കമ്പനികളിൽ നിന്ന് ദീപാവലിക്ക് ലഭിക്കുന്ന പല ബോണസുകൾക്കും സമ്മാനങ്ങൾക്കും നികുതി നിയമങ്ങൾ ബാധകമാണ്. 5,000 രൂപയിൽ താഴെയുള്ള സമ്മാനങ്ങൾക്ക് നികുതിയിളവ് ലഭിക്കും. എന്നാൽ അതിനു മുകളിലുള്ളവയ്ക്കും ക്യാഷ് ബോണസുകൾക്കും ആദായ നികുതി അടക്കണം.
ദീപാവലി അടുത്തു വരികയാണ്. രാജ്യത്തെ ചെറുതും വലുതുമായ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർ മുതൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ വരെ ഉത്സവ ബോണസുകൾക്കും ലഭിക്കുന്ന ഗിഫ്റ്റിനുമായി കാത്തിരിക്കുകയാണ്. ബോണസായി പണം, മധുരപലഹാരങ്ങൾ, ഗാഡ്‌ജെറ്റുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയാണ് മിക്ക കമ്പനികളും നൽകുന്നത്. എന്നാൽ ഇവക്ക് എല്ലാത്തിനും നികുതിയിളവുകൾ ലഭിക്കില്ല എന്ന കാര്യം നമ്മൾ കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഏതിനൊക്കെ നികുതി അടക്കേണ്ടി വരുമെന്നും, ഏതൊക്കെയാണ് നികുതി രഹിതമെന്നും നോക്കാം.
സമ്മാനങ്ങൾ
തൊഴിലുടമകൾ നൽകുന്ന എല്ലാ സമ്മാനങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ, അല്ലെങ്കിൽ 5,000 രൂപ വരെ വിലയുള്ള ഒരു ഗാഡ്‌ജെറ്റ് പോലുള്ളവ പൊതുവെ നികുതി രഹിതമാണ്. എന്നാൽ ഈ മൂല്യത്തിന് മുകളിൽ വരുന്ന സമ്മാനങ്ങൾക്ക് നികുതിയടക്കേണ്ടി വരും. ഉദാഹരണത്തിന് ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അല്ലെങ്കിൽ ആഭരണങ്ങൾ എന്നിവയ്ക്ക് പൂർണ്ണമായും നികുതി ചുമത്താം. ഈ സമ്മാനങ്ങളുടെ ആകെ മൂല്യം ജീവനക്കാരന്റെ വാർഷിക വരുമാനത്തിൽ ചേർത്ത് സാധാരണ ശമ്പള വരുമാനം പോലെ ബാധകമായ നിരക്കിൽ നികുതി ചുമത്തുകയാണ് ചെയ്യുക.
ക്യാഷ് ബോണസ്
ക്യാഷ് ബോണസുകൾ ജീവനക്കാരന്റെ ശമ്പളത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. ഉദാഹരണത്തിന്, 30,000 രൂപയുടെ ദീപാവലി ബോണസ് ലഭിച്ചുവെന്നിരിക്കട്ടെ, ഇത് മൊത്തം വാർഷിക വരുമാനത്തിൽ ചേർത്ത് വ്യക്തിയുടെ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും. ക്യാഷ് ബോണസുകൾക്ക് പ്രത്യേക ഇളവുകളൊന്നുമില്ലാത്തത് കൊണ്ട് തന്നെ ജീവനക്കാർ അവരുടെ ആദായനികുതി റിട്ടേണിൽ (ഐടിആർ) ഇവ ശരിയായി റിപ്പോർട്ട് ചെയ്യണം.
ചുരുക്കിപ്പറഞ്ഞാൽ, ക്യാഷ് ബോണസുകളെല്ലാം നികുതിയുടെ ഭാഗമാണ്. എന്നാൽ 5,000 രൂപയിൽ താഴെയുള്ള ചെറിയ സമ്മാനങ്ങൾക്ക് നികുതി ഇളവ് തുടരും. എന്നാൽ ഈ പരിധിക്ക് മുകളിലുള്ള എന്തും, അത് പണമായാലും ഉയർന്ന മൂല്യമുള്ള സമ്മാനങ്ങളായാലും, നികുതി വ്യവസ്ഥക്ക് വിധേയമാണ്.


