂഡ് ഓയില്‍ ഇനത്തിന്റെ വിപണിമൂല്യം, മെയ് മാസത്തെ 'ഫ്യൂച്ചേഴ്‌സ് 'വിപണിയില്‍ മണിക്കൂറുകള്‍ക്കിടെ 18 ഡോളറില്‍ നിന്ന് -38 ഡോളര്‍ ആയി കുറഞ്ഞുപോയത്.

'ആഗോളതലത്തിലുള്ള സപ്ലൈ-ഡിമാന്‍ഡ് അസന്തുലിതാവസ്ഥ ഇതാദ്യമായി ക്രൂഡിന്റെ വിലയില്‍ വല്ലാതെ പ്രതിഫലിക്കുന്ന കാഴ്ചയാണ് ഇത്. ഉത്പാദനം വേണ്ട അളവില്‍ കുറച്ചില്ലെങ്കില്‍, എണ്ണ ശേഖരണ സംവിധാനങ്ങള്‍ വേഗത്തില്‍ നിറഞ്ഞുകൊണ്ടിരിക്കും. ലോകത്തിന്റെ എണ്ണയുപഭോഗം കുറഞ്ഞിരിക്കുകയാണ്. അത് ഉത്പാദനത്തിലേക്ക് എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് എണ്ണക്കമ്പനികള്‍ ഇനിയെങ്കിലും തിരിച്ചറിയണം' റൈസ്റ്റാര്‍ഡ് എനര്‍ജി എണ്ണ എണ്ണഗവേഷണസ്ഥാപനത്തിന്റെ ഗവേഷണ വിഭാഗം തലവനായ യോര്‍ണാര്‍ ടോണാഹോഗന്‍ പറഞ്ഞു.

ഇപ്പോള്‍ തന്നെ അമേരിക്കന്‍ എണ്ണപ്പാടങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ വലിയൊരു ഭാഗം അമേരിക്കന്‍ ഗള്‍ഫിലെ തുറമുഖങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഭീമന്‍ ടാങ്കറുകളിലാണ് സൂക്ഷിക്കുന്നത്. 2009ലെ ആഗോള മാന്ദ്യത്തിന്റെ സമയത്താണ് ഇതുപോലെ കടലില്‍ നിര്‍ത്തിയിട്ടിട്ടുള്ള ടാങ്കര്‍ കപ്പലുകളില്‍ വ്യാപകമായ തോതില്‍ എണ്ണ ശേഖരിക്കേണ്ടി വന്നിട്ടുളളത്.

ഫ്യൂച്ചേഴ്‌സ് ട്രേഡിങ്ങ്

എണ്ണയുടെ ഫ്യൂച്ചേഴ്‌സ് ട്രേഡിങ് എന്നത് അടുത്ത മാസം വിപണിയില്‍ ഡെലിവറി ചെയ്യാന്‍ പോകുന്ന എണ്ണയ്ക്കായി നടക്കുന്ന മുന്‍കൂര്‍ വ്യാപാരമാണ്. മെയില്‍ ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിലാണ് വെസ്റ്റേണ്‍ ടെക്സാസ് ഇന്റര്‍മീഡിയറ്റ് എന്ന അമേരിക്കന്‍ എണ്ണവിപണിയുടെ ബെഞ്ച് മാര്‍ക്ക് ആയ ക്രൂഡ് ഓയിലിന്റെ വില നെഗറ്റീവ് ആയി ചാഞ്ചാടിയത്. ഇത് സ്റ്റോറേജ് പരിധി വിട്ടും ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണ തങ്ങളുടെ സംഭരണികളില്‍ നിന്ന് എടുത്തുകൊണ്ടു പോയിത്തരാന്‍ ഉത്പാദകര്‍ വാങ്ങുന്നവര്‍ക്ക് അങ്ങോട്ട് പണം നല്‍കുന്ന ഫലമാണ് ഉണ്ടാക്കുന്നത്. അതേ സമയം അന്താരാഷ്ട്ര അസംസ്‌കൃത എണ്ണയുടെ തത്സമയ വ്യാപാരത്തിന്റെ ബെഞ്ച് മാര്‍ക്ക് ആയ ബ്രെന്റ് ക്രൂഡിന്റെ വിലയും ഇന്നലെ എട്ടു ശതമാനത്തോളം ഇടിഞ്ഞ്  $25.79 എന്ന നിരക്കിനാണ് ക്‌ളോസ് ചെയ്തത്.

എന്തുകൊണ്ട് നെഗറ്റീവ് ?

2019 അവസാനം ചൈനയില്‍ കൊറോണാ വൈറസ് ബാധയുണ്ടായ അന്നുതൊട്ടേ, ആഗോളവിപണികളില്‍ ക്രൂഡോയിലിന്റെ വില ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാസങ്ങളായി പല രാജ്യങ്ങളിലെയും ഗതാഗതം സ്തംഭനാവസ്ഥയിലാണ്. ലോക യാത്രാ ഭൂപടത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പല റൂട്ടുകളും ഇന്ന് നിശ്ചലമായ അവസ്ഥയിലാണ്. പലയിടത്തും വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവാദമില്ല. വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്യപ്പെട്ടു.

എണ്ണ ഉപഭോഗം കഴിഞ്ഞ കുറേ മാസങ്ങളായി കുറഞ്ഞുകുറഞ്ഞു വരികയാണ്. എന്നാല്‍ ഡിമാന്റില്‍ വന്ന ഈ കുറവിനെ കൃത്യമായി അളന്നുകൊണ്ട് അതിനനുസരിച്ച് ഉത്പാദനത്തില്‍ ആനുപാതികമായ കുറവുവരുത്താന്‍ ലോകമെമ്പാടുമുള്ള എണ്ണ ഉത്പാദകര്‍ തയ്യാറായിട്ടുമില്ല. അത് കാരണമായിരിക്കുന്നത് അഭൂതപൂര്‍വമായ ഒരു വിചിത്രാവസ്ഥയ്ക്കാണ്. ആവശ്യത്തില്‍ കൂടുതല്‍ എണ്ണ കുമിഞ്ഞുകൂടിയിരിക്കുന്നു. ഇങ്ങനെ തന്നെ ഉത്പാദനം നടന്നാല്‍, നിലവിലെ സ്റ്റോറേജ് സൗകര്യങ്ങള്‍ തികയാതെ പോകും.

എണ്ണക്കിണറുകളില്‍ നിന്ന് പമ്പുചെയ്യുന്ന ക്രൂഡ് ഓയില്‍ എവിടെക്കൊണ്ടു ശേഖരിക്കും എന്നറിയാത്ത അവസ്ഥ വരും. ഈ ഒരു ആപത്ഭീതി വിപണിയിലെ വിലയേയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ കലാശക്കൊട്ടാണ് ഇന്നലെ വിപണിയില്‍ കണ്ട ക്രൂഡോയില്‍ വിലയുടെ പൂജ്യത്തിനു താഴേക്കുള്ള ചാഞ്ചാട്ടം.

നെഗറ്റീവ് വില എന്നാല്‍ എന്താണ് അര്‍ത്ഥം?

സംഭവം ലളിതമാണ്. ഡിമാന്‍ഡിനേക്കാള്‍ കൂടിയ സപ്ലൈ വന്നപ്പോള്‍ എണ്ണ ഉത്പാദകരുടെ സംഭരണികള്‍ നിറഞ്ഞിരിക്കുന്നു. എന്നിട്ടും എണ്ണക്കിണറുകളില്‍ നിന്ന് പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന എണ്ണ ഒഴിവാക്കാനാണ് വാങ്ങുന്നവര്‍ക്ക് ഉത്പാദകര്‍ അങ്ങോട്ട് കാശുനല്‍കുന്ന അവസ്ഥ. അതാണ് നെഗറ്റീവ് പ്രൈസിംഗ് എന്ന് പറയുന്നതിന്റെ അര്‍ത്ഥം. ഇന്നലെ ഫ്യൂച്ചേഴ്‌സ് വിപണിയില്‍ കണ്ടത് അതാണ്. ഇന്നലെ വിപണിയില്‍ നടന്ന വെസ്റ്റേണ്‍ ടെക്സാസ് ഇന്റര്‍മീഡിയറ്റ് (WTI) എന്ന ബെഞ്ച് മാര്‍ക്ക് ക്രൂഡിന്റെ മെയിലെ ഫ്യൂച്ചേഴ്‌സ് വ്യാപാരത്തില്‍ ഒരു എണ്ണക്കമ്പനി ഒരു ബാരല്‍ എണ്ണ വിറ്റഴിക്കാന്‍ വാങ്ങുന്നയാളിന് ഏകദേശം നാല്‍പതു ഡോളറോളം അങ്ങോട്ട് നല്‍കി എന്നാണ് പറയപ്പെടുന്നത്.

എണ്ണക്കിണറുകള്‍  അനുനിമിഷം ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്ന ക്രൂഡോയില്‍ ഉത്പാദനശാലയില്‍ നിന്ന് കൊണ്ടുപോകേണ്ടത് ഉത്പാദകകമ്പനിയുടെ ആവശ്യമാണ്. അതിനു തയ്യാറായി വരുന്നവര്‍ക്ക് അവരുടേതായ ചെലവുകളുണ്ട്. അതില്‍ ഉത്പാദനശാലയില്‍ നിന്ന് ശുദ്ധീകരണശാലയിലേക്കുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജുകളുണ്ട്. ചിലപ്പോള്‍ ശുദ്ധീകരണ ശാലയില്‍ ഈ എണ്ണ മാസങ്ങളോളം ശേഖരിച്ചു വെക്കേണ്ടി വരും. അതിന്റെ ചെലവുകളുണ്ട്. ഇതൊക്കെ കാര്യമായ ചെലവുകളാണ്. ഇങ്ങനെ നെഗറ്റീവ് വിലയില്‍ തങ്ങളുടെ എണ്ണ വില്‍ക്കാന്‍ ഒരു ഉത്പാദക കമ്പനിക്കും താത്പര്യമുണ്ടാവില്ല. അതുകൊണ്ടുതന്നെ, എണ്ണയുത്പാദനം നിലക്കുന്ന ഒരു പ്രതിസന്ധി ഘട്ടമാണ് ഇനി വരാനിരിക്കുന്നത്.

അമേരിക്കയില്‍ മാത്രമെന്താ ഇങ്ങനെ?

എണ്ണയുടെ അമിത ഉത്പാദനം ഏറ്റവും രൂക്ഷമായിട്ടുള്ളത് അമേരിക്കയിലാണ്. പ്രതിദിനം അമേരിക്ക ഉത്പാദിപ്പിക്കുന്നത് ഒരു കോടി ബാരല്‍ ക്രൂഡ് ഓയില്‍ ആണ്. അമേരിക്കയുടെ ശേഖരണ ശാലകള്‍ എല്ലാം തന്നെ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഗള്‍ഫും ഒക്കെ പിടിച്ചു നില്‍ക്കുന്നത് അമേരിക്കയെക്കാള്‍ കുറഞ്ഞ ട്രാന്‍സ്പോര്‍ട്ടേഷന്‍ നിരക്കുകള്‍ ഉള്ളതിനാലും, അവിടങ്ങളിലെ തുറമുഖങ്ങളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ എത്തിച്ചേരാനാകും എന്നതുകൊണ്ടുമാണ്. എന്നാലും, അവിടങ്ങളിലെ ബ്രെന്റ് ക്രൂഡിന്റെ വിലയും ജനുവരിയിലെ വിലയെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. കഷ്ടിച്ച് ഇരുപത് ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ വിലയുടെ നില്‍പ്പ്.

ഇതൊക്കെക്കൊണ്ട് നമുക്ക് വല്ല കാര്യവുമുണ്ടോ?

എണ്ണയുടെ വിലയില്‍ ഈ മാറ്റം ഒരുപാടൊന്നും പ്രതിഫലിച്ചു കാണാന്‍ വഴിയില്ല. കാരണം എണ്ണവിലയുടെ ചെറിയൊരു ഭാഗം മാത്രമാണ് ക്രൂഡോയില്‍ വിലയുടെ അന്താരാഷ്ട്ര വ്യതിയാനം കൊണ്ട് മാറുക. മറ്റുള്ള പ്രധാന ഭാഗം അതാത് രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ ചുമത്തുന്ന നികുതികളാണ്.

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിനുണ്ടാകുന്ന വിലയിടിവ് പെട്രോള്‍ വിലയിലും പ്രതിഫലിക്കേണ്ടതാണ്, പക്ഷേ വിപണിയിലെ ഉപഭോഗം വല്ലാതെ ഇടിഞ്ഞതുകൊണ്ട് തങ്ങളുടെ നികുതി വിഹിതത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ വേണ്ടി സര്‍ക്കാരുകള്‍ നികുതികള്‍ വര്‍ധിപ്പിച്ച്, വിലയിലും ഉപഭോഗത്തിലുമുണ്ടായ ഈ കുറവിന്റെ ഫലങ്ങള്‍ ബാലന്‍സ് ചെയ്യാനും സാധ്യത നിലനില്‍ക്കുന്നുണ്ട്.

എണ്ണവില എന്നാണ് കരകയറാന്‍ പോകുന്നത്?

ഈ നെഗറ്റീവ് ഇടിവൊക്കെ വളരെ താത്കാലികമായ പ്രതിഭാസങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ അമേരിക്കയില്‍ രേഖപ്പെടുത്തി എന്നുപറയുന്ന ഈ പൂജ്യത്തിലും താഴെയുള്ള ട്രേഡിങ്, അത് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ മാത്രം വിലയിലാണ്, അതും മെയില്‍ ഡെലിവറി ചെയ്യാനിരിക്കുന്ന ക്രൂഡ് ഓയിലിന്റെ ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിനിടെ. വിലയില്‍ അങ്ങനെ ഒരു ചാഞ്ചാട്ടമുണ്ടാവാനുള്ള മറ്റൊരു കാരണം, ഇന്നലെ തിങ്കളാഴ്ച മെയിലേക്കുള്ള ഫ്യൂച്ചേഴ്‌സ് വ്യാപാരം നടത്തി ആ എണ്ണ സംഭരണികളില്‍ നിന്നൊഴിവാക്കാനുള്ള ഉത്പാദകരുടെ അവസാന അവസരമായിരുന്നു.

ചൊവ്വാഴ്ച മുതല്‍ അവര്‍ക്ക് ജൂണിലേക്കുള്ള  ഫ്യൂച്ചേഴ്‌സ് വ്യാപാരം തുടങ്ങിയെ പറ്റൂ. ആ അടിയന്തരാവസ്ഥ ഉണ്ടാക്കിയ ഒരു താത്കാലിക പ്രതിസന്ധി മാത്രമായിരുന്നു ഈ നെഗറ്റീവ് വിലയിടിവ് എന്നര്‍ത്ഥം. ഇന്നിനി ഫ്യൂച്ചേഴ്‌സ് വിപണി തുറക്കും ജൂണിലേക്കുള്ള മുന്‍കൂര്‍ വ്യാപാരത്തിന്റെ നിരക്ക് അത്ര മോശമില്ലാത്ത ഒന്നു തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എണ്ണവില വരും ദിവസങ്ങളില്‍ ഉറപ്പായും മെച്ചപ്പെടും. എന്നാല്‍ അത് എത്ര പെട്ടെന്ന് സംഭവിക്കും എന്നത്, ലോകം കൊവിഡ് മഹാമാരിയില്‍ നിന്ന് എത്ര പെട്ടെന്ന് മുക്തി പ്രാപിച്ച്, ലോക്ക് ഡൌണ്‍ ഒക്കെ എടുത്തുനീക്കി, വിമാനസര്‍വീസുകളൊക്കെ പുനഃസ്ഥാപിച്ച്, വ്യവസായ ശാലകളൊക്കെ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും. അതുവരെ, അതായത് ചുരുങ്ങിയത് അടുത്ത നാലഞ്ച് മാസങ്ങളെങ്കിലും എണ്ണയുത്പാദകര്‍ക്ക് ആശങ്കയുടെ ദിനങ്ങള്‍ തന്നെയാണ്.

Follow Us:
Download App:
  • android
  • ios