2020 ജൂലൈ-സെപ്റ്റംബർ കാലയളവിൽ പഴയ സ്വർണത്തിന്റെ പുനരുപയോഗം വർദ്ധിച്ചതായി വേൾഡ് ​ഗോൾഡ് കൗൺലിൽ. 41.5 ടൺ പഴയ സ്വർണമാണ് രാജ്യത്ത് ഈ കാലയളവിൽ ഉരുക്കി ശുദ്ധീകരിച്ച് പുതിയ സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു.

2012 ന് ശേഷമുള്ള ഉയർന്ന സ്വർണാഭരണ പുനരുപയോ​ഗ തോതാണിത്. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 36.5 ടണ്ണിൽ നിന്നാണ് ഈ വൻ വർധന. 13.6 ശതമാനം വർദ്ധനയാണ് മുൻ വർഷത്തെ അപേക്ഷിച്ചുണ്ടായത്. ജൂലൈക്ക് മുമ്പുള്ള ത്രൈമാസത്തേക്കാൾ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.  

കൊവിഡ്-19 മൂലം ജനങ്ങൾക്കുണ്ടായ സാമ്പത്തിക ഞെരുക്കം, ഉയർന്ന വില എന്നീ ഘടകങ്ങളാണ് പഴയ സ്വർണത്തിന്റെ വിൽപന ഉയരാനുളള പ്രധാന കാരണം. കേരളത്തിലും ഈ കാലയളവിൽ വലിയ തോതിലാണ് പഴയ സ്വർണ വിൽപനയുണ്ടായത്. 10.79 ടൺ പഴയ സ്വർണം ജനങ്ങൾ വിറ്റഴിച്ചതായാണ് വിപണി റിപ്പോർട്ടുകൾ.

ആ​ഗോള ട്രെൻഡ് !

ജൂലൈ-സെപ്റ്റംബർ കാലയളവിൽ സ്വർണ ഇറക്കുമതിയും പരിമിതമായിരുന്നു. സ്വർണത്തിന്റെ പുനരുപയോ​ഗത്തിലുണ്ടായ വർധന ഇന്ത്യയിലെ മാത്രം ട്രെൻഡ് ആയിരുന്നില്ല. ആഗോളതലത്തിലും പഴയ സ്വർണത്തിന്റെ പുനരുപയോഗം വർദ്ധിച്ചു. 

"രാജ്യന്തര തലത്തിൽ, ജൂലൈ - സെപ്റ്റംബർ പാദത്തിൽ 376.1 ടൺ പഴയ സ്വർണമാണ് ഉരുക്കി ശുദ്ധീകരിച്ച് പുനരുപയോഗത്തിനായി നിർമ്മാണമേഖലയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് ശതമാനം വർധനയാണ് ഈ രം​ഗത്തുണ്ടായത്, " ഓൾ ഇന്ത്യ ജം ആൻറ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.  

അന്താരാഷ്ട്ര നിരക്ക് 2,000 ഡോളറിലേക്ക്

പ്രധാനമായും പണമാക്കുന്നതിന് വേണ്ടിയാണ് ഉപഭോക്താക്കളുടെ കൈവശമുളള സ്വർണം വിറ്റഴിക്കപ്പെട്ടത്. ഓഗസ്റ്റ് വരെയുളള മാസങ്ങളിലെ വില വർദ്ധനവിന് ശേഷം പൊതുജനങ്ങളു‌ടെ ഭാ​ഗത്ത് നിന്നുളള പഴയ സ്വർണ വിൽപനയുടെ തോത് കുറഞ്ഞിട്ടുണ്ട്. അടുത്ത കാലത്ത് സ്വർണത്തിന് വിലക്കുറവുണ്ടായത് തന്നെയാണ് ഇതിന് പ്രധാന കാരണം.

രാജ്യത്തിപ്പോൾ സ്വർണാഭരണ വിൽപ്പനയിൽ ഉണർവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദീപാവലി ഉത്സവ സീസണാണ് വിപണിയിൽ മുന്നേറ്റത്തിന് ​കാരണമായത്. 24 മണിക്കൂറിനിടെ വീണ്ടും അന്താരാഷ്ട്ര തലത്തിൽ സ്വർണ നിരക്കിൽ വർധന റിപ്പോർട്ട് ചെയ്തു. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) ആറ് ഡോളർ നിരക്ക് ഉയർന്ന്, വില 1,951 ഡോളറിലേക്ക് എത്തി. നിലവിൽ കേരളത്തിലെ സ്വർണ നിരക്ക് ​ഗ്രാമിന് 4,840 രൂപയാണ്. പവന് 38,720 രൂപയാണ് വില.