ദുബായ്: കോവിഡ് -19 ഉണ്ടാക്കിയ ഭീതിക്കപ്പുറം  സാമ്പത്തിക മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെറിച്ചുള്ള ആശങ്കയാണ് ഗൾഫ് നാടുകളിലുള്ളവരില്‍. ഇതിനകം തന്നെ നിരവധി പേരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ പല കമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് പ്രവാസികള്‍ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന കേരളത്തിലായിരിക്കും ഇതിന്റെ പ്രത്യാഘാതമുണ്ടാവുക

ടൂറിസം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, വിദേശ നിക്ഷേപം, നിർമാണം തുടങ്ങി എല്ലാ മേഖലകളെയും പ്രതിസന്ധി ബാധിക്കും. നിരവധി പേരോട് ഇപ്പോള്‍ തന്നെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ തൊഴില്‍ ദാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി തരണം ചെയ്യാന്‍ കമ്പനികളെ സഹായിക്കുന്നതിന്‍റെ ഭാഗമായി തൊഴിലാളികള്‍ക്ക് ശമ്പളമില്ലാതെ അവധിയോ, പിരിച്ചു വിടുകയോ ചെയ്യാമെന്ന് തൊഴില്‍ മന്ത്രാലയങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടയില്‍ ആയിരങ്ങള്‍ക്ക് തൊഴിലും നഷ്ടമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. അതുകൊണ്ട് വരാനിരിക്കുന്ന പ്രതിസന്ധി ജനസംഖ്യയില്‍ ആറിലൊന്നും പ്രവാസികളായ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിലായിൽ വലിയ തിരിച്ചടിയുണ്ടാക്കുമെന്നുറപ്പാണ്.

ബാങ്കുകളുടെ കടം കൊടുക്കൽ ശേഷിയെയും പ്രതിസന്ധി ബാധിച്ചു തുടങ്ങി. ഗവൺമെന്റ് പദ്ധതികൾ പലതും കരുതൽ ധനം ഉപയോഗിച്ചാണ് മുന്നോട്ടുപോയത്, എന്നാലിപ്പോൾ എല്ലാ മേഖലകളും സ്തംഭനാവസ്ഥയിലാണ്. ഗൾഫ് നാടുകളുടെ ജിഡിപി നിരക്ക് 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങൾ പറയുന്നത്. എണ്ണ കയറ്റുമതിയിലെ വളർച്ചാ നിരക്കാകട്ടെ ഈ വർഷം 2.4 ശതമാനത്തിൽനിന്ന് 0.8 ശതമാനത്തിലേക്ക് വീഴുമെന്നും വിലയിരുത്തുന്നുണ്ട്. ഈ പശ്ചാതലത്തില്‍ 2008 ല്‍ കണ്ടതിനേക്കാള്‍ വലിയൊരു പ്രതിസന്ധിയാകുമോ വരാനിക്കുന്നത് എന്നതാണ് സാമ്പത്തിക മേഖല ഉറ്റുനോക്കുന്നത്.