രണ്ട് ദിവസമായി വലിയ ചാഞ്ചാട്ടത്തിലായിരുന്ന സ്വർണ വില ശനിയാഴ്ച ഗ്രാമിന് 3,880 രൂപയായിലെത്തി നില്‍ക്കുകയാണ്. പവൻ വില 31,040 രൂപയിലുമാണ്. സ്വർണ വിലയിലുണ്ടായ ഈ ഇടിവില്‍ വലിയ പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യം മോശമായതിനാല്‍ ഏത് നിമിഷവും  വില വീണ്ടും സര്‍വകാല റെക്കോര്‍ഡ് തകര്‍ത്തേക്കാം. 

 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു സ്വര്‍ണത്തിന് ഫെബ്രുവരി 24 ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,000 രൂപയും പവന് 32,000 രൂപയുമായിരുന്നു ഫെബ്രുവരി 24 ലെ നിരക്ക്. ഈ നിരക്കിലേക്ക് വരുന്ന ആഴ്ച വീണ്ടും സ്വര്‍ണം നീങ്ങിയേക്കാമെന്ന സൂചനകള്‍ ശക്തമാണ്. 

അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1,587 ഡോളറും രൂപയുടെ വിനിമയ നിരക്ക് 72 ന് മുകളിലുമാണ്. 100 ഡോളറിൽ അധികമാണ് അന്താരാഷ്ട്ര സ്വർണ വിലയിൽ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത ഇടിവ്. വൻകിട നിക്ഷേപകരും, ഊഹകച്ചവടക്കാരും ലാഭമെടുത്ത് താൽക്കാലികമായി പിൻവാങ്ങിയതാണ് സ്വർണ വിലയിൽ കഴിഞ്ഞ ദിവസം ഇടിവുണ്ടാകാന്‍ പ്രധാന കാരണം.

കൊറോണപ്പേടിയിൽ ഓഹരി വിപണി തകർന്നടിഞ്ഞതിലുണ്ടായ നഷ്ടം നികത്താൻ സ്വർണ നിക്ഷേപകർക്കു താല്പര്യമില്ലായിരുന്നെങ്കിലും വിൽക്കാൻ നിർബന്ധിതമായതാണ് സ്വർണത്തിൽ ലാഭമെടുത്തത്.

1,550 ഡോളർ വരെ വിലയെത്താമെന്നും, അടിസ്ഥാന വിലയിൽ സ്വർണം വാങ്ങിക്കൂട്ടാൻ നിക്ഷേപകർ വീണ്ടും  എത്തുന്നതോടെ സ്വർണ വിലയിൽ ചലനങ്ങളുണ്ടാകുമെന്നാണ് സൂചനകൾ.

ഏറ്റവും വിലക്കുറവ് കേരളത്തില്‍ !

സ്വർണവും, ഡോളറും, രൂപയും കെട്ടുപിണഞ്ഞു കിടക്കുന്നതിനാൽ ഇന്ത്യയിൽ വലിയ വിലക്കുറവ് അനുഭവപ്പെടുന്നില്ല. 12.5 ശതമാനം ഇറക്കുമതിച്ചുങ്കമാണ് മറ്റ് രാജ്യങ്ങളേക്കാൾ സ്വർണത്തിന് ഇന്ത്യയിൽ വില ഉയരാൻ കാരണം. ഇറക്കുമതി ചുങ്കം നിലവിലില്ലാത്ത രാജ്യങ്ങളിൽ  ഇന്ത്യയെക്കാൾ വില കുറവുണ്ട്. ദുബായിൽ 3,535 രൂപയും, സിംഗപ്പൂരിൽ 3,460 രൂപയുമാണ് ഒരു ഗ്രാം സ്വർണ വില. ഈ വിലവ്യത്യാസമാണ് ഇന്ത്യയിലേക്ക് സ്വർണക്കള്ളക്കടത്ത് വർദ്ധിക്കുന്നതിന് കാരണം.

ഇന്ത്യയിൽ സ്വർണ വില ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിലെല്ലാം സ്വർണ വില കൂടുതലാണ്. ദിവസേനയുള്ള വില മാർജിനിടാതെയാണ് കേരളത്തിൽ നിശ്ചയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ മൂന്ന് ശതമാനം വരെ മാർജിൻ ഇടുന്നുണ്ട്. വിലയിലെ ചാഞ്ചാട്ടം വാങ്ങലിനെയും, വിൽപനയെയും ബാധിച്ചിട്ടുണ്ട്.

തമിഴ്നാട് - 4070 രുപ
ബാംഗളൂരു _ 3990 രൂപ 
ഹൈദ്രാബാദ് - 4070 രൂപ
മുംബൈ - 4150 രൂപ
ദില്ലി - 4160.

ലേഖകനായ അഡ്വ.എസ്.അബ്ദുൽ നാസർ AKGSMA സംസ്ഥാന ട്രഷററും GJC ദേശീയ ഡയറക്ടറുമാണ്