രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനും വരുംദിനങ്ങളില്‍ കൊവിഡ് ഉള്‍പ്പെടെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തരണം ചെയ്യുന്നതിനായി സ്വീകരിക്കേണ്ട അടവ് നയങ്ങളെ സംബന്ധിച്ചും റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. സാധാരണ രീതിയില്‍ രണ്ടു മാസം കൂടുമ്പോള്‍ നയ അവലോകനം നടത്തിയിരുന്നത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ സമയക്രമം തെറ്റിച്ച് നേരത്തെ ആക്കുകയായിരുന്നു. ലോകരാഷ്ട്രങ്ങളെയെല്ലാം മുള്‍മുനയിലാക്കിയ കൊവിഡ് 19 മഹാമാരി തന്നെയാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് മുകളിലും കരിനിഴലുയര്‍ത്തുന്നതെന്ന് മോണിറ്ററി പോളിസി വീണ്ടും ആവര്‍ത്തിക്കുന്നു.

ആഭ്യന്തര ഉല്പാദന വളര്‍ച്ച

കൊവിഡ് പൊട്ടിപുറപ്പെടുന്നതിനും ലോക് ഡൗണ്‍ ആരംഭിക്കുന്നതിനും മുമ്പ് ആഭ്യന്തര ഉല്പാദന വളര്‍ച്ചയില്‍ പ്രതീക്ഷ ഉണ്ടായിരുന്നതാണ്. യഥാര്‍ത്ഥത്തിലുള്ള ജിഡിപി വളര്‍ച്ച 2019 -20 ല്‍ അഞ്ച് ശതമാനവും 2020 -21 വര്‍ഷത്തില്‍ 5.5 ശതമാനമെന്നും ശുഭപ്രതീക്ഷയാണ് ഉണ്ടായിരുന്നത്.  കാര്‍ഷിക രംഗത്ത് രേഖപ്പെടുത്തിയ മെച്ചപ്പെട്ട വളര്‍ച്ചാനിരക്കാണ് ഇത്തരമൊരു പ്രതീക്ഷ നല്‍കിയിരുന്നത്. 2019-20 അവസാന പാദത്തില്‍ 4.6 ശതമാനമായിരുന്ന ആഭ്യന്തര ഉല്പാദനം 2020-21 ന്റെ അവസാന പാദത്തിലെത്തുമ്പോഴേയ്ക്ക് 6.1ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. 

ഒക്ടോബര്‍ 2019-ലെ മോണിറ്ററി പോളിസി റിപ്പോര്‍ട്ട് പ്രകാരം 2019-20 രണ്ടാം പാദത്തില്‍ 5.3 ശതമാനം വളര്‍ച്ച നേടുമെന്നും മൂന്നാം പാദത്തിലും നാലാം പാദത്തിലും യഥാക്രമം 6.6 ശതമാനം, 7.2 ശതമാനം എന്നിങ്ങനെയായിരിക്കും വളര്‍ച്ചാ നിരക്കെന്നാണ് ലക്ഷ്യമിട്ടിരുന്നത്. യഥാര്‍ത്ഥത്തില്‍ നേടിയ വളര്‍ച്ചാ നിരക്ക് രണ്ടാം പാദത്തില്‍ 5.1 ശതമാനവും മൂന്നാം പാദത്തില്‍ 4.7 ശതമാനവുമാണ്. നാലാം പാദത്തില്‍ ലോക് ഡൗണ്‍ ഇത് വീണ്ടും കുറയ്ക്കും. 

ഗ്രാമീണ മേഖലയില്‍ 2016 മുതല്‍ തുടര്‍ച്ചയായി ലഭിച്ച ബമ്പര്‍ വിളവെടുപ്പുകള്‍ ഗ്രാമീണ മേഖലയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയില്ല.  കാര്‍ഷിക ഉല്പന്നങ്ങള്‍ക്കുണ്ടായ വിലയിടിവും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ കെടുകാര്യസ്ഥതകളും കാര്‍ഷിക വരുമാനത്തിലും ഗ്രാമീണരുടെ വരുമാനം കുറയ്ക്കുന്നതിനും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ട്. ലോക സമ്പദ് വ്യവസ്ഥ 2020 -ല്‍ വ്യക്തമായ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.


നാണയപ്പെരുപ്പവും ഉള്ളി വിലയും

ഉപഭോക്തൃ വില സൂചിക കൊവിഡ് എത്തുന്നതിനു മുമ്പുതന്നെ ഉദ്ദേശിച്ചിരുന്ന ലക്ഷ്യങ്ങള്‍ക്ക് മുകളിലെത്തിയിരുന്നു. ഡിസംബര്‍ മാസത്തില്‍ തന്നെ ആറ് ശതമാനത്തിലും മുകളിലെത്തുകയും ജനുവരിയില്‍ 7.6 ശതമാനം ആയി വര്‍ദ്ധിക്കുകയും ചെയ്തു. കാലം തെറ്റിയെത്തിയ മഴ, ഉള്ളിയുടെ വരവിലുണ്ടാക്കിയ വ്യതിയാനങ്ങള്‍ തുടങ്ങിയവ ഉപഭോക്തൃ വിലസൂചികയില്‍ ഉയര്‍ച്ചയുണ്ടാക്കി. വില കുറയ്ക്കുന്നതിനായി ‌ടര്‍ക്കി, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഉള്ളി ഇറക്കുമതി ചെയ്യേണ്ടതായും വന്നു. 

ഉള്ളി, തക്കാളി, ഉരുളന്‍ കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്ന പച്ചക്കറി ഇനങ്ങള്‍ കോവിഡിനു മുന്നെ തന്നെ പണപ്പെരുപ്പ നിരക്ക് പെരുപ്പിക്കുന്നതിന് കാരണമായി. പച്ചക്കറികളോടൊപ്പം പയര്‍ വര്‍ഗ്ഗങ്ങളും ഇറച്ചി, മത്സ്യം, പാലുല്പന്നങ്ങള്‍ തുടങ്ങിയവകള്‍ക്കും വില വര്‍ദ്ധിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യക്കാരില്ലാത്തതിനാല്‍ കോഴി ഇറച്ചിക്കും മുട്ടയ്ക്കുമുണ്ടായ വിലയിടിവ് പണപ്പെരുപ്പ നിരക്ക് ആശ്വാസകരമായി കുറയ്ക്കുകയുമുണ്ടായി. രാജ്യം പൂര്‍ണമായും ലോക് ഡൗണ്‍ ആയതിന്റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പ നിരക്ക് എങ്ങനെ വന്ന് ഭവിക്കുമെന്ന് ഉറപ്പില്ലാത്ത രീതിയിലാണ് മോണിറ്ററി പോളിസി റിപ്പോര്‍ട്ട്. കോവിഡിന് മുമ്പെ തന്നെ സാമ്പത്തിക വളര്‍ച്ചയില്‍ വ്യക്തമായ പിന്നോക്കാവസ്ഥയുടെ തരംഗങ്ങള്‍ പ്രത്യക്ഷമായിരുന്നെന്നും കോവിഡ് മൂലം അവ വീണ്ടും വഷളായിട്ടുണ്ടെന്നും വേണം അനുമാനിക്കാന്‍. സമ്പദ് ഘടനയുടെ തകര്‍ച്ച പൂര്‍ണമായും കൊവിഡില്‍ ചാര്‍ത്തുന്നതും ശരിയാകില്ല. ആദ്യം ഉള്ളിയുടെ രൂപത്തിലാണ് കണ്ണീര്‍ ‌ഇറങ്ങി വന്നതെങ്കില്‍ പിന്നീട് ആ സ്ഥാനം കോവിഡ് എടുത്തു എന്നും കരുതാം.


മൂലധന വളര്‍ച്ച

2019 -20 വര്‍ഷത്തിലെ മൂലധന വളര്‍ച്ച രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും താഴേയ്ക്ക് കൂപ്പുകുത്തി. ഒരു വര്‍ഷം മുമ്പ് ആഭ്യന്തര ഉല്പാദനത്തിന്റെ 31.9 ശതമാനമായിരുന്നത് 30.2 ശതമാനമായി കുറഞ്ഞു. ഉല്പാദന മേഖലയിലെ ശേഷി വിനിയോഗം 2019 -20 മൂന്നാം പാദത്തില്‍ തുടര്‍ച്ചയായ പല വര്‍ഷങ്ങളിലെയും ശരാശരിയേക്കാള്‍ താഴേയ്ക്ക് പോയി. ഇതേ കാലയളവില്‍ കയറ്റുമതി വളര്‍ച്ചയും ചുരുങ്ങുകയുണ്ടായി. വ്യാവസായിക വളര്‍ച്ച 2019 -20 അര്‍ദ്ധവര്‍ഷത്തില്‍ 1.3 ശതമാനമായി കുറയുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ നിരക്ക് 2.8 ശതമാനമായിരുന്നു. സേവന മേഖലയിലും വളര്‍ച്ചാനിരക്ക് താഴോട്ടുതന്നെ. കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍, ട്രാന്‍സ്പോര്‍ട്ട്, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലെല്ലാം തളര്‍ച്ചയുണ്ടായി. 

കാര്‍ഷിക -അനുബന്ധ മേഖലയില്‍ 2019 -20 രണ്ടാം അര്‍ദ്ധവര്‍ഷത്തില്‍ 4.2 ശതമാനമായിരുന്നു വളര്‍ച്ച. 2019 -20 വര്‍ഷത്തെ വിള ഉല്പാദനം പോയ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിലയില്‍ തന്നെയാണ്. ഉല്പാദന ചക്രവും സാമ്പത്തികസ്ഥിതിയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഔട്ട്പുട്ട് ഗ്യാപ് നെഗറ്റീവായി തുടരുന്നു. ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായുള്ള ആഗോള ഡിമാന്റ് ഇനിയങ്ങോട്ട് കുറയുമ്പോഴേയ്ക്കും ആഭ്യന്തര ഉല്പാദനം വീണ്ടും സമ്മര്‍ദ്ദത്തിലാകും. ‌ട്രാവല്‍-ടൂറിസം മേഖലയില്‍ ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഒരു തിരിച്ചുവരവ് ഉടനെ പ്രതീക്ഷിക്കുകയും വേണ്ട. ആഭ്യന്തര സേവിംഗ്സ് നിരക്ക് 2017-18 ല്‍ 32.4 ശതമാനമായിരുന്നത് 2018-19 ല്‍ 30.1 ശതമാനമായി കുറഞ്ഞു. കുടുംബങ്ങളില്‍ സേവിംഗ്സ് നിരക്ക് ജിഡിപിയുടെ 18.2 ശതമാനമായിട്ടാണ് കൂപ്പുകുത്തിയത്. സ്വകാര്യ മേഖലയിലെ ഉപഭോഗം പല പാദങ്ങളിലൂടെ തുടര്‍ച്ചയായി താഴോട്ടുവരുന്ന അവസ്ഥയുമാണ്. വ്യക്തിഗത ആദായ നികുതി ഘടനയില്‍ കൊണ്ടുവന്ന പരിഷ്ക്കാരങ്ങള്‍ യാതൊരു പ്രയോജനവും ഉണ്ടാക്കിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു.