Asianet News MalayalamAsianet News Malayalam

"ജാ​ഗ്രത വേണം, വീണ്ടെടുക്കലിന് തടസ്സമുണ്ടാകരുത്": ധനനയ നിലപാട് മാറ്റാതെ രാജ്യത്തെ ശക്തിപ്പെടുത്താൻ ആർബിഐ

ബുധനാഴ്ച ആരംഭിച്ച ആറ് അംഗ എംപിസിയുടെ മൂന്ന് ദിവസം നീണ്ടുനിന്ന അവലോകന യോഗത്തിലാണ് തീരുമാനം.

Reserve Bank of India mpc decisions to support economic recovery
Author
Mumbai, First Published Aug 6, 2021, 3:00 PM IST

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് ധനനയ സമിതി (എംപിസി) യോ​ഗ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ, തുടർച്ചയായ ഏഴാമത്തെ യോ​ഗവും സുപ്രധാന പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാല് ശതമാനം എന്ന നിലയിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നിലനിർത്തി. കേന്ദ്ര ബാങ്കിന്റെ ധനനയ നിലപാട് 'അക്കോമോഡേറ്റീവ്' ആയി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിൽ മാറ്റമില്ലാതെ തുടരാനും സമിതി തീരുമാനിച്ചു.

ബുധനാഴ്ച ആരംഭിച്ച ആറ് അംഗ എംപിസിയുടെ മൂന്ന് ദിവസം നീണ്ടുനിന്ന അവലോകന യോഗത്തിലാണ് തീരുമാനം. പ്രധാന വായ്പാ നിരക്ക് മാറ്റമില്ലാതെ ആർബിഐ എംപിസി നിലനിർത്തുമെന്ന് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിച്ചിരുന്നു.

ധനനയ പിന്തുണ തിടുക്കത്തിൽ പിൻവലിക്കുന്നത് സാമ്പത്തിക വീണ്ടെടുക്കലിനെ തടസ്സപ്പെടുത്തുമെന്ന് കേന്ദ്ര ബാങ്ക് വിശ്വസിക്കുന്നു. അതിനാൽ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തോടെ മാത്രമേ ആർബിഐ പോളിസി നോർമലൈസേഷൻ ആരംഭിക്കൂ എന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. 

സാമ്പത്തിക സ്ഥിരതയുടെ ചട്ടക്കൂടിനുള്ളിൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയാണ് റിസർവ് ബാങ്കിന്റെ മുൻഗണനാ വിഷയമെന്ന് ഗവർണർ വീണ്ടും ആവർത്തിച്ചു. ഇപ്പോഴത്തെ വളർച്ചയ്ക്ക് അനുകൂലമായ ധനനയത്തിൽ നിന്ന് പുറത്തുപോകുന്നത് വീണ്ടെടുക്കലിനെ ഇല്ലാതാക്കുമെന്ന് ആർബിഐ ആശങ്കപ്പെടുന്നു. സമ്പദ് വ്യവസ്ഥയിലെ വളർച്ചാ പ്രേരണകൾ തുടരുന്നതിന് കേന്ദ്ര ബാങ്കിൽ നിന്നുള്ള തീരുമാനങ്ങളും ആശയവിനിമയവും മികച്ചതാണെന്ന് ജിയോജിറ്റ് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ അഭിപ്രായപ്പെ‌ട്ടതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

ചില്ലറ പണപ്പെരുപ്പം 2021-22 കാലയളവിൽ 5.7 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇതിൽ രണ്ടാം പാദത്തിൽ 5.9 ശതമാനവും മൂന്നാം പാദത്തിൽ 5.3 ശതമാനവും 2021-22 ലെ നാലാം പാദത്തിൽ 5.8 ശതമാനവുമായിരിക്കും എന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൂട്ടൽ. 2022-23 ന്റെ ആദ്യ പാദത്തിലെ ചില്ലറ പണപ്പെരുപ്പം 5.1 ശതമാനമായി കണക്കാക്കപ്പെടുന്നതായും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.  

നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 9.5 ശതമാനമായി മാറ്റമില്ലാതെ റിസർവ് ബാങ്ക് നിലനിർത്തുന്നു. 'അക്കോമോഡേറ്റീവ്' ധനനയ നിലപാട് ഏകകണ്ഠമല്ല; ഇതിൽ 5: 1 എന്ന ക്രമത്തിലാണ് തീരുമാനമെടുത്തത്. പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. പണപ്പെരുപ്പത്തെ നിയന്ത്രിക്കാനുളള നടപടികൾ സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുമെന്ന തോന്നൽ കേന്ദ്ര ബാങ്കിന് ഉളളതായാണ് വിലയിരുത്തൽ.   

വിതരണ-ഡിമാൻഡ് ബാലൻസ് പുന: സ്ഥാപിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഗവർണർ ശക്തികാന്ത ദാസ് പറയുന്നു. 2021 ജൂണിനെ അപേക്ഷിച്ച് ഇത് വളരെ മികച്ച സ്ഥാനത്താണ്. എന്നാൽ, മൂന്നാമത്തെ തരംഗത്തിന്റെ സാധ്യതയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios