കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ടേം ലോൺ തവണകൾ അടയ്ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക് ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അനുമതി നൽകി. മൊറട്ടോറിയം നടപടികൾ വായ്പക്കാരന്റെ ക്രെഡിറ്റ് ചരിത്രത്തെ ബാധിക്കില്ലെന്നും റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ​ദാസ് പറഞ്ഞു.

2020 മാർച്ച് 1 വരെ കുടിശ്ശികയുള്ള എല്ലാ ടേം ലോണുകളുടെയും കാര്യത്തിൽ, തിരിച്ചടവ് ഷെഡ്യൂളും തുടർന്നുള്ള എല്ലാ തീയതികളും മാറ്റാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് പുതിയ നിർദ്ദേശത്തിലൂടെ അനുമതി നൽകി.

"എല്ലാ വാണിജ്യ ബാങ്കുകളും (പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ ഉൾപ്പെടെ), സഹകരണ ബാങ്കുകൾ, അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾ, എൻ‌ബി‌എഫ്‌സികൾ (ഭവന ധനകാര്യ കമ്പനികളും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ഉൾപ്പെടെ) 2020 മാർച്ച് 1 വരെ കുടിശ്ശികയുള്ള എല്ലാ ടേം ലോണുകളിലേക്കും തവണകളായി അടയ്ക്കുന്നതിന് മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കാൻ അനുവാദമുണ്ട്." ആർബിഐ അറിയിച്ചു.

റിസർവ് ബാങ്ക് ഇന്ന് റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറ് കുറയ്ക്കുകയും ക്യാഷ് റിസർവ് റേഷ്യോ 100 ബേസിസ് പോയിൻറ് കുറയ്ക്കുകയും ചെയ്തു. സാമ്പത്തിക വ്യവസ്ഥയിൽ പണലഭ്യത വർദ്ധിപ്പിക്കുന്നതിന് സെൻട്രൽ ബാങ്ക് വ്യത്യസ്ത നടപടികൾ പ്രഖ്യാപിച്ചു. ഈ നടപടികൾ മൊത്തത്തിലുള്ള ബാങ്കിംഗ് സംവിധാനത്തിൽ പലിശനിരക്ക് കുറയ്ക്കാൻ സഹായിക്കും, ഇത് വായ്പ ഇഎംഐകളെ വിലകുറഞ്ഞതാക്കും !

റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറ് കുറയ്ക്കുന്നത് സെൻട്രൽ ബാങ്കിന്റെ ധനനയ സമിതി 4: 2 ഭൂരിപക്ഷത്തോടെയാണ് അം​ഗീകരിച്ചത്. 

പണം നിക്ഷേപിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്കിൽ 90 ബേസിസ് പോയിൻറുകളുടെ വലിയ കുറവാണ് വരുത്തിയത്. 

കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ രാജ്യവ്യാപകമായി ലോക്ക് ഡൗൺ ബാധിച്ച കോടിക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകുന്നതിനായി നേരിട്ടുള്ള പണ കൈമാറ്റവും ഭക്ഷ്യസുരക്ഷാ നടപടികളും ഉറപ്പാക്കുന്ന 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ വ്യാഴാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസർവ് ബാങ്കിന്റെ നിർണായക ഇടപെടൽ. 

പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗൺ ഉത്തരവിട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ധനമന്ത്രി പാക്കേജ് പ്രഖ്യാപിച്ചത്.