Asianet News MalayalamAsianet News Malayalam

അവശ്യസാധന നിയമം ഭേ​ദ​ഗതി ചെയ്യും: ക്ഷീര വികസനം, മത്സ്യകൃഷി കൂടുതൽ സഹായം; ഓപ്പറേഷന്‍ ഗ്രീന്‍ വിപുലീകരിക്കും

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ആഗോള ലക്ഷ്യത്തോടെ നടപ്പാക്കുന്നതിന്റെ ഭാ​ഗമായി രണ്ട് ലക്ഷം സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങളെ സഹായിക്കാൻ ഒരു പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 

detailed report on third phase announcements by finance minister on covid package
Author
New Delhi, First Published May 15, 2020, 6:40 PM IST

കൊറോണ പകർച്ചവ്യാധിയിൽ പ്രതിസന്ധിയിലായ കാർഷിക മേഖലയുടെ ഉന്നമനത്തിനായി 1955 ലെ അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് നിർമല സീതാരാമൻ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ മൂന്നാംഘട്ടത്തിലാണ് നിയമഭേദ​ഗതിയെപ്പറ്റി ധനമന്ത്രി പരാമർശിച്ചത്. 

ഈ നിയമഭേദ​ഗതിയിലൂടെ ഭക്ഷ്യധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉള്ളി, തക്കാളി എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങൾ അവശ്യ വസ്തുക്കളുടെ പട്ടികയിൽ നിന്നും ഒഴിവാകും. കാർഷിക ഉൽപ്പന്നങ്ങളുടെ വില മികച്ചതാക്കുകയാണ് ഈ പ്രഖ്യാപനങ്ങളിലൂടെ സർക്കാർ ലക്ഷ്യം. മൂന്നാം ഘട്ട പ്രഖ്യാപനങ്ങളിൽ കൃഷി, അനുബന്ധ മേഖലകൾക്കായുളള പദ്ധതികളാണ് ധനമന്ത്രി നടത്തിയത്. മൊത്തം 11 പദ്ധതികളാണ് മൂന്നാം ഘട്ടത്തിൽ ഇടം നേടിയത്. ഇതിൽ എട്ട് പ്രഖ്യാപനങ്ങൾ സംഭരണം, ചരക്ക് നീക്കം, മറ്റ് അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ചുളളവയായിരുന്നു. ശേഷിക്കുന്ന മൂന്നണ്ണം മേഖലയിലെ ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട നടപടികളാണ്. 

ഇന്നും നേരിട്ട് ​ഗുണഭോക്താക്കളിലേക്ക് പണം കൈമാറുന്ന പദ്ധതികളൊന്നും സർക്കാർ പ്രഖ്യാപിച്ചില്ല. 20 ലക്ഷം കോടി രൂപയുടെ പാക്കേജിനായുളള ധനസമാഹരണത്തെ സംബന്ധിച്ച പ്രഖ്യാപനങ്ങളോ സൂചനകളോ ഇന്നും ധനമന്ത്രി നിർമല സീതാരാമനിൽ നിന്നുണ്ടായില്ല. ലോക്ക്ഡൗണിനിടെ സംഭരണം നടക്കാതിരുന്നതിനാൽ ക്ഷീര കർഷകർ റോഡിൽ പാൽ ഒഴുക്കിക്കളഞ്ഞ സംഭവം ധനമന്ത്രി വാർത്താസമ്മേളനത്തിനിടെ പരാമർശിച്ചു. ഇക്കാലയളവിൽ പാലിന്റെ ആവശ്യകതയിൽ 20 -25 ശതമാനം വരെ കുറവുണ്ടായതായി അവർ പറഞ്ഞു.  

ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി വിപുലീകരിക്കും

ക്ഷീര സഹകരണ സംഘങ്ങൾക്ക് രണ്ട് ശതമാനം വാര്‍ഷിക പലിശയില്‍ വായ്പ ലഭ്യമാക്കും. രണ്ടുകോടിയോളം ക്ഷീരകര്‍ഷര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുകയും, ഏകദേശം അയ്യായിരം കോടിയുടെ അധിക പണലഭ്യത മേഖലയിലുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. മൃ​ഗ സംരക്ഷണ മേഖലയ്ക്കായി 15,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് സർക്കാർ നീക്കിവച്ചു. ഈ തുക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ പരിമിതികൾ പരിഹരിക്കുന്നതിനായി വിനിയോ​ഗിക്കും. നാഷണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പദ്ധതി പ്രകാരം രോ​ഗ നിർമാർജനത്തിന് 1,343 കോടി രൂപയാണ് വകയിരുത്തിയത്. 

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കു മാത്രമായി നടപ്പാക്കിയിരുന്ന ''ഓപ്പറേഷന്‍ ഗ്രീന്‍'' പദ്ധതിയിലേക്ക് മുഴുവന്‍ പച്ചക്കറികളെയും പഴങ്ങളെയും ഉള്‍പ്പെടുത്തി. പച്ചക്കറി മേഖലയ്ക്ക് 500 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയത്. ഉൽപ്പന്നങ്ങൾ അധികമുളള വിപണികളിൽ നിന്ന് ഉൽപ്പന്ന ക്ഷാമം നേരിടുന്ന ഇടങ്ങളിലേക്ക് പച്ചക്കറിയും അനുബന്ധ ഉൽപ്പന്നങ്ങളും എത്തിക്കുന്നതിനുളള ​ഗതാ​ഗതത്തിന് 50 ശതമാനം സബ്സിഡി ഏർപ്പെടുത്തി. വിപുലമായ ലോജിസ്റ്റിക്സ് ​ഗ്രിഡ് സംവിധാനം നിർമിക്കാൻ സഹായകരമായ തീരുമാനമാണിത്. ഇത് മേഖലയിൽ നേരിടുന്ന വിലയിടിവ് പരിഹരിക്കാനും ഭക്ഷ്യവസ്തുക്കൾ ഉപയോ​ഗ ശൂന്യമാകുന്നത് ഒഴിവാക്കാനും സഹായകരമായേക്കും. 

ആയുർവേദം, ഔഷധ നിർമാണം എന്നിവയ്ക്ക് സഹായകരമായ രീതിയിലുളള പദ്ധതികളും മൂന്നാം ഘട്ടത്തിൽ ഇടം നേടി. ഔഷധ സസ്യക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ 4,000 കോടി രൂപ മാറ്റിവച്ചു. അടുത്ത രണ്ട് വർഷത്തിനുളളിൽ 10 ലക്ഷം ഹെക്ടറിലേക്ക് ഔഷധ സസ്യകൃഷി വിപുലീകരിക്കാനാണ് സർക്കാരിന്റെ ആലോചന. ​ഗം​ഗാ തീരത്തെ 800 ഹെക്ടറിൽ ഔഷധ സസ്യ ഇടനാഴിയും സർക്കാർ വിഭാ​വനം ചെയ്യുന്നു. 

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് പിന്നാലെ !

'വോക്കല്‍ ഫോര്‍ ലോക്കല്‍' വിത്ത് ഗ്ലോബല്‍ ഔട്ട് റീച്ച് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ ഭാ​ഗമായി അസംഘടിത മേഖലയിലെ സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങൾക്കായി (എംഎഫ്ഇ) 10,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഭക്ഷ്യ സംസ്കാരണ മേഖലയിൽ ഉണർവ് സൃഷ്ടിച്ച് കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ആഗോള ലക്ഷ്യത്തോടെ നടപ്പാക്കുന്നതിന്റെ ഭാ​ഗമായി രണ്ട് ലക്ഷം സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങളെ സഹായിക്കാൻ ഒരു പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 

ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി മത്സ്യ സമ്പാദന്‍ യോജനയ്ക്ക് കീഴിൽ സമുദ്ര -ഉള്‍നാടന്‍ മത്സ്യക്കൃഷിക്ക് 20,000 കോടിയുടെ പദ്ധതി നടപ്പാക്കും. ഇതില്‍ 11,000 കോടി സമുദ്ര -ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്കും അക്വാകള്‍ച്ചറിനുമാണ്. 55 ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പദ്ധതിയുടെ ഭാ​ഗമായി 9,000 കോടി രൂപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോ​ഗിക്കും.

Follow Us:
Download App:
  • android
  • ios