Asianet News MalayalamAsianet News Malayalam

കണക്കുകൾ ഞെട്ടിക്കും! ലോക്ക് ഡൗണിൽ പെട്രോൾ, ഡീസൽ ആവശ്യകതയിൽ വൻ ഇടിവ്; എടിഫ് ഉപഭോ​ഗം കുത്തനെ താഴ്ന്നു

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോക്താവായ ഇന്ത്യയുടെ ആവശ്യകത കുറയുന്നത് ക്രൂഡ് ഓയിൽ വിപണിയിൽ സമ്മ‍ർദ്ദം വർധിക്കാനിടയാക്കും. 

Demand for petrol and diesel down due to covid -19
Author
Mumbai, First Published Apr 9, 2020, 4:06 PM IST

ഏപ്രിലിൽ ഇതുവരെ രാജ്യത്തെ പെട്രോൾ, ഡീസൽ എന്നിവയുടെ ആവശ്യകത 66 ശതമാനം കുറഞ്ഞു. വിമനക്കമ്പനികളെല്ലാം സർവീസ് നിർത്തിവച്ചതോടെ ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) ഉപഭോഗത്തിൽ 90 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. രാജ്യവ്യാപകമായി ലോക്ക് ഡൗൺ ആയതിനാലാണ് വലിയ തോതിൽ ഇന്ധന ആവശ്യകതയിൽ ഇടിവുണ്ടായത്. ഇത് സാമ്പത്തിക പ്രവർത്തനങ്ങളിലും യാത്രകളിലും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് വ്യവസായ മേഖലയിൽ നിന്നുളളവർ അഭിപ്രായപ്പെടുന്നു. 

2019 ഏപ്രിലിൽ ഇന്ത്യ 2.4 ദശലക്ഷം ടൺ പെട്രോളും 7.3 ദശലക്ഷം ടൺ ഡീസലും ഉപയോഗിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6,45,000 ടൺ എടിഎഫ് ആണ് ഇന്ത്യയിൽ ഉപയോഗിച്ചതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

2020 മാർച്ചിൽ രേഖപ്പെടുത്തിയ ഒരു ദശകത്തിനിടയിലെ ഏറ്റവും മോശം ഇന്ധന വിൽപ്പനയ്ക്ക് ശേഷമാണ് ഏപ്രിലിലെ ഈ വൻ ഡിമാൻഡ് ഇടിവ് !. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഭോക്താവായ ഇന്ത്യയുടെ ആവശ്യകത കുറയുന്നത് ക്രൂഡ് ഓയിൽ വിപണിയിൽ സമ്മ‍ർദ്ദം വർധിക്കാനിടയാക്കും. 

രാജ്യത്തെ പെട്രോളിയം ഉൽ‌പന്ന ഉപഭോഗം മാർച്ചിൽ 17.79 ശതമാനം ഇടിഞ്ഞ് 16.08 ദശലക്ഷം ടണ്ണായിരുന്നു. ഡീസൽ, പെട്രോൾ, എടിഎഫ് ഉൽപ്പടെയുളള എല്ലാം ഉൽപ്പന്നങ്ങളുടെയും ഡിമാൻഡ് കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് ഡീസലിന്റെ ഡിമാൻഡ് കരാർ 24.23 ശതമാനം ഇടിഞ്ഞ് 5.65 ദശലക്ഷം ടണ്ണായി. ഡീസൽ ഉപഭോഗത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. മിക്ക ട്രക്കുകളും, ട്രെയിനുകളും ഓടിക്കുന്നത് നിർത്തിയത് കാരണമാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന പെട്രോളിയം ഇന്ധനം ഡീസലാണ്. 

മാർച്ചിൽ പെട്രോൾ വിൽപ്പന 16.37 ശതമാനം ഇടിഞ്ഞ് 2.15 ദശലക്ഷം ടണ്ണായി. കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക് ‍ഡൗൺ നടപ്പാക്കിയതിനാൽ മിക്ക കാറുകളെയും ഇരുചക്ര വാഹനങ്ങളെയും റോഡിൽ നിന്ന് മാറ്റി.

മാർച്ച് പകുതി മുതൽ വിമാന സർവീസുകൾ നിർത്തിയതോടെ എടിഎഫ് ഉപഭോഗം 32.4 ശതമാനം ഇടിഞ്ഞ് 4,84,000 ടണ്ണായി.

മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ കാലയളവിൽ ബുക്ക് റീഫില്ലുകൾ മൂലം വളർച്ച കാണിച്ച ഒരേയൊരു ഇന്ധനം എൽപിജി ആയിരുന്നു.

എൽ‌പി‌ജി വിൽ‌പന 1.9 ശതമാനം ഉയർന്ന്‌ 2.3 ദശലക്ഷം ടണ്ണായി. പൊതു, സ്വകാര്യ മേഖലയിലെ എണ്ണകമ്പനികളുടെ വിൽപ്പന ഉൾപ്പെടുത്തിയുളള രാജ്യത്തെ മൊത്തം പെട്രോളിയം ഉൽ‌പന്ന ഉപഭോഗത്തിന്റെ ആദ്യ കണക്കാണ് ഇതെന്ന് ബിസിനസ് സ്റ്റാൻഡേർഡ് പറയുന്നു. 

Follow Us:
Download App:
  • android
  • ios