Asianet News MalayalamAsianet News Malayalam

നിർമാണം, തൊഴിൽ, നിക്ഷേപം എന്നിവ ലക്ഷ്യമിട്ട് സർക്കാർ; നടപ്പാക്കുന്നത് സ്വകാര്യവത്കരണമല്ലെന്ന് ധനമന്ത്രി

പുതിയ പരിഷ്‌കരണങ്ങളിലൂടെ കൂടുതല്‍ നിര്‍മാണം, കൂടുതല്‍ തൊഴില്‍, വിദേശ നിക്ഷേപം എന്നിവയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 

modi government open up high investment opportunity in 8 major sectors covid package fourth stage special analysis
Author
New Delhi, First Published May 16, 2020, 7:15 PM IST

രാജ്യത്തെ സുപ്രധാന എട്ട് മേഖലകളിൽ ഘടനാപരമായ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി കൊവിഡ് പാക്കേജിന്റെ നാലാം ഘട്ടം ധനമന്ത്രി പ്രഖ്യാപിച്ചു. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നും ഒറ്റപ്പെടുകയെന്നല്ലെന്നും ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നാണെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുളള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ഇന്ന് നടത്തിയത്. 

ധാതുഖനനം, കൽക്കരി, പ്രതിരോധം, വ്യോമയാനം, ഊര്‍ജവിതരണം, ബഹിരാകാശം, അണുശക്തി തുടങ്ങിയ എട്ട് മേഖലകളിലാണ് ഘടനാപരമായ പരിഷ്കാരങ്ങൾ ധനമന്ത്രി പ്രഖ്യാപിച്ചത്. പൂർണമായും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കൽക്കരി മേഖല സ്വകാര്യ നിക്ഷേപകർക്ക് തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി തുടങ്ങിയത്. രാജ്യത്തെ 500 ഖനന മേഖലകള്‍ ലേലത്തിലൂടെ സ്വകാര്യമേഖലയ്ക്ക് നല്‍കും. കല്‍ക്കരി -ബോക്‌സൈറ്റ് ഖനനത്തിന് സംയുക്ത ലേലം ഏര്‍പ്പെടുത്തും. അലൂമിനിയം വ്യവസായത്തെ ശക്തിപ്പെടുത്താനാണിതെന്നും ധനമന്ത്രി വിശദീകരിച്ചു. 

പുതിയ പരിഷ്‌കരണങ്ങളിലൂടെ കൂടുതല്‍ നിര്‍മാണം, കൂടുതല്‍ തൊഴില്‍, വിദേശ നിക്ഷേപം എന്നിവയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആഗോള വെല്ലുവിളി നേരിടാന് എല്ലാ മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. വരുമാനം പങ്കുവയ്ക്കുന്ന രീതിയിലാകും സ്വകാര്യ കമ്പനികളെ ഖനനത്തിന് അനുവദിക്കുക. കൽക്കരി ഖനനത്തിന് ബ്ലോക്കുകൾ അനുവദിക്കുന്നത് ലേലത്തിലൂടെയാകും. ഈ ലേലത്തിൽ ആർക്കും പങ്കെടുക്കാം. നിശ്ചിത സമയത്തിന് ഉള്ളിൽ ഖനനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങളും സർക്കാരിന്റെ വകയായി ഉണ്ടാകും. 

കൽക്കരിയിൽ സ്വകാര്യവത്കരണം 

വലിയ തോതിൽ കൽക്കരി നിക്ഷേപമുളള രാജ്യമാണ് ഇന്ത്യ. എന്നാൽ, പല മേഖലകളിലേക്കും ആവശ്യത്തിനുളള കൽക്കരി വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രവണത രാജ്യത്തുണ്ട്. നിയന്ത്രണം നീക്കുന്നതോടെ പുതിയ സങ്കേതിക വിദ്യയുടെ സഹായത്തോടെ ഖനനം വലിയതോതിൽ നടക്കുകയും കൽക്കരി ഇറക്കുമതി ​ഗണ്യമായതോതിൽ കുറയ്ക്കാനും കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് കൽക്കരിയുടെ പേരിൽ വലിയ അഴിമതിക്കേസുകൾ തന്നെ രാജ്യത്തുണ്ടായിരുന്നു.

ധാതു പര്യവേഷണം, ഖനനം, ഉല്‍പ്പാദനം എന്നീ മൂന്നു മേഖലകള്‍ക്കുമായി ഒറ്റ ലൈസന്‍സ് നല്‍കാനും സർക്കാർ തീരുമാനിച്ചു. ഖനനത്തിന് സർക്കാർ നൽകുന്ന അനുമതി കൈമാറ്റം ചെയ്യാനും കമ്പനികൾക്ക് അനുവാദം ഉണ്ടാകും. ഇതിനൊപ്പം ലൈസൻസ് സ്റ്റാബ് ഡ്യൂട്ടിയിൽ മാറ്റം വരുത്തുകയും ധാതുക്കളെ വ​ർ​ഗീകരിച്ച് പട്ടിക തയ്യാറാക്കുകയും ചെയ്യും. ഈ നടപടികൾ ധാതുഖനന രം​ഗത്ത് വലിയ മാറ്റങ്ങൾക്ക് തന്നെ കാരണമാകും. ഖനന മേഖലയിൽ നിക്ഷേപിക്കാൻ രാജ്യത്തെ നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ നേരത്തെ താൽപര്യമറിയിച്ച് മുന്നോട്ട് വന്നിരുന്നു. 

 ആയുധനിര്‍മാണത്തിൽ രാജ്യം സ്വയംപര്യാപ്തമാകുമെന്ന് ധനമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. സ്വന്തമായി ഉല്‍പാദിപ്പിക്കാവുന്ന ആയുധങ്ങള്‍ ഇറക്കുമതി ചെയ്യില്ല. രാജ്യത്തെ ഓർഡിനൻസ് ഫാക്ടറികൾ കൂടുതൽ ആധൂനീകരിക്കും. ഓർഡിനൻസ് ഫാക്ടറികളെ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ഓർഡിനൻസ് ഫാക്ടറികളുടെ കാര്യത്തിൽ നടപ്പാക്കുന്നത് സ്വകാര്യവത്കരണമല്ല കോർപ്പറേറ്റ് വത്കരണമാണെന്നും ധനമന്ത്രി പറഞ്ഞു. 

ഇതിന്റെ ഭാ​ഗമായി ഓർഡിനൻസ് ഫാക്ടറികൾ കമ്പനികളായി മാറുകയും സുതാര്യമായ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലേക്ക് ഇവയുടെ പ്രവർത്തനം മാറുകയും ചെയ്യും. പ്രതിരോധ ഉല്‍പാദന മേഖലയില്‍ വിദേശനിക്ഷേപ പരിധി 49 ശതമാനത്തില്‍നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തും. ഇതോടെ ആ​ഗോള ആയുധ നിർമാണ ബ്രാൻഡുകൾക്ക് ഇന്ത്യൻ കമ്പനികളുടെ സഹായമില്ലാതെ രാജ്യത്ത് നിർമാണ യൂണിറ്റുകൾ തുടങ്ങാനാകും. വിദേശ ആയുധ നിർമാണ കമ്പനികൾക്ക് രാജ്യത്ത് 50 ശതമാനത്തിന് മുകളിൽ ഓഹരി കൈകാര്യം ചെയ്യാമെന്നതിനാൽ അവരുടെ ബ്രാൻഡ് നാമത്തിൽ തന്നെ ഇന്ത്യയിൽ പ്രവർത്തനം സാധ്യമാകും. 

അന്തിമ തീരുമാനം പ്രതിരോധ മന്ത്രാലയത്തിന്റേത് !
 
കർശന സുരക്ഷാ പരിശോധനയ്ക്കു ശേഷം മാത്രമേ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കുകയൊള്ളുവെന്നും ഗുണനിലവാരത്തിന്റെ കാര്യത്തിലുളള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.  ഇക്കാര്യങ്ങൾ നടപ്പാക്കുന്നത് പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ പരിശോധനകൾക്കും തീരുമാനത്തിനും വിധേയമായിട്ടാകുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്ര​തിരോധ മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന പരിഷ്കാരങ്ങളാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്.

കാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ ഐസോടോപ്പുകളുടെ നിര്‍മാണത്തിനായി ആണവോര്‍ജ മേഖലയില്‍ പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ ഗവേഷണ റിയാക്ടര്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. ബഹിരാകാശ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടി അവസരം നൽകാനുളള നയ തീരുമാനവും സർക്കാർ പ്രഖ്യാപിച്ചു. ഉപ​ഗ്രഹ വിക്ഷേപണ രം​ഗത്ത് ഐഎസ്ആർഒയുടെ സൗകര്യങ്ങൾ നിയന്ത്രണങ്ങളോടെ ഉപയോ​ഗിക്കാൻ സ്വകാര്യ കമ്പനികൾക്കും അനുമതി നൽകും. ബഹിരാകാശ ​ഗവേഷണ രം​ഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സൗകര്യങ്ങൾ ഉപ​യോ​ഗിക്കാൻ അനുമതി നൽകുന്നത് സംബന്ധിച്ചുളള അന്തിമ തീരുമാനം ഐഎസ്ആർഒയാകും എടുക്കുക. ബഹിരാകാശ രം​ഗത്തെ സ്വകാര്യ പങ്കാളിത്തം വളരെക്കാലമായി സർക്കാരിന്റെ പരി​ഗണനയിലുളള വിഷയമായിരുന്നു.

സാമൂഹ്യസുരക്ഷാ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം മേഖലയിലെ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ സഹായം വര്‍ധിപ്പിക്കുകയും ചെയ്യും. വയബലിറ്റി ഗ്യാപ് ഫണ്ടിങ് 30 ശതമാനം ആക്കും. സ്വകാര്യ ആശുപത്രികള്‍ അടക്കമുള്ളവയെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. 

വ്യോമയാനം അടിമുടി മാറും 

കൊവിഡ് പോലുള്ള മഹാമാരികളുടെ സാഹചര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെയാണ് ഈ ഫണ്ട് നീക്കിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണ കമ്പനികള്‍ സ്വകാര്യവത്കരിക്കും. വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് പ്രത്യേക നയം ഉടൻ പുറത്തിറക്കും. പൗരന്മാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുളള വ്യവസ്ഥകളോടെയാകും ഈ നയം.

ആറ് വിമാനത്താവളങ്ങള്‍ കൂടി പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ സ്വകാര്യവത്കരിക്കാനും 12 വിമാനത്താവളങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ലഭ്യമാക്കാനും ഉൾപ്പടെ സിവിൽ വ്യോമയാന രം​ഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന പരിഷ്കാരങ്ങളാണ് ധനമന്ത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. ഇന്ത്യയെ വിമാനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്ന ലോകോത്തര ഹബ്ബാക്കി മാറ്റുമെന്നും വ്യോമയാന രം​ഗത്തെ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി കൂടുതൽ വ്യോമപാതകൾ തുറക്കാനും സർക്കാർ തീരുമാനിച്ചു. 

ഇന്ത്യയെ വ്യോമയാന രം​ഗത്തെ അറ്റകുറ്റ പണികളുടെ ഹബ്ബാക്കുന്നതിനാലൂടെ രാജ്യത്തെ യാത്രാ -യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റ പണി ചെലവ് കുറയ്ക്കുകയും. ഏഷ്യ -പസഫിക്ക് വ്യോമയാന രം​ഗത്ത് വലിയ ശക്തിയായി ഉയരാനും ഇന്ത്യയ്ക്ക് കഴിഞ്ഞേക്കും. മോദി സർക്കാർ സുപ്രധാന മേഖലകളിൽ പ്രഖ്യാപിച്ച സ്വകാര്യവത്കരണ നടപടികൾ വിദേശവത്കരണത്തിന് കാരണമാകുമോ എന്ന ആശങ്കകളും സാമ്പത്തിക വിദ​ഗ്ധർ പങ്കുവയ്ക്കുന്നു. 
 
 

Follow Us:
Download App:
  • android
  • ios