Asianet News MalayalamAsianet News Malayalam

അടുത്ത സാമ്പത്തിക വർഷം ധനക്കമ്മി കുറച്ചേക്കും; ഒമിക്രോൺ ആശങ്കയിൽ കേന്ദ്രവും

സർക്കാർ ചെലവുകൾ കുത്തനെ കുറക്കുന്നത് സാമ്പത്തിക വളർച്ചാ സാധ്യതകളെ ബാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ

Government likely to trim fiscal deficit target as Omicron cases rise: Sources
Author
Delhi, First Published Jan 6, 2022, 10:11 PM IST

ദില്ലി: അടുത്ത സാമ്പത്തിക വർഷത്തേക്ക് മുൻ നിശ്ചയിച്ചതിലും കുറഞ്ഞ ധനക്കമ്മി നിരക്ക് നിശ്ചയിക്കാൻ കേന്ദ്രം ആലോചിക്കുന്നു. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 6.3% മുതൽ 6.5% വരെ ധനക്കമ്മിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അടുത്ത സാമ്പത്തിക വർഷത്തേക്ക് ലക്ഷ്യമിടുന്നത്. കൊവിഡ് ഒമിക്രോൺ വ്യാപനം സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിന് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനത്തിലേക്ക് പോകുന്നത്.

ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് 2022-2023 ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ സർക്കാർ ചെലവുകൾ കുത്തനെ കുറക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കില്ല. സാമ്പത്തിക വളർച്ചാ സാധ്യതകളെ ഇത്തരമൊരു തീരുമാനം ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം വർധിപ്പിക്കുന്നത് സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സർക്കാരും ഉള്ളത്.

അതിനാൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ധനക്കമ്മിയിൽ 30-50 ബേസിസ് പോയിന്റ് വെട്ടിക്കുറയ്ക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 240 ബേസിസ് പോയിൻറ് കുറച്ച് 6.8% ആക്കിയതിന് ശേഷം വരുന്ന സാമ്പത്തിക വർഷത്തിൽ ധനക്കമ്മി കുത്തനെ കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രസർക്കാർ. 

ധനക്കമ്മി 2020-21 ലെ 9.4% ൽ നിന്ന് ജിഡിപിയുടെ അഞ്ച് ശതമാനമാക്കി കുറയ്ക്കാൻ കഴിയുമെന്ന് ചില സ്വകാര്യ സാമ്പത്തിക വിദഗ്ധരും ബ്രോക്കറേജ് സ്ഥാപനങ്ങളും അഭിപ്രായപ്പെടുന്നുണ്ട്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ 10 ശതമാനം വളർച്ചാ ലക്ഷ്യം കൈവരിക്കുന്നതിന് പുതിയ ഒമിക്രോൺ വകഭേദം വെല്ലുവിളി ഉയർത്തുന്നുണ്ട്. കൊവിഡ് വ്യാപനം വീണ്ടുമുയർന്നാൽ ജനുവരി - മാർച്ച് പാദത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ഇതാണ് കേന്ദ്രത്തെ ആശങ്കയിലാഴ്ത്തുന്നത്.

Follow Us:
Download App:
  • android
  • ios