Asianet News MalayalamAsianet News Malayalam

2019ലെ ഒരോ മണിക്കൂറിലും മുകേഷ് അംബാനി സമ്പാദിച്ചത് എത്ര കോടി?; കണക്കുകള്‍ പുറത്ത്

ആസ്തി കൂടിയെങ്കിലും അംബാനിയുടെ റാങ്ക് കുറഞ്ഞിരിക്കുകയാണ്. 2019ല്‍ എട്ടാമതായിരുന്നു  പട്ടികയിലെ സ്ഥാനം. 

how many crores Mukesh Ambani earned every hour in 2019
Author
Mumbai, First Published Feb 29, 2020, 7:43 PM IST

മുംബൈ: 2020ലെ ലോക സമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. 2019ല്‍ നേടിയ സമ്പത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യക്കാരനായ മുകേഷ് അംബാനി ഇടംപിടിച്ചു. ലോകത്തെ ഏറ്റവും വലിയ 10 സമ്പന്നരില്‍ ഒമ്പതാമതാണ് മുകേഷ് അംബാനിയുടെ സ്ഥാനം. 100 കോടി ഡോളര്‍ ആസ്തിയുള്ള 2817 സമ്പന്നരാണ് പട്ടികയില്‍ ഉള്ളത്. 2019ല്‍ 480 സമ്പന്നര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. ചൈനയില്‍ ആഴ്ചയില്‍ മൂന്ന് സമ്പന്നരും ഇന്ത്യയില്‍ മാസത്തില്‍ മൂന്ന് സമ്പന്നരുമുണ്ടാകുന്നെന്നാണ് കണക്ക്. 

മുകേഷ് അംബാനിയുടെ ആസ്തി

6700 കോടി ഡോളറാണ് 2020ല്‍ മുകേഷ് അംബാനിയുടെ ആസ്തി. ഇന്ത്യന്‍ രൂപയില്‍ 48.4 ലക്ഷം കോടി. ലോകത്തെ സമ്പന്നരില്‍ ഒമ്പതാമതാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ആസ്തി കൂടിയെങ്കിലും അംബാനിയുടെ റാങ്ക് കുറഞ്ഞിരിക്കുകയാണ്. 2019ല്‍ എട്ടാമതായിരുന്നു. 39.01 ലക്ഷം കോടിയായിരുന്നു അന്നത്തെ സമ്പാദ്യം. ഒരു വര്‍ഷത്തിനുള്ളില്‍ 9.39 ലക്ഷം കോടിയാണ് വര്‍ധവ്. കണക്കുകള്‍ അടിസ്ഥാനമാക്കി മുകേഷ് അംബാനി ഒരു ദിവസം 257 കോടി രൂപ നേടുന്നു. ഒരുമണിക്കൂറില്‍ 10.7 കോടിയും ഒരു മിനിറ്റില്‍ 16 ലക്ഷവുമാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം. 

ഇന്ത്യക്കാരുടെ പട്ടികയില്‍ എസ്പി ഹിന്ദുജ കുടുംബമാണ് അംബാനിക്ക് പിന്നില്‍. 2700 കോടി ഡോളറാണ് അവരുടെ സമ്പാദ്യം. ഗൗതം അദാനി പട്ടികയില്‍ മൂന്നമതാണ്. 1700 കോടി ഡോളറാണ് അദാനിയുടെ ആസ്തി. ശിവ് നാടാര്‍ കുടുംബം, ലക്ഷ്മി മിത്തല്‍, ഉദയ് കൊടക് എന്നിവരാണ് ഇവര്‍ക്ക് പിന്നില്‍. ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാളാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അതിസമ്പന്നന്‍. ലോകത്തില്‍ പ്രായം കുറഞ്ഞ രണ്ടാമത്തെ സമ്പന്നനാണ് റിതേഷ്. 110 കോടി ഡോളറാണ് റിതേഷിന്‍റെ ആസ്തി. ഇന്ത്യയിലെ അതി സമ്പന്നരില്‍ മൂന്നിലൊരുഭാഗവും മുംബൈയിലാണ് താമസിക്കുന്നത്(50 പേര്‍). ദില്ലി(30), ബെംഗളൂരു(17), അഹമ്മദാബാദ്(12) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍. 

ആഗോള തലത്തില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് മുന്നില്‍. 14000 കോടി ഡോളറാണ് ബെസോസിന്‍റെ ആസ്തി. ബെര്‍ണാര്‍ഡ് ആര്‍നോള്‍ട്ട്(10700 കോടി ഡോളര്‍), ബില്‍ഗേറ്റ്സ്(10600 കോടി ഡോളര്‍), വാരന്‍ ബഫറ്റ്(10200 കോടി ഡോളര്‍, മാര്‍ക്ക് സുക്കര്‍ബര്‍ഗ്(8200 കോടി ഡോളര്‍) എന്നിവരാണ് ആദ്യ അ‌ഞ്ച് സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ ചൈനക്കാര്‍ ഇല്ല എന്നതും ശ്രദ്ധേയം. 
 

Follow Us:
Download App:
  • android
  • ios