Asianet News MalayalamAsianet News Malayalam

നിക്ഷേപകർ ലാഭമെടുക്കുന്നു: സ്വർണ വില താഴേക്ക് വീണു; വിപണിയിൽ സമ്മർദ്ദം കനക്കുന്നു

കേരളത്തിലെ സ്വർണവിലയിൽ ​ഗ്രാമിന് 50 രൂപയുടെ കുറവുണ്ടായി. 

gold international price difference analysis
Author
Kottarakkara, First Published Apr 8, 2020, 10:57 AM IST

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഗോള വിപണികളും കേരളത്തിലെ ജ്വല്ലറികളും നിശ്ചലമാണെങ്കിലും സ്വർണ വില ദിനംപ്രതി മാറിമറിയുകയാണ്. ഇന്നലെ നിരക്ക് 100 രൂപ ഉയർന്ന് ​ഗ്രാമിന് 4,100 രൂപയിലേക്ക് എത്തയിരുന്നു. പവന് വില 32,800 രൂപയായിരുന്നു. സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 

അന്താരാഷ്ട്ര സ്വർണ വില ഇന്നലെ ട്രോയ് ഔൺസിന് 1,659 ഡോളറായിരുന്നു. ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകർ ലാഭമെടുക്കാൻ ശ്രമിച്ചതോടെ ഇന്ന് അന്താരാഷ്ട്ര നിരക്ക് 1,650 ഡോളറിലേക്ക് താഴ്ന്നു. രൂപയുടെ വിനിമയ നിരക്ക് 76 നടുത്താണ്. ഇന്ന് കേരളത്തിലെ സ്വർണവിലയിൽ ​ഗ്രാമിന് 50 രൂപയുടെ കുറവുണ്ടായി, ​ഗ്രാമിന് 4,050 രൂപയാണ് നിരക്ക്. പവന് 32,400 രൂപയാണ് നിരക്ക്.
 
കോവിഡ് 19 ആഗോള ഉത്കണ്ഠ സമ്പദ്‍വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും ബാധിച്ചതോടെ നിക്ഷേപകർ മറ്റൊരു മാർഗവുമില്ലാത്തതിനാൽ സ്വർണത്തിൽ വൻ തോതിൽ മുതലിറക്കി ലാഭം കൊയ്യുന്ന അസാധാരണ പ്രതിഭാസമാണിപ്പോൾ ആഗോള സ്വർണ ഓൺലൈൻ വിപണിയിൽ നടക്കുന്നത്.

വിൽപ്പന സമ്മർദ്ദത്തിൽ ഉലഞ്ഞ് വിപണി

കൂട്ടത്തോടെ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവർ ഓരോ ഉയർച്ചയിലും ലാഭമെടുക്കുമ്പോൾ സ്വാഭാവികമായി സ്വർണത്തിന് 50 ഡോളർ വരെ കുറയുകയും, പിന്നീട് വീണ്ടും നിക്ഷേപം നടത്തുമ്പോൾ കൂടുകയും ചെയ്യുന്ന പ്രവണത വളരെക്കാലമായി സ്വർണ വിലയെ സ്വാധീനിക്കുന്നു. കഴിഞ്ഞ നാല് ആഴ്ച്ചയിലെ ഉയർന്ന നിരക്കാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഈ വിലനിലവാരത്തിലും വിൽപന സമ്മർദ്ദമുള്ളതിനാൽ സ്വർണ വിലയിൽ ചാഞ്ചാച്ചാട്ടമുണ്ടാക്കാനാണ് സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. 

ഇന്ത്യയിൽ സ്വർണ ഇറക്കുമതിയിൽ കഴിഞ്ഞ വർഷത്തെക്കാൾ 73% ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിപണി അവധിയാണെങ്കിലും അഡ്വാൻസ് ബുക്ക് ചെയ്തവർക്കും, മുൻ നിശ്ചയപ്രകാരം വിവാഹം നടത്തേണ്ടവർക്കും സ്വർണാഭരണം നൽകേണ്ടതിനാലാണ് വില നിശ്ചയിക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios