ആദ്യമൊക്കെ കൊറോണയെ വെറുമൊരു വൈറൽ രോ​ഗമായി എല്ലാവരും കണ്ടു. ചൈനയിൽ എവിടെയോ പനിക്ക് കാരണമായ വൈറസ്. എന്തിന് നാം ഭയപ്പെടണം? എന്ന് എല്ലാരും ചിന്തിച്ചു. എന്നാൽ, ചൈനയിൽ നിന്ന് ദിനംപ്രതി വരുന്ന വാർത്തകൾ ആദ്യം കരുതിയ പോലെ അത്ര നിസാരമല്ലായിരുന്നു. വൈറസ് ചൈനയും കടന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കും, യുഎസിലേക്കും എത്തി. അപ്പോഴും ചില രാജ്യങ്ങൾ അതിനെ അത്ര മാരകമായി കരുതിയില്ല. എന്നാൽ, ദിവസവും രോഗം സ്ഥിതീകരിച്ചവരുടെ എണ്ണവും, മരിക്കുന്നവരുടെയും എണ്ണവും കൂടിവന്നതോടെ ലോകം മുഴുവൻ ഞെട്ടി. 

കുഴപ്പമില്ലാതെ പോയിക്കൊണ്ടിരുന്ന സാമ്പത്തിക മേഖലയ്ക്കുണ്ടായ വല്ലാത്ത പ്രഹരമാണ് കൊറോണ വൈറസ് പകർച്ചവ്യാധി. സാമ്പത്തിക അനിശ്ചിതത്വം ആണ് കൊറോണയുടെ മരുന്ന് കണ്ടുപിടിക്കും വരെയുള്ള പ്രധാന പ്രശ്നം. ആർക്കും ഒന്നും വ്യക്തമായി പ്രവചിക്കാൻ പറ്റാത്ത അവസ്ഥ. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ പ്രതിസന്ധി നമുക്ക് തീർപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ 1930 ൽ ഉണ്ടായ ഗ്രേറ്റ് ഡിപ്രെഷന് സമാനമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം എന്നുള്ളതാണ്. ഏതായാലും ലോകത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നുള്ളകാര്യം ഉറപ്പാണ്. ഏതുതരത്തിലുള്ള പ്രതിസന്ധി ആണെന്നുള്ള സംശയം മാത്രമാണ് ഇനി ബാക്കിനിൽക്കുന്നത്.

സാമ്പത്തിക മേഖലയെപ്പറ്റി സംസാരിക്കുമ്പോൾ ആദ്യം നമ്മൾ നോക്കുന്നത് ജിഡിപിക്ക് എന്ത് സംഭവിക്കുമെന്നാണ്. ലോകശക്തികളുടെ ജിഡിപി വളർച്ചയെ കൊറോണ വൈറസ് പ്രതിസന്ധി ബാധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. മുൻ വളർച്ച പ്രവചനങ്ങളെല്ലാം തന്നെ മാറിയിരിക്കുന്നു. അഞ്ച് ശതമാനത്തിനുമേൽ ജിഡിപി വളർച്ചാ നിരക്ക് ഉണ്ടായാൽ അതുതന്നെ മഹാഭാഗ്യം എന്നുള്ള അവസ്ഥ.

 

പ്രവചനങ്ങൾ അനുകൂലമല്ല !

സാമ്പത്തിക വളർച്ച നിരക്കിലേക്ക് വന്നാൽ ഇതിന് മുൻപുള്ള സാമ്പത്തികമാന്ദ്യം ഇന്ത്യ, ചൈന പോലെയുള്ള രാജ്യങ്ങളുടെ വളർച്ചനിരക്കിനെ അത്രകണ്ട് ബാധിച്ചിട്ടില്ല. എന്നാൽ, ചരിത്രത്തിൽ ആദ്യമായി ഈ രാജ്യങ്ങളുടെ വളർച്ച നിരക്കിനെ മാന്ദ്യം ബാധിച്ചിരിക്കുന്നു. നിലവിലത്തെ സ്ഥിതിവച്ച് തന്നെ ലോക വളർച്ചനിരക്കിൽ ഒരു ശതമാനം വളർച്ച ഇടിവ് ഉണ്ടായേക്കാം. ഇതിനുള്ള പ്രധാനകാരണം ചൈനീസ് സാമ്പത്തികമേഖലയിലുള്ള വളർച്ച നിരക്കിടിവാണ്. ലോകസമ്പത്തിന്റെ 17 ശതമാനവും കയ്യടക്കി വെച്ചിട്ടുള്ളത് ചൈനയാണ്. 

അതുകൊണ്ടുതന്നെ ചൈനയിലുണ്ടായ സാമ്പത്തിക ഞെരുക്കം ലോക സാമ്പത്തിക വളർച്ചയെ തന്നെ ബാധിക്കും. മെയ് -ജൂൺ മാസമാവുമ്പോൾ കൂടുതൽ ലോക വളർച്ചാനിരക്ക് ഇടിവിനുള്ള സാധ്യതകാണുന്നുണ്ട്. ഗോൾഡ്മാൻ സാക്സ് ഇന്ത്യയുടെ 2021 ലെ ജിഡിപി വളർച്ചനിരക്ക് 1.6 ശതമാനമായി കുറച്ചു. കൂടാതെ മൂഡിസ് ഇൻവെസ്റ്റർമെന്റ് സർവീസ് 2020 ൽ ഇന്ത്യക്ക് പ്രവചിച്ചിരുന്ന 5 .3 % സാമ്പത്തികവളർച്ച നിരക്ക് 2 .5 % എന്ന് മാറ്റിയെഴുതിയിരിക്കുന്നു. 

ഇത് കൂടാതെ കൊറോണ മൂലമുള്ള വരുമാനക്കുറവ് ആഭ്യന്തര ആവശ്യകതയിൽ ഇന്ത്യയുടെ 2021വളർച്ചാനിരക്കിനെ കൂടി ബാധിക്കുമെന്നും അവർ അവകാശപ്പെടുന്നു. ഈ പ്രവചനങ്ങളെല്ലാം തന്നെ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുപലകയാണ് കാണിക്കുന്നത്.

ലോകരാജ്യങ്ങൾക്ക് മുന്നിൽ കൊറോണ ഒരു ചോദ്യം ചോദിക്കുന്നു. നിങ്ങൾക്ക് മനുഷ്യ ജീവൻ വേണോ അതോ സാമ്പത്തികമേഖല വേണോയെന്ന്. മനുഷ്യരില്ലാതെ എന്ത് സാമ്പത്തികം എന്ന് ചില രാജ്യങ്ങൾ പറയുമ്പോൾ, മറ്റു ചിലർ മനുഷ്യജീവനും മുകളിലാണ് ധനത്തിന് പ്രാധാന്യം നൽകുന്നത്, രണ്ടും പ്രധാനമാണ്. രണ്ടിനെയും അധികം ബാധിക്കാത്ത ഒരു സ്ട്രാറ്റജി ആണ് ലോക രാജ്യങ്ങൾ തേടുന്നത്. എന്നാൽ, അതിനുള്ള ഉത്തരം ഇനിയും അവർക്ക് ലഭിച്ചിട്ടില്ല ! 

 

ലോക്ക് ഡൗണും സാമ്പത്തിക നഷ്ടവും

കൂടുതൽ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ലോക്ക് ഡൗൺ സ്ട്രാറ്റജി മാത്രമേ തത്കാലം നമ്മുടെ കയ്യിൽ ഉള്ളു. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ സ്ട്രാറ്റജി മിക്ക രാജ്യങ്ങളും തിരഞ്ഞെടുത്തു. ഇന്ത്യ മാർച്ച് അവസാനം എടുത്ത ലോക്ക്ഡൗണിനെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചതും നാം കണ്ടു. 

എന്നാൽ, അതിന് നമ്മൾ കൊടുക്കാൻ പോകുന്ന സാമ്പത്തിക നഷ്ടം എന്തെന്ന് ആർക്കും പ്രവചിക്കാൻ പോലും കഴിയുന്നില്ല. റീട്ടെയ്ൽ വിപണയിൽ ഉണ്ടായ ഡിമാൻഡ് നഷ്ടം, ചെറുകിട വ്യവസായങ്ങൾ പ്രതിസന്ധിയിലാകുന്ന കാഴ്ച, കോടിക്കണക്കിന് രൂപ വിലവരുന്ന എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ കെട്ടികിടക്കുന്ന സാഹചര്യം, തൊഴിൽനഷ്ടം ഇതൊക്കെയാണേലും മനുഷ്യ ജീവൻ‌ തന്നെയാണ് പ്രധാനം. 

അതുകൊണ്ട് ലോക്ക്ഡൗൺ നല്ല തീരുമാനം തന്നെയാണ്. മാത്രമല്ല, ചൈനയുടെ തിരിച്ചുവരവ് എല്ലാവർക്കും ഒരാശ്വാസമാണ്. വി ആകൃതിയിലുള്ള മാന്ദ്യമാണ് ചൈനയിൽ നമ്മൾ കണ്ടത്. അതായത് വളർച്ചനിരക്ക് കുത്തനെ താഴ്ന്ന് പെട്ടന്ന് വീണ്ടും വളരുന്ന അവസ്ഥ. 

അതുകൊണ്ടുതന്നെയാണ് സമാനരാജ്യമായ ഇന്ത്യക്ക് ലോക്ക് ഡൗൺ കഴിഞ്ഞാൽ പെട്ടെന്ന് ഉയർത്തെഴുന്നേൽക്കാൻ സാധിക്കുമെന്ന് വിദ​ഗ്ധർ പറയുന്നത്. 

 

അന്താരാഷ്ട്ര നാണയ നിധി പറയുന്നത്

ഐഎംഎഫ് മാനേജിങ് ഡയറക്ടർ ജോർജിയവ ക്രിസ്റ്റലിനാ ലോകസാമ്പത്തിക വളർച്ച നെഗറ്റീവിൽ ആയിരിക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഡബ്ള്യുടിഒ ഡയറക്ടർ ജനറൽ റോബർട്ടോ അസിവേദോ ഈ വാദത്തെ അംഗീകരിക്കുന്നു. എസ് ആൻഡ് പി 2020 -ൽ  0 .4  ശതമാനം ആഗോള വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഈ വളർച്ച നിരക്കിലുള്ള കുറവിന്റെ പ്രധാന കാരണം യുഎസ്, ചൈന, യൂറോ മേഖല എന്നിവടങ്ങിലുള്ള നെഗറ്റീവ് വളർച്ചനിരക്കാണ്. കൂടാതെ എഫ്ഡിഐ നിരക്കിൽ 30 -40 ശതമാനം വളർച്ച ഇടിവ് ഉണ്ടാകും എന്നും പ്രവചിക്കുന്നു.

ലോകരാജ്യങ്ങൾക്ക് പ്രത്യാശിക്കാൻ ഇനിയും സമയമുണ്ട്. ചൈനയുടെ തിരിച്ചുവരവ് മുകളിൽ പറഞ്ഞപോലത്തെ ഒരു ഉദാഹരണമാണ്. ചരിത്രത്തിൽ ഇല്ലാത്തതരത്തിലുള്ള സാമ്പത്തിക പാക്കേജുകളാണ് പലരാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ഒരു ഉദാഹരണമാണ് ജപ്പാന്റെ ഒരു ട്രില്യൺ ഡോളർ സാമ്പത്തിക പാക്കജ്. ഈ പ്രഖ്യാപനങ്ങളെല്ലാം തന്നെ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന കാര്യങ്ങളാണ്. മറ്റൊരു കാര്യം റഷ്യയും, സൗദി അറേബ്യയും തമ്മിൽ എണ്ണ ഉത്പാദനം കുറക്കാൻ തീരുമാനിച്ച കരാറാണ്. ഇത് ആഗോള എണ്ണവില ഉയർത്തും, എണ്ണ ഓഹരികളിൽ നിക്ഷേപകരുടെ താൽപര്യം ഇത് വർധിപ്പിച്ചേക്കാം. 

- തിരുച്ചിറപ്പള്ളി ഐഐഎമ്മിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍