അന്താരാഷ്ട്ര സ്വർണ വില ഏഴ് വർഷത്തെ ഉയർന്ന നിരക്കിലാണിപ്പോൾ. വിപണികളില്ലെങ്കിലും കേരളത്തിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ചു മുന്നേറുകയാണ്. ഇന്നത്തെ വില ഗ്രാമിന് 4175 രൂപയാണ്. പവന് 33,400 രൂപ ! 

ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്നലെ സ്വർണത്തിന് ​ഗ്രാമിന് 4,200 രൂപയായിരുന്നു സ്വർണ നിരക്ക്. പവന് 33,600 രൂപയും. മറ്റു വിപണികളില്ലാത്തതിനാലും, സുരക്ഷിത നിക്ഷേപവുമെന്ന നിലയിലാണ് ട്രില്യൺ കണക്കിന് ഡോളറാണ് നിക്ഷേപമായി വരുന്നതെന്നതിനാൽ വിലയിൽ ഇനിയും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്.

2012 ഡിസംബറിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1,725 ഡോളറിന് മുകളിലെത്തുന്നത്. അന്താരാഷ്ട്ര സ്വർണ വില നാലാഴ്ച്ചയ്ക്ക് മുമ്പ് 1,450 ഡോളറിനടുത്ത് വരെ വില കുറഞ്ഞതിന് ശേഷമാണ് 20 % വില വർദ്ധിച്ച് 1,749 ഡോളറിലെത്തിയത്. ഇതിന് ശേഷം വില വീണ്ടും താഴ്ന്ന് 1,721 ഡോളറിലേക്ക് എത്തി. 300 ഡോളറാണ് കോവിഡ് 19 പശ്ചാത്തലത്തിൽ സ്വർണത്തിന് വില അന്താരാഷ്ട്ര വിപണിയിൽ ഉയർന്നത്.

അക്ഷയ് തൃതീയയ്ക്ക് മുൻപ് തുറക്കാൻ അനുവദിക്കണം 

ഇപ്പോഴത്തെ വിലനിലവാരമനുസരിച്ചാണ് നീങ്ങുന്നതെങ്കിൽ അന്താരാഷ്ട്ര റെക്കോർഡ് വിലയായ 1,917 ഡോളർ മറികടന്നേക്കാമെന്ന പ്രവചനങ്ങളാണ് വരുന്നത്. കോവിഡ് 19 നെ തുടർന്നുള്ള ആഗോള സാമ്പത്തിക മേഖലയിലെ പ്രത്യാഘാതങ്ങളാണ് സ്വർണ വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. 

സ്വർണ വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ സ്വർണത്തിന്റെ ലഭ്യതക്കുറവ് കണക്കിലെടുത്ത് പല സ്വർണഖനികളും പ്രവർത്തനം പുന: രാരംഭിക്കുന്നുവെന്ന വാർത്തകളും വരുന്നുണ്ട്. ഏപ്രിൽ 20ന് ശേഷം നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമ്പോൾ സ്വർണ മേഖല തുറക്കാനനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണ വ്യാപാരം നടക്കുന്ന അക്ഷയ് തൃതീയ ഏപ്രിൽ 26 നാണെന്നതിനാൽ വലിയ ആശങ്കയിലാണ് സ്വർണവ്യാപാരികൾ.