ദില്ലി: കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍  ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ  മൊറട്ടോറിയം റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്ക് കൂടി നിട്ടീ.  ആഗസ്റ്റ് 31 വരെയാണ് മോറട്ടോറിയം നീട്ടിയത് . റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകള്‍ 0.40 ശതമാനം കുറച്ചതായും കൊവിഡ് പ്രതിസന്ധി രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച് നിരക്ക് പൂജ്യത്തില്‍ താഴെ ആകുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വായ്പകളുടെ മൊറട്ടോറിയം നീട്ടണമെന്ന വിവിധ മേഖലകളില്‍ നിന്നുള്ള ആവശ്യത്തിനാണ് റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിച്ചിരിക്കുന്നത്. മൂന്നു മാസത്തേക്ക് കൂടിയാണ് മോറട്ടോറിയം നീട്ടിയത്. നിലവില്‍ മെയ് 31 വരെയായിരുന്ന മോറട്ടോറിയം ഓഗസ്റ്റ് 31 വരെയാണ് നീട്ടിയത്.  ഇതോടെ  വായ്പ തിരിച്ചടവിന് ഇടപാടുകാര്‍ക്ക്  ആറുമാസത്തെ സാവകാശം കിട്ടും.  മോറട്ടോറിയം കാലളവിലെ  പലിശ തവണകളായി തിരിച്ചടക്കാനുള്ള സൗകര്യവും ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകള്‍ 0.40 ശതമാനം കുറച്ചതോടെ വായ്പ പലിശ നിരക്കുകള്‍ ഇനിയും കുറയും. ഭവന വായ്പയടക്കം വിവിധ വായ്പകളുടെ പലിശയിലും കുറവുണ്ടാകും.  റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചതോടെ കൂടുതല്‍ പണം ബാങ്കുകള്‍ക്ക് വായ്പ വിതരണത്തിനായി ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിന്‍റെ വലിയൊരു ഭാഗം നടപ്പാക്കേണ്ട ബാങ്കുകള്‍ക്കും ഇത് ആശ്വാസമാകും.  

രാജ്യവും ലോകവും ഗുരുതര സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പറഞ്ഞു. വ്യവസായ, കയറ്റുമതി മേഖലകളിലും പ്രതിസന്ധി തുടരും. ഉത്പാദന മേഖലയിലും ഇടിവുണ്ടാകും. പെട്രോളിയം ഉത്പന്നങ്ങളുടേയും വൈദ്യുതിയുടേയും ഉപഭോഗം വരെ ഈ വര്‍ഷം കുറയുമെന്നും ഇതെല്ലാം രാജ്യത്തിന്‍റെ  വളര്‍ച്ചാ നിരക്ക് പൂജ്യത്തില്‍ താഴെ എത്തിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഇത്രയും താഴുന്നത്. ലോകം ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും ഇതിന്‍റെ ആഘാതം രാജ്യത്ത് കുറക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി